Thursday, June 16, 2016

ഒരുമ്മയും മകനും

സപ്താഹം തുടങ്ങിയ അന്നുമുതല്‍ ഇവിടെയൊക്കെത്തന്നെയാണ് രണ്ടിന്‍റേ൦ വാസം...മകന് ബുദ്ധിക്ക് സ്ഥിരതയില്ല...ആ തള്ള ഇനി എത്ര കാലംകൂടി കാണും‍...കഷ്ട്ടംതന്നെ....എന്തായാലും എല്ലാവരുടേം മുന്നില്‍പ്പോയി കൈനീട്ടിയാണെങ്കിലും അവറ്റകള്‍ക്ക് ജീവിക്കാനുള്ളത് ഉണ്ടാക്കുന്നുണ്ട്..."
അമ്പലത്തിലെ സപ്താഹപ്പന്തലില്‍ വച്ചാണ് ആ ഉമ്മയെയും മകനെയും ഞാന്‍ കാണുന്നത്...പ്രായംചെന്ന അവര്‍ നടക്കാന്‍ നന്നേ കഷ്ട്ടപ്പെടുന്നുണ്ടായിരുന്നു....പൊള്ളുന്ന വെയിലില്‍ അമ്പലപ്പറമ്പിലെ പഴുത്ത മണലിലൂടെ മകന്‍റെ കൈയ്യും പിടിച്ചുകൊണ്ട് ഊണ് കൊടുക്കുന്ന ഭാഗത്തേക്ക് അവര്‍ വേച്ചുവേച്ച് നടന്നുവന്നു...അവരെപ്പോലെതന്നെ മകന്‍റെ ശരീരത്തിലും ജരാനരകള്‍ ബാധിച്ചിരുന്നു....കൂട്ടത്തില്‍ നിന്നവര്‍ പറഞ്ഞതുകൊണ്ട് മാത്രമായിരിക്കില്ല ഞാന്‍ അവരെ ശ്രദ്ധിക്കാന്‍ കാരണം...പര്‍ദ്ദയുടെ പല ഭാഗങ്ങള്‍ കീറിപ്പറിഞ്ഞിട്ടും അവയെല്ലാം തുന്നിക്കെട്ടിയ ആ അമ്മയെ ആളുകള്‍ക്കിടയില്‍ എനിക്ക് വിരൂപയായി തോന്നിയത്കൊണ്ടുമാവാം....അവരുടെ മകന് ഏകദേശം നാല്‍പ്പത് വയസ്സെങ്കിലും ഉണ്ടായിരിക്കണം...മുടി ചീകി മിനുക്കി അത്യാവശ്യം നല്ല വാസ്ത്രങ്ങളണിഞ്ഞ് കാലില്‍ പാദരക്ഷകള്‍ ധരിച്ച് നിലത്തേയ്ക്ക് മാത്രം നോക്കി നടക്കുന്ന ആജാനുബാഹുവായ ഒരു മനുഷ്യന്‍...!!!
സ്വന്തം മകനെ ആളുകള്‍ക്കുമുന്നില്‍ കുറച്ചിലോടെ കാണിക്കാന്‍ ആ ഉമ്മ ഒരിക്കലും ഇഷ്ട്ടപ്പെട്ടുരുന്നില്ലയെന്ന് അതിലൂടെ ഞാന്‍ ഊഹിച്ചു...
ആഹാരം വാങ്ങുവാനുള്ള ക്യൂവിലേക്ക് അടുക്കുംതോറും അവര്‍ ഇരുവരുടെയും നടപ്പിന്‍റെ വേഗത വര്‍ദ്ധിച്ചു...ഒടുവില്‍ ക്യൂവില്‍ ഇടംപിടിച്ച ശേഷം അവര്‍ മകനെ അവരുടെ മുന്നിലേക്ക്‌ കയറ്റി നിര്‍ത്തി...അവരുടെ തൊട്ടുപിന്നില്‍ നിന്നിരുന്നവര്‍ അറപ്പോടെ ഒരാള്‍ ദൂരം പിന്നിലേക്ക്‌ ഒഴിഞ്ഞുമാറിനിന്നു...
ഭക്ഷണവും വാങ്ങി സമീപത്തുള്ള മരത്തിന്‍റെ തണലിലേക്ക്‌ അവര്‍ ഇരുവരും നടന്നു...വേറേയും കുറച്ച് ആളുകള്‍ തണലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു...ഞാനും ഭക്ഷണവും വാങ്ങി മരത്തണലില്‍ അവരുടെ സമീപ൦ പോയിരുന്നു....ഞങ്ങള്‍ ഇരിക്കുന്നതിന്‍റെ അടുത്തുതന്നെ കുറച്ച് പിള്ളേര്‍ ഒത്തുകൂടിയിരുന്ന്‍ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു...അവര്‍ ഉച്ചത്തില്‍ ഓരോരോ തമാശകള്‍ പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നു...
"ദേടാ...നിന്‍റെ കുഞ്ഞമ്മയും മോനും....ഹഹഹഹഹ..."
"ഹഹഹഹഹഹഹ..." ആ അമ്മയെയും മകനെയും ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരുപയ്യന്‍ പാസ്സാക്കിയ തമാശയ്ക്ക് മറുപടിയായി അവിടെയാകെ പൊട്ടിച്ചിരി മുഴങ്ങി...
ആ വൃദ്ധയായ ഉമ്മ കുട്ടികളെ നോക്കി ഒന്ന് പുഞ്ചിരിച്ചശേഷം വാത്സല്യത്തോടെ അവരുടെ മകന് ചോറ് വാരിക്കൊടുത്തു...
പിള്ളേരുടെ കൂട്ടത്തില്‍ ഒരുത്തന്‍ അവന്‍റെ പാത്രത്തിലുള്ള സാമ്പാറിലെ അവന് വേണ്ടാത്ത പച്ചമുളകും മുരിങ്ങക്കോലുമെല്ലാം പെറുക്കി ആരും അറിയാത്ത രീതിയില്‍ അമ്മയുടെയും മകന്‍റെയും പാത്രം ലക്ഷ്യമാക്കി എറിഞ്ഞു...മറ്റുള്ളവര്‍ ഇതൊക്കെ കാണുന്നുണ്ടെങ്കിലും ആരും കുട്ടികളെ വിലക്കിയില്ല....
അപ്പോഴും ആ അമ്മയും മകനും ഭവ്യതയോടെയിരുന്ന് ആഹാരം കഴിച്ചുകൊണ്ടിരുന്നു....ഇനി എന്തെങ്കിലും കാണിക്കട്ടെ...അപ്പോള്‍ നല്ലത് പറയണം എന്ന കണക്കുകൂട്ടലില്‍ പിള്ളേരുടെ ഓരോ പ്രവര്‍ത്തികളും നിരീക്ഷിച്ചുകൊണ്ട്‌ ഞാനും അവിടെത്തന്നെയിരുന്നു....പക്ഷേ പിള്ളേര്‍ ആ ഉമ്മയേയും മകനേയും വെറുതേവിടാന്‍ ഒരുക്കമല്ലായിരുന്നു...ചോറിനൊപ്പം പാത്രത്തിലെ മുരിങ്ങക്കോലും പച്ചമുളകുമെല്ലാം തീര്‍ന്നപ്പോള്‍ നിലത്തുനിന്നും ചെറുകല്ലുകള്‍ പെറുക്കി അമ്മയേയും മകനെയും ലക്ഷ്യമാക്കി എറിഞ്ഞിട്ട് ഒന്നും അറിയാത്തതുപോലെ കൂട്ടത്തില്‍ ഒരുത്തനിരുന്നു....ആ കല്ലില്‍ ചിലത് അവര്‍ ഇരുവരുടെയും ആഹാരത്തില്‍ വീഴുകയും ചെയ്തു...വിളറിയ മുഖത്തോടെ ആ ഉമ്മ കുട്ടികളെ ദയനീയമായി നോക്കി....
"ഡാ..."
ആ ഒരു വിളിയും ഒരു കമ്പ് ഒടിയുന്ന ശബ്ദവും ഒരുമിച്ച് കേട്ടു...പൊടുന്നനെ ആഹാരം കഴിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീ അലമുറയിട്ടുകൊണ്ട് അവിടേയ്ക്ക് ഓടിയെത്തി...
"എടാ...എന്‍റെ പൊന്നുമോനെ നീ തല്ലിയല്ലേ..."
ഞാന്‍ പയ്യനിട്ട് പൊട്ടിച്ചയാളുടെ മുഖത്തേക്ക് ഞാന്‍ നോക്കി....
ക്ഷേത്ര സപ്താഹക്കമ്മിറ്റി അംഗവും എന്‍റെ കൂട്ടുകാരനുമായ അനീഷ്‌...!!!
ക്യൂവില്‍ ഭക്ഷണം വിളംമ്പിക്കൊണ്ടിരുന്ന അവനും പിള്ളേര്‍ ചെയ്യുന്നതൊക്കെ കാണുന്നുണ്ടയിരുന്നു....
"നീയാരാടാ എന്‍റെ മോനെ തല്ലാന്‍...അതിന് ഞാനുണ്ട്..."
"നിങ്ങളുടെ മകന്‍ കാണിച്ച തെമ്മാടിത്തരം കാണാതെ ഒരു ഉണക്കക്കമ്പ് കൊണ്ട് മകനെ തല്ലിയപ്പോള്‍ നിങ്ങള്‍ കണ്ടുവല്ലേ...ഈ തല്ല് നിങ്ങള്‍ വീട്ടില്‍ കൊടുത്തിരുന്നെങ്കില്‍ ഇന്ന് ഇത് സംഭവിക്കില്ലായിരുന്നു..."
അവന്‍ കാര്‍ക്കശ്യമായി പയ്യന്‍റെ അമ്മയോട് പറഞ്ഞു...
"പിള്ളേരായാല്‍ ചിലപ്പോള്‍ വികൃതികള്‍ കാണിക്കും...അതിന് നിനക്കെന്താ..."
"ഹും...ആഹാരത്തില്‍ കല്ലെടുത്തെറിയുന്നതാണോ വികൃതി..? "
അവര്‍ തമ്മിലുള്ള വഴക്ക് കേട്ടിട്ടെന്നോണം ആ ഉമ്മ നിലത്തുനിന്നും മകന്‍റെ ചുമലില്‍ താങ്ങി സാവധാനത്തില്‍ എഴുന്നേറ്റു...ഒരു പുഞ്ചിരിയോടെ അവര്‍ കുട്ടിയുടെ അമ്മയേയും അനീഷിനെയും നോക്കി....
"കുഞ്ഞേ...ഞങ്ങളുടെ പേരില്‍ വഴക്ക് വേണ്ട...ഞങ്ങള്‍ക്ക് ആരോടും ഒരു പരാതിയുമില്ല.."
"അയ്യോടീ...എന്‍റെ മോനെ ഈ തെമ്മാടിയെക്കൊണ്ട് തല്ലിപ്പിച്ചിട്ട് പിച്ചക്കാരിക്ക് ഒരു പരാതിയുമില്ലെന്നോ...തെണ്ടിത്തിന്നാന്‍ വന്നാ ഒതുങ്ങിയിരുന്ന് തിന്നിട്ട് പോണം...അല്ലാതെ പിള്ളേരുടെ മൂട്ടിലല്ല പോയിരിക്കേണ്ടത്..." അപ്പോഴേക്കും ഒച്ചപ്പാട് കേട്ട് ആളുകള്‍ അവിടവിടെയായി കൂട്ടം കൂടി....
"മര്യാദയ്ക്ക് സംസാരിക്കണം...ഞാന്‍ ഉള്‍പ്പെടെ ഇവിടെ ഇരിക്കുന്നവര്‍ എല്ലാവര്‍ക്കും ഒരുപോലെ ഈ ഭക്ഷണത്തിന് അവകാശമുണ്ട്....അവര്‍ തെണ്ടിത്തിന്നുകയാണെങ്കില്‍ നിങ്ങളും നിങ്ങളുടെ വികൃതിക്കാരനായ ഈ മകനും ഞാനുമെല്ലാം ഇവിടെനിന്ന് തെണ്ടിത്തിന്നുകയാണ്...."
അനീഷും വിട്ടുകൊടുത്തില്ല....
"അന്യജാതിക്കാരായ ഈ പിച്ചക്കാര്‍ക്ക് വേണ്ടി എന്നേയും എന്‍റെ മോനെയും തെണ്ടക്കാരാക്കുന്നോ നീ..."
ആ സ്ത്രീ ഗര്‍ജ്ജിച്ചു...
"അന്യജാതിക്കാരായ പിച്ചക്കാരോ...ഈ ക്ഷേത്രത്തില്‍ അന്യജാതിക്കാര്‍ക്ക് പ്രവേശനം ഇല്ലായെന്ന് ആരും എഴുതി വച്ചിട്ടില്ല....നിങ്ങളെപ്പോലുള്ള വിഡ്ഢികളാണ് ഇതുപോലെയുള്ള വിഡ്ഢിത്തരങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്...ജന്മംകൊണ്ട് പല മതത്തില്‍ ജനിച്ചാലും കര്‍മ്മം കൊണ്ട് മനുഷ്യനായി ജീവിക്കുന്നത്തിലാണ് കാര്യം...ഒരാള്‍ക്ക് ഒരുനേരത്തെ അന്നം കൊടുക്കുന്നതില്‍ വലിയ പുണ്യം വേറെയില്ല... ആദ്യം മറ്റുള്ളവരുടെ മനശുദ്ധി തിരിച്ചറിയാന്‍ പഠിക്കണം എന്നിട്ടാവാം മതം പറച്ചില്‍...നിങ്ങളിപ്പോള്‍ തെണ്ടാക്കരെന്ന് വിളിച്ച ഇവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയാമോ...""
അവന്‍ വാക്കുകള്‍ മുഴുമിപ്പിക്കും മുന്‍പേ ആ ഉമ്മ അനീഷിന്‍റെ കൈയ്യില്‍ കയറിപ്പിടിച്ചു....
"കുഞ്ഞേ വഴക്ക് വേണ്ട...ഞങ്ങള്‍ പൊയ്ക്കോളാം..."
തണുത്തുറഞ്ഞ ആ കൈകളുടെ യാചന തിരിച്ചറിഞ്ഞ അവന്‍ പിന്നെ ഒന്നും മിണ്ടിയില്ല...ആ സ്ത്രീ വീണ്ടും എന്തൊക്കയോ വിളിച്ചുപറഞ്ഞുകൊണ്ട് മകനെയും കൊണ്ട് അവിടെനിന്നും നടന്നുപോയി....കൂട്ടം കൂടി നിന്നിരുന്നവര്‍ ആ ഉമ്മയേയും മകനെയും സഹതാപത്തോടെ നോക്കിയിട്ട് പല വഴിക്ക് പിരിഞ്ഞുപോയി....
ഭക്ഷണം കഴിച്ചുകഴിഞ്ഞ് ഞാന്‍ അനീഷിനെ തേടിപ്പോയി....അവന്‍ മുഴുമിപ്പിക്കാതെ പോയ ആ വാക്കുകളായിരുന്നു എന്‍റെ ലക്ഷ്യം....എന്നെ കണ്ടപ്പോള്‍ അവന്‍ എന്‍റെ അടുത്തേക്ക്‌ വന്നു...
"നീയൊക്കെ അവിടെ ഇരുന്നിട്ടാണോടാ പിള്ളേര് ആ പാവങ്ങളോട് തോന്ന്യവാസം കാണിച്ചത്....നാണമില്ലല്ലോ നിനക്കൊക്കെ..."
അവന്‍ ചോദിച്ച ചോദ്യത്തിന് മുന്‍പില്‍ മറുപടിയില്ലാതെ ഞാന്‍ നിന്നു...
"ആരും ചോദിക്കാനും പറയാനും ഇല്ലത്തവരോട് ആര്‍ക്കും എന്തും ആവാമല്ലോ...എന്നിട്ട് ജാതിയേയും മതത്തിനെയും കൂട്ടുപിടിക്കുന്നു‍..."
ഞങ്ങള്‍ ഇരുവരും ആ ഉമ്മയേയും മകനെയും ഒന്നുകൂടിനോക്കി....അവര്‍ ഇരുവരും ദൂരെ ഒരു കോണിലായി ആളുകള്‍ ഭക്ഷണം കഴിക്കുന്നതും നോക്കി ഒതുങ്ങിയിരിക്കുന്നുണ്ടായിരുന്നു‍....
"എടാ...നീ അവിടെവച്ച് എന്താ പറയാന്‍ തുടങ്ങിയത്..."
ഒട്ടും താമസിപ്പിക്കാതെ എന്‍റെ സംശയം ഞാന്‍ ഉന്നയിച്ചു....
അത് കേട്ട് അനീഷ്‌ എന്നെ അടിമുടിയൊന്ന് നോക്കി....
"ഹും...ആ പെണ്ണുംമ്പിള്ള കിടന്ന് പറഞ്ഞില്ലേ അവര് തെണ്ടിത്തിന്നെന്ന്...അത് സത്യമാടാ...തെണ്ടിത്തിന്നു..."
"എന്ത്..."
ഒന്നും മനസ്സിലാവാതെ ഞാന്‍ ചോദിച്ചു...
"അതേടാ...വയ്യാത്ത മകനെ എന്നെകിലും ദൈവം അനുഗ്രഹിക്കും എന്ന വിശ്വാസത്തില്‍ അന്നധാനം പുണ്യമായി കണ്ട് സപ്താഹം തുടങ്ങിയ അന്നുമുതല്‍ അവര്‍ക്ക് തെണ്ടിക്കിട്ടിയ പൈസ കൊണ്ടാടാ ഇന്നത്തെ അന്നദാനം ഇവിടെ നടത്തിയത്....നമ്മുടെ അമ്പലത്തില്‍ ജാതിമത ഭേതമന്യേ ആര്‍ക്കും അന്നദാനം നടത്താമെന്ന് നിനക്ക് അറിയാമല്ലോ...അവര്‍ നമ്മുടെയൊക്കെ കൈയ്യില്‍നിന്നും പിച്ചക്കാശ് ഇരന്നുവാങ്ങി അതുകൊണ്ട് നമ്മളെത്തന്നെ ചോറൂട്ടി...ഒടുവില്‍ ആളുകളുടെ മുന്‍പില്‍ അവര്‍ തെണ്ടിത്തിന്നാന്‍ വന്നവരുമായി...നീയാ നോട്ടീസ് ബോര്‍ഡിലേക്കൊന്ന് നോക്കെടാ..." തിക്കിലും തിരക്കിലും ആരും ശ്രദ്ധിക്കാതെ കിടന്ന നോട്ടീസ് ബോര്‍ഡിലേക്ക് ഞാന്‍ ഒരുമാത്ര നോക്കി...അതില്‍ മങ്ങിയ കളര്‍ച്ചോക്ക് കൊണ്ട് എഴുതിയിട്ടുരുന്ന വാചകങ്ങള്‍ വായിച്ചെടുത്തു..."
-ഇന്നത്തെ അന്നധാനം നടത്തുന്നത്-
സുബൈദ.."
നിറഞ്ഞ കണ്ണുകളോടെ ആ ഉമ്മയേയും മകനെയും ഞാന്‍ ഒരിക്കല്‍ക്കൂടി നോക്കി....അവര്‍ക്കുമുന്‍പില്‍ അറിയാതെതന്നെ എന്‍റെ കൈകള്‍ ഞാന്‍ കൂപ്പിപ്പോയി...
അപ്പോഴും അന്നദാനപ്പന്തലിന് സമീപം ഒരു മൂലയില്‍ മറ്റാര്‍ക്കും ശല്യമാകാതെ ആ ഉമ്മയും മകനും തികഞ്ഞ സംതൃപ്തിയോടെ ആളുകള്‍ ആഹാരം കഴിക്കുന്നതും നോക്കിയിരിപ്പുണ്ടായിരുന്നു....

No comments: