Thursday, June 16, 2016

സ്വപ്നങ്ങളുടെ വാനപ്രസ്ഥം

അജ്മലും കുടുംബവും പ്രാരാബ്ധങ്ങളിൽ നിന്നും അൽപ്പം കര കയറിയത് പ്രവാസിയായത് കൊണ്ടു മാത്രമാണ് , കോളേജിൽ പഠിക്കുന്ന സമയത്തായിരുന്നു ഉപ്പയുടെ പെട്ടെന്നുള്ള മരണം. അതിൽ താളം തെറ്റിയ കുടുംബം മൂത്ത പെങ്ങളുടെ കല്ല്യാണത്തിനായി ശേഷിച്ച സ്വത്തുക്കളും വിൽക്കേണ്ടി വന്നു.. പ്ളസ് റ്റു വിന് പഠിക്കുന്ന ഒരു പെങ്ങളും പിന്നെ കുറേ കടങ്ങളും അവനെ കടൽ കടക്കാൻ നിർബന്ദിച്ചു. ദൈവാനുഗ്രഹത്താൽ നല്ല ശമ്പളമുള്ള പണിയായിരുന്നു.. കടങ്ങളൊക്കെ വീട്ടി..വീട് പുതുക്കിപ്പണിതു.. പെങ്ങളുടെ കല്ല്യാണം നല്ല രീതിയിൽ നടത്താനായി , ഇനി അജ്മലിനൊരു പെണ്ണ് വേണം, വീട്ടിൽ പെങ്ങൾമാരുടേയും ഉമ്മയുടേയും നിർബന്ധമാണ് ഈ വരവിന് പെണ്ണ് കെട്ടണം എന്നുള്ളത് , മാനസികമായി അജ്മലും ഒരുങ്ങി
ആയിടക്കാണ് നാട്ടിൽ ലീവിന് പോയി പെണ്ണന്വേശിച്ച് കിട്ടാതെ മടങ്ങിയ സ്വന്തം നാട്ടിലെ ഒരു സുഹൃത്തിനെ കണ്ടത് , പെണ്ണ് കിട്ടാനുള്ള ബുദ്ധിമുട്ടും ഒന്നിനെ കിട്ടിയാലോ അത് മുടങ്ങാനുമുള്ള എളുപ്പ കാര്യങ്ങളെ പറ്റി അവർ ഒത്തിരി സംസാരിച്ചു , ഇപ്പോളത്തെ കാലത്ത് ആൺ
കുട്ടികൾ ആദർശങ്ങൾ പ്രസംഗിക്കാൻ മിടുക്കുള്ളവരും പാലിക്കാൻ മടിയുള്ളവരുമാണ് കൂടുതൽ , സ്ത്രീധനം വാങ്ങില്ല എന്ന് പറയുമ്പോൾ സാമ്പത്തികമായി അൽപ്പം മെച്ചമുള്ള കുടുംബത്തിലെ പെൺകുട്ടികളെ കെട്ടാനാണ് താൽപ്പര്യം , നിങ്ങളെക്കൊണ്ട് സാധിക്കുന്നത് അവൾക്കിട്ടുകൊടുത്താൽ മതി എന്ന് വളഞ്ഞ വഴിയാലെ സ്വർണ്ണത്തിൽ കണ്ണ് വെക്കുന്നവരും ഉണ്ട് , പാവപ്പെട്ട വീട്ടിൽ ഇപ്പോളും കെട്ട് പ്രായം കഴിഞ്ഞ പെൺ കുട്ടികൾ ധാരാളം ഉണ്ടെങ്കിലും നാട്ടിൽ പെണ്ണ് കിട്ടാനില്ല എന്ന പരാതിക്ക് കാരണമിത് തന്നെ..
അന്ന് അജ്മലിന് മനസ്സിൽ ഒത്തിരി ചിന്തകൾ ആയിരുന്നു .. വലിയ സ്വപ്നങ്ങളൊന്നും അവന്റെ മനസ്സിൽ ഇല്ല, കാരണം അവൻ പെൺകുട്ടികളെ കെട്ടിക്കാനുള്ള മാതാപിതാക്കളുടെ ബുദ്ധിമുട്ട് അനുഭവിച്ച് അറിഞ്ഞവനാണ് , ഒന്നും വാങ്ങിക്കാതെ മൂന്നോ നാലോ പവൻ മഹറിട്ട് കൊടുത്ത് പാവപ്പെട്ട ഒരു പെണ്ണിന് ഒരു ജീവിതം കൊടുക്കണം എന്ന് അവന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു ,
അപ്പോളാണ് തന്റെ ചിന്തയിൽ സ്വന്തം നാട്ടിൽ തന്നെ ഒരു പെണ്ണിനെ അവന്റെ ഓർമ്മയിൽ വന്നത്, കാഴ്ച്ചയിലും സ്വഭാവത്തിലും ആർക്കും ഇഷ്ടപ്പെടുന്ന ഒരു പെണ്ണ് ,സാന്പത്തികമായി കുടുംബം അൽപ്പം ബിദ്ധിമുട്ടിലും, ഉപ്പാക്ക് ചായക്കച്ചവടമാണ് , എന്തോ രോഗങ്ങൾ അയാളെ അലട്ടുന്നുമുണ്ട്.. ഇവൾ രണ്ട് പെൺകുട്ടികളിൽ മൂത്തത്,പ്ളസ് ടു കഴിഞ്ഞിട്ടുണ്ട്, ഇളയത് മാനസികമായി വളർച്ചക്കുറവുള്ള ഒരു കുട്ടിയാണ്, അത് കൊണ്ട് തന്നെ അവൾക്ക് വരുന്ന ആലോചനകളും മുടങ്ങുന്നു..
അവളെ മതി.. തന്റെ സ്വപ്നങ്ങളിലെ പോലെ പാവപ്പെട്ട കുടുംബത്തിൽ നിന്നും ഒരു കുട്ടി .. ഇനി ഇക്കാര്യം ഉമ്മയെ അറിയിക്കണം , അവർക്കും സന്തോഷമാവും , എന്റെ നല്ല മനസ് കണ്ട് അവർക്ക് അഭിമാനം തോന്നും , അജ്മൽ അവളെ കല്ല്യാണം കഴിക്കുന്നതും കുടുംബ ജീവിതം നയിക്കുന്നതുമൊക്കെ സ്വപ്നം കണ്ടു,, അജ്മൽ അതാലോജിച്ച് കിടന്ന് നേരമറിയാതെയാണ് അന്ന് ഉറങ്ങിയത്..
പിറ്റേന്ന് രാവിലെ ജോലിക്ക് പോകുന്ന സമയം കമ്പനി വണ്ടിയിലിരിക്കവേ പതിവുപോലെ അജ്മൽ ഉമ്മയെ വിളിച്ചു സംസാരിച്ചു .. എങ്ങനെ അവതരിപ്പിക്കണം എന്നുള്ള പിടിയില്ല , പറയാതിരിക്കാനും വയ്യ എന്ന രീതിയിൽ അവൻ "ആ പെണ്ണിന് വല്ല ആലോചനയും വന്നതായി അറിയാമോ ?" എന്ന് ഉമ്മയോട് ചോതിച്ചു , ഇല്ല എന്ന് പറഞ്ഞപ്പോൾ അവന്റെ മനസ് സന്തോഷിക്കുകയായിരുന്നു ,,
പിന്നെ ഉമ്മ പറഞ്ഞത് അവളുടെ സ്വഭാവത്തിന്റെയും അഴകിന്റെയുമൊക്കെ പുകഴ്ത്തലുകൾ ആയിരുന്നു, അത് കൂടി കേട്ടപ്പോൾ അജ്മൽ ഒത്തിരി സന്തോശിച്ചു ,
"എന്നാൽ ഉമ്മ എനിക്ക് വേണ്ടി അവളെ ഒന്ന് ചോതിക്കാമോ ? "
അജ്മൽ അറിയാതെ ചോതിച്ചു പോയി , ഉമ്മാക്ക് പെട്ടെന്ന് മൗനം ,
"അത്... പിന്നെ... കുടുംബം...അനിയത്തി....."
അവന്റെ ഉമ്മ പിന്നെ ഓരോ ഒഴിവുകഴിവുകൾ പറയാൻ തുടങ്ങി , അവളെ കെട്ടിയാൽ സമാധാനം ഉണ്ടാവില്ലത്രേ, കാരണം ഉപ്പാക്ക് എപ്പോളും രോഗം, ബുദ്ധി വളർച്ചയില്ലാത്ത അനിയത്തി തുടങ്ങിയ ഒരുപാട് കുറ്റങ്ങൾ , പിന്നെ അവന് ഇതിനേക്കാൾ നല്ല ബന്ധം കിട്ടും എന്ന ഒരു വാഗ്ദാനവും ,
അജ്മലിന്റെ മനസ് പിടയുകയായിരുന്നു , ഉമ്മ അവളിൽ കാണാത്ത നന്മ അവരുടെ സാമ്പത്തികം തന്നെ , ഉമ്മയെ വെറുപ്പിച്ച് കൊണ്ട് അവനും തീരുമാനത്തിൽ എത്താൻ കഴിയില്ല , അവന്റെ സ്വപ്നങ്ങളെ അല്ല മനസ്സിന്റെ നന്മകൾ തന്നെ തല്ലിക്കെടുത്തിയ ഒന്നായിരുന്നു ഉമ്മയുടെ വാക്കുകൾ ,കല്ലും മുള്ളും നിറഞ്ഞ വഴികൾ താണ്ടി നല്ല വഴിയിലേക്ക് കയറിയാൽ പിന്നെ തിരിച്ചു ഒരു യാത്രയെ പ്രതീക്ഷിക്കാത്തവരല്ലേ നമ്മൾ
****
ഇങ്ങനെ നമ്മൾക്കിടയിൽ ഒരുപാട് അജ്മലുമാർ ജീവിക്കുന്നുണ്ട് , മനസ്സിലെ നന്മകളും സ്വപ്നങ്ങളും മറ്റുള്ളവരുടെ അനിഷ്ടത്തിൽ കൊഴിഞ്ഞു പോയ ജന്മങ്ങൾ , ഉമ്മ പെങ്ങൾമാരുടെ കണ്ണിൽ അളന്ന് തൃപ്തി വരാത്തതിനാൽ കല്ല്യാണം നീണ്ട് പോവുന്നവർ വേറെയും.. ഒന്നോർക്കണം , നമ്മളുടെ അനിയത്തിമാരെ വിലയിട്ട് തൂക്കം നോക്കി അളന്നെടുക്കുന്ന ഒരു ദിനം നാം എത്ര വെറുക്കുന്നുവോ അത്രമേൽ വെറുപ്പ് അവർക്കുമുണ്ടാവാം.. !!
---------------------
വാസിർ.കടവത്ത്
---------------------

No comments: