Tuesday, July 14, 2009

സ്നേഹത്തിന്റെ മഹാ സാഗരം

സമയം രാവിലെ ഒമ്പതു മണി.. മതി എന്നു തോന്നിയിട്ടു തന്നെയാണു വിളിച്ചുണർത്തൽ കാക്കാതെ എണീറ്റത്‌.. കണ്ണൂരുമ്മി അടുക്കളയിൽ ചെന്നു.. ഉമ്മ വിശ്രമത്തിൽ കഴിയുന്ന ഉപ്പക്കു ചായ കൊടുത്ത്കൊണ്ടിരിക്കുന്നു..ഞാൻ കുളിക്കാൻ കയറി.. തിരിച്ചുവന്നപ്പോൾ അടുക്കളയിലെ തിരെക്കുകളിലേക്ക്‌ ഉമ്മ തിരിച്ചെത്തിയിരിക്കുന്നു.. എനിക്കുള്ള ചായ ഒരുക്കി ഉമ്മ വീണ്ടും ജോലിത്തിരെക്കിലേക്ക്‌..
നാലു വര്‍ഷത്തെ പ്രവാസ ജീവിതം കഴിഞ്ഞു ആദ്യമായി ലീവിന് വന്നതാണ് നാട്ടില്‍.. പകൽ നേരം അലസമായ വഴികടന്ന് ഞാൻ തീർത്തിരിക്കുന്നു.. പറമ്പില്‍ തെങ്ങ് തുറക്കാന്‍ കുറച്ചു പണിക്കാരുണ്ട്‌.. അവർക്ക്‌ കൃത്യ സമയത്ത്‌ ഭക്ഷണം എത്തിച്ചുകൊണ്ടിരിക്കുന്നു ഉമ്മ.. ഉച്ചയൂണു കഴിഞ്ഞു ഒന്ന് കിടക്കെണം, ഞാന്‍ കരുതി.. വെറുതെ മൊബൈൽ എടുത്തു നോക്കി.. ബാറ്ററി തീര്‍ന്നിരിക്കുന്നു. പാതിരാ കഴിയുവോളം ഇതിന്മേല്‍ തന്നെ ആയിരുന്നല്ലോ..
കുറെ തിരഞ്ഞിട്ടും ചാര്‍ജര്‍ കണ്ടില്ല..  ചാർജ്ജർ കാണാത്ത ദേഷ്യത്തിൽ ഉമ്മയെ ഒന്നുറക്കെ വിളിച്ചു.. ഉത്തരമില്ലാത്ത തേടലുകൾ.. ദേഷ്യം പിടിച്ചു ഉമ്മയെ തിരെഞ്ഞു പുതിയ വീട്‌ പണി നടക്കുന്നിടത്തേക്ക്‌ പോയി.. ഉമ്മ അവിടെ ഉള്ള ചപ്പും ചവറും പെറുക്കികൂട്ടി വൃത്തിയാക്കുകയാണു..
"അല്ലുമ്മാ ഒരു ബംഗാളിയെ വിളിച്ചാ ഓലു ചെയ്യൂലെ ഇതൊക്കെ?"
"ഇതു അവരെ ഏൽപ്പിക്കാൻ മാത്രൊന്നുമില്ല.. ഓലെടുത്താ ഇത്ര വൃത്തിയാകുകയും ഇല്ല.."
"ന്റെ ചാർജ്ജർ കണ്ടീന്യൊ?"
"ആ യ്യി നേരത്തെ കുത്തിയിട്ട്‌ ആ ജനലിൽ വെച്ച്‌ പോയെതല്ലേ? അതാരേലും കുണ്ടോയാൽ.. അനക്ക്‌ എന്താ ലേ? ഞാൻ അതു മേശേൽ എടുത്ത്‌ വെച്ചിട്ടുണ്ട്‌.."
ഞാൻ തിരിചു നടന്നു.. 
സുരക്ഷിതമായ എടുത്തുവെക്കലുകൾ..
ബാപ്പ ഇടെക്ക്‌ വെള്ളത്തിനും മറ്റും ഉമ്മയെ വിളിച്ച്‌ കൊണ്ടിരിക്കുന്നു.. പണിക്കാർക്ക്‌ കത്തിയും കോടാലിയും കൊട്ടയും.. പറമ്പു ചുറ്റും ആവശ്യങ്ങളുടെ ഒച്ചവെക്കലുകൾ.. ഉമ്മ അതു എത്ര വൃത്തിയായി കൈകാര്യം ചെയ്യുന്നു എന്നു ആലോചിച്ചു..
വൈക്കുന്നേരം അങ്ങാടി ഇറക്കത്തിനൊരുങ്ങി..
"ചായകുടിച്ച്‌ പൊയ്ക്കോ പിന്നെ അതു ചൂടാറി കളയേണ്ടി വരും..ഞാൻ ഇന്നേരായിട്ടും കുളിച്ചീലാ.. ഒക്കെ എടുത്ത്‌ വെച്ചിട്ടുണ്ട്‌ മേശെമ്മേൽ.. പിന്നെ ജ്യി അങ്ങാടി പോകാണെങ്കിൽ
വരുമ്പ്പോൾ മീൻ കൊണ്ടു വരെണ്ടി"
"എന്ത്‌ മീനാ വങ്ങണ്ടാതുമ്മാ"
"അനക്കിഷ്ട്റ്റള്ളത്‌ വാങ്ങ്യൊ"
ഞാൻ അങ്ങാടിയേക്ക്‌ നടന്നു.... 
തിരെഞ്ഞെടുപ്പിന്റെ ചൂടിലേക്ക്‌ ആളുകൾ മാറിയിരിക്കുന്നു.. നനവുകൊണ്ട സായാഹ്നം.. ഒരു മഴ തണുപ്പിച്ചൊഴിഞ്ഞെതാണു.. മഗിരിബ്‌ നിസ്കാരം കഴിഞ്ഞു അൽപം മീൻ വാങ്ങി വീട്ടിലെത്തി..
"ഉമ്മാ.. ഉമ്മാാാാ"
"അടുക്കളവാത്തൂടെ പോരു.."
ഉമ്മയുടെ മറുപടിയിൽ ക്ഷീണം പതിഞ്ഞിരുന്നു
അടുക്കളവാതിൽ തുറന്നു
"മീൻ കിട്ട്യോ?"
"ആ..."
"ന്താ..?"
"അയല.. "
"ജ്യാ ആണിമ്മേ കൊളത്ത്യാളാ.. ആ കറുത്ത പൂച്ച വേറെവ്ടെ വെച്ചാലും കൊണ്ടോവും.."
ഞാൻ മീൻ ഉമ്മ ഉയരത്തിൽ തറച്ചുവെച്ച ആണിയിൽ കൊളുത്തിവെച്ചു..
ഉമ്മ അടുക്കളയുടെ ഒരുമൂലക്കിരുന്നു എന്തോ കഴിക്കാണു,
"എന്താ ഇങ്ങക്ക്‌ ഇപ്പൊ ഒരു തിന്നല്  മ്മാ?"
"ഞാൻ നോമ്പ്‌ നോറ്റീനി.. അതു തൊറെക്കാ"
പെട്ടെന്ന് മനസ്സ്‌ ഒന്ന് നിഷബ്ധമായി. ഈ പകൽ മുഴുക്കെ ഓടിച്ചാടി ജോലി ചെയിതത്‌ ഒരു തുള്ളിവെള്ളം പോലും കഴിക്കാതെ... വിശപ്പ്‌ ചുറ്റിയ വയറുവെച്ചാണോ നേരം തെറ്റാതെ എനിക്കും പണിക്കാർക്കും ഭക്ഷണം തന്നത്‌...?
കരിപിടിച്ച അടുക്കള ചുമരിൽ ചാരിയിരുന്ന് ഭക്ഷണം കഴിക്കുന്ന ഉമ്മയെ ഒന്നൂടെ നോക്കി
"അല്ലുമ്മാ ഇപ്പൊ എതാ നോമ്പ്‌?"
"സുന്നത്ത് നോമ്പാണ്‌ "
"ന്നാ ഇങ്ങക്ക്‌ നോമ്പു തുറക്കാൻ എന്തേലും വാങ്ങാൻ പറഞ്ഞൂടേന്യോ ന്‍റെ മ്മാ?
"എന്തിനു.. ഇതെന്നെ ഇനിക്ക്‌ ബാക്കിയാണു.."
ഉമ്മയുടെ വിരലുകൾ പാത്രത്തിലെ കുറച്ച്‌ പത്തിരിയിൽ വിശ്പ്പ്‌ മൂടുന്നു
ഞാൻ കോലായിയിൽ ചെന്നിരുന്നു
ചില കാഴ്ചകൾ കണ്ടാൽ വാക്കുടക്കുകയും കണ്ണു നിറയുകയും ചെയ്യാറുണ്ട്‌..
പുകപറ്റിപിടിച്ച ആ ചുമരിനടുത്ത്‌ ഒരു തണൽ വെയിൽ തടഞ്ഞു നിൽക്കുകയാണു
ഒരു കടൽ സ്നേഹം നിറച്ച്‌ പെയ്യുകയാണു
ആ ജീവിതം നമുക്ക്‌ വേണ്ടി മാത്രം പൂക്കുകയാണു
"നോക്ക്യാ വാ പത്തിരി ബാക്കിണ്ട്‌.. തിന്നോ.. ഇങ്ക്ക്‌ മതിയായീണു.. അനക്ക് മാണാ?"
ഉമ്മയുടെ വിളിയാണു.. ഉമ്മയുടെ വിശപ്പ്‌ മാറികാണുമോ? അല്ലേൽ അതു മറച്ചു വെക്കുകയോ?
"ഇന്ക്ക് മാണ്ട മ്മാ.. ങ്ങള് കയ്ചോളി"
അങ്ങാടിയില്‍ പോയപ്പോ ചായയും കടിയും കഴിച്ചിരുന്നു.
"ങെട്ട്‌ വാ, ജ്യി തിന്നിട്ട്‌ വേണം ഇനിക്ക്‌ മീൻ മുറിക്കാൻ പോവാൻ"
പോയി കഴിക്കുകയല്ലാതെ വേറെ രക്ഷയില്ല.

ലോകത്ത്‌ എല്ലായിടത്തും സ്നേഹത്തിനു ഒരൊറ്റപേരു തന്നെയാണു
ഉമ്മ! ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ മഹാ സാഗരം.
അല്ലാഹ്.. എന്റെ ഉമ്മാക്ക് ദീര്‍ഘായുസ്സും ആരോഗ്യവും ആഫിയത്തും നല്‍കണേ.. ആമീന്‍.

No comments: