Tuesday, November 17, 2015

സ്വപ്നങ്ങൾ മറന്നുപോയ പെൺകുട്ടി

അന്നൊരു വെള്ളിയാഴ്ചയായിരുന്നു.....
ഞങ്ങളുടെ കോളജിൾ വച്ച് യൂണിവേഴ്സിറ്റി കലോത്സവം നടക്കുന്ന
സമയം. കണ്ണൂര്‍ യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള എല്ലാ പ്രൊഫഷനൽ കോളജുകളിൽ
നിന്നും ആർടസ് കോളജുകളിൽ നിന്നുമൊക്കെ വിദ്യാർത്ഥികൾ തലേ ദിവസം തന്നെ ഞങ്ങളുടെ കോളജിൽ എത്തിച്ചേർന്നു. ഞങ്ങളുടെ എൻജിനീറിംഗ് കോളജ് തല്ലിന് മാത്രമല്ല, കലയിലും
ഒരുപടി മുന്നിലാണെന്ന് മറ്റുള്ളവർക്ക് കാണിച്ച് കൊടുക്കാൻ ഞങ്ങൾക്ക് കിട്ടിയ ഒരവസരം കൂടിയായിരുന്നു അത്.

ഞാനന്ന് വളരെ വെെകിയാണ് പള്ളിയിൽ നിന്ന് തിരിച്ച് വന്നത്. നിസ്കാരം കഴിഞ്ഞ് ഞാൻ
ജംഷീർ, മാസൻ മുഹാസ്, സിനാൻ എന്നിവരോടൊപ്പം തിരിച്ച് വന്നതാണ്. പക്ഷെ വഴിക്ക് വച്ച് എൻ്റെ വാച്ച് പള്ളിയിൽ മറന്ന് പോയത് ശ്രദ്ധിച്ച ഞാൻ അവരെ വിട്ടിട്ട് പള്ളിയിലേക്ക് തിരിച്ചു. വാച്ചെടുത്ത് തിരിച്ച് വരാൻ നേരത്ത് അവിടത്തെ ഉസ്താദ് വെറുതെ കുശലം ചോദിച്ച
കൂട്ടത്തിൽ എൻ്റെ നാടും വീടുമൊക്കെ ചോദിച്ചു. ഞാൻ വാണിമേൽ കാരനാണെന്നറിഞ്ഞതോടെ മൂപ്പര്ക്ക് ആവേശമായി. വാണിമേലിലെ ഒരു പള്ളിയിൽ മൂപ്പര് അഞ്ച് വർഷം മുമ്പ് ജോലി ചെയ്തിരുന്നു. എന്നോട് ആ പള്ളിയെ പറ്റിയും നാട്ടുകാരെ പറ്റിയുമൊക്കെ കുറെ നേരം സംസാരിച്ചു. എനിക്ക് പെട്ടെന്ന് കോളജിലെത്തേണ്ടതിനാൽ ഒരു വിധം അവിടന്ന് തലയൂരി.

സമയം ഏതാണ്ട്  രണ്ടര മണി കഴിഞ്ഞിരിക്കുന്നു. കോളജിൻ്റെ പിറകിലൂടെയാണ് പള്ളിയിലേക്കുള്ള വഴി. പള്ളിയിൽ പോകുന്ന ഞങ്ങളുടെ കോളജിലെ പിള്ളേരല്ലാതെ അധികമാരും ആ വഴി പോകാറില്ല. കോളജിന് പിന്നിൽ ഒരു ചെറിയ അരുവിയുണ്ട്, അതിന് മുകളിലൂടെ ഒരു ചെറിയ ഒാവ് പാലം. അത് കഴിഞ്ഞ് കുറച്ച് മുന്നോട്ട് പോയാൽ പള്ളിയിലേക്കുള്ള ഇടുങ്ങിയ വഴി. ചുറ്റിലും കാട് പടർന്നിരിക്കുന്നു. നട്ടുച്ച നേരത്തൊന്നും അത് വഴിയാരും
പോകാറില്ല. അത് വഴി ഒറ്റക്ക് തിരിച്ച് വരുമ്പോൾ എനിക്ക് ചെറിയൊരു ഭയമുണ്ടായിരുന്നു. ചുറ്റിലും
വന്യമായ ഒരു നിശ്ശബ്ദത നിറഞ്ഞ് നിന്നിരുന്നു. ഞാൻ നടത്തത്തിന് വേഗത കൂട്ടി...

മനസ്സിൽ പേടിയുണ്ടായിരുന്നത് കൊണ്ട് തോന്നിയതാവും എന്നാണ് ആദ്യം കരുതിയത്.. ഉറപ്പിക്കാൻ വേണ്ടി കുറ്റിച്ചെടികളെ വകഞ്ഞ് മാറ്റി ഒന്ന്കൂടി നോക്കി. ഞാൻ നടന്ന്
വരുന്ന വഴിയുടെ വലത് ഭാഗത്ത്, കുറച്ച് ദൂരെ ഒരു സ്ത്രീ രൂപം നടന്ന് പോകുന്നു. പേടിക്കാൻ വേറെ വല്ല കാരണവും വേണോ..? എല്ലാ ലക്ഷണങ്ങളും ഒത്ത് വന്നിട്ടുണ്ട്. മുമ്പ് ഞങ്ങൾ പേടിത്തൊണ്ടനായ ജാസിമിനെ പേടിപ്പിക്കാൻ വേണ്ടി ഈ വഴിയെ പറ്റി പല കഥകളും സൃഷ്ടിച്ച്
വിളമ്പാറുണ്ടായിരുന്നു. ഇപ്പൊ അത് സത്യമായോ പടച്ചോനെ.. പക്ഷെ പെട്ടെന്ന് തന്നെ മനസ്സിലെ പേടിപോയി കോമൺ സെൻസ് കടന്ന് വന്നു. കാരണം അതൊരു വെള്ള
സാരിയുടുത്ത സ്ത്രീയല്ല, നല്ല കളർ ചുരിദാറിട്ട ഒരു പെൺകുട്ടിയാണ്.. മാത്രമല്ല നടക്കുമ്പോൾ കാലുകൾ നല്ലോണം നിലത്ത് മുട്ടുന്നുമുണ്ട്, അല്ലാതെ നീലിയെപ്പൊലെ ഒഴുകിപ്പോവുകയല്ല. പക്ഷെ ഇവളെന്തിന് ഒറ്റക്ക് ഇങ്ങോട്ട് വന്നു..? അതും ഈ നേരത്ത്..?

ഞാൻ അവളറിയാതെ പിന്തുടർന്നു. കുറെ ദൂരം ചെന്നപ്പോൾ ഒരു കുളത്തിനരികെ അവൾ നിന്നു, തൊട്ടു പിന്നിൽ ഞാനും..അതൊരു കല്ല് വെട്ടാങ്കുഴിയായിരുന്നു. മഴക്കാലമായതിനാൽ അതിൽ
മൂന്നാൾപ്പൊക്കത്തിലെങ്കിലും വെള്ളം കാണും. കുറച്ച് സമയം വെള്ളത്തിലേക്ക് നോക്കി നിന്ന അവൾ പെട്ടെന്ന് മുന്നോട്ടാഞ്ഞതും ഞാനവളെ പിടിച്ച് പിന്നോട്ട് വലിച്ചിട്ടതും ഒരുമിച്ചായിരുന്നു. എൻ്റെ വലിയുടെ ശക്തിയിൽ പിന്നോട്ട് വീണ അവൾ എഴുന്നേറ്റ് എന്താണ് സംഭവിച്ചതെന്നറിയാതെ തിരിഞ്ഞുനോക്കി. അവളെ ഞാൻ ഇത് വരെ കോളജിൽ വച്ച്
കണ്ടിട്ടില്ല. 'നീ ആരാണ്..?എന്തിനാ നീ മരിക്കാൻ ശ്രമിച്ചത്..' ഞാൻ കുറച്ച് ഉറക്കെയാണത് ചോദിച്ചത്..അവൾ കരയാൻ തുടങ്ങി. എത്ര ചോദിച്ചിട്ടും ഒന്നും പറയുന്നില്ല, കരച്ചിൽ മാത്രം..!
സീൻ ആകെ കോംപ്ലിക്കേറ്റടായിക്കൊണ്ടിരിക്കുകയാണ്. വിജനമായ സ്ഥലത്ത് ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും..പോരാത്തതിന് പെൺകുട്ടിയിരുന്ന് കരയുന്നു.. കോളേജിലെ കുട്ടികളെ ഒന്ന് കെെ വെക്കാൻ കാരണം നോക്കിനടക്കുന്ന നാട്ടുകാർ ആരെങ്കിലും കണ്ടാലുള്ള അവസ്ഥ ഞാൻ
സങ്കൽപ്പിച്ചു നോക്കി. പക്ഷെ അവളെ അവിടെ തനിച്ച് വിട്ടിട്ട് ഞാൻ പോയാൽ അന്ന് വെെകുന്നേരത്തിനുള്ളിൽ തന്നെ കേൾക്കാം ഒരു പെൺകുട്ടി ആത്മഹത്യ ചെയ്ത വാർത്ത. അത് തടയൽ ഇപ്പൊ എൻ്റെ കടമയാണ്..അതിന് വേണ്ടി എന്ത് നേരിടേണ്ടി വന്നാലും.

പൊടുന്നനെ എൻ്റെ മൊബെെൽ റിംഗ് ചെയ്തു.  ഞാൻ ഫോണെടുത്തു. എൻ്റെ കൂട്ടുകാരൻ
ശ്രീകേഷാണ്.  ''എടാ നീയേടെ..? ഞാന്..ട ഗ്രൂപ് സോംഗ് നടക്ക്ന്ന സ്റ്റേജിൻ്റട്ത്
ത്ണ്ട്..ഇങ്ങോട്ട് ബാ.....''
''എടാ ഞാ വേറെ സലത്താള്ളത് ..ഇബ്ടൊരു പെങ്കുട്ടി.....''  ഞാൻ പറഞ്ഞ് തീരും മുമ്പെ അവൾ ഫോൺ പിടിച്ച് വാങ്ങി കാള്‍ കട്ട് ചെയ്തു, കരഞ്ഞ് കൊണ്ട് പറഞ്ഞു ആരോടും പറയരുതെന്ന്. അവൾ എന്നോടെല്ലാം തുറന്ന് പറയാൻ തുടങ്ങി..
അവൾ കണ്ണൂർകാരിയാണ്. തളിപ്പറമ്പിലെ ഒരു കോളജിൽ മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയാണ്. വീട്ടിലെ ഏറ്റവും മൂത്ത കുട്ടി. താഴെ രണ്ടനുജത്തിമാർ. അച്ഛന് നാട്ടിൽ
തന്നെ ഒരു ചെറിയ തുണിക്കടയിലാണ് ജോലി. അവളുടെ അയൽവാസിയും ഞങ്ങളുടെ കോളജിൽ മെക്കാനിക്കൽ എൻജിനീറിംഗ് വിദ്യാർത്ഥിയുമായ ഒരു പയ്യനുമായി അവൾ ഇഷ്ടത്തിലായിരുന്നു.
അവരുടെ വീട്ടുകാർ തമ്മിൽ ഏതാണ്ട് പറഞ്ഞുറപ്പിച്ചതുമായിരുന്നു. അവൻ പഠിക്കുന്ന കോളജായത് കൊണ്ട് വളരെ സന്തോഷത്തോടെയാണ് അവൾ കലോത്സവത്തിന് വന്നത്. ഒരു
സർപ്പ്രെെസ് കൊടുക്കാമെന്ന് വച്ച് അവൾ വരുന്ന കാര്യം പറഞ്ഞതേയില്ല.
കാൻ്റീനിൽ വച്ച് അവനെ അവൾ കാണുമ്പോൾ കൂടെ ഒരു പെൺകുട്ടിയുമുണ്ടായിരുന്നു. അതവൻ്റെ ക്ലാസ്മേറ്റോ മറ്റോ ആവുമെന്നാണ് അവൾ കരുതിയത്. അവൻ കൂടെയുള്ള പെൺകുട്ടിക്ക് അവളെ പരിചയപ്പെടുത്തിയത് തൻ്റെ നാട്ടുകാരിയാണ് എന്നായിരുന്നു.
അതിലവൾക്ക് സംശയം തോന്നിയില്ല. അവൻ എന്തോ തിരക്കുണ്ടെന്ന് പറഞ്ഞ് വേഗം പോയി. അപ്പോഴാണ് ഈ കോളജിൽ തന്നെ പഠിക്കുന്ന,+2 വിൽ അവളുടെ കൂടെ പഠിച്ച നീതു അങ്ങോട്ട്
വന്നത്. അവളുമായി കുറെ നേരം സംസാരിച്ച കൂട്ടത്തിൽ അവൾ ചോദിച്ചു അവനെ എങ്ങനെ അറിമെന്ന്. അവളോട് നാട്ടിൽ വച്ച് കണ്ട പരിചയമുണ്ടെന്ന് മാത്രം പറഞ്ഞു. '' നാട്ട്കാരൻ ആള് മോശമല്ലല്ലോ മോളെ..പുളിങ്കൊമ്പി തന്നെയാ പിടിച്ചിരിക്കുന്നെ..കാസർകോട്ടെ വെല്ല്യ മൊതലാളീൻ്റ മോളാ അത്.. ''നീതു പറഞ്ഞു. ''
"ഏ അങ്ങനൊന്നു അ്ണ്ടാവില്ല..നീ വെറുതെ....''
''ഹ്മ്.....അ്ണ്ടാവില്ലാന്ന്..അതും ഈ കോളജി പഠിക്കുന്ന എന്നോട് നീ....അല്ലേ...എടീ ഇതോൻ്റെ
മൂന്നാമത്തെയാ...ഒരി കോയിക്കോട് കാരിയാര്ന്ന് മുമ്പത്തെ...പൂത്ത പെെസയിള്ള വേറൊന്നിനെ
കിട്ടിയപ്പൊ അത് വിട്ടു....''
അതവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. AD ബ്ലോക്കിൻ്റെ മുന്നിൽ സംസാരിച്ചിരിക്കുകയായിരുന്ന
അവരുടെ അടുത്തെത്തി അവൾ അവനോട് പൊട്ടിത്തെറിച്ചു. ബഹളം കേട്ട് കുറെ കുട്ടികൾ ചുറ്റും കൂടി. ''നിനക്ക് ഭ്രാന്താണ്...ഞാനെപ്പോളാടീ പറഞ്ഞത്..നിന്നെ കെട്ടിക്കോളാന്ന്..പോയി ചത്തൂടെ നിനക്ക്..'' അവൻ എല്ലാവരുടെയും മുന്നിൽ വച്ച്
ഉച്ചത്തിലാണത് ചോദിച്ചത്. അവൾ അപമാനിതയായി തല താഴ്ത്തി നിന്നു. പിന്നെ കണ്ണുകളിൽ നിന്നുതിർന്ന നീർത്തുള്ളികൾ തുടച്ച് കൊണ്ട്, ചുറ്റിലും കൂടി നിന്നവരുടെ വൃത്തികെട്ട കമൻ്റുകൾക്കിടയിലൂടെ തിരിച്ച് നടന്നു. പിന്നീട് മനസ്സിലെപ്പോഴോ തോന്നിപ്പോയി
ഇങ്ങനെയൊക്കെ ചെയ്യാൻ.

അൽപ്പനേരം ഞാൻ നിശ്ശബ്ദനായിരുന്നു പോയി. എത്ര ബാലിശമായാണ് പുതിയ കാലത്തെ കുട്ടികൾ ജീവിതത്തെ കാണുന്നത്..? എൻ്റെ ഫോണിൽ വീണ്ടും ശ്രീകേഷിൻ്റെ വിളി വന്നു. ഫോൺ സെെലൻ്റാക്കി പോക്കറ്റിലിട്ടു. ഞാനൊരു തത്വ ജ്ഞാനിയൊന്നുമല്ല. പക്ഷെ എനിക്കറിയില്ല, ആ സമയത്ത് എൻ്റെ വായിൽ വന്ന വാക്കുകളൊക്കെയും ഒരു
തത്വജ്ഞാനിയുടേത് പോലെ കേൾക്കുന്നവരെ ആഴത്തിൽ സ്വാധീനിക്കാൻ പോന്നതായിരുന്നു.
തിരസ്ക്കരിക്കപ്പെട്ട ഒരു സ്നേഹത്തിൻ്റെ പേരിൽ കളയാനുള്ളതല്ല നിൻ്റെ ജീവിതവും ഭാവിയുമെന്ന് ഞാനവളോട് പറഞ്ഞു. അച്ഛനമ്മമാർക്ക് മക്കളെ പറ്റിയുണ്ടാവുന്ന പ്രതീക്ഷകളെയും സ്വപ്നങ്ങളെയും പറ്റി പറഞ്ഞു. ഒരു ബുദ്ധിശൂന്യതയ്ക്ക് അവൾക്ക് തോന്നിയ മണ്ടത്തരം കൊണ്ട് അവർക്കുണ്ടാവുന്ന തീരാത്ത ദുഃഖങ്ങളെയും നഷ്ടങ്ങളെയും പറ്റി പറഞ്ഞു. ചതിക്കപ്പെടുമ്പോൾ
അവസാനിപ്പിക്കാനുള്ളതല്ല, കൂടുതൽ വാശിയോടെ ജീവിച്ചു കാണിക്കാനുള്ളതാണ് ജീവിതം എന്നും
പറഞ്ഞു. കുറേ സമയം ഒന്നും മിണ്ടാതെയിരുന്ന അവൾ കരച്ചിലടക്കാൻ പാട്പെടുന്നുണ്ട
ായിരുന്നു. അവൾക്ക് താൻ ചെയ്ത അബദ്ധം ബോധ്യമായി. 'എനിക്ക് ഒരേട്ടനില്ല, പക്ഷെ ഇപ്പൊ
തോന്നുന്നു നിങ്ങളെ അങ്ങനെ വിളിക്കാൻ..' എൻ്റെ പേരും കോഴ്സുമൊക്കെ ചോദിച്ച് കുറച്ച് നേരം സംസാരിച്ച ശേഷം അവൾ തിരിച്ച് പോയി. ദിനങ്ങൾ കുറേ കടന്ന് പോയി. ഒരു ദിവസം എൻ്റെ ജൂനിയറായ, അവളുടെ കൂട്ടുകാരി നീതു വന്ന് എൻ്റെ നമ്പർ വാങ്ങി പോയി. അവളുടെ അച്ഛന്
വേണ്ടിയായിരുന്നു അത്. പിറ്റേ ദിവസം അവളുടെ അച്ഛൻ എന്നെ വിളിച്ചു. വിവരിക്കാനാവാത്ത നന്ദിവാക്കുകൾ കൊണ്ട് അദ്ദേഹം എന്നെ മൂടി. എപ്പോഴെങ്കിലും കണ്ണൂര് വരികയാണെങ്കിൽ വീട്ടിൽ വരണമെന്ന് നിർബന്ധം പിടിച്ചു. വീട്ടിലേക്കുള്ള വഴിയും പറഞ്ഞു തന്നു. ഞാനാലോചിച്ചു ഇത്ര മാത്രം എന്നോട് നന്ദി പറയാൻ ഞാനെന്താണ് ചെയ്തത്..ആ സന്ദർഭത്തിൽ ആരായാലും
ചെയ്യുന്നത് മാത്രമേ ഞാനും ചെയ്തുള്ളൂ..ഞാനൊരു നിമിത്തമായി എന്ന് മാത്രം..

പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം ഞാൻ യൂനിവേഴ്സിറ്റിയിൽ ബി.ടെക് സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ അന്ന് തിരിച്ച് വരുമ്പോൾ അവളുടെ വീട്ടിൽ പോയി.അപ്രതീക്ഷിതമായി എന്നെ
കണ്ട അവൾ എങ്ങനെ സൽക്കരിക്കണമെന്നറിയാതെ പരിഭ്രമിച്ചു. അവളുടെ അമ്മ
സ്വന്തം മകനോടെന്ന പോലെ എന്നോട് വാത്സല്യം കാണിച്ചു. അവർ ജോലിക്ക് പോയ അച്ഛനെ ഫോൺ ചെയ്ത് വരുത്തി. ഊൺ കഴിച്ചേ എന്നെ വിട്ടുള്ളൂ..വളരെയേറെ സന്തോഷത്തോടെയും ചാരിതാർഥ്യത്തോടെയുമാണ് ഞാൻ മടങ്ങിയത്. കാരണം ഞാനന്ന് മരണത്തിൽ നിന്ന് പിന്നോട്ട് വലിച്ചിട്ട ആ പെൺകുട്ടി അടുത്ത ആഴ്ച്ച മനോരമ ചാനലിൽ റിപ്പോർട്ടറായി ജോയിൻ
ചെയ്യാൻ പോവുകയാണ്.. !

ജീവിതം ചില സന്ദർഭങ്ങൾ നമ്മളിൽ കൊണ്ടെത്തിക്കും...അതിനെ വേണ്ട രീതിയിൽ ഉപയോഗിക്കുക എന്നത് മാത്രമാണ് നമ്മുടെയൊക്കെ കടമ  അല്ലേ....?

കടപ്പാട്

No comments: