Saturday, November 7, 2015

കനലായി ഇന്നും മിസരിയ

ഇതൊരു കഥയാണ്. ഒരു പെണ്‍കുട്ടിയുടെ പ്രണയ കഥ.
ഇളം പ്രായത്തിന്റെ ശാഠ്യങ്ങളിൽ നിന്ന് കൗമാരത്തിന്റെ ചടുലതകളിലേക്ക് കാൽ വെച്ച കാലത്ത് തോന്നിയ പ്രണയത്തിന്റെ കഥ.
ഞാനന്ന് പത്താം ക്ലാസിലായിരുന്നു പഠിക്കുന്നത്. സാമാന്യം മോശമല്ലാത്ത പ്രകടനങ്ങളുമായി പലരുടേയും അടുത്ത സുഹൃത്തായി അങ്ങനെ സന്തോഷം വാണിരുന്ന കാലം.
അന്നാണ് അവൾ ആദ്യമായി എന്നെ പരിചയപ്പെടുന്നത്. മിസരിയ.... നീണ്ടു ചുരുണ്ട മനോഹരമായ മുടിയും തക്കാളിപ്പഴം പോലോത്ത മ്രദുലമായ കവിളും ഉള്ള അവളുടെ ചിരി അതി മനോഹരമായിരുന്നു. തട്ടത്തലം ഹൈസ്കൂളിന്റെ വരാന്തയിൽ പിന്നെ അവള്‍ എന്നും എന്നെ കണ്ട് മുട്ടി. ഒഴിവ് കിട്ടുന്ന എല്ലാ നേരങ്ങളിലും അവള്‍ എന്നെ കാണാൻ ശ്രമിച്ചിരുന്നു. ഇതൊരു കൊച്ചു പെണ്‍കുട്ടിയുടെ കൗമാര ചാപല്യം മാത്രമായി അവസാനിക്കുമെന്ന് കരുതിയ എനിക്ക് തെറ്റുപറ്റി.
സ്കൂളിൽ നിന്ന്  ഞാന്‍ പഠനം കഴിഞ്ഞിറങ്ങുമ്പോൾ ഒരു തുള്ളി കണീരോടെ അവൾ പാഞ്ഞു " കോളേജിൽ സുന്ദരിമാർ ഏറെ ഉണ്ടാവും എന്നെ മറക്കല്ലേ എന്ന്. " സത്യം, അന്നാണ് അവളിലെ പ്രണയത്തിന്റെ തീവ്രത ഞാൻ അറിഞ്ഞത്.
ലാന്റ് ഫോൺ വഴിയും ഇടക്കിടെ സ്കൂളിന് മുന്നിലെ ഒരു നോട്ടത്തിലൂടെയും അവളിലെ പ്രണയം തുടർന്നു.
ചുരുക്കി പറയട്ടെ, ഞാനന്ന് ചെമ്മാട് ഒരു സ്വകാര്യ കോളേജില്‍ പഠിക്കുകയായിരുന്നു. ഒരു ദിവസം അവളെന്നെ വിളിച്ചു. ഉപ്പ വന്നിട്ടുണ്ടെന്നും എനിക്കായ് അവളൊരു സമ്മാനം കരുതി വെച്ചിട്ടുണ്ട്ന്നും പറഞ്ഞു. അമിതാവേശത്തോടെ ആയിരുന്നു ഞാൻ അവളെ കാണാൻ പോയത്. ഒരു പേനയും പുസ്തകവുമായിരുന്നു അത്. ഞാന്‍ അത്ഭുതപ്പെട്ടു പോയി.. എന്നെ ഇത്രയേറെ മനസിലാക്കിയ മറ്റൊരാൾ അന്ന്  ഉണ്ടായിരുന്നില്ല.
ഒന്ന് രണ്ട് മാസത്തിന് ശേഷം ഞാൻ വീണ്ടുമവളെ കണ്ടു. ഉപ്പ തിരികെ പോവാണെന്നും എനിക്കുടുനെ കല്യാണം വേണമെന്നാണ്‌ ഉപ്പ പറയുന്നതെന്നും പറഞ്ഞ് അവൾ കൊച്ചു കുട്ടിയെ പോലെ കരഞ്ഞു.
വിശുദ്ധമായ ആ പ്രണയത്തിനു മുന്നിൽ ഞാൻ സ്തബ്ധനായ നിമിഷം. എന്റെ ചെറുവിരൽ അവളുടെ നഖത്തിൽ പോലും ഇന്നേ വരെ തൊട്ടിട്ടില്ല. അവളെ ഞാന്‍ പ്രണയിക്കുന്നുണ്ട് എന്ന് ഒരിക്കലും അവളോട്‌ പറഞ്ഞിട്ടുമില്ല.. എന്നിട്ടും അവളെന്നെ ആത്മാര്‍ഥമായി പ്രണയിച്ചു. പ്രണയം രതിയാണെന്ന് കരുതിയ കാമഭ്രാന്തൻ മാർക്ക് മുന്നിൽ അവൾ ഉത്തരമാവുന്നത് പോലെ തോന്നി എനിക്ക്. എല്ലാം ശരിയാക്കാമെന്ന് ഞാൻ നിറകൺ കളോടെ പറയുമ്പോൾ അവൾ തല കുലുക്കി സമ്മതിച്ചു. അവളെ നിരാശയാക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല.
പിറ്റേന്ന് പുലർച്ചേ ഫ്ലൈറ്റിന് അവളുടെ ഉപ്പ ഗൾഫിലേക്ക് യാത്രയായി. കൊണ്ടുവിടാൻ ചെന്നത് അവളും ഉമ്മയും ഇക്കയും. ഇക്കയായിരുന്നു ഡ്രൈവർ.
തിരികെ വരുമ്പോൾ ഇക്കയുടെ കണ്ണുകൾ ഒന്ന് അടഞ്ഞ് പോയി. ഫലം ഒരു പത്രവാർത്തയായിരുന്നു. കാർ അപകടം വിദ്യാർത്ഥിനി മരിച്ചു.
ഇന്നും ഒരു നോവായി നീറുന്ന കനലായി മനസ്സിലുണ്ട് മിസരിയ. അവളെന്നെ ഇപ്പോഴും പ്രേമിക്കുന്നുണ്ട്. അങ്ങകലെ എഴാനാകശത്തു നിന്നും.

No comments: