Sunday, January 3, 2016

മഞ്ഞുതുള്ളിയില്‍ പുഞ്ചിരിച്ച പ്രപഞ്ചം

കിഴക്ക് സൂര്യന്‍ ഉദിച്ചിറങ്ങുന്നതേയുള്ളൂ... മരങ്ങള്‍ക്കിടയിലൂടെ ആ സുവര്‍ണ രേഖകള്‍ എനിക്ക് കാണാം.... ഓലത്തുമ്പത്തിരുന്നു പുഞ്ചിരിച്ച, താഴെ വീണുടയാത്ത ആ മഴത്തുള്ളിയേയും... "പുലരിത്തൂമഞ്ഞു തുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം......" പ്രകൃതിയുടെ മനോഹാരിത കവിവചനത്തിനൊപ്പമെത്തുന്നു..
ഇതെന്‍റെ സ്വര്‍ഗമാണ്..... വൃഷ്ചികക്കുളിര് കിനിഞ്ഞിറങ്ങുന്നതിനു മുന്‍പുള്ള ഈ പ്രഭാതം ഏറെ മനോഹരമായിരിക്കുന്നു... കോടമഞ്ഞ്‌ വെള്ളിക്കസവുടുപ്പിച്ച മലമേടുകള്‍ ഹൃദ്യമായിരിക്കുന്നു.... അങ്ങിങ്ങു വിരിഞ്ഞ പനിനീര്‍ പൂക്കളില്‍ അടയ്ക്കാക്കുരുവികള്‍ എത്തിത്തുടങ്ങി.... ചിലച്ചു കൊണ്ട് കരിയിലക്കിളികളും പിറകെ.... പക്ഷെ അവയ്ക്ക് പൂവിനോട് പഥ്യമില്ല... പടിഞ്ഞാറ് പൂമരത്തില്‍ നിന്നും കുയിലുകള്‍ കളകൂജനം പൊഴിക്കുന്നു...  പഴുത്തു നിന്ന പപ്പായയുടെ പാതി പകുത്തു തിന്ന് പാഞ്ഞിറങ്ങി വരുന്നുണ്ട് അണ്ണാന്‍ കുഞ്ഞ്....  ബാക്കി ആ തോപ്പിക്കിളിക്കുള്ളതാണെന്നു തോന്നുന്നു... അത് പരിഭവമേതുമില്ലാതെ പപ്പായയില്‍ കൊത്തിപ്പറിക്കുന്നുണ്ട്...
ഇപ്പോഴാണ് ഞാന്‍ കാണുന്നത്, മുന്നിലെ കുരുമുളക് വള്ളിയില്‍ ഒരു കുഞ്ഞു കിളിക്കൂട്‌... എന്റെ കയ്യെത്തും ഉയരത്തില്‍..... വാഴനാരുമായി വന്ന അടയ്ക്കാക്കുരുവിയാണ് എന്‍റെ കണ്ണവിടെത്തിച്ചത്.... എന്റമ്മോ..... ഇത്ര രാവിലെ ഇത് പണി തുടങ്ങിയോ? പിന്നെയും പിന്നെയും അത് സസൂക്ഷ്മം ചകിരിനാരുകളും വാഴനാരുകളുമായി വരാന്‍ തുടങ്ങി.... മുറ്റമടിക്കാന്‍ ചൂലുമായി വന്ന ഉമ്മയെക്കണ്ട് ഭയന്നോടി.... ഉമ്മ കാണാതെ പിന്നെയും വന്നു.....
ഇത്തിരി വെള്ളത്തില്‍ കുളിക്കാനെത്തിയതാണ് വാലാട്ടിക്കിളി... ഇത്തിരി വെള്ളത്തില്‍ ചിറകുകൾ‍ കുടഞ്ഞു മുങ്ങിക്കുളിച്ചു അത് സംതൃപ്തിയോടെ പറന്നു പോയി...
ഇതാ പുതിയ അതിഥി... തൊടിയിലെ എറ്റവും വലിയ പ്ലാവിനു മുകളില്‍ രാജാവിനെ പോലെ ആരാണെന്നോ? ഒരു വോഴമ്പൽ.... ഒരു മലമുഴക്കി വേഴാമ്പൽ തന്നെ, അതു ചെറുതായൊന്നു കരഞ്ഞതും കിളികൾ എല്ലാം നിശബ്ദരായി.... പിന്നെ വലിയ ചിറകുകൾ വീശി അതെങ്ങോ പറന്നു പോയി.... ഇനിയും ഉണ്ട് അതിഥികൾ, ഒരു പറ്റം പൂമ്പാറ്റകൾ.... നീലയും ചുവപ്പും, മഞ്ഞയും കറുപ്പും, നിറങ്ങളിൽ വർണ വിസ്മയം തീർക്കുന്ന പട്ടാം പൂച്ചികൾ.... മുറ്റത്തെ പൂത്തു നിൽക്കുന്ന ചെത്തിയാണവരുടെ താവളം... പറന്നു ചിറകടിച്ചാർത്തും അവർ തൊടിയിൽ വിലസുന്നു..... തല പോയ തെങ്ങിന്റെ മൂപ്പു നോക്കുന്ന എങ്ങുനിന്നോ വന്ന ഒരു മരംകൊത്തി കിളി...വാഴപ്പോളയിൽ തേൻ തേടി ഇറങ്ങിയ സൂചിമുഖി.... ഇവരെല്ലാം പതിവ് വരുന്നുകാരാണ്'....... ഈ വർണ കാഴ്ചകൾ കണ്ണിൽനിന്നും മായാതിരിക്കാൻ..... ഈ മധുര ഗാനങ്ങൾ കാതിൽ നിന്നും ചോരാതിരിക്കാൻ പ്രാർത്ഥിച്ചു കൊണ്ട്......
എല്ലാ കൂട്ടുകാർക്കും ഈ കൊച്ചു സല്ലുവെബിന്റെ പുതുവൽസരാശംസകൾ.

No comments: