Wednesday, November 11, 2015

സ്വപ്‌നങ്ങൾ ഫ്രീസ് ചെയ്തയക്കുമ്പോൾ

പുലർച്ചെ മൂന്നുമണിക്ക് സുഹൃത്തിന്റെ ഫോണ്‍ വന്നപ്പഴേ ഉറപ്പിച്ചു ആരോ യാത്ര പറഞ്ഞിട്ടുണ്ട്. അല്ലാതെ ഈ സമയത്തവന് വിളിക്കേണ്ട കാര്യമില്ലല്ലോ.

ആരാടാ മരിച്ചത്?
ഡാ നമ്മുടെ സുബൈർക പോയി...ഞങ്ങൾ ഇപ്പോൾ ആശുപത്രിയിലുണ്ട്. അറ്റാക്ക്.

ഇന്നാലിന്നാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ  .. ഞാൻ നാളെ  രാവിലെ തന്നെ വരാമെടാ..

കുറച്ചു വെള്ളമെടുത്തു കുടിച്ചു ഞാൻ. ഇനി ഉറങ്ങാൻ കഴിയില്ല. സുബൈർക്ക പാലക്കാട് കോങ്ങാട്  സ്വദേശിയാണ്. ഇവിടെ ഒരു ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്യുന്നു. രണ്ടു പെണ്മക്കളെ കെട്ടിച്ചു. പഠിക്കുന്ന ഒരു മോനുണ്ട്‌. ഇനി ആരുണ്ട്‌ ആ കുടുംബത്തിന്!!!

പിറ്റേന്ന് രാത്രിയായി സുബൈർക്കാന്റെ പേപ്പേർസ് എല്ലാം  ശരിയാവാൻ. സുഹൃത്തിന്റെ കയ്യിലാ പച്ച നിറത്തിലുള്ള പാസ്പോർട്ട്  ഉണ്ട്. വിമാന യാത്രകളിൽ സ്വന്തം പാസ്പോർട്ട് കൈവശം തന്നെ ഉണ്ടാവണം എന്നാണ് നിയമം. ഇന്ന് സുബൈർക നാട്ടിലേക്ക് പോകുന്നത് ആ നിയമം പാലിക്കാതെയാണ്. കൂടെ പോകുന്ന നാട്ടുകാരനാണ് ആ പാസ്പോർട്ട് കൈവശം വെക്കുക. യാത്രയിൽ പരിചരിക്കാൻ സുന്ദരികളായ എയർ ഹൊസ്റ്റസുമാരില്ല. വല്ല അപകടവും സംഭവിച്ചാൽ ചെയ്യേണ്ട സുരക്ഷാ ക്രമീകരണത്തിന്റെ ക്ലാസ് കേൾക്കേണ്ട, സീറ്റ് ബെൽറ്റ്‌ ഇടണ്ട.

ചിന്തകൾ കാട് കയറുന്നു. ഞങ്ങൾ ആശുപത്രിയിലെ മോർച്ചറിയുടെ അടുത്തേക്ക് നടന്നു. ഞാനും വേറെ രണ്ടു കൂട്ടുകാരും സുബൈര്ക്കാന്റെ ഒരകന്ന ബന്ധുവും ഉണ്ട്. പേപ്പേർസും  ടിക്കറ്റും റെഡിയാണ്. രാത്രി പന്ത്രണ്ട് മണിക്കാണ് വിമാനം. അതിനു മുന്നേ ബോഡി സ്വീകരിച്ച് പാക് ചെയ്തു എയർപോർട്ടിൽ എത്തിക്കണം.

സാധാരണ ഒരു ദിവസം കൊണ്ടൊന്നും മരണപെട്ടയാളുടെ ബോഡി നാട്ടിലേക്ക് കയറ്റി അയക്കാൻ കഴിയില്ല. സുബൈർക്കാന്റെ സ്പോണ്സർ പിടിപാടുള്ള ആളായതുകൊണ്ടാവാം കാര്യങ്ങളെല്ലാം പെട്ടെന്ന് നടന്നു.

മെലിഞ്ഞു വെളുത്ത വളഞ്ഞ മീശയുള്ള ഒരു ഈജിപ്ഷ്യൻ സ്വദേശിയാണ് മരിച്ചവരുടെ കാവൽക്കാരൻ. അറബിയറിയുന്ന സുഹൃത്ത്‌ കാര്യം പറഞ്ഞ്  പൊലീസിലെയുംമറ്റും പേപ്പേർസ് കാണിച്ചു കൊടുത്തു.

സമയം എട്ട്  മണി ആയിട്ടെ ഉള്ളൂ..കുറച്ചപ്പുറത്ത്  നിന്നും  പെട്ടി വാങ്ങികൊണ്ട് വരാൻ പറഞ്ഞു  മിസ്രി. രണ്ടു പേര് പോയി വലിയൊരു പെട്ടി തന്നെ വാങ്ങി കൊണ്ട് വന്നു. സുബൈർക്കാക്ക് അൽപ്പം തടി കൂടുതലാണ്.

കുറച്ചു കഴിഞ്ഞ് മിസ്രി   മോർച്ചറിയുടെ വാതിൽ തുറന്നു ഞങ്ങളെ അങ്ങോട്ട്‌ ക്ഷണിച്ചു.  ഞാൻ ആദ്യമായിട്ടാണ് ഒരു മോർച്ചറിയുടെ ഉള്ളിലേക്ക് കയറുന്നത്.

പുറത്തെ നല്ല ചൂടിൽ നിന്നും   തണുപ്പിലേക്ക് കയറിയിട്ടും ആദ്യമായിട്ടാകും അത് ആസ്വദിക്കാൻ കഴിയാതിരിക്കുന്നത്. മോർച്ചറിയിലെ തണുപ്പ് മരണത്തിന്റെ തണുപ്പാണ്. തണുപ്പ് അതിങ്ങനെ നമ്മളെ പൊതിയുകയാണ്.  മരണത്തിനു തണുപ്പിന്റെ മുഖം.

മരണത്തിന്റെ ഗന്ധം എന്തോ കെമിക്കലിന്റെ മണമാണ്. നിറം വിളറി വെളുത്തതാണ് എന്നെനിക്കു തോന്നാൻ കാരണം അവിടത്തെ ലൈറ്റ് സജ്ജീകരണം ആണെന്ന് തോന്നുന്നു.

ചെറിയ പിടിക്ക് താഴെ നമ്പർ ഇട്ടുവെച്ച അനേകം ബോക്സുകൾ. അതിലെല്ലാം ഏതൊക്കെയോ രാജ്യങ്ങളിലെ ഏതൊക്കെയോ ആളുകൾ വിശ്രമിക്കുന്നു. അവരുടെ സ്വപ്നങ്ങളാണ് അതിനകത്ത് ഫ്രീസ് ചെയ്തു വെച്ചിരികുന്നത്. പലവിധ കാരണങ്ങളാൽ മാസങ്ങളോളം ആയവരോക്കെയുണ്ട്.

സുബൈർക്കാക് ഒരു പകലേ  ആ തണുപ്പിൽ കിടക്കേണ്ടി വന്നുള്ളൂ. ബോഡി അഴുകാതിരിക്കാനുള്ളതെല്ലാം  ചെയ്തതിനു ശേഷമാണ് അവരതു പൊതിഞ്ഞു വെച്ചിരിക്കുന്നത്.

പെട്ടി എടുക്കാൻ ഞാനും മറ്റൊരാളും  പുറത്തേക്കു വന്നു.  ഞാൻ ഒന്ന് നന്നായി ശ്വാസം അകത്തേക്കെടുത്തു പുറത്തേക്കു വിട്ടു.  ഇതുപോലെ ഒരിക്കൽ കൂടി ശ്വാസം  എടുക്കാൻ കഴിയാഞ്ഞാൽ ഞാനും സുബൈർക കിടക്കുന്ന പോലെ കിടക്കണ്ടേ എന്ന് ചിന്തിച്ചപ്പോൾ എന്റെ മേലാകെ ഒന്ന് വിറച്ചു.

ചെറിയ വാതിലിലൂടെ ശ്രദ്ധിച്ചു പെട്ടി അകത്തേക്ക് വെച്ചു. പെട്ടിയുടെ അടപ്പ്  മാറ്റിവെച്ചു.അവിടെയുള്ള ആൾ തന്ന ഒരു വെള്ള തുണി അതിനകത്ത് വിരിച്ചു. അയാൾ തന്നെ  തന്ന ഒരു കുപ്പി അത്തർ ആ തുണിയിലാകെ കുടഞ്ഞു.

അന്നോളം അത്തർ തേച്ചത് ആളുകളുടെ ശ്രദ്ധ ക്ഷണിക്കാനായിരുന്നെങ്കിൽ ഇന്നിപ്പോൾ അത്തർ തേക്കുന്നത് ആളുകൾക്ക് ബുദ്ധിമുട്ടാവാതിരിക്കാനാണ്. അവിടെ ചിലവഴിച്ച ഓരോ നിമിഷവും എനിക്ക് നൽകിയ തിരിച്ചറിവ് ഞാൻ എത്ര നിസാരനാണ് എന്നതായിരുന്നു.

ശാന്തമായി ഉറങ്ങുന്ന സുബൈർ ഇക്കാന്റെ  മുഖത്തേക്ക് ഒന്നുകൂടെ നോക്കി ഞങ്ങൾ ഒരൽപം മാറി നിന്നു. അവിടെയുള്ള ആൾ മുഖത്തിന്റെ ഭാഗത്ത്‌ ബാക്കിനിന്ന തുണി കൂട്ടി കെട്ടി മുഖവും കൂടി മറച്ചു. ശേഷം ഞങ്ങളോട് പെട്ടി അടക്കാൻ പറഞ്ഞു.

പെട്ടിയുടെ മൂടിയിൽ തന്നെ കുറെ ആണികൾ കുറച്ചു ഭാഗം മാത്രം അടിച്ചു കയറ്റി വെച്ചിരുന്നു. ചെറിയ ഒരു ചുറ്റിക കൊണ്ട് സുഹൃത്ത്‌ ആ ആണിയെല്ലാം അടിച്ച് ഉറപ്പിച്ചു.

മിസ്രി ഒരു മാർക്കർ കൊണ്ട് വന്നു തന്നിട്ടെന്നോട് പറഞ്ഞു പേരും  നാടും വിമാന കമ്പനിയുടെ പേരും ഒന്നെഴുതിയെക്ക് നന്നായിരിക്കുമെന്ന്.
ഒന്നര വർഷം മുന്നേ  സുബൈർക നാട്ടിൽ പോകുമ്പോൾ അദ്ധേഹത്തിന്റെ പെട്ടിയിൽ ദോഹ  റ്റു കൊഴികോട് എന്നെഴുതിയത് ഞാനായിരുന്നു. എന്ത് സന്തോഷമായിരുന്നു അന്ന് അതെഴുതുമ്പോൾ.

കൂടുതൽ  ഒന്നും വാങ്ങിയിട്ടില്ല അബൂ..മോളെ കല്യാണം കഴിഞ്ഞ കടം വീടിയിട്ടില്ലെന്നു നിനക്കറിയില്ലേ. പിന്നെ എങ്ങിനെയാ വീട്ടിലേക്കു ഒന്നും ഇല്ലാതെ പോവുക. അടുത്ത പ്രാവശ്യം പോകുമ്പോൾ എല്ലാവർക്കും എന്തേലുമൊക്കെ വാങ്ങണം.

അന്ന് പറഞ്ഞ അടുത്ത പ്രാവശ്യത്തെ പോക്കിനാണ് ഞാനിപ്പോ പേരെഴുതി കൊടുക്കുന്നത്. എനിക്ക് കരച്ചിൽ വന്നില്ല. കണ്ണ് നീരു പോലും ഐസ് ആക്കി കളയുന്ന തണുപ്പാണോ മോർച്ചറിയിൽ. അതോ അവിടെ ചിലവഴിച്ച ഒന്ന് രണ്ടു മണിക്കൂർ കൊണ്ട് ഞങ്ങളാ സാഹചര്യത്തോട് പൊരുത്തപ്പെട്ടുവോ??
അതോ ഇനി ഞാൻ ഒന്നുമല്ലെന്ന തിരിച്ചറിവാണോ മറ്റുള്ളവരെ കുറിച്ചാലോചിച്ച് സങ്കടപ്പെടാതിരിക്കാനുള്ള കാരണം. അറിയില്ല.

വിമാനത്താവളത്തിലേക്ക് ബോഡി കൊണ്ട് പോകാനുള്ള ആംബുലൻസ് വരാൻ ഇനിയും സമയമുണ്ട്. കൂടെ പോകാനുള്ള ആൾ തയ്യാറായി എയർ പോർട്ടിൽ എത്തും. ഞങ്ങൾ പെട്ടി എടുത്തു മോർച്ചറിയുടെ ഒരു കോണിലേക്ക്  വെച്ചു.

അപ്പോഴാണ്‌ മിസ്രി വന്നു ചോദിച്ചത് നിങ്ങൾക്ക് അവരെ കൂടി ഒന്ന് സഹായിക്കാമോ, നിങ്ങളുടെ നാട്ടുകാർ തന്നെയാണ്.

കുറച്ചപ്പുറത്ത് മൂന്ന് ആളുകൾ ചേർന്ന് മറ്റൊരു ബോഡി പാക് ചെയ്യാൻ ശ്രമിക്കുകയാണ്. ഞങ്ങൾക്കപ്പോഴേക്കും എക്സ്പീരിയൻസ് ആയിരുന്നല്ലോ. മൂന്ന് പേരിൽ ഒരാൾ മരണപെട്ട ആളുടെ അടുത്ത ബന്ധുവാണെന്നു തോന്നുന്നു. ആൾ വിതുമ്പുന്നുണ്ട്.  മറ്റു രണ്ടു പേരും എന്ത് ചെയ്യണം എന്നറിയാതെ നിക്കുന്നു. ഞങ്ങൾ അവരോട്  മാറി  നിക്കാൻ പറഞ്ഞു.

പെട്ടിയിലേക്ക് ഒന്നേ നോക്കിയുള്ളൂ. സുന്ദരിയായൊരു യുവതി. ചുണ്ടിലൊരു  മുറിവുണ്ട്. വേറെ ഒരു കുഴപ്പവുമില്ല. ശാന്തമായുറങ്ങുന്നു.  തിരുവന്തപുരം സ്വദേശിനിയാണ്. അന്ന് കാലത്ത് ഒരു കാർ അപകടത്തിൽ  മരണപെട്ടതാണ്. ഭർത്താവും  ഒന്നരവയസ്സായ കുഞ്ഞുമുണ്ട്‌. അവർ എയർ പോർട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആ കുഞ്ഞിന്റെ കാര്യമോർത്തപ്പോഴും എനിക്ക് കണ്ണുനീർ വന്നില്ല.

സുബൈർക്കാക് ചെയ്ത പോലെ തന്നെ  എല്ലാ    കാര്യവും ചെയ്തു പെട്ടി അടക്കാൻ ശ്രമിച്ചപ്പോഴാണ് നേരത്തെ കരഞ്ഞു കൊണ്ടിരുന്ന ആ യുവാവ് അവിടെ എവിടെയോ വെച്ചിരുന്ന ഒരു കവർ എടുത്തു എന്റെ കയ്യിൽ തന്നിട്ട്  ഇത് കൂടെ അതിനകത്ത് വെക്കണം എന്ന് പറഞ്ഞത്.

ഞാൻ ആ കവർ മാറ്റി. ഒരു പട്ടു സാരി. ആ യുവതിയുടെ കല്യാണ സാരി. ഇപ്പൊ എന്റെ കൈ മെല്ലെ മെല്ലെ വിറക്കുന്നുണ്ട്‌. ഞാനത് മൃദ്ദേഹത്തിന്റെ കൈ രണ്ടും കൂട്ടി വെച്ച ഭാഗത്ത് വെച്ചു. അവരുടെ കൂടെ ഉള്ള ആൾ അതൊന്നു കൂടി എടുത്തു സ്ഥാനം ശരിയാക്കി വെച്ചു.

പെട്ടി അടക്കുമ്പോൾ ഞാൻ ആ മടക്കി വെച്ച ഭംഗിയുള്ള പട്ടു സാരിയിലേക്ക് ഒന്നുകൂടെ നോക്കി.... വേണ്ടായിരുന്നു. അന്നത് കാണേണ്ടിയിരുന്നില്ല. പിന്നീട് വർഷങ്ങളോളം ആ പട്ടു സാരി എന്നെ വേട്ടയാടിയിട്ടുണ്ട്. കൂടെ ഒരൊന്നര വയസുകാരന്റെ കരച്ചിലും  .

(മയൂഖത്തിന്റെ ആദ്യ ലക്കത്തിനു വേണ്ടി എഴുതിയ അനുഭവ കുറിപ്പ്   )
(അബ്ബാസ്‌ ഒടമലക്കുണ്ട്‌....)

No comments: