Thursday, March 17, 2016

ആംഗ്യചരിതം ഒന്ന്


പുതിയ അനുഭവങ്ങൾക്കും ഇരുന്നുള്ളൊരു യാത്രയും സ്വപ്നം കണ്ട് ഞാനും  നിഹേഷും പനിച്ചികപ്പാറയിൽ നിന്നും  ബസ്സ് കയറി.സീറ്റു കിട്ടിയാൽ നിഹേഷും അമ്മാവനെ പോലെ തന്നെയാണ് നിദ്രയിലേക്ക് വഴുതിപോകും..എന്നാൽ ഞാൻ ഉറങ്ങാറില്ല എന്നെ യാത്രയാക്കുന്ന കൊച്ചു കൊച്ചു ഗ്രാമങ്ങളും യാത്ര മംഗളം നേരാതെ ആകർഷിക്കാൻ ശ്രമിക്കുന്ന നഗരങ്ങളും മാഞ്ഞു മാഞ്ഞു പോകുന്നത് കാണാൻ  എനിക്ക് ഇഷ്ടമാണ്.അങ്ങനെ നമ്മുടെ യാത്ര കോട്ടയത്ത് ഫുൾ സറ്റോപ്പിട്ടു..ഇനി കാത്തിരിപ്പാണ്.മലബാർ എക്സ്പ്രസ്സിനായി.വയറിന്റെ ഭക്ഷണത്തിനായുള്ള മുറവിളി സഹിക്കാൻ വയ്യാത്തതു കൊണ്ട് നിഹേഷ് അടുത്തുള്ള ഹോട്ടലിക്കു പോയി.രാത്രി യാത്രയ്ക്കു പോകുമ്പോൾ ഒന്നും കിട്ടില്ലെന്ന ബോധമുള്ളതു കൊണ്ട് എന്റെ  വയറ് മിണ്ടാതിരുന്നു..കഴിഞ്ഞുപോയ ട്രെയിൻ യാത്രകളിലെ അനുഭവങ്ങൾക്ക് എന്റെ കണ്ണുകൾ വീണ്ടും വേദിയായി...ഒറ്റക്കാലിൽ നിന്നതും, വെള്ളം ചോദിച്ചപ്പോൾ തനിക്ക് നടന്ന ആക്സിഡന്റ് വിവരിച്ച ചേട്ടനും..മൊബൈലിന്റെ ദുരുപയോഗം പ്രകടിപ്പിക്കാൻ ശ്രമിച്ച തമിഴ് നാട്ടുകാരനെ നല്ല പച്ചയായ കോട്ടയം ഭാഷ കൊണ്ട് നേരിട്ട കോട്ടയംകാരനും. അങ്ങനെ  അങ്ങനെ ഒരു മലബാർ യാത്രയിലെ അനുഭവങ്ങൾ നീങ്ങുകയാണ്..മിഴികളെ ഉറക്കം മാടി വിളിക്കുന്നുത് ഞാൻ ശ്രദ്ധിച്ചു..കുറച്ചുനേരം ബാഗിൽ തലവച്ചു കിടന്നു .നിമിഷങ്ങൾ വീണ്ടും കടുന്നുപോയി..ഞാൻ  തലയുയർത്തി ടിവിയിലൂടെ കടന്നു പോകുന്ന സിനിമ ട്രെയിലർ നോക്കി നിന്നു.. അപ്പൊഴേക്കും നിഹേഷ് വന്നു.ഭക്ഷണം നന്നായി തട്ടിയുള്ള വരവാണ്..കണ്ണുകളിൽ കൗതുകം ഒളിപ്പിച്ച് അവൻ ചുറ്റുപാടിലേക്ക് വാചാലനായി... സമയം നീങ്ങുകയാണ്..നീങ്ങി നീങ്ങി ക്ലോക്കിന്റെ പരസ്യത്തിലെതുപോലെയായി.. അപ്പൊഴാണ് തീവണ്ടിയുടെ കനത്ത ഹോൺ ശബ്ദം ...എല്ലാവരും ജനറൽ കംപാർട്ട്മെന്റ് നിർത്തുന്ന ഭാഗത്തേക്ക് നീങ്ങി .. ഇതുകണ്ട ഞാനും നിഹേഷും മുഖത്തോട് മുഖം നോക്കി ചിരിക്കാൻ തുടങ്ങി ..ചിരി നിലച്ച് ചമ്മിപ്പോയെന്ന് മനസ്സിലാക്കാനും അധികം സമയം വേണ്ടി വന്നില്ല..ആ സമയം വരാറുള്ള ഏതോ ട്രെയിന്റെ എഞ്ചിൻ ഇന്ന് നമ്മളെ രണ്ടാളെയും പറ്റിച്ചിരിക്കുന്നു.. മുൻപുള്ള യാത്രകളിൽ ചിരിച്ചതിനു കിട്ടിയതാണെന്നാണ് തോനുന്നത്.അതെ ഇന്ന് മലബാർ നേരത്തെ കോട്ടയതെത്തി.ആദ്യത്തെ രണ്ട് ബോഗിയിലും തിരക്കില്ല.ചമ്മിപ്പോയ നമ്മുടെ മുഖത്തേക്ക് ചിരി പടർന്നതും പെട്ടെന്നായിരുന്നു.നല്ലൊരു ഉറക്കമായിരിക്കും ഈ ട്രെയിൻ യാത്രയുടെ അനുഭവം എന്ന് എന്റെ മനസ്സ്
പറഞ്ഞു.ട്രെയിനിൽ കയറി നീണ്ടു നിവർന്ന് ഉറങ്ങണം എന്ന സ്ഥിരം പല്ലവി അന്വർഥമാക്കാൻ നിഹേഷ് ഒഴിഞ്ഞ ബെർത്തന്വേഷിച്ച് നടന്നു..അന്വേഷണത്തിന്റെ ആദ്യ സ്റ്റെപ്പിൽ തന്നെ ഒഴിഞ്ഞ സീറ്റ് ഞാൻ കണ്ടുപിടിച്ചു.തോളിൽ നിന്ന് ബാഗ് എടുത്ത് മടിയിൽ വച്ച് ചുറ്റും നോക്കിയപ്പോഴാണ് ആ ഒഴിഞ്ഞ സീറ്റിലേക്ക് ആരും വരാത്തതിന്റെ കാര്യം മനസ്സിലായത്. ചുറ്റുമുള്ള സീറ്റുകളിൽ മുഖത്ത് വെളുത്ത മാസ്ക്ക് ധരിച്ച് കുറച്ചുപേർ..സ്ത്രീകളും കുട്ടികളും പുരുഷന്മാരുമുണ്ട്.അവർക്കെന്തോ രോഗമാണെന്ന് മനസ്സിലായി..പകരുന്നരോഗമാണോ? എന്ന ചോദ്യം എന്നെ ആ സീറ്റിൽ നിന്നും എഴുന്നേൽക്കാൻ തോന്നിപ്പിച്ചെങ്കിലും..ഞാനെണീറ്റില്ല..രോഗമാണെങ്കിൽ വരട്ടെ..ഇനി ഞാനെവിടെ നിന്നെണീറ്റെങ്കിൽ അവരെന്തു വിചാരിക്കും സങ്കടം കൂടില്ലെ...? ഞാൻ അവരെ ഒന്നു നോക്കി ..അവരെല്ലാവരും ഇതുവരെ കാണാത്ത അപൂർവ്വ  ജന്തുവിനെ നോക്കുന്ന പോലെയാണ് എന്നിലേക്ക് അവരുടെ കണ്ണുകൾ പതിപ്പികുന്നത്.പെട്ടെന്നൊരു സിഗരറ്റിന്റെ മണം..ട്രെയിൻ ടോയിലിറ്റിൽ മാത്രം തങ്ങിനിൽക്കുന്ന മണം ഇവിടെ എങ്ങനെ എങ്ങനെയെത്തി..അപ്പോഴാണ് ഞാൻ ആ മനുഷ്യനെ ശ്രദ്ധിച്ചത്..,വാതിലിനരികിൽ സിഗരറ്റ് വലിച്ചുകൊണ്ട് എന്നെ തന്നെ നോക്കി നിൽക്കുന്നു..മെലിഞ്ഞ ശരീരം..പുകയുറ്റി ശ്വാസകോശത്തിലെ കറ കൂട്ടികൊണ്ടിരിക്കുന്നു..കഴുത്തിൽ  കുരിശുമാല..മുടികുറച്ചു നരച്ചിട്ടുണ്ട്..സിഗരറ്റ് വലിക്കുന്നത് ആരും കാണുന്നില്ലേ? പോലീസുകാരൊക്കെ എവിടെ പോയി .?..അയാൾ ഇപ്പൊ എന്നെ തന്നെയാണ് നോക്കുന്നത്..അയാൾ എന്തിനാണ് എന്നെ തന്നെ നോക്കുന്നത്. ഇതുപോലൊരു ചോദ്യം ഞാൻ ചേച്ചി പറഞ്ഞു കേട്ടിട്ടുണ്ട്.'ഓളെന്തിനാമ്മേ..അന്നത്തന്നെ നോക്ക്ന്ന്' കഴിഞ്ഞുപോയ കാഴ്ച്ചകൾ ഒരു അങ്കത്തട്ട് ഒരുക്കിയെങ്കിലും അതിനെ നിഷ്ഫലമാക്കും വിധം അയാളെന്നെ നോക്കികൊണ്ടിരിക്കുന്നു..അയാളെ ശ്രദ്ധിക്കാതെ ഞാൻ കണ്ണടച്ച് ബാഗിൽ തലവച്ച് കിടന്നു.ഉറക്കം വന്നില്ല.അയാൾ ഇപ്പോഴും എന്നെ നോക്കുന്നുണ്ടാവുമോ എന്തിനാണെന്നെ തന്നെ നോക്കുന്നത്? ..ഈ ചോദ്യങ്ങൾക്ക് ഉത്തരത്തിനു വേണ്ടി  ഞാൻ വീണ്ടും എണീറ്റ് അയാളെ നോക്കി..അയാളുടെ നോട്ടം എന്നിലേക്ക് തന്നെയായിരുന്നു.ഞാൻ നോക്കിയതുകണ്ട് അയാൾ എന്നെ അനുകരിക്കാൻ തുടങ്ങി..ഞാൻ കുറച്ചു നിമിഷം മുമ്പ് കാണിച്ചതൊക്കെ അയാൾ പൊടിപ്പും തൊങ്ങലും വച്ച്  കാണിക്കാൻ തുടങ്ങി.ആരേലും ഈ പരിപാടി കാണുന്നുണ്ടോയെന്നറിയാൻ ഞാൻ ചുറ്റും നോക്കി .ഒരു സ്വാമി അയാളെ നോക്കുന്നുണ്ട്.അധിക പേരും ഉറക്കമാണ്.അയാളുടെ അഭിനയം തകർക്കുകയാണ്.പിന്നീടുള്ള അഭിനയത്തിൽ എന്നോട് തൊട്ടുമുമ്പിലുള്ള സീറ്റിലിരിക്കാൻ പറയുന്നു .എന്തിനാണെന്നറിയാൻ അയാളുടെ  ആംഗ്യഭാഷയിലേക്കടുത്തു..എന്റെ മകനെ പോലെയാണെന്നും മുഖം മൂടിയിട്ടിരിക്കുന്നവരുടെ അരികിൽ നിന്നും മാറിയിരിക്കണമെന്നും  അയാൾ  ആംഗ്യഭാഷയിൽ പറഞ്ഞുകൊണ്ടിരുന്നു.ഞാൻ എന്റെ തൊട്ടരികിലിരിക്കുന്നയാളോട് ചോദിച്ചു  ''എന്താ.....എന്താ  നിങ്ങൾടെ അസുഖം''.''പേടിക്കേണ്ട മോനെ പകരുന്ന രോഗമല്ല കാൻസറാണ്...തുടക്കമാണ്'' അയാൾ പറഞ്ഞു ...'' അപ്പൊഴാണ് എനിക്ക് സമാധാനമായത്..പക്ഷെ ചുറ്റുമുള്ളവരെല്ലാവരും കാൻസർ ബാധിതരാണെന്നറിഞ്ഞപ്പോൾ സങ്കടം വന്നു.ഞാൻ അയാളോട് വീണ്ടും പലകാര്യങ്ങളും സംസാരിച്ചുകൊണ്ടിരുന്നു.നിമിഷനേരം കൊണ്ട് ഞാനാ പയ്യന്നൂരുകാരനുമായി സൗഹൃദത്തിലായി..ഇതിനിടയിൽ മദം പൊട്ടിയ ആനയെപ്പോലെ അയാൾ തന്റെ ആംഗ്യഭാഷ മുഴുവൻ പ്രകടിപ്പിച്ചുകൊണ്ടിരുന്നു.എന്നാൽ അതിന്റെ ഗാഢത കൂടിയ കാര്യം ഞാൻ മനസ്സിലാക്കിയില്ല.പയ്യന്നൂരുകാരന് ഞാൻ ഒരു പുസ്തകം കൊടുക്കാൻ തുടങ്ങുമ്പോഴാണ് രൗദ്രരൂപിയായി അയാൾ  ആ പുസ്തകം പിടിച്ചു വാങ്ങാൻ ശ്രമിച്ചത്.ഭാഗ്യത്തിന് അത് അയാളുടെ കയ്യിൽ കിട്ടിയില്ല.ഞാൻ പുസ്തകം പിന്നെ തരാം എന്നു പറഞ്ഞു....''നീ അപ്പുറത്തെ സീറ്റിലിരിക്ക് എനിക്കു  കുഴപ്പമില്ല.''ഞാൻ അപ്പുറത്തെ സ്വാമിയുടെ മുഖത്തേക്ക് നോക്കി .തമിഴിൽ അയാളും അപ്പുറത്തിരിക്കാൻ പറഞ്ഞു .മനസ്സില്ലാ മനസ്സോടെ ഞാൻ അപ്പുറത്തെ സീറ്റിലിരുന്നു..ഞാനാ ആംഗ്യഭാഷാ കലാകാരന്റെ മുഖത്തേക്ക് നോക്കി.ഇത് തന്നെയല്ലെ ഞാൻ നേരത്തെ പറഞ്ഞത് എന്ന ഭാവത്തിൽ അയാളെന്നെ നോക്കി..കുറച്ചുനേരും ഞാനയാളെ ശ്രദ്ധിച്ചില്ല.പയ്യാന്നൂരുകാരൻ എന്നോട് പറഞ്ഞു ..''ദേ ഓറ് നമ്മക്കെല്ലാം ചായ വാങ്ങിതരാന്ന് പറേന്നുണ്ട് കെട്ടോ?''
അടുത്ത സ്റ്റേഷനിൽ എത്താൻ കാത്തിരിക്കുകയാണയാൾ..ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു 'എനിക്കും'. ''അതെ  4 ചായ എനിക്ക് നിനക്ക് സ്വാമിക്കും  പിന്നെ ഓർക്കും..''.അയാൾ എല്ലാവരോടും അയാളുടെ ഭാഷയിൽ ടിക്കറ്റ് കാണിച്ച് എന്തൊക്കെയോ ചോദിക്കാൻ ശ്രമിക്കുന്നു.എന്നോട് ഒന്നും  ചോദിച്ചില്ല.ദേഷ്യം എന്നോടുണ്ടെന്ന് മനസ്സിലായി.അപ്പുറത്തെ കംപാർട്ട്മെന്റിലേക്ക്  നേരെ നടന്നു..അവർ  2 സ്റ്റോപ്പ് കഴിഞ്ഞെന്ന് പറേണ കേട്ടു..ആലുവയിലായിരിക്കും അയാൾക്ക് ഇറങ്ങേണ്ടത്.അയാൾ സ്വമിക്ക് 10 രൂപ കൊടുത്തു.എന്തൊക്കെയോ ആംഗ്യം കാണിച്ചു.സ്വാമി അത്ഭുതത്തോടെ അയാളെ നോക്കി.അതിനു ശേഷം വീണ്ടും എന്നെ
അപമാനിക്കാൻ തുടങ്ങി.അതിലൊക്കെ വൃത്തികെട്ട ആംഗ്യം കടന്നുവന്നു..എന്നിൽ നിന്ന് മടങ്ങിപ്പോയെന്ന് കരുതിയ എന്റെ പഴയ കൂട്ടുകാരൻ വീണ്ടും തിരിച്ചുവന്നിരിക്കുന്നു..അതെ ''കണ്ണുനീർ'' തന്നെ..എങ്ങനെ വരാതിരിക്കാനാണ്...ഒരു മനുഷ്യൻ..അതും സംസാരശേഷിയില്ലാത്ത മനുഷ്യൻ..എല്ലാവരോടും നല്ലരീതിയിൽ പെരുമാറുമ്പോൾ എന്നോടു മാത്രം...ഞാൻ ചെയ്ത കുറ്റം എന്താണ് അയാൾ പറഞ്ഞത് അനുസരിച്ചില്ല..ഞാൻ ഒരിക്കൽ കൂടി അയാളെ നോക്കി..ആംഗ്യംകൊണ്ട് എന്നെ തളർത്തുകയാണ്..തലയ്ക്കുമുകളിൽ ഒരു കല്ലെടുത്ത് വച്ചതുപോലെ..സങ്കടം എന്നിലേക്ക് പേമാരിയായി പെയ്തു..മുഖം ബാഗിലമർത്തി ഞാൻ കരഞ്ഞു..അധിക നിമിഷം കടന്നുപോയില്ല..അയാൾ തട്ടി വിളിക്കാൻ തുടങ്ങി..ഞാൻ മുഖമുയർത്താതെ അങ്ങന തന്നെ കിടന്നു.. പിന്നെ വിളിച്ചത് പയ്യന്നൂരുകാരനായിരുന്നു..''എടാ നീ എണീച്ചേ''.''ഇല്ല'' .''അയാളും നിന്നെ പോലെ കരയുകയാണ്''ആകാംഷ വീണ്ടും എഴുന്നേൽപ്പിച്ചു..കണ്ണുതിരുമ്മി നോക്കുമ്പോൾ അയാൾ വീണ്ടും കരയുകയാണ്.. ആ  കരച്ചിലിൽ തകർന്നുപോയരു മനുഷ്യനെ ഞാൻ കണ്ടു..കണ്ണുണ്ടായിട്ടും കാണാതെ നടക്കുന്ന മക്കളെ നേരെ നടക്കാൻ പ്രയത്നിക്കുന്ന ഒരച്ഛൻ..''എന്തിനാണ് ഞാൻ കരഞ്ഞത്'?.''എന്തിനാണ് അയാൾ കരഞ്ഞത്?.മിഴികൾ തുടച്ചുകൊണ്ട് ഞാൻ അയാളെ നോക്കി .എന്നെ നോക്കി അയാൾ പുഞ്ചിരിയിൽ നൊമ്പരം ചാലിച്ച ഒരു ചിരി ചിരിച്ചു..
            നാളെയുടെ നഗരം നമ്മളെ സ്വാഗതം ചെയ്തു..പെട്ടെന്നു തന്നെ അയാൾ തന്നെ അനുസരിക്കാൻ ഇഷ്ടമില്ലാത്തവരുടെ കംപാർട്ട്മെന്റിൽ നിന്നും ഇറങ്ങിപോയി...തന്റെ വാക്കുകളെ അനുസരിക്കുന്നവരുടെ അരികിലേക്ക്......കാലം അയാളെ എത്ര കംപാർട്ടുമെന്റുകൾ ഇതുപോലെ കയറിക്കും..അറിയില്ല...ഇതിനിടയിൽ ഒരാൾ എന്റെ അരികിൽ വന്നിരുന്നു.എന്നോട്  ചോദിച്ചു ''അവർക്കെന്താണ് അസുഖം?''.''കാൻസസർ''..''ഓ കാൻസറാണല്ലെ?..''.എന്ന് പറഞ്ഞ് അയാൾ ഒഴിഞ്ഞ സ്ഥലം അന്വേഷിച്ച് അടുത്ത കംപാർട്ട്മെന്റിലേക്ക് നടന്നു..
          ദേഷ്യപ്പെടാനല്ല ചിന്തിക്കാനാണ് എനിക്കു തോന്നിയത്.. എങ്ങോട്ടാണ് മനുഷ്യൻ ഓടുന്നത്..ചിലർ അവനവനു വേണ്ടി  ജീവിക്കുന്നു..ചിലർ  മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നു..മറ്റു ചിലർ വിദ്യാഭ്യാസമുണ്ടായിട്ടും വിഡ്ഡിയേപ്പോലെ ജീവിക്കുന്നു..തീവണ്ടി നീങ്ങാൻ തുടങ്ങി.ഞാൻ വാതിലിനരികിലേക്ക് നോക്കികൊണ്ടിരുന്നു.അയാളുടെ വരവിനായി..എന്നാൽ  അയാൾ വന്നില്ല.അപൂർവ്വതകൾക്കും അപ്രതീക്ഷിത ങ്ങൾക്കും വേദിയായ തീവണ്ടിയാത്രകൾ സമ്മാനിച്ചും വരാൻ ഇനിയുമുണ്ടെന്ന് ഓർമ്മപ്പെടുത്തിയും കണ്ണുകളിൽ ഈറനണിയിപ്പിച്ച ചരിത്രാതീതമായ മുഹൂർത്തങ്ങളിൽ നിന്നും എന്നെയും കൊണ്ട് തീവണ്ടി വീണ്ടും മുന്നിലേക്ക് നീങ്ങി...ഗ്രാമം നഗരമായികൊണ്ടിരിക്കുന്ന എന്റെ നാട്ടിലേക്ക്....
                     by
                           R T O

No comments: