Thursday, June 16, 2016

മനുഷ്യനെ മനുഷ്യനായി കാണുക

സൗദി അറേബ്യയിലെ റിയാദിൽ പ്രവാസത്തിന്റെ പ്രയാസം അനുഭവിക്കുന്ന കാലം. ഒരു കമ്പനിയുടെ കീഴിലാണ് ഞാനടങ്ങുന്ന നാൽപതംഗ സംഘം ജോലി ചെയ്തിരുന്നത്. അവരുടെ നിർദേശ പ്രകാരം മരുഭൂമിയിലുണ്ടാക്കുന്ന വീടിന്റെ പണിക്കായി അവിടെയെത്തി. മൂന്ന് സെക്ഷനായിട്ടാണ് ഞങ്ങളെ തിരിച്ചത്. ഒരു ടീമിനെ മറ്റൊരു ടീമിന് കാണണമെങ്കിൽ ഉച്ചക്കുളള ഭക്ഷണ സമയമാകണം. ഞങ്ങൾക്കിടയിൽ അത്രയും ദൂരമുണ്ട്.

 രാവിലെ കുടിക്കാനുളള വെള്ളവും ഭക്ഷണവും ഒരു പിക്കപ്പിലാണ് കൊണ്ട് വന്നത്. അതെല്ലാം ഇറക്കിവെച്ച് അവർ വേഗത്തിൽ പോയി.  ഇവരുടെ  അടുത്ത വരവ് ഉച്ചക്കായിരിക്കും. ദേഹം പൊള്ളിക്കുന്ന ചുടുക്കാറ്റ് വീശുന്നുണ്ട്. ഞാനും കമ്പനിയിലെ എന്റെ സുഹൃത്തുക്കളും ജോലിയിൽ വ്യാപൃതനായി.

 അസഹനീയമായ ചൂട് കാരണം തൊണ്ട വരണ്ടു. വിയർതൊലിച്ച് വെളളം കുടിക്കാനായി നോക്കിയപ്പോൾ പാത്രം നിലത്ത് വീണ് വെളളം മുഴുവൻ പൂഴിയിൽ അലിഞ്ഞിരിക്കുന്നു. വെളളം കിട്ടണമെങ്കിൽ അഞ്ചു കിലോമീറ്റർ പോകണം. അല്ലെങ്കിൽ ഉച്ചക്കുളള വെള്ളവും ഭക്ഷണവുമായി ഫോർമർ വരണം. ദാഹം സഹിക്കാനും വയ്യ. ഞാനും നാലഞ്ചു സുഹൃത്തുക്കളും പുറത്തേക്കിറങ്ങി. കുറച്ചപ്പുറത്ത്‌ സെൻട്രലൈസിഡ് മിസ്രിയെന്നൊരു സ്ഥലത്ത് രണ്ടുമൂന്ന് ആളുകൾ ജോലിയെടുക്കുന്നത് കണ്ടു. ഞാൻ അവർക്കരികിൽ ചെന്ന് അറബിയിൽ കുറച്ച് വെളളം ചോദിച്ചു. അപ്പോളുടനെ അവർ ചോദിച്ചു:

"ഇന്ത മുസ്ലിം.."

"മാഫി മുസ്ലിം അന ഹിന്ദു.."

"മാഫി മാഫി.. ഇന്ത ഹറാമി.."

അവർ ഞങ്ങൾക്ക് വെളളം തന്നില്ല. ഞാൻ മിണ്ടാതെ തിരിഞ്ഞ് നടന്നു. ഒപ്പമുള്ളവർക്ക്‌ അവരെ കൊല്ലാനുള്ള ദേഷ്യം. 'വെള്ളത്തിന് ദാഹിച്ചിട്ടല്ലേ‌ ചോദിച്ചത്. നമ്മളും മനുഷ്യരല്ലേ..'
അവർ കലി തുള്ളുന്നു. അപ്പോൾ ഞാൻ പറഞ്ഞു:

"അത് കുഴപ്പമില്ല, അതവരുടെ സംസ്കാരമാണ്. അവരുടെ നാട്ടിൽ അങ്ങനെയാവും, ഹിന്ദുവെന്ന് പറഞ്ഞാൽ അവർക്ക് അത്ര വെറുപ്പ്‌ ഉണ്ടാകും. അത് നമ്മൾ കാര്യമാക്കണ്ട. മതേതര രാഷ്ട്രമായ ഇന്ത്യയിൽ തന്നെ പലരുമിപ്പോൾ വേർതിരിവ് കാണിക്കുന്നില്ലേ..? അപ്പോൾ അവരെ പറഞ്ഞ് കാര്യമില്ല.."

അങ്ങനെ വെള്ളത്തിന്‌ ദാഹിച്ചിട്ട് എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കൊരു പിടിയുമില്ലാതെയായി.
വീട് നനക്കാനുള്ള വെള്ളമുണ്ട്. അതൊന്നും കുടിക്കാനും പറ്റില്ല. കുടിച്ചാലോ എന്നുപോലും തോന്നി. സത്യത്തിൽ ദൈവത്തിനെ മനസുരുകി വിളിച്ച നിമിഷം..
' ദൈവമേ ഇങ്ങനെ ഒരവസ്ഥയിൽ പെട്ടല്ലോ..'
 ശെരിക്കും കണ്ണ് നിറഞ്ഞു. ഉച്ചക്ക് കമ്പനിയിൽ നിന്നും പണി വിലയിരുത്താനായി മാനേജർ വരുമെന്നതിനാൽ ഞങ്ങൾ കടിച്ചമർത്തി ജോലി തുടർന്നു.

വേദനയും അമർഷവും കൊണ്ട് മനസ്സ് നീറുകയാണ്. അങ്ങനെ ഒരു മണിക്കൂറിന് ശേഷം വലിയൊരു ശബ്ദം കേട്ടു. നോക്കിയപ്പോൾ രണ്ടാളുകൾ നിലത്ത്  വീണ് കിടക്കുന്നു. ഇവർ നിന്നിരുന്ന നിലയിട്ടിട്ടുണ്ടായിരുന്നത് മുറിഞ്ഞ് വീണിരിക്കുന്നു. ഇവർക്കാണെങ്കിൽ എണീക്കാൻ കഴിയുന്നില്ല. ഇതെല്ലാം കണ്ട് ഞാൻ അവരുടെ അടുത്തേക്ക് ഓടി ചെല്ലുന്നത് കണ്ടതും ഒപ്പമുള്ളവർ എന്നെ തടഞ്ഞ് കൊണ്ട് പറഞ്ഞു:

"എവിടെക്കാടാ കളള പന്നീ  പോകുന്നത്, അവര് വെള്ളം ചോദിച്ച് തരാത്തവരാണ്. ഇങ്ങട്ട് വാടാ.."

ഞാൻ അവരുടെ കൈ തട്ടിമാറ്റി പറഞ്ഞു:

 "മിണ്ടരുത്. അവര് അവരുടെ സംസ്കാരം കാണിച്ചെങ്കിൽ നമ്മൾ നമ്മുടെ സംസ്കാരം കാണിക്കണം. അവരെ വന്ന് പിടിക്കാൻ നിങ്ങൾ വരുന്നുണ്ടോ.. ഇല്ലയോ..?"

അങ്ങനെ രണ്ടുമൂന്ന് പേരെ വലിച്ച് കൊണ്ട് പോയി. വീണ് കിടക്കുന്നവരെ പിടിച്ച് കാറിൽ കയറ്റി. ഇവരുടെ കൂട്ടത്തിലെ മൂന്നാമന്റെ കാറിൽ ഹോസ്പിടൽ പോയി. അവർക്ക് വേണ്ട കാര്യങ്ങളൊക്കെ ചെയ്തിട്ട് മണിക്കൂറുകൾക്ക് ശേഷം അവർ താമസിക്കുന്ന റൂമിൽ കിടത്തിയാണ് ഞങ്ങൾ ജോലി സ്ഥലത്തേക്ക് തിരിച്ചത്.

അതിന് ശേഷം ഒരാഴ്ച അവർ  റൂമിൽ റെസ്റ്റ് ആയിരുന്നു. അസുഖങ്ങളെല്ലാം മാറി അവർ നേരെ വന്നത് ഞങ്ങളുടെ ജോലി സ്ഥലത്തേക്കാണ്‌. അന്നാണെങ്കിൽ ഞാൻ സുഖമില്ലാതെ ലീവ് ആയിരുന്നു.  അങ്ങന അവർ റൂം ചോദിച്ചറിഞ്ഞ് ഒരു വെളളിയാഴ്ച്ച എന്റടുതേക്ക് വന്നു. എന്നെ കണ്ടിട്ട് അവർ കാണിച്ച സന്തോഷം ഉണ്ടല്ലോ.. പറയാൻ വാക്കുകളില്ല. ശെരിക്കും അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.  കെട്ടിപ്പിടിക്കുന്നു. ഉമ്മ വെക്കുന്നു. എന്റെ കൈകളിൽ തല താഴ്ത്തി അവർ പറഞ്ഞു:

"ഒരു തുളളി വെളളം ചോദിച്ച് കൊടുക്കാത്ത ഞങ്ങളോട് നിങ്ങൾ കാണിച്ച ആ ആത്മാർത്ഥത ഉണ്ടല്ലോ ഞങ്ങൾ ഒന്നിനും പറ്റാത്തവരായി പോയല്ലോ.. നിങ്ങൾ ഇന്ത്യക്കാര് എത്ര നല്ല ആളുകളാണ്.."

എന്തൊക്കെയാണ് അതിന് ശേഷം അവർ കാണിച്ച് കൂട്ടിയത്. സത്യം പറഞ്ഞാൽ.. നമ്മളവിടെ പരാജയപ്പെടല്ല ചെയ്തത്. നമ്മൾ, നമ്മുടെ നാട് അവരുടെ മനസ്സിൽ എത്ര മാത്രം കയറി കൂടിയിട്ടുണ്ടാകും..?
 ഒരു കാര്യത്തിൽ അതേ നാണയത്തിൽ തിരിച്ചടിച്ച് കഴിഞ്ഞാൽ അവരും നമ്മളും തമ്മിൽ എന്താണ് വ്യത്യാസം..? അതൊരിക്കലും പാടില്ല. ക്ഷമ മനുഷ്യന് ഏറ്റവും വേണ്ട ഒന്നാണ്..

കരഞ്ഞ കണ്ണുമായി അവർ പോകുമ്പോൾ ഞങ്ങളുടെ നമ്പർ വാങ്ങി. റമളാൻ മാസത്തിൽ നോമ്പ് തുറക്കുന്ന സമയത്ത് ഈത്തപഴം കുബ്ബൂസ് ഫ്രൂട്സ് അങ്ങനെ പേരറിയാത്ത എന്തൊക്കെയോ ഞങ്ങൾക്ക് കൊണ്ട് വന്ന് തരുന്നു. അങ്ങനെ ഭയങ്കര അടുപ്പമായി ഞങ്ങൾക്ക് അവരോട്. ഇതിന്റെ ഗുണം കിട്ടിയത് എന്താണെന്ന് ഇപ്പോൾ മനസ്സിലായില്ലേ. മനുഷ്യനെ മനുഷ്യനായി തിരിച്ചറിയുക. അവർ അവരുടെ ജീവിതത്തിൽ ഒരിക്കലും മനുഷ്യനായി പിറന്ന ഒരാളോട് ഇനിയങ്ങനെ മനുഷ്യത്വമില്ലാത്ത പരിപാടി ചെയ്യില്ല. അവർക്ക് ശെരിക്കും ബോധ്യമായി. അന്നെനെ എതിർത്ത ഒപ്പമുള്ളവർക്ക്‌ പോലും അന്ന്  സുരേഷ് ചെയ്തത് നന്നായിട്ടാ.. അല്ലെങ്കിൽ നമ്മുടെ നാടിന് തന്നെ വല്ലാത്തൊരു മോഷമായേനെയെന്ന് അവർ തന്നെ പറഞ്ഞ് കേട്ടു...

* * * * * * * * * * * *

എന്നോടാരേലും ദ്രോഹം ചെയ്‌താൽ അവരെ സ്നേഹിച്ച് കൂടെ നിർത്തുമെന്ന് പറഞ്ഞ സുരേഷ് ആറ്റുപുറത്തിന്റെ ജീവിതാനുഭവം എന്റെ തൂലികയിൽ പകർത്തുക മാത്രമാണ് ഞാൻ ചെയ്തത്. ഇതിൽ നിന്നും സുരേഷ് ലോകത്തോട്‌ വലിയൊരു ചോദ്യം ഉയർത്തുന്നു..
.

' മനുഷ്യനെ മനുഷ്യനായി കാണാതെ മനുഷ്യത്വം നഷ്ടപ്പെട്ട് മതത്തിന്റെ പേരിൽ ഇനിയും വേർതിരിക്കുന്നതെന്തിന്..?'

സ്നേഹത്തോടെ..
 ഇസ്മയിൽ വഫ ചമ്മനൂർ

No comments: