Saturday, June 18, 2016

കരിവേപ്പിലയായ കടാവര്‍

മരണം ആര്‍ക്കാണ് ഇഷ്ടമുള്ളത്?!...ആര്‍ക്കും കാണില്ല ..മരണത്തെ കുറിച്ച് ചിന്തിക്കാതിരിക്കാനാണ് എല്ലാവര്ക്കും ഇഷ്ടം...ചലിക്കുന്ന, സംസാരിക്കുന്ന, ഭക്ഷണം കഴിക്കുന്ന, ചിന്തിക്കുന്ന ഞാന്‍ ആരാണ്?....... ജീവനുള്ള ഒരു 'കഡാവര്‍'!!... അകത്തേക്ക് എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്ന ശ്വാസത്തിനിടയിലെ അല്പനേരത്തെക്ക് മാത്രം ജീവിക്കുന്ന ഒരു കഡാവര്‍... ഈ ശ്വാസത്തിന് ശേഷം അടുത്ത ശ്വാസം വരെ ജീവിക്കുമോ എന്ന് പോലും  ഉറപ്പില്ലാത്ത ഒരു മനുഷ്യന്‍....
ലോകം പണക്കാരുടെത് മാത്രമായി മാറിക്കൊണ്ടിരിക്കുകയാണോ?...എല്ലാവരും കസ്ടെമേഴ്സ്..
ഡെറ്റോള്‍ മണക്കുന്ന ആശുപത്രി വരാന്തകള്‍ സെന്ട്രലയ്സ്ഡ് AC വരാന്തകളായി..വീല്‍ ചെയറും സ്ട്രെച്ഛറും എന്ന് വേണ്ട എല്ലാം മാറിയിരിക്കുന്നൂ...എല്ലാം കാണാന്‍ നല്ല രസം....മനോഹരമായ സാരി ധരിച്ച യുവധികള്‍ അദിധികളെ സ്വീകരിക്കുന്നൂ...പൂക്കളും വെള്ളവും വെള്ളച്ചാട്ടവുമെല്ലാമായി ആശുപത്രി ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ പോലെ....
എവിടെയും സമത്വം...ഒറ്റ പാവപ്പെട്ടവന്‍ പോലുമില്ല...വിവിധ താരിഫുകള്‍ നിരത്തി രോഗികളെ സ്വീകരിക്കുന്നൂ....രോഗമോ രോഗിയോ ഇല്ല കസ്റ്റമര്‍ ആണ് എല്ലാം...മാര്‍ബിള്‍ സൌധങ്ങളില്‍ തിന്നു കുടിച്ച്ചുറങ്ങി..മണ്ണില്‍ ചവിട്ടി നടക്കുന്നതെങ്ങനെയാനെന്നു പോലും മറന്നു പോയ ഒരു പാട് പേര്‍....ഈ സുഖങ്ങല്‍ക്കെല്ലാം അകലെ പൊടിമണ്ണില്‍ കിടന്നുറങ്ങുന്ന...കഴിക്കാന്‍ കിട്ടുന്ന എന്തിലും രുചി ആവോളം ആസ്വദിക്കുന്ന മനുഷ്യര്‍ ഉണ്ടെന്നു  പോലും അറിയാത്തവര്‍....ഞാനും എന്റെതുമാല്ലാതെ ലോകത്തില്‍ വേറെ ആരെയും വേണ്ടാത്തവര്‍ ...അവരുടെതാണ് ഈ ആശുപത്രി....
ഞാന്‍ വരാന്തയില്‍ നില്‍ക്കുകകയാണ് രോഗിയായിട്ടോ കസ്റ്റമര്‍ ആയിട്ടോ അല്ല..ഒരധ്യാപകന്‍?!!... പത്തു പതിനഞ്ച് പിള്ളേര്‍ അവിടിവിടെയായി നില്‍ക്കുന്നുണ്ട്...നാലഞ്ചു പേര്‍ക്ക് പോസ്റ്റിങ്ങ്‌ ഓപറേഷന്‍ തീയറ്റര്‍ ബ്ലോക്കിലാണ്...ഞാന്‍ ഓപറേഷന്‍ തീയറ്റരിനടുത്തെക്ക് നടന്നു...എന്നെ കണ്ടപ്പോള്‍ രണ്ടു പിള്ളേര്‍ ഓടി വന്നു ..
......സാര്‍ ഇന്നൊരു കഡാവര്‍ സര്‍ജറിയുണ്ട്!!...
സെക്കന്റ്‌ ഇയര്‍കാരാണ്.... പിള്ളേര്‍ക്ക് സര്‍ജറികള്‍ ഒക്കെ ഒന്ന് കണ്ടാല്‍ മതി...... അതിനു കുറച്ച് ഒപ്പും കിട്ടാനുണ്ട്.....
ഞാന്‍ പിള്ളേരോട് ചോദിച്ചൂ എന്താ ഈ കടാവര്‍ സര്‍ജറി?...
മരിച്ച ആളില്‍ നിന്നും കൊള്ളാവുന്ന അവയവങ്ങള്‍ എടുത്ത് ജീവനും മരണത്തിനുമിടയില്‍ ട്രപ്പീസുകളിക്കുന്ന വേറൊരാള്‍ക്ക് നല്‍കുക..അയാളുടെ ജീവന്‍ രക്ഷിക്കുക.....അവയവ ദാനം....ഒരാള്‍ പറഞ്ഞൂ...പറഞ്ഞ ഉത്തരം ആശയപരമായി ശരി ആയിരുന്നൂ...
തലച്ചോര്‍ മരിച്ചു കഴിഞ്ഞ ഒരു മനുഷ്യന്‍ യന്ത്രസഹായം നിര്‍ത്തിയാല്‍ ഉടന്‍ മരിക്കുന്ന അവസ്തയില്‍ ...ജീവന്‍ തിരിച്ചു കിട്ടാന്‍ നൂറു ശതമാനം സാദ്യതയില്ലാത്തപ്പോള്‍ മാത്രമാണ് ഇത്തരം സര്‍ജറി നടത്തുന്നത്...ഒരാളുടെ ജീവന്‍ രക്ഷിക്കാനല്ല അയാളില്‍ നിന്ന് ജീവന്‍ മറ്റുള്ള ഒരു പാട് പേര്‍ക്ക് പകരാനുള്ള സര്‍ജറി....
ഇങ്ങനെ അവയവദാനം ചെയ്യാന്‍ പറ്റുന്ന ബോഡി കിട്ടാന്‍ പാടാണ് ..കിട്ടിയാല്‍ തന്നെ ബന്ധുക്കള്‍ ആരും സമ്മതിക്കില്ല...വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അപൂര്‍വ അവസരം....
ബോഡി വേറൊരു ഹോസ്പിറ്റലിലാണ് ഉള്ളത് അവിടെനിന്നും അത്യാധുനിക സജീകരണങ്ങളുള്ള ആംബുലന്‍സില്‍ ഇവിടെക്ക് കൊണ്ട് വരണം....
വിവിധ ആശുപത്രികളില്‍ നിന്നും വിദഗ്ദ്ധ  സര്‍ജന്മാര്‍ ഇവിടെ വന്നു എല്ലാവരും കൂടി സര്‍ജറി നടത്തി അവനവനാവശ്യമുള്ളത് അവനവന്റെ ആശുപത്രികളിലേക്ക് കൊണ്ടുപോകും...ആ അവയവങ്ങള്‍ അങ്ങനെ പല ജീവിതങ്ങളില്‍ പുതിയ നാളങ്ങള്‍ തെളിക്കും....
എല്ല്ലാവരും അകാംഷാഭരിതരാന് സെക്യൂരിറ്റിമാര്‍ തുടങ്ങി ഡോക്ടര്‍മാര്‍ വരെ എല്ലാവരും അവരവരുടെ സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചൂ...ഒരു സെക്കന്റ് പോലും വെറുതെ കളയാനാവില്ല....എല്ലാവരും ഫോണുകളില്‍ അങ്ങോട്ടുമിങ്ങോട്ടും കൃത്യമായ ഇന്‍ഫര്‍മേഷന്‍ കൊടുത്ത് കൊണ്ടിരിക്കുന്നൂ...
വഴികളില്‍  ട്രാഫിക് പോലിസ് അലേര്‍ട്ട് ആയി നില്‍ക്കുന്നൂ...വാഹനങ്ങളെ വകഞ്ഞു നീക്കി കൊണ്ട് രണ്ടു പോലിസ് ജീപ്പുകള്‍ മുന്നില്‍ കുതിക്കുന്നൂ...പിന്നില്‍ ആംബുലന്‍സും ....ആംബുലന്‍സ് ഹോസ്പിറ്റലിന്റെ മുന്നിലെത്തി...ബോഡിയുമായി അട്ടന്റെഴ്സ് ഓപറേഷന്‍  തീയടരിലെക്ക് കുതിച്ചു...വാതിലുകളും ,ലിഫ്റുകളും അവര്‍ക്കുമുന്നില്‍ തയാറായി നിന്നൂ...
ഒരു സ്ത്രീ വളെരെ കഷ്ടപ്പെട്ട് ആംബുലന്‍സില്‍ നിന്ന് പുറത്തിറങ്ങീ....ഒരു പത്തു മുപ്പതു വയസുകാണും...ആരും അവരെ ശ്രദ്ധിക്കുന്നില്ല....അവരും....മെയിന്‍ ഡോറിനടുത്ത് അവരെ സെക്യൂരിറ്റി തടഞ്ഞു...ആരോ വന്നു സെക്യൂരിറ്റിയുടെ ചെവിയില്‍ എന്തോ പറഞ്ഞൂ...സെക്യൂരിറ്റി അവരെ അകത്തേക്ക് കടത്തി വിട്ടൂ... ഓപറേഷന്‍  തീയടരിനുമുന്‍പില്‍  ഒരു കസേരയില്‍  അവര്‍ ഇരുന്നു....
തീയടരിനുള്ളില്‍ സര്‍ജരിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി....
പ്രധാനപ്പെട്ട ഒരു കാര്യം കൂടി കിട്ടാനുണ്ട്...
അവയവന്ങ്ങള്‍ എടുക്കാനുള്ള ‘സമ്മതപത്രം’...
 മരിച്ച ആളുടെ ഏറ്റവും അടുത്ത ബന്ധു സമ്മതപത്രത്തില്‍ ഒപ്പിട്ടു കൊടുക്കണം.
സാധാരണ ഒരു സമ്മതപത്രം മാത്രമേ ഒപ്പിടെണ്ടതുള്ളൂ...ഇവിടെ സര്‍ജറി നടത്തുന്നത് വേറെ വേറെ ആശുപത്രിയില്‍ നിന്നുള്ള ആള്‍ക്കാരാണ് ഓരോരുത്തര്‍ക്കും വേണ്ടത് വേറെ വേറെ ഒപ്പിട്ട് വാങ്ങണം...
എല്ലാ സര്‍ജന്‍മാരുടെയും അസ്സിസ്ടണ്ടുകളും ഓരോ ഫോമും പിടിച്ചു പുറത്തെത്തി...
വരാന്ത ഏതാണ്ട് വിജനമായിരുന്നൂ....കസേരയില്‍ ആ  സ്ത്രീ മാത്രമുണ്ട്!....അവള്‍ കരയുന്നില്ല യാതൊരു വികാര പ്രക്ഷോഭവുമില്ല....
അകത്തുള്ള ആളുടെ?......
.......ഭാര്യ.....അവള്‍ മറുപടി പറഞ്ഞൂ.....
തേനീച്ച പൊതിയുന്നത് പോലെ അവളെ എല്ലാരും പൊതിഞ്ഞു.....കരള്‍ ഹൃദയം..കണ്ണ്, കിഡ്നി, അങ്ങനെ ഒരു പാട് ഫോമുകള്‍.....കാണിച്ച സ്ഥലങ്ങളിലോക്കെ അവള്‍ ഒപ്പിട്ടു കൊടുത്തൂ....
അവള്‍ കരഞ്ഞില്ല....അസ്വസ്ഥത കാണിച്ചില്ല....ഒരു പ്രതിമ പോലെ നിര്‍വികാരം ..മുഖം.....
ഓപറേഷന്‍ തീയടരിനുള്ളില്‍ സര്‍ജന്മാര്‍ തമ്മില്‍ തര്‍ക്കം,ആദ്യം കരള്‍ എടുക്കാം,ഹൃധയമെടുക്കാം...അത് പറ്റില്ല കിഡ്നി എടുക്കണം...അങ്ങനെ പലതും...ഇത് ഞങ്ങളുടെ ഹോസ്പിടലാണ്...ഞങ്ങള്‍ പറയുമ്പോലെ കേക്കണം.... അത് പറ്റില്ല ..ഞങ്ങളുടെ അടുത്താണ് ബോഡി ആദ്യം വന്നത് അത് കൊണ്ട് ഞങ്ങളാണ്പറയേണ്ടത്...ഞങ്ങളെ കൂട്ടാതെ ഈ സര്‍ജറി നടക്കുന്നതൊന്നു കാണണം ....ഞങ്ങളെ കൂടെ സര്‍ജറി കാണാന്‍ അനുവദിക്കണം...സ്ടുടെന്റ്സ്....അങ്ങനെ പലതും..
ഒടുവില്‍ എന്തൊക്കെയോ തീരുമാനിച്ചൂ...ഓരോന്നായി എടുത്തു തുടങ്ങീ...
പുറത്തു കസേരയില്‍ ഒരു ‘ഹൃദയം’ എന്ത് ചെയ്യണമെന്നറിയാതെ നുറുങ്ങി തീര്‍ന്നു കൊണ്ടിരിക്കുകയായിരുന്നൂ...
ആദ്യം ഹൃദയം ശസ്ത്രക്രിയ ചെയ്തു പുറത്തെടുത്തു....ഐസ് നിറച്ച കാരിയറില്‍ ശ്രദ്ധാ പൂര്‍വ്വം വച്ചു....അടച്ചു...എത്രയും പെട്ടന്ന്‍ ഇതും കാത്തിരിക്കുന്ന രോഗിയുടെ അടുത്തെത്തണം....
ഒരു ടീം ഹൃദയവുമായി പുറത്തെത്തി....അതിലൊരാള്‍ പറഞ്ഞൂ...നമ്മുടെ ഹോസ്പിറ്റല്‍ പ്രോട്ടോകോള്‍ പ്രകാരം അവയവം ദാനം നടത്തുന്ന ആളുടെ ഫാമിലിക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന പതിവുണ്ട്...ഒരാള്‍ ഓടിച്ചെന്ന്‍ കസേരയിലിരിക്കുന്ന സ്ത്രീയോട് സര്‍ട്ടിഫിക്കറ്റ് അയക്കേണ്ട അഡ്രസ്‌ ചോദിച്ചൂ....അത്രനേരം അടക്കിവച്ച വേദന ആ ചോദ്യത്തോടെ ദേഷ്യമായി പുറത്തു വന്നൂ...അവള്‍ ഒച്ചത്തില്‍ ഒന്നലറി...അയാള്‍ ഓടിമാറി...അവര്‍ അവര്‍ക്ക് കിട്ടിയ ഹൃദയവുമായി മടങ്ങി....
അവളുടെ ഹൃദയം വെട്ടി മുരിച്ചെടുത്തുകൊണ്ട്പോകുന്ന പോലുള്ള വേദന....
...അവള്‍ കരഞ്ഞില്ല...
അവര്‍ കൊണ്ട് പോയത് ഹൃദയമെന്ന ഒരു മാംസ പിണ്ഡം മാത്രമല്ലേ!?...
അവര്‍ക്ക് ആ മനസ് കൊണ്ട് പോകാനാവില്ലല്ലോ...മരണത്തിനുമപ്പുറം അതെന്നെ ചുറ്റിപിണഞ്ഞിരിക്കും...അവള്‍ കണ്ണ് തുടച്ചു.....
ഓരോരുത്തരും അവരവര്‍ക്ക് വേണ്ട അവയവങ്ങളും എടുത്ത് പല സ്ഥലങ്ങളിലെക്കായി മടങ്ങി..ആരവ്വങ്ങള്‍ അടങ്ങി...ആശുപത്രി ശാന്തമായി...
വരാന്തയില്‍ അവള്‍ മാത്രം...പോക്കറ്റടിക്കാരന്‍ ഉപേക്ഷിച്ച പേഴ്സ് പോലെ അവന്റെ ബോഡി ഓപറേഷന്‍ തീയടരിന്റെ വരാന്തയില്‍ കിടക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകളായി...ആര്‍ക്കും വേണ്ട...വേണ്ടതെല്ലാം കൊണ്ട് പോയി കഴിഞ്ഞിരുന്നൂ...
മനോഹരമായ സാരി ധരിച്ച ഒരു സ്ത്രീ വന്നു ഹോസ്പിറ്റലിലെ PRO  ആണ്...ബോഡി കൊണ്ടുപോകാന്‍ ആള്‍ വന്നില്ലേ?...അവര്‍ ഉറക്കെ ചോതിച്ചൂ...ആരും ഒന്ന്നും മിണ്ടിയില്ല...
ആ ബോഡിക്കും ജീവനും വില ഉണ്ടായിരുന്ന ഒരാള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ...അവള്‍ പതുക്കെ എഴുനേറ്റു വന്നൂ...
ആഘോഷപൂര്‍വം പോലിസ് അകമ്പടിയില്‍ ബോഡി കൊണ്ടുവന്ന ആംബുലന്‍സ് മടങ്ങിപോയിരുന്നൂ...വേറെ ആംബുലന്‍സു വിളിക്കണം.....
PRO യ്ക്ക് എല്ലാവരെയും സഹായിക്കാന്‍ ഇഷ്ടമാണ്...അവള്‍ ആംബുലന്‍സിന്റെ താരിഫ് കാര്‍ഡ്‌ പുറത്തെടുത്തു...AC ഉള്ളത്, ഇല്ലാത്തത്, ഓക്സിജന്‍ ഉള്ളത് ഇല്ലാത്തത്...അങ്ങനെ ഒരു പാട് തരം!!!??....
ആംബുലന്‍സില്‍ കയറ്റിയ ബോഡിക്ക് പിന്നാലെ അവളും കയറി...
അവള്‍ കരഞ്ഞില്ല...ആരും...അവള്‍ ജീവനുള്ള ഒരു കടാവര്‍ ആയിക്കഴിഞ്ഞിരുന്നൂ...
ആരും കൂടെ ഇല്ലാതിരുന്ന അവള്‍ എവിടെക്കാണ്‌ പോകുന്നത് ..ആരും തിരക്കിയില്ല....
ആര്‍ക്കും ഒന്നിനും ഒരു മാറ്റവും ഇല്ല
....മനോഹരമായ സാരി ധരിച്ച യുവതികള്‍ രോഗവുമായി വരുന്ന പുതിയ  അദിധികളെ സ്വീകരിക്കുന്നൂ...പൂക്കളും വെള്ളവും വെള്ളചാട്ടവുമെലാമായി ആശുപത്രി ഒരു ഫൈവ് സ്റാര്‍ ഹോട്ടല്‍ പോലെ....
മനുഷ്യത്വവും ദയയും മരിച്ച സ്വാര്‍ത്ഥത നിറഞ്ഞ അനേകായിരം ശവശരീരങ്ങള്‍ക്കിടയിലൂടെ നന്മ നിറഞ്ഞ അവനും ആ പാവം സ്ത്രീയും അകലെ മറഞ്ഞൂ.......
ഹൃദയവും കരളും,കണ്ണും വൃക്കകളും ദാനം ചെയ്ത ആ നല്ല മനസുകള്‍ക്കുമുന്നില്‍ നമ്മള്‍ ആരാണ്?.....
 ഞാനും നീയും .... എന്റെതും നിങ്ങളുടെതും .....പലരുടെതും പലതുമായ ഈ  ലോകത്ത് പരസ്പരം മത്സരിച്ചും കലഹിച്ചും..... ചതിച്ചും  വഞ്ചിച്ചും,തിന്നുകുടിച്ച് ആധിയെടുത് തടിച്ച് ചീര്‍ത്ത്.......... പറയാന്‍ കൊ ള്ളന്നതും കൊള്ളത്തതുമായ ഒരു പാട് രോഗങ്ങള്‍ക്കടിമയായി......ആര്‍ക്കും ഒരുപകാരവുമില്ലാതെ......... കോടിക്കണക്കിനു പുഴുക്കളുടെ ആഹാരമായി മാറേണ്ട കഡാവര്‍!!!!
 ഹൃദയവും കരളും,കണ്ണും ഇല്ലാത്ത ലോകത്തില്‍ ജീവിക്കുന്ന വെറുമൊരു കടാവര്‍!?.

No comments: