Thursday, October 29, 2015

എന്റെ ആത്മാവിനെ നിന്റെ ഹൃദയത്തോട് ചേര്‍ത്ത് വെക്കുക

ഫേസ്ബുക്കിലെ ചാറ്റ് ലിസ്റ്റ് ഓഫ്‌ലൈനിൽ നിന്നും ഓണ്‍ലൈനിലേക്ക് വഴിമാറിയപ്പോഴാണ് ഇൻബോക്സിലേക്ക് 'ഹായ്' എന്നൊരു മെസ്സേജ് കണ്ടത്. ഇന്ത്യയുടെ വേൾഡ് കപ്പ്‌ ജേതാവ് യുവരാജ് സിംഗിന്റെ പ്രൊഫൈൽ പിക്കുളള 'ജോസ്ന മരിയ' എന്നൊരു പെണ്‍ക്കുട്ടി. മെസ്സേജ് സീൻ ചെയ്ത് റീപ്ലെയൊന്നും കൊടുക്കാതെ വാട്ട്‌സാപ്പിലെ എഴുത്തിനായുളള തൂലികയുടെ അഞ്ചാത്തെ ഗ്രൂപ്പിൽ കയറിയപ്പോഴാണ് വീണ്ടും ജോസ്ന മരിയയുടെ മെസ്സേജ് വന്നത്.

"ഫേക്ക് അല്ല.. ലൈക്ക്‌ കൊണ്ടും കമന്റ്‌ കൊണ്ടും ശല്യപ്പെടുതാത്ത ഒരു വായനക്കാരിയാണ്.."

ഞാൻ മുഖം കോടിയ ഒരു
ചിഹ്നം റിപ്ലെ കൊടുത്തു. ‌
അവൾ ചിരച്ചു. എന്നിട്ട് പറഞ്ഞു:

"സമയം കിട്ടുമ്പോഴൊക്കെ എഴുതണം. എഴുതാനുളള കഴിവ് ദൈവം നേരിട്ട് നൽകുന്നതാണ്.."

ഇപ്രാവിശ്യം ഒരു സ്മൈലി ചിഹ്നം ഞാൻ വാരി വിതറി. അപ്പോഴേക്കും മഴവില്ലായി വന്നവൾ മാഞ്ഞ് പോയിരുന്നു.

ജോസ്ന മരിയയുടെ ശബ്ദം മെസ്സേജ് രൂപത്തിൽ എന്നും രാവിലെ ശബ്ദിക്കൽ പതിവായി. ഒരുപ്പാട്‌ മഹാന്മാരുടെ പ്രചോദിപ്പിക്കുന്ന വാക്കുകൾ മെസ്സേജ് ലിസ്റ്റിനെ വർണാഭമാക്കി. എന്റെ ഹൃദയത്തെ ഉത്തെജിപിച്ചു. എന്നും ആർത്തിയോടെ വായിക്കൽ പതിവായി. വല്ലപ്പോഴും ആഴ്ച്ചയിൽ ഒരിക്കലോ മറ്റോ ഒരു 'സ്മൈലി' ചിഹ്നം നൽകും. എന്നിട്ടും ശുഭദിനം നിലക്കാതെ പതിവായി.

ഒരു വൈകുന്നേരം പതിവില്ലാതെ ജോസ്ന മരിയ ശബ്ദിച്ചു.

"നാളെ ഞാൻ മരിച്ചേക്കാം. എന്റെ ആത്മാവ് നിങ്ങളുടെ അരികിൽ വന്നേക്കാം. ശല്യപ്പെടുത്തിയേക്കാം. ഒരിക്കലും പേടിക്കരുത്. അതിനെ നിങ്ങളുടെ ഹൃദയത്തോട് ചേർത്ത് വെക്കുക. കാരണം, ഞാൻ നിശബ്ദമായി ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ നിങ്ങളും ഉണ്ടായിരുന്നു.."

എന്നെ ഇഷ്ടമായപ്പോൾ ഇഷ്ടമായെന്ന് പറയാനുളള മനസ്സ് കാണിച്ചതിന് ഒരു 'ലവ്' ചിഹ്നം ഞാൻ കൈമാറി. ഫേസ്ബുക്ക്‌ ലോഗൌട്ട്  ചെയ്തു.

ഒരിക്കൽ പോലും കാണുകയോ സംസാരിക്കുകയോ പോലും ചെയ്തില്ലെങ്കിലും ഒരു വൈകാരിക ബന്ധം എനിക്കിടയിൽ ഉടലെടുത്തു. അവൾക്കും അങ്ങനെ ആകുമെന്ന് ഞാനും വിശ്വസിച്ചു. ഞാൻ ഫേസ്ബുക്കിൽ എഴുത്ത് തുടർന്ന് കൊണ്ടിരുന്നു. ദൈവത്തെ തെറി വിളിച്ചും കപട മതേതരത്വം പറഞ്ഞും പലരും വളർന്നു. ഞാൻ കിതച്ചു. തളർന്നു. വായനക്കാർ കുറഞ്ഞു.  നിശബ്ദ വായനക്കാർ ഉണ്ടെന്ന വിശ്വാസത്തിൽ ഞാൻ എഴുതി കൊണ്ടേയിരുന്നു..?
മറ്റുള്ളവരുടെ വേദനകളെ എന്റെതായി കണ്ട് ഞാൻ അവരായി മാറാൻ ശ്രമിച്ചു. സുരേഷേട്ടനും സുധീഷും നിയാസും മിഥുനും ജയേട്ടനും മോനിഷയും മുത്തിയമ്മയും മരുഭൂമിയിലെ മഴയായും കാമുകനായും...... മാറി.

എന്റെ ചമ്മനൂരെന്ന ഗ്രാമം ഒരു ദ്വീപാണ്. ചുറ്റും വെള്ളം കൊണ്ട് ചുറ്റപ്പെട്ട പ്രകൃതിയുടെ കൈയൊപ്പ് ചാർത്തിയ ഇടം. അവിടെയുളള ചുള്ളിക്കാരൻ കുന്നിന് മുകളിലിരുന്നാൽ തൃശ്ശൂരും മലപ്പുറവും പാലക്കാട് ജില്ലയും ഒരുമിച്ച് കാണാം. രാത്രിയിൽ സ്ലൂയിസിൽ ഇരുന്നാൽ ശാന്തമായി ഒഴുകുന്ന വെള്ളത്തിന്റെ സൗന്ദര്യം ആസ്വദിക്കാം. അതിനപ്പുറം, വെള്ളത്തിനെ ചുംബിച്ച് 'റ' പോലെ വളർന്ന് നിൽക്കുന്ന കണ്ടൽ മരങ്ങൾ നിറഞ്ഞ് നിൽക്കുന്നു. അതിൽ ആയിരകണക്കിന് മിന്നാമിന്നികൾ മിന്നിത്തിളങ്ങുന്ന കണ്ണിന് ചാരുത നൽകുന്ന ദൃശ്യം നുകരാം. നിലാവുള്ള രാത്രിയിൽ നക്ഷത്രങ്ങളെ സാക്ഷിയാക്കി കോതെട്ടന്റെ വഞ്ചിയിൽ ഒഴുകി നടക്കാം. കാറ്റാടികൾ നിറഞ്ഞ അക്കരെയെത്താം. അവിടെയിരുന്ന് ഞാൻ ജോസ്ന മരിയയെ ഓർത്തു. കുറച്ച് ദിവസമായി അവളുടെ ശബ്ദം കേൾക്കുന്നില്ല. ഹൃദയം ആഗ്രഹിച്ച പോലെ നൂറ് ആയുസ്സോടെ അവൾ ഇൻബോക്സിൽ പ്രത്യക്ഷപ്പെട്ടു.

"ഹലോ.."

"എവിടെ ആയിരുന്നു. പോകുമ്പോൾ ഒന്ന് പറഞ്ഞൂടെ.. മിണ്ടാൻ ഇഷ്ടം ഇല്ലെങ്കിൽ ബ്ലോക്ക്‌ ചെയ്യാമാരുന്നില്ലേ.."

അറിയാതെ ഞാൻ പൊട്ടി തെറിച്ചു. ആദ്യമായാണ് ഞാൻ വാക്കുകൾ സ്വരക്കൂട്ടി അവൾക്കയക്കുന്നത്.

"എനിക്ക് ചെറിയൊരു അസുഖമായി ഹോസ്പിറ്റലിൽ ആയിരുന്നു. ഫേസ്ബുക്ക്‌ യൂസ് ചെയ്യാൻ പറ്റിയില്ല.."

"ഒരു വാക്ക് പറയാമായിരുന്നു. ഞാൻ വിഷമിച്ചു. വെറുതെ ഓരോ കളളം പറഞ്ഞ് ആളെ പറ്റിക്കുന്നല്ലേ.."

ഞാൻ അറിയാതെ ദേഷ്യപ്പെട്ടു. അവൾ പറഞ്ഞു..

"കള്ളമോ.. ഞാനോ.. നിന്നോട് ഞാൻ കളളം പറയില്ല.."

ഞാൻ മിണ്ടിയില്ല. ഒരു അഞ്ച് മിനുട്ടിന് ശേഷം ഇൻബോക്സിൽ ഒരു ചിത്രം തെളിഞ്ഞു. ഒരു പെണ്‍ക്കുട്ടിയുടെ ഫോട്ടോ. തലയിൽ തരിപ്പോലും മുടിയില്ലാത്ത ഒരു മൊട്ടച്ചി. കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ.

"ഇപ്പോൾ വിശ്വാസം ആയോടാ ഞാൻ കളളം പറഞ്ഞില്ലെന്ന്.. എന്നും വരാൻ കഴിയില്ലന്നേ.. ട്രീറ്റ്‌മെന്റ് ഉണ്ട്. അതോണ്ടാ .. നീയിനി കരയുന്ന സിമ്പലിട്ട് ബോറാക്കല്ലേ ചെക്കാ.."

അവസാനമൊരു ചിരിക്കുന്ന സ്മൈലി അവൾ എനിക്ക് സെൻറ് ചെയ്തു.
കണ്ണുനീരിന്റെ വികാരമൊന്നും പ്രകടിപ്പിക്കാതെ എത്ര സിമ്പിളായിട്ടാണ് ജീവിതം തന്നെ ഒരു ഫോട്ടോയിൽ എനിക്ക് മുന്നിൽ അവൾ ഫ്രെയിം ചെയ്ത് അവതരിപ്പിച്ചത്. എനിക്ക് അന്നുറക്കം വന്നില്ല. വേദനയുടെ അണിയൊടുങ്ങാത്ത തിരതള്ളൽ ഹൃദയത്തെ കീറി മുറിച്ചു.
ജോസ്ന മരിയാ...
നീ എന്നെ വാക്കുകൾ കൊണ്ട് തോൽപ്പിച്ചല്ലോ..!!!

ഇന്നും,
ഇൻബോക്സ് നോക്കിയപ്പോൾ ആദ്യം തിരഞ്ഞത് അവളുടെ മെസ്സേജ് ഉണ്ടോ എന്നായിരുന്നു. ഇല്ല. മാസങ്ങളായി ജോസ്ന മരിയ നിശബ്ദയായിരുന്നു. അവളുടെ ശബ്ദങ്ങളെ ഞാനൊന്ന് കാതോർത്തു. സ്ക്രോൾ ചെയ്യുന്നതിനിടയിൽ വീണ്ടും മനസ്സൊന്ന് പിടഞ്ഞു..

"നാളെ ഞാൻ മരിച്ചേക്കാം. എന്റെ ആത്മാവ് നിങ്ങളുടെ അരികിൽ വന്നേക്കാം. ശല്യപ്പെടുത്തിയേക്കാം. ഒരിക്കലും പേടിക്കരുത്. അതിനെ നിങ്ങളുടെ ഹൃദയത്തോട് ചേർത്ത് വെക്കുക. കാരണം, ഞാൻ നിശബ്ദമായി ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ നിങ്ങളും ഉണ്ടായിരുന്നു.."

-ഇസ്മയിൽ വഫ ചമ്മനൂർ-

No comments: