Thursday, June 16, 2016

ഞാൻ കണ്ട സ്വർഗ്ഗം

രാവിലെ വീട്ടിൽ നിന്നിറങ്ങാൻ അൽപം വൈകി. അതു കൊണ്ട് തന്നെ ഓഫീസിലേക്കുള്ള യാത്രയിൽ സാധാരണയായി ഞാൻ പോകാറുണ്ടായിരുന്ന ബസ്സുമായി എനിക്ക് സംഗമിക്കാനായില്ല. ബസ് സ്റ്റോപ്പിൽ ദിനേനെ  കാണാറുണ്ടായിരുന്ന മുഖങ്ങളും എനിക്കന്യമായി. ബസ് കാത്തിരിപ്പു കേന്ദ്രത്തിന് തൊട്ടടുത്തുള്ള പീടികയുടെ കോലായിലെ വൃത്തി കുറഞ്ഞ ബെഞ്ചിലിരുന്ന് അപരിചിതനായൊരു മധ്യ വയസ്കൻ പത്രം വായിച്ചു കൊണ്ടിരിക്കുന്നതിൽ  എന്റെ കണ്ണുടയവെയാണ്  എനിക്ക് പോകേണ്ട ബസ് എന്റെ കാഴ്ചയെ മറച്ചത്. ബസിന്റെ മധ്യ ഭാഗത്തായി ഞാൻ  ഇരിപ്പിടമുറപ്പിക്കുമ്പോൾ ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞു കിടക്കയായിരുന്നു. പുറം കാഴ്ചകളിൽ ദൃഷ്ടികൾ പായിച്ച് ഞാനങ്ങിനെ യാത്ര തുടരവെയാണ്  ഇടയ്ക്ക് വെച്ച് കയറിയ ഒരാൺ കുട്ടി എന്റെ ശ്രദ്ധയെ വഴിതിരിച്ചു വിട്ടത്. കാഴ്ചയിൽ അഞ്ച് വയസ്സ് പ്രായം തോന്നിപ്പിക്കുന്ന അവൻ ചാടി ചാടി ബസിൻ പടികൾ കയറി വന്നത് അവന്റെ ഉമ്മയുടെ കൈ പിടിച്ചായിരുന്നു. വട്ടമുഖത്തോട് കൂടിയുള്ള സാമാന്യം ചന്തമുള്ള  അവന്റെ മുടിയിഴകൾ  നെറ്റിയിലേക്ക് താഴ്ന്നു കിടക്കുന്നതായിരുന്നു. ബസിലെ ഇരുമ്പ് തൂണിൽ ഇരു കരവും ചേർത്തു വെച്ചവൻ നിൽക്കുന്നത് കണ്ടപ്പോൾ എന്റെ മടിയിൽ അവനൊരിരിപ്പിടം ഒരുക്കാൻ ഞാൻ തുനിഞ്ഞു. എന്നാൽ ആരോ ഒഴിഞ്ഞു കൊടുത്ത സീറ്റിൽ ഉമ്മയുടെ മടിത്തട്ടിൽ ആ കൊച്ചു സുന്ദരൻ വിശ്രമിക്കുന്ന കാഴ്ചയിൽ എനിക്ക് പെട്ടെന്ന് എന്നെത്തന്നെ നഷ്ടമായിത്തുടങ്ങി. ഒട്ടും നിനച്ചിരിക്കാതെ ഞാനും വർഷങ്ങൾക്കപ്പുറത്ത് എന്റെ ഉമ്മയുടെ മടിത്തട്ടിലെത്തി. ഞാൻ കണ്ടതിൽ വെച്ചേറ്റവും സുരക്ഷിതമായ സ്ഥലം. മനസ്സ് ഇപ്പോൾ ഓർമ്മകളുടെ പാടവരമ്പിലൂടെ  ഉമ്മയുടെ കൈ പിടിച്ച് നടന്നു കൊണ്ടിരിക്കയാണ്. ഉമ്മയുടെ കൂടെ കൂടുതൽ യാത്രകളൊന്നും ഞാൻ നടത്തിയിട്ടില്ല,എങ്കിലും ഉമ്മയോടൊത്ത് കണ്ട കാഴ്ചകളേക്കാൾ മനോഹരമായതൊന്നും കൂട്ടുകാരോടൊത്ത് നടത്തിയ ദീർഘ യാത്രകളിൽ പോലും എനിക്ക് കാണാനായിരുന്നില്ല.
മനസ്സിലാവുന്നില്ല... ഉമ്മയുടെ കണ്ണുകൾ കൂടെയുണ്ടാവുമ്പോൾ എൻ കണ്ണുകളിൽ തെളിയുന്ന സൗന്ദര്യം എവിടെ നിന്ന് വരുന്നുവെന്ന്...
എന്റെ വലിയൊരു ദൗർബല്യമായ മഴയിൽ നനഞ്ഞ് കുതിർന്ന് വരും നേരങ്ങളിൽ തോർത്ത് മുണ്ട് കൊണ്ട്  തല തുവർത്തിത്തന്ന് സ്നേഹത്തിൻ ചൂട് പകരുന്ന എൻ ഇഷ്ട മാനസം...
എനിക്ക് ചെറിയൊരു അസുഖം വന്നാൽ എന്നേക്കാൾ അസുഖ ബാധിതയായി മാറുന്ന സ്നേഹത്തിൻ പര്യായമാണവർ...
അവരുടെ വയർ വിശപ്പിനാൽ കത്തിയെരിയുമ്പോഴും എന്റെ വയർ നിറയുന്നതിൽ എന്നും ആത്മ നിർവൃതിയടയാറുള്ള എന്റെ സ്വന്തം ഉമ്മ...
ചിന്തകൾക്ക് തീ പിടിക്കുകയാണ്,
പത്തു മാസം ആ ഉദരത്തിൽ കിടന്ന നാളുകളോർത്ത്...
അവർ എനിക്ക് വേണ്ടി എന്തൊക്കെ യാതനകളും വേദനകളും സഹിച്ചിട്ടുണ്ടാവും..?
എത്ര രാവുകളിൽ എനിക്ക് വേണ്ടി ആ കൺപോളകൾ തുറന്നു വെച്ചിരിക്കണം...?
എന്നെ ഈ ലോകത്തേക്ക് കണ്ണു തുറപ്പിച്ച ആ വിശുദ്ധ മേനി പ്രസവ സമയത്ത് അടക്കിപ്പിടിച്ച വേദനയുടെ തോത് ഞാൻ എങ്ങനെയാണ് അളന്നു തിട്ടപ്പെടുത്തുക...?
വാക്കുകൾ കൊണ്ട് മറുപടി പറയാൻ പറ്റാത്ത ഇത്തരം ചോദ്യങ്ങളുടെ എണ്ണമറ്റ  തിരമാലക്കൂട്ടങ്ങൾ ആർത്തലച്ച് കൊണ്ട് എൻ ഹൃദയ തീരത്തെ പാറക്കെട്ടുകളിൽ വന്നിടിക്കുകയാണ്‌.
ഇല്ല.. വാക്കുകൾക്കതീതമാണ് "ഉമ്മ". സാഗരം മഷിയാക്കി എഴുതിയാലും തീരാത്തത്ര അർത്ഥ പ്രവിശാലതയുണ്ട് ആ മനോഹരമായ വാക്കിന്. എന്റെ മിഴികൾ നിറയുമ്പോൾ കണ്ണുനീർ തടാകവും എൻ വദനം തെളിയുമ്പോൾ പൂർണ്ണ നിലാവിനെയും ഞാൻ ആ സൗന്ദര്യ പൂമുഖത്ത് ദർശിക്കുന്നു.
ഉമ്മയുടെ നിസ്ക്കാരപ്പായയിൽ വീണുടഞ്ഞ കണ്ണുനീർ കണങ്ങൾക്ക് ഈ മകന്റെ ചൂരുണ്ടാവുമെന്നതിൽ എനിക്ക്  സംശയങ്ങളേതുമില്ല.
നിങ്ങളുടെ ജീവനേക്കാളേറെ എന്നെ സ്നേഹിക്കുന്നത് വരെ നിങ്ങളിലാരും വിശ്വാസിയാവില്ലെന്ന് പഠിപ്പിച്ച  എന്റെ പ്രവാചക പൂങ്കവർ മൊഴിഞ്ഞത്  "മാതാവിന്റെ കാലടിയിലാണ് സ്വർഗ്ഗം" എന്നാണല്ലോ...
ശരിയാണ്... പിന്നെ എവിടെയാണ് നാം സ്വർഗ്ഗം കണ്ടെത്തുക...? ഈ ലോകത്തിലെ ഏറ്റവും വലിയ സത്യം , അത് ഉമ്മയാണ്. എന്നെന്നും ആ സത്യത്തിൻ നിഴലായി മാറിടാൻ എൻ ഹൃദയം അതിയായി ആശിക്കുന്നു.
ആ മലർ മുഖം വാടുമ്പോഴാണ് ഞാൻ ഏറ്റവും അശക്തനാകുന്നത്, അത്  വിടരുമ്പോൾ ഞാൻ കൂടുതൽ ബലവാനാവുകയും ചെയ്യുന്നു.
സ്നേഹം ചൊരിഞ്ഞ് എന്നെ തോൽപ്പിക്കുന്ന എന്റെ ഉമ്മയെ കുറിച്ച് അൽപ്പം എഴുതിയിടാൻ ഞാൻ കാണിക്കുന്ന ഈ വിഫല ശ്രമം ആ മനോഹാരിത തുളുമ്പുന്ന കണ്ണുകൾ വായിക്കാതിരിക്കാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. കാരണം, ഇത് വായിച്ചു തീരവേ അവരുടെ ഹൃദയത്താഴ്വരയിൽ പുത്ര വാത്സല്യം അണപൊട്ടിയൊഴുകുന്ന ഒരുപാട് പുത്തൻ അരുവികൾ പിറ കൊണ്ടേക്കാം.. അങ്ങിനെ സംഭവ്യമായാൽ ഒരു പക്ഷേ  അസഹനീയമായ കുളിർ മഴയായി എനിക്കത് അനുഭവപ്പെടും.
നശ്വരമാം ഈ ജീവിത വഴിയിൽ ഓർക്കുമ്പോൾ വേദന സമ്മാനിക്കുന്ന  സ്നേഹ ബന്ധങ്ങൾ ഏറെയുണ്ടെനിക്ക്. എന്നാൽ, ആ കൂട്ടത്തിൽ പിന്നിലുള്ളവയെ കാണാൻ പോലും പറ്റാത്തത്ര വേഗത്തിൽ എന്നും മുൻപന്തിയിൽ തിളങ്ങി നിൽക്കുന്നത് എനിക്ക് ജന്മം നൽകിയ എന്റെ പൊന്നുമ്മ തന്നെയാണ്.
സ്നേഹത്തിന് നിർവചനമേകാൻ നിങ്ങളെന്നോട് മൊഴിയുകയാണെങ്കിൽ ഞാൻ " ഉമ്മ" എന്ന് മറുമൊഴി പറയും.
ലോകത്തിലെ ഏറ്റവും അർത്ഥ ഗാംഭീര്യമുള്ള കവിതയെഴുതാൻ എന്നോടാവശ്യപ്പെടുകയാണെങ്കിൽ ഞാൻ "ഉമ്മ" എന്നേ എഴുതൂ.
ക്ഷമിക്കണം ഞാൻ തോൽവി സമ്മതിക്കുകയാണിവിടം.
തെല്ലുമാവുന്നില്ലെനിക്കെൻ പ്രിയ മാതാവിൻ തിളക്കമേറും സ്നേഹ വായ്പുകളെ എൻ  തുച്ഛമായ അക്ഷര ജ്ഞാനം നിരത്തി  വർണ്ണിച്ചു തീർക്കാൻ...
കണ്ണുനീരിൽ കോർത്ത ഒരായിരം പ്രാർത്ഥനാപ്പൂക്കൾ എൻ സ്നേഹ ഗോപുരത്തിൽ ചാർത്തി ഞാൻ നിറ കണ്ണുകളോടെ പിൻ വാങ്ങുകയാണ്.
പടച്ചവനേ... എന്റെ പൊന്നുമ്മയിൽ നീ നിന്റെ അനുഗ്രഹങ്ങളുടെ തേന്മഴ വർഷിപ്പിക്കേണമേ...
സന്തോഷവും ആരോഗ്യവും നിറഞ്ഞു നിൽക്കുന്ന ദീർഘായുസ്സ്  അവരിൽ ചൊരിയേണമേ നാഥാ....
ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന എന്റെ സഹൃദയരായ കൂട്ടുകാരുടെ ഉമ്മമാരിലും നീ ഇരു ലോകമിലും സൗഖ്യമേകിടണേ സർവ്വ പരിപാലകനേ...

✍🏻 arshad chembilode kannur

No comments: