Thursday, June 16, 2016

അച്ഛനോർമ്മകൾ

ഷോപ്പിലിരുന്ന് പിസ തിന്നുമ്പോഴാണ് മൊബൈല് റിംഗ് ചെയ്തത്. അറ്റന്ഡ് ചെയ്ത് ഫോണ് ചെവിയില് വെച്ചപ്പോള് അച്ഛന്റെ ശബ്ദം.

"മനൂ നാളെ ഞാന് നാട്ടിലെത്തും.
അമ്മയേയും ചിന്നുവിനേയും കൂട്ടി വൈകീട്ട് അഞ്ച് മണിയ്ക്ക് നെടുമ്പാശ്ശേരിയില് വരണം.."

"ശരിയച്ഛാ.."

കൂടുതലൊന്നും ചോദിക്കാന് സമ്മതിക്കാതെ അച്ഛന്
ഫോണ് കട്ട് ചെയ്തു.
വീട്ടിലെത്തി ഇക്കാര്യം പറഞ്ഞപ്പോള് അമ്മ ശരിക്കും ഷോക്കായി. എന്റെ അനിയത്തി ചിന്നുവിന്റെ മുഖത്ത് സന്തോഷത്തിന്റെ മിന്നലാട്ടങ്ങള്‍ നിറയുന്നു. അപ്രതീക്ഷിതമായ അച്ഛന്റെ സൗദ്യയില് നിന്നുള്ള
വരവ് എന്നെ
അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

നെടുമ്പോശേരി എയര്പോര്ട്ടിലെ തിരക്കുകള്ക്കിടയില്
നിന്നും അച്ഛനെ കണ്ടപ്പോള് ശരിക്കും എനിയ്ക്ക് വിഷമമായി.
പഴയ തടിയെല്ലാം ക്ഷയിച്ച്,
കവിളെല്ലാം ഒട്ടി, മുഖത്തൊരു പ്രകാശവും ഇല്ലാതെ ആകെ ശോഷിച്ചിരുന്നു.
ഞങ്ങളെ കണ്ടതും അടുത്തേക്ക് ചിരിച്ച് കൊണ്ട് ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു.
അച്ഛന് കൊണ്ട് വന്ന ബാഗുകള്
കാറില് കയറ്റുമ്പോള് ഞാന് പറഞ്ഞു.

"അച്ഛനാകെ ക്ഷീണിച്ചുട്ടാ.."

എന്നെ നോക്കി പുഞ്ചിരിച്ച്
അച്ഛന് പറഞ്ഞു.

"ഓഫീസിലൊന്നും അല്ലല്ലോ, പുറത്തല്ലേ അതായിരിക്കും.."

ഞാന് പിന്നെ ഒന്നും പറഞ്ഞില്ല.
അച്ഛനെ കണ്ടത് മുതല് അമ്മയുടെ
മുഖത്തും സംസാരത്തിലുമെല്ലാം ദുഃഖം നിഴലിച്ചിരുന്നു. വര്ഗീസേട്ടന്റെ കാറിലിരുന്ന് പുറത്തേക്ക് കണ്ണുകളെറിഞ്ഞ് ഞാന് ഇരുന്നു.
വഴിയിലാകെ അപരിചിതരായ കുറേ മനുഷ്യര്, വണ്ടികള്, കടകള്..
ഇതെല്ലാം നോക്കി കാണുന്നതിനിടയ്ക്ക്
അച്ഛനെന്നെ തോണ്ടി വിളിച്ചു.

"റിസള്ട്ടൊക്കെ വന്നില്ലേ, എന്താ അടുത്ത പ്ലാന്.."

അച്ഛനെന്ത് മറുപടി കൊടുക്കും
എന്നാലോജിക്കുന്നതിനിടയ്ക്ക് അമ്മ ഇടയില് കേറി പറഞ്ഞു.

"അവനെപ്പോഴും ഉറക്കം തന്നെ.."

"നിന്റെ വിലപ്പെട്ട സമയമാണ് ഉറങ്ങി
കളയുന്നതെന്ന് ഓര്മ്മ വേണം.."

"ശരിയാണച്ചഛാ.."

ജാള്യത മറക്കാനായി അമ്മയെ കടുപ്പിച്ചൊന്ന് നോക്കി ഞാന് പറഞ്ഞു. അച്ഛന് തുടര്ന്നു:

"രാവിലെ നേരത്തെ എണീറ്റ് വീട്ടിലും
നാട്ടുകാര്ക്കും ഉപകാരമുള്ള എന്തേങ്കിലുമൊക്കെ ചെയ്തൂടെ.
ഒന്നുമില്ലെങ്കില് കൂട്ടുകാരുമൊത്ത് സമയം കൊന്നൂടെ നിനയ്ക്ക്.."

അച്ഛനെന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.
ഞാനപ്പോള് വഴിയോര കാഴ്ച്ചകളിലേക്ക് തല തിരിച്ചു.

അച്ഛന് വന്നതറിഞ്ഞ് നാട്ടിലെ കുറേ
പേരുടെ തിരക്കാണ് വീട്ടില്.
അതില് കൂടുതല് പേരും പൈസയ്ക്കാണ് വന്നിരിക്കുന്നത്.
സന്ദര്ശകരെല്ലാം പോയപ്പോള് എന്നെയും അമ്മയേയും
ചിന്നുവിനേയും അടുത്ത് വിളിച്ച് അച്ഛന് പറഞ്ഞു:

"ഞാനിനി ഇവിടം വിട്ട് മരുഭൂമിയിലേക്ക് പോകണ്ടാന്ന് തീരുമാനിച്ചു. ഇവിടത്തെ പച്ചപ്പ് മതി ഇനിയുള്ള കാലം.."

ഇതെല്ലാം കേട്ടപ്പോള് ഞാന് ശരിക്കും
അസ്വസ്ഥനായി. നാല്പത് വയസ്സാകുമ്പോഴേക്കും
പ്രവാസം മതിയാക്കുകയോ..?
എല്ലാ ഭാരവും ഇനി മുതല് എന്റെ
ചുമലിലാകും എന്നത് എനിയ്ക്ക്
ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു.

അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു വലിയ ശബ്ദം കേട്ടത്. എന്റെ വീടിന്റെ
അടുത്തുള്ള വലിയ വളവില് ഒരു
ബൈക്കും ജീപ്പും ഇടിച്ച് കിടക്കുന്നു.
ഒരുത്തന്റെ കൈകയ്യിലൂടെ ചക്രങ്ങള് കയറി ചതഞ്ഞ് ചോരയില് മുങ്ങി കിടക്കുന്നുണ്ട്. കറുത്ത റോഡിനെ ചോര ചുവപ്പിച്ചിരിക്കുന്നു.
ഇതെല്ലാം കണ്ടപ്പോള് എനിയ്ക്ക് തല
കറക്കം അനുഭവപ്പെട്ടു. ഞാന് തളര്ന്ന് വീണു.
ചോരയില് കുളിച്ച് കിടക്കുന്ന
അവരെ അച്ഛനാണ് ഹോസ്പിറ്റലില് എത്തിച്ചത്.ബ്ലഡും മറ്റു സഹായവും ചെയ്ത് കൊടുത്തു. അവര്ക്ക് ബോധം വന്നിട്ടാണ് ചോര കറയുള്ള ഷര്ട്ടുമിട്ട് അച്ഛന് വീട്ടില് വന്നതെന്ന് അമ്മ പറഞ്ഞപ്പോള് ഞാനാകെ
ഇളിമ്പ്യനായി നില്ക്കേണ്ടി വന്നു.

വീടിന്റെ പുറകിലൊരു കുളമുണ്ട്.
തോര്ത്തുമെടുത്ത് ഞാന് കുളത്തിലേക്ക്
പോകുമ്പോള് അച്ഛന് അടുക്കളയിലുണ്ട്. അമ്മയോട് ചേര്ന്ന് നിന്ന് കുശലം പറയുകയാണ്.
എന്നെ കണ്ടപ്പോള് അച്ഛന് കൂടെ വന്നു. ചിന്നു മോളും കൂടെ ഉണ്ട്.
അച്ഛന്റെ മുഖത്തിപ്പോള് നല്ല പ്രകാശം കാണാന് സാധിക്കുന്നുണ്ട്.
അച്ഛന് ഡ്രസ്സഴിച്ച് തോര്ത്തുമെടുത്ത്
കുളത്തിലേക്ക് ഇറങ്ങി. ഞാന് കുളത്തിലേക്ക് മുങ്ങാന് കുഴിയിട്ട്
പൊങ്ങി വന്നു.അച്ഛന് ചിന്നുവിനെ നീന്തല് പഠിപ്പിക്കുകയാണ്.
ഞാന് അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു:

"അച്ഛന് നല്ല ധൈര്യമാണല്ലേ.."

അച്ഛന് പുഞ്ചിരിച്ച് എന്നോട് പറഞ്ഞു:

"സമൂഹത്തോട് നമ്മുക്കോരോരുത്തര്ക്കും
ചില പ്രതിബദ്ധതയും കടമയും ഉണ്ട്.
അവിടെ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ട്
നല്ലത് ചെയ്യാന് ശ്രമിക്കരുത്.."

അഴിഞ്ഞ തോര്ത്ത് മുറുക്കിയെടുത്ത്
വീണ്ടും തുടര്ന്നു:

"ചിന്നു മോളുടെ പേരില് ബാങ്കില്
കുറച്ച് പൈസയുണ്ട്. അതില് നിന്നും
കുറച്ചെടുത്ത് ബിസിനസ് ചെയ്യാനാണ് എന്റെ പ്ലാന്.."

ഞാനിതെല്ലാം "ങും" എന്ന് മൂളി കേട്ടു.

അച്ഛന്റെ സഹായത്തോടെ എറണാംകുളത്ത്
ഒരു കമ്പനിയില് എനിയ്ക്ക്
ജോലി റെഡിയായി.
അങ്ങോട്ടേക്ക് പോകാനായി രാവിലെ കുളിച്ച നില്ക്കുമ്പോഴാണ് സുഹൃത്തായ ഫഹദിന്റെ
ഫോണ് വന്നത്.

"ടാ നീ എത്രയും പെട്ടെന്ന്
അമല ഹോസ്പിറ്റലിലേക്ക് വാ.."

"എന്താടാ, ഞാന് എറണാംകുളം പോകാന് നില്ക്കാണ്.."

"നിന്റെ അച്ഛനൊരു ചെറിയ അക്സിഡിന്റ്.
പേടിക്കാനൊന്നുമില്ല.."

എനിയ്ക്ക് ഒന്നും അങ്ങോട്ട് പറയാന്
സമ്മതിക്കാതെ അവന് ഫോണ് കട്ട് ചെയ്തു.
ഞാന് വേഗത്തില് ബൈക്കുമെടുത്ത് ഹോസ്പിറ്റലില് എത്തി.
ഫഹദ് ഹോസ്പിറ്റലിന് മുന്നില് തന്നെ
ഉണ്ടായിരുന്നു. എന്റെ അരികിലേക്ക് ഓടി വന്ന് അവന് പറഞ്ഞു:

"ഐസിയുവിലാണ്. ബ്ലഡിനായി വിളിച്ച് അറേന്ജ് ചെയ്തിട്ടുണ്ട്.."

എന്ത് ചെയ്യണമെന്നും പറയണമെന്നും അറിയാതെഒരു നിമിഷം ഞാന് തരിച്ച്
നിന്നു. വിറയ്ക്കുന്ന കൈകളോടെ ഫോണ് കയ്യിലെടുത്ത് അമ്മയ്ക്ക് വിളിച്ചു:

"അമ്മേ ഞാനാണ് മനു.
അച്ഛന് ആക്സിഡന്റ് പറ്റി. അമല ഹോസ്പിറ്റലിലെ
ഐസിയുവിലാണ്.."

അവിടെ നിന്നും അമ്മയുടെ ഉച്ഛത്തിലുള്ള കരച്ചിലാണ് എനിയ്ക്ക് കേള്ക്കാന് സാധിച്ചത് .
ഫഹദ് എന്നെ രൂക്ഷമായി നോക്കി.
ഞാന് ഐസിയു ലക്ഷ്യമാക്കി നടന്നു.

ഐസിയുവിന് മുന്നിലെ കസേരയില് ഫഹദിന്റെ ചുമലിലേക്ക് തലചായ്ച്ച് ഞാന് ഇരിക്കുകയാണ്.
സെക്കന്റുകള്ക്ക് മിനിറ്റുകളുടെ ദൈര്ഘ്യം അനുഭവപ്പെട്ടു.
അടുത്തിരിക്കുന്ന ആളോട് അപകടം നടന്നത് എങ്ങനെയാണെന്നും എവിടെയാണെന്നും ഫഹദ് വിവരിച്ച് കൊടുക്കുന്നുണ്ട്.
ഞാനതിനൊന്നും വ്യക്തമായി ചെവി കൊടുത്തില്ല. എനിയ്ക്ക് അച്ഛനെ പഴയത് പോലെ തിരിച്ച് കിട്ടിയാല് മതിയെന്നാണ് മനസ്സില്.
ഒരുപാട് 'അച്ഛനോര്മ്മകള്‍' എന്റെ ഉള്ളില് മാറിയും മറിഞ്ഞും കൊണ്ടിരുന്നു.

ഐസിയുവിന്റെ ഡോര് തുറക്കുന്ന ശബ്ദം കേട്ടപ്പോള് ഓര്മകള്ക്ക് സ്റ്റഡന് ബ്രേക്കിട്ട ഞാന് എണീറ്റ് നിന്നു.
ഡോക്ടര് അടുത്ത് വന്ന് ചോദിച്ചു:

"നിങ്ങള് മാത്രമേ ഉള്ളൂ.."

ഡോക്ടറുടെ ചോദ്യം കേട്ട് ഫഹദ് പറഞ്ഞു:

"വീട്ടുകാരെ അറിയിച്ചിട്ടുണ്ട്,
ഇപ്പോള് എത്തും.
ഇവന് മകനാണ് ഡോകടര്.."

എന്റെ ചുമലില് പിടിച്ച് ഡോക്ടര് പറഞ്ഞു:

"അയാം സോറി.. കുറച്ച് കൂടി
നേരത്തെ ആയിരുന്നെങ്കില്.."

ഞാന് ഫഹദിന്റെ ചുമലിലേക്ക് മറിഞ്ഞു. കൈകളും ചുണ്ടുകളും വിറച്ചു. ചെവിയില് വലിയ മുഴക്കത്തിന്റെ ഇരമ്പം.
ഫോണ് നിറുത്താതെ റിംഗ് ചെയ്യുന്നുണ്ട്.
അമ്മയാണ്. ഫോണ് അറ്റന്റ് ചെയ്തു.

"ഹലോ മോനെ ഞങ്ങള് എത്താറായി.
അച്ഛനിപ്പോള് എങ്ങനെയുണ്ട്..?"

മറുപടി പറയാന് വാക്കുകള് കിട്ടുന്നില്ല. എങ്ങനെ പറയുമെന്ന് എനിയ്ക്ക് അറിയില്ലായിരുന്നു.
ഫോണ് ഫഹദിന്റേല് കൊടുത്ത് ഞാന് പറഞ്ഞു:

"അമ്മ.."

ഓര്മ്മയില് അന്നാദ്യമായി
ഞാനുറക്കെ പൊട്ടി കരഞ്ഞു.
കണ്ണുനീര് കവിളിനെ സ്പര്ശിച്ച് താഴോട്ട് ഒഴുകി.

പോസ്റ്റ്മോര്ട്ടം ചെയ്ത് കീറിമുറിച്ച
അച്ഛന്റെ ശരീരം ഹാളില് കിടത്തിയിരിക്കുന്നു.
ചേട്ടത്തിയമ്മയുടെ മടിയില് അമ്മ കിടക്കുന്നുണ്ട്.
കണ്ണുനീര് വറ്റി കണ്ണുകള്
ചുവന്നിരിക്കുന്നു. അമ്മയുടെ കണ്ണുകള് അച്ഛനിലേക്ക തന്നെയാണ്.
'അച്ഛനിതൊക്കെ കാണുന്നുണ്ടല്ലോ..!
ഒന്നും പറയാന് സാധിക്കുന്നില്ല
ല്ലോ..!
ചിന്നുമോള് അച്ഛന്റെ അരികിലിരുന്ന്
ഉറക്കെ കരയുന്നുണ്ട്.
അവളാകെ വാടി തളര്ന്നിരിക്കുന്നു.
അച്ഛനെ കെട്ടി പിടിച്ച് അവള് പറഞ്ഞു:

"അച്ഛാ എണീക്കച്ഛാ.. ചിന്നുമോളല്ലേ വിളിക്കുന്നത്.."

ഇതെല്ലാം കണ്ടപ്പോള് എനിയ്ക്ക് പിടിച്ച് നില്ക്കാനായില്ല. ഞാനാകെ തളര്ന്ന് നിലത്ത് വീണു. ചിന്നു മോളെന്റെ അരികിലേക്ക്
ഓടി വന്ന് കെട്ടിപിടിച്ച് പറഞ്ഞു:

" ഏട്ടാ നമ്മുടെ അച്ഛന്.."

ഞങ്ങള് പരസ്പരം പൊട്ടി കരഞ്ഞു.
അച്ഛന്റെ ശരീരം ദഹിപ്പിക്കാനായി ഉയര്ത്തിയപ്പോള് വീട്ടില് നിറയെ അടങ്ങാത്ത കരച്ചില്...
അടങ്ങാത്ത തേങ്ങല്...
അങ്ങനെ അച്ഛന് ഞങ്ങളെ വിട്ട് പോയി.
നമ്മുടെ വേണ്ടപ്പെട്ടവരുടെ വേര്പ്പാട്
അനുഭവിച്ചവര്ക്കേ മനസ്സിലാകൂ.
മരുഭൂമിയില് നിന്നും തിരിച്ചെത്തി,
മരുപച്ചയെ സ്നേഹിച്ച് ഒരുപിടി
നല്ല ഓര്മകളും സമ്മാനിച്ച്
അച്ഛന് യാത്രയായി..


നാളെ, അച്ഛന്റെ മൂന്നാം ചരമ
വാര്ഷികമാണ്. മരിച്ചതിന് ശേഷം അമ്മ ഇടയ്ക്ക് പറയാറുണ്ട്.
'ചോരയില് കുളിച്ച് കിടക്കുന്ന പലരേയും ആശുപത്രില് എത്തിച്ച അദ്ധേഹം ചോര വാര്ന്ന് മരിച്ചല്ലോ,
അവസാനമായി ഒന്നും സംസാരിക്കാന് പറ്റിയില്ലല്ലോ..'
സത്യത്തില് അമ്മയോടും എന്നോടും ചിന്നുവിനോടും
അവസാനമായി അച്ഛനെന്തേങ്കിലും പറയാന് ആഗ്രഹിച്ചിട്ടുണ്ടാകും.
എന്തായിരിക്കും ആ കാര്യം..?
അച്ഛന് സ്വര്ഗത്തിലാണെന്ന് കണ്ണുകള് നിറഞ്ഞ് ചിന്നു പറയാറുണ്ട്.
അതെ, ഇതിലൊന്നും വിശ്വാസമില്ലാതിരുന്ന
ഞാനും വിശ്വസിക്കുന്നു.
'അച്ഛന് സ്വര്ഗത്തിലാണെന്ന്..'

നാളെ രാവിലെ നേരത്ത് എണീറ്റ്
ഒരിടം വരെ പോകാനുണ്ട്.
വേറെ എവിടേയും അല്ല
പെരുമ്പിലാവിനടുത്തുള്ള വൃദ്ധസദനത്തിലേക്ക്. അച്ഛന് ഇടയ്ക്ക്
അവിടെ ചെല്ലാറുണ്ട്.
ഒരു ദിവസത്തിലെ കുറച്ച് സമയം
അവരോടൊത്ത് ഭക്ഷണം കഴിച്ച്
ചെലവിടാറുണ്ട്.
അച്ഛനേറെ ഇഷ്ടപ്പെട്ടിരുന്നതും തുടര്ന്ന് പോകാന് സാധിക്കാത്തതുമായ
നന്മയുള്ള ഒരു കാര്യമായിരുന്നല്ലോ..!
അച്ഛന്റെ വിയോഗത്തിന് ശേഷം മൂന്ന് വര്ഷമായി ഞാന് ഇക്കാര്യത്തില് മുടക്കം വരുത്തിയട്ടില്ല.
നാളെ ഞാന് തനിച്ചല്ല പോകുന്നത്.
കൂടെ അമ്മയും ചിന്നുവും സുഹൃത്തായ ഫഹദും ഉണ്ട്.


(യുവദർശനം മാഗസിന് വേണ്ടി എഴുതിയത്..)

-Ismayil wafa chammnoor-

No comments: