Thursday, March 17, 2016

ഓർമ്മകൾ കുഞ്ഞുങ്ങളെ പോലെയാണ്


എപ്പഴോ മുഖപുസ്തകത്തിൽ വായിച്ച കരീം മലപ്പട്ടത്തിന്റെ വാക്കുകളാണ് തുടക്കത്തിന് അഭികാമ്യം...

"ഓർമ്മകൾ കുഞ്ഞുങ്ങളെ പോലെയാണ്.
എത്രതന്നെ മുലകൊടുത്തുറക്കിയാലും
വീണ്ടും ഉണർന്ന് കരഞ്ഞുകൊണ്ടിരിക്കും''

എത്ര മനോഹരമായാണ് അദ്ദേഹം വർണ്ണിച്ചെന്നത് നോക്കൂ...

എപ്പഴോ മനസ്സിലും ശരീരത്തിലും പറ്റിപ്പിടിച്ച ചോക്കുപ്പൊടിയുടെ വെളുത്തപ്പാട് പരതികൊണ്ട് വിദ്യാലയത്തിന്റെ ഇടനാഴികളിലേക്കൊരു മടക്കയാത്ര ഇവിടെ തുടങ്ങുന്നു....

ഓലമേഞ്ഞ മേൽക്കൂര,അതിനിടയിൽ
കാലത്തിന്റെ അതിഥികളായി തുളച്ചുള്ളിലേക്ക്  കയറുന്ന വെയിൽവെട്ടവും മഴത്തുള്ളികളും....
ആ വെയിലിലും മഴയിലും മത്തുപിടിക്കുന്ന മണമുള്ളതായ് ഇന്നെനിക്ക് തോന്നാറുണ്ട്.

മുഖത്ത് മാങ്ങാചെനകൊണ്ടുണ്ടായ പാടുകളും പിന്നെ വീട്ടിൽ ഏട്ടനൊ അനിയനോ ചേച്ചിയോ അനിയത്തിയോ ഉണ്ടായിരിക്കാം എന്ന് തെളിയിക്കുന്ന പാടുകളും കാട്ടിച്ചിരിക്കുന്ന ജീവിതങ്ങൾ ബെഞ്ചിൽ 6 വീതം എന്ന കണക്കിൽ അള്ളിപ്പിടിച്ചിരിക്കുന്നു.ഒത്ത നടുവിൽ ഞാനും മേൽ പറഞ്ഞ തെളിവുകളോടെ ഇരിപ്പുറപ്പിച്ചു...
       
കഷണ്ടി തടവി കീശയിൽ നിന്ന് വാരി മൂക്കിൽ ഇരുത്തി വെച്ച കണ്ണടയും, വെളുത്ത കുപ്പായമിട്ട് മേൽക്കൂര തടയാതിരിക്കാൻ ഒരൽപ്പം കുനിഞ്ഞ് ക്ലാസിൽ കേറിവരുന്ന 6 സി യിലെ എന്റെ ക്ലാസ്  ടീച്ചറും ഗണിതാദ്ധ്യാപകനുമായ ജനാർദനൻ മാഷേക്കുറിച്ചുള്ള ഓർമ്മ..

വന്നയുടനെ ചെമ്പരത്തിയിട്ട് കറുപ്പിച്ച ബോർഡിനു മുന്നിലിട്ട കസേരയിൽ ചാർന്നിരുന്ന് ഉറക്കെ ഓരോ പേരുകൾ വിളിച്ചു പറയുന്നു...അതിനുമുറക്കെ ഹാജർ വിളികൾ ഉയരുന്നു....ഹോംവർക്കും അടിയും തമ്മിലുള്ള ബന്ധം പിരിയാത്ത കാമുകീ കാമുകനെ പോലെ ഞാൻ പുതുക്കുന്നു..ചിലർ കോപ്പിയടിച്ച് എഴുതി ആ ബന്ധം നിഷ്ഫലമാക്കാൻ ശ്രമിക്കുമ്പോൾ ബോർഡും ചോക്കും മാഷുടെ  '' അതൊന്ന് ബോർഡിൽ ചെയ്യ്'' ഈ വാക്കും ബന്ധം പിരിയാൻ വിസമ്മതിക്കുന്നു..ചിലരെ ബെഞ്ചിന്റെ അത്യുന്നതങ്ങളിൽ പ്രതിഷ്ഠിക്കുന്നു.. നമ്മളെ നോക്കി ചിരിക്കുന്ന പഠിപ്പിസ്റ്റ് തെണ്ടികൾ അധികമാരും അവിടെയില്ലായെന്നതൊരാശ്വാസം..

ഒരിക്കലൊരു ഓണാവധിക്ക് ശേഷം  ക്ലാസിൽ ചെന്നു കയറിയ ഞങ്ങളിൽ ചിലരെ കാത്തിരുന്ന നിധി.
നിധി എന്ന് തന്നെ പറയാനാണ് എനിക്കിഷ്ടം.
ഓണത്തിന് മുമ്പ് ഞങ്ങൾ കുത്തിവരഞ്ഞിട്ട് കുഴിച്ചു മൂടിയ പരീക്ഷാകടലാസ് തന്നെയാണ് ഞാൻ പറഞ്ഞ നിധി.പതിവ് പോലതന്നെ മാഷ് കയറി വരുന്നു..പേരുകൾ വിളിക്കുന്നു.ഹാജർ വിളികൾ ഒരൽപ്പം ശബ്ദക്കുറവോടെ ഉയരുന്നു..ഉത്തരകടലാസുകൾ ഉടമസ്ഥന് ഏൽപ്പിച്ചുകൊണ്ടിരിക്കുന്നു.അധികം താമസിയാതെ എന്റെ നിധിയും എനിക്ക് കിട്ടി.
      
കൃത്യമായ ഉത്തരകടലാസ് വിതരണത്തിന് ശേഷം മാഷ് ചില കണക്കുകൾ വിളിച്ചു പറയുന്നു..''40ൽ കൂടുതലുള്ളവർ എഴുന്നേറ്റ് നിൽക്കൂ.. '' ആരുമുണ്ടായിരുന്നില്ല ആ ലക്ഷമണരേഖ ഭേദിക്കാൻ..സംഖ്യകൾ കുറഞ്ഞു വരുന്നതിന് ആനുപാതികമായി ഓരോ ബെഞ്ചിലും കുട്ടികൾ  എഴുന്നേറ്റ് നിന്ന് തുടങ്ങി.അവസാനം 10ൽ താഴെയുള്ളവരുടെ ശ്രേണിയിലേക്ക് ഞാനടക്കം ചിലർ ഉൾപ്പട്ടു.
     
        ഓരോരുത്തർക്കും പലരീതിയിലുള്ള സമ്മാനങ്ങൾ കിട്ടിതുടങ്ങി.എനിക്ക് സമ്മാനം കിട്ടുന്നതിനുമുമ്പ് മാഷ് ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു.
''കണക്കിൽ തോറ്റാൽ ജീവിതത്തിലും തോൽക്കും....കണക്കിൽ തോറ്റാൽ ജീവിതത്തിലും തോൽക്കും''....

അതൊന്ന് കേട്ട്  മനസ്സിലാക്കുന്നതിനു മുമ്പ് എന്റെ ചെവി പിടിച്ചൊരു പ്രയോഗം മാഷ് നടത്തി....

അനുഭവിച്ചതിൽ സുഖമുള്ള വേദനയായി ഇന്നെനിക്ക് അതിനെ തോനുന്നു.

അന്നുമുതൽ ബാക്കിയേതിൽ തോൽവി അറിഞ്ഞാലും കണക്കിൽ മാത്രം ഞാൻ തോൽക്കാറില്ല.കാരണം....
''കണക്കിൽ തോറ്റാൽ ജീവിതത്തിലും തോൽക്കും''....

(അഖിലേഷ് ടി മയ്യിൽ)

No comments: