Friday, November 13, 2015

കരയുന്ന ഗാന്ധി

നേരം വെളുത്ത് വരികയാണ്.സുബഹ് നിസ്കാരം കഴിഞ്ഞ് പിരിഞ്ഞ് പോകുന്നവരുടെ ശബ്ദം കേൾക്കുന്നുണ്ട്. അയാൾ ഒന്ന് തിരിഞ്ഞു കിടന്നു.തൊട്ടപ്പുറത്ത്‌ ഒരനക്കവും കേൾക്കുന്നില്ല. കടത്തിണ്ണ പങ്കിടുന്ന ചാവാലിപ്പട്ടി നേരത്തേ എണീറ്റ് പോയിരിക്കുന്നു. പതിവ് പോലെ തൊട്ടിപ്പുറത്ത് കാട്ടമിട്ട് നാറ്റിച്ച് വെച്ചിട്ടുണ്ട്.അതാണിപ്പോ അയാളുടെ അലാറം .അയാൾ പതുക്കെ എണീറ്റു.തൊട്ടപ്പുറത്തെ ചായപ്പീ ട്വയിൽ ദോശ ചുടുന്ന ശബ്ദം അയാൾ കണ്ണടച്ചാസ്വദിച്ചു.
പതിയെ ദോശക്കായി മണം പിടിച്ചു.

നശിച്ച നായ കാട്ടമിട്ട് നാറ്റിച്ച് ...

അയാൾ. മൂക്കു ചീറ്റി. പതിയെ പൈപ്പിൻ ചുവട്ടിലേക്കു നടന്നു. വെള്ളം വന്നിട്ടില്ല'

ഒരു സൈക്കിള്ണ്ടേർന്നെങ്കി കാറ്റടിക്കേർ ന്ന്... അയാൾ പിറുപിറുത്തു.

ൻ്റുമോ... പണ്ടാരക്കാലൻ..

കാലിൽ കടിച്ച പുളിയുറുമ്പിനെ പ്രാകി അതിനെ അരച്ചു കൊല്ലുന്നതിനിടെ അയാളത് കണ്ടു..

ആയിരത്തിൻ്റെ ഒരൊറ്റ നോട്ട് ...

ഗാന്ധിയേ നമഹ:

അയാൾ ആ പച്ചനോട്ടെടുത്ത് ഒന്ന് ചിരിച്ചു. കൂടെ ഗാന്ധിയും പുഞ്ചിരിച്ചു.

അയാൾ നേരെ ചായക്കടയിലേക്ക് നടന്നു. മേശപ്പുറത്ത് താളമിട്ട് കൊണ്ട് ബഞ്ചിലമർന്നിരുന്നു. ആകെ മൊത്തം ലോകത്തോടൊരു പുച്ച്ഞ്ഞം..

ന്തേയ്‌.... ന്തേ പോന്നത്..?
പൊറോട്ടമാഷ് അയാളെ രൂക്ഷമായി നോക്കി..

അയാൾ ചൂളാനൊന്നും പോയില്ല... ആയിരം ഉർ പ്യേൻ്റെ ഓണറാണ് ... ചൂളണ്ട കാര്യൊന്നൂല്ല...

രണ്ട് ദോയാ... ഒര് ചായാ ...

കഥാനായകൻ ഓഡറി ട്ടു..


കായിണ്ടാ സുവ റേ..? പൊറാട്ടമാഷ് ഗൗരവത്തിലാണ്.

ണ്ട് കാക്കാ.. ഇങ്ങള് ത രീം.. അയാൾ പറഞ്ഞു.


ആവി പറക്കുന്ന ദോശയെ അയാൾ നീചമായി ബലാൽസംഘം ചെയ്തു. പിച്ചിച്ചീന്തപ്പെട്ട ദോശയെ ഒന്ന് പൊട്ടിക്കരയാൻ പോലുമനുവദിക്കാതെ അയാൾ നിഷ്ഠുരം വെട്ടി വിഴുങ്ങി.
ചൂടു ചായ തോലും പൊള്ളിച്ച് നെഞ്ചത്തേക്കിറങ്ങിയപ്പോൾ അയാളൊന്ന് ഞരങ്ങി.

കയ്യു കഴുകി എല്ലിച്ച കുമ്പയെ തഴുകി അയാൾ നടന്നു. സ്വതവേ പട്ടിണിക്കോലമായ അയാളുടെ വയറു നിറഞ്ഞപ്പോൾ കമുങ്ങിൻ്റെ മേലെ ആമ കയറിയ പോലെ ഉണ്ടായിരുന്നു. ആ താൽക്കാലിക കുമ്പയെ അയാൾ അഭിമാനത്തോടെ നോക്കി.


ന്നാ കായി..

അയാൾ ചിരിച്ചു കൊണ്ട് ആയിരം രൂപയെടുത്ത് നീട്ടി ...

എവ്ട്ന്നാണ്ടിത്!!!?
ഹോട്ടലുടമ ആക്രോശിച്ചു


അതിങ്ങളറിയണ്ട ...
അയാൾ പറഞ്ഞു.

ഇജ്ജ് കട്ടതാണ്ടാ ??
ഹോട്ടലുടമ അയാളെ സംശയത്തോടെ നോക്കി.

കയ്യിലൊരു സുഖിയന്നും സുലൈമാനി യുമായി ആലിക്കുട്ടി കടന്നു വന്നു.

കട്ടതാണാ സുവ റേ...?
പൊറോട്ട മാഷും ചോദിച്ചു..

അല്ല ല്ല... കട്ടീല്ല..ൻ്റെ പൈസന്നേണ്..
അയാൾ ചൂളിപ്പോയി.

ങ്ങളെന്തിനാണ്ടോ ഓൻ്റെ വാക്ക് കേക്ക്ണത്? ഓനെ വ്ട്ന്നാ ഇത്രക്കും കായി. കട്ടതന്നേണ്.. ഇന്നലെ  മയ്മുണ്ണി ഹാജ്യാപ്ലേൻ്റെ പൊരേലാ രോ കേറീക്ക് ന്ന്.. ഇന്ന് പൊലച്ചെ സുബഹിക്ക് മൂപ്പരെന്നെന്നോട് പറഞ്ഞത്. പണ്ടോം പണോം ജാസ് തി പോയയ്ക്ക്ണ്. ഇപ്പ ആടെ പോലീസ് വരും. ഞാനത് പറയാനാങ്ങണ്ട് പോന്നേ... ഇപ്പ ആളെ ത്തിരിഞ്ഞീ മോനേ...


ആലിക്കാ പറഞ്ഞത് കേട്ട് അയാളാകെ വിയർത്തു.

ഞമ്മളല്ല...പിന്നെ അനക്കെവ്ട് ന്നാ ണ്ടാ ഇക്കണ്ട കായി?
ആൾക്കാർ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.

പറയ്ണ്ട ഹ മ്ക്കേ ഇജ്ജ്..?
ആലിക്ക അയാളുടെ ചെണ്ണക്കൊന്ന് പൊട്ടിച്ചു.

മിന്നുന്ന നക്ഷത്രങ്ങളെ വകഞ്ഞ് മാറ്റി അയാൾ പറഞ്ഞു.

വയ്യി... വയ്യീന്ന് കിട്ട്വേതാ ഇക്കാ.. ന്നെ തല്ലല്ലിം.. അള്ളാണ കട്ടതല്ല..


വെർക്കനെ പറയാണ് നായിൻ്റ മോന്.. ഹമീ ദേ ... ഇജ്ജ് പോലീസിനെ വിളി..ഹാ ജ്യാർക്കും വിളിച്ചോ.. എല്ലാരും വരട്ടെ... ഹല്ല... ഓൻ്റൊര് കാട്ടിക്കൂട്ടല്...

ഹമീദ്‌ പോലീസിനു ഫോൺ ചെയ്തു.
ഹാ ജ്യാരു വരലും സ്പോട്ടിലു മ്മളെ ചെക്കൻ്റെ ചെകിട്ടത്തൊന്നാഞ്ഞ് തലോടി..


എവിടുന്നൊക്കെയോ അടി വരുന്നുണ്ട്‌. ഹാ ജ്യാര് സ്ഥലം വിട്ടിരിക്കു ന്നു. പോലീസിൻ്റ ട്ത്ത് പോയതാവും

തെറികളുടെ ഭാഷാഭേദങ്ങളും ആഖ്യാനരീതിയിലുള്ള വ്യത്യാസങ്ങളും അയാൾ സൂക്ഷ്മമായി നിരീക്ഷിച്ചു.കടയിൽ പലരും വരുന്നുണ്ട്. നായകൻ്റെ ചുറ്റും തരക്കേടില്ലാത്ത രീതിയിൽ ഒരാൾ കൂട്ടമുണ്ടായിരിക്കുന്നു.നേരം ശരിക്കും വെളുത്തിരിക്കുന്നു. അയാളതിനേക്കാളേറെ വിളറി വെളുത്തിരുന്നു.ഇതിനിടെ മയമുണ്ണി ഹാജിയുടെ മോനും കുറേ കൂട്ടുകാരും കൂടി ഒരു സംഘം പൊറാട്ടയെയും ബീഫിനെയും പിച്ചിച്ചീന്തി പോയത്‌ ആരും ശ്രദ്ധിച്ചില്ല. അവൻ ഒരായിരം രൂപ ഓണ റെ ഏൽപിച്ച് കുശലം പറഞ്ഞ് ബൈക്കിൽ കയറി പാഞ്ഞ് പോയി.


ന്ത് നല്ല ചെക്കൻ.. ബാക്കി കൂടി വാങ്ങീല്ല.. ടൂറ് പോവാത്രേ ഓനിന്ന്...ആ... ഓനിക്കൊക്കെ എന്തുമാവാല്ലോ ...?

ഓണർ പൊറോട്ട മാഷോട് പറഞ്ഞു.


പത്ത് മണിക്ക് മുൻപേ പോലീസെത്തി.
അയാൾക്കണിയാൻ ഒരു വിലങ്ങു പോലും കൊണ്ട് വരാഞ്ഞതിൽ അയാൾക്ക് നിരാശ തോന്നി..

ഹാ... വിലയുള്ള കള്ളന്മാർക്കേ വിലങ്ങുള്ളൂ..

ചൂടിക്കയറാൽ ബന്ധിക്കപ്പെട്ട കയ്യുമായി പുറത്തേക്ക് നീങ്ങുമ്പോൾ പോലീസുകാരൻ അയാളെ ചുമ്മാ ഒന്നു തൊഴിച്ചു. വെറുതേ ഒരു രസത്തിന് അയാളുടെ മൂക്കത്തൊന്നി ടി ച്ചു.
അത് കണ്ട് നിന്ന എല്ലാരും ഒന്നു ചിരിച്ചു. അയാളുടെ വയറ്റിൽ കിടന്നിരുന്ന ദോശ തൻ്റെ പ്രതികാരം തീർക്കാനായി പൊട്ടിപ്പൊട്ടിച്ചിരിച്ചു.
ആ ചിരിയുടെ ശബ്ദം പുറത്തെത്തിയപ്പോൾ പോലീസുകാരൻ മൂക്കു പൊത്തി..

ഹും.. പബ്ലിക്കായിട്ട് @@ൻ്റെ മോൻ... ഹും നടക്ക് ടാ..
അയാൾ അലറി..

താൻ കാരണം എല്ലാരും സന്തോഷിക്കുകയാണല്ലോ എന്നോർത്തപ്പോൾ അയാളും ഒന്ന് ചിരിച്ചു.മേശപ്പുറത്തെ ഗാന്ധി മാത്രം കരഞ്ഞു.
റിയാസ്

No comments: