Friday, November 21, 2008

പത്താം ക്ലാസിലെ തെങ്ങ് കയറ്റം

സ്കൂള്‍ ജീവിതം ശരിക്ക് അടിച്ചു പൊളിച്ചത് പത്താം ക്ലാസിലായിരുന്നു
സ്കൂള്‍ പറംബിലെ തെങ്ങില്‍ നിന്നു തേങ്ങയിടലായിരുന്നു ഒഴിവുസമയ ക്രിയകള്‍
ഒപ്പമുണ്ടാവാറുള്ള കൂട്ടുകാരുടെ പേരുകള്‍ പലതും മറന്നു പോയി....

അഷ്റഫ്, അനില്‍, അബ്ബാസ്, അലി, സാബു, അബ്ദുല്ലക്കുട്ടി, ഇബ്രാഹീം, ഇതില്‍ അനില്‍ എന്റെ ബൊഡിഗാര്‍ഡായിരുന്നു (അതിന് അവന് ദിവസവും രണ്ടു നെല്ലിക്ക ഉപ്പിലിട്ടതായിരുന്നു കൂലി)
ഒരു ദിവസം പതിവു പോലെ ഒരു ഉച്ചഭക്ഷണ സമയത്ത് ക്ലാസിന്റെ പിന്നിലുള്ള കുമാരന്റെ കടയില്‍ നിന്ന് രണ്ട് ഉണക്ക പൊറോട്ടയും പച്ച വെള്ളം പോലെ ഉള്ള ഒരു കടല കറിയും (കടലയുടെ പുറത്തുള്ള തോല് ഇടക്ക് കറിയില്‍ നിന്നു കിട്ടിയിരുന്നു അങ്ങിനെയാണ് അത് കടലക്കറിയായിരുന്നു എന്ന് മനസ്സിലായിരുന്നത്) കഴിച്ച് കൂട്ടുകാരൊത്ത് തെങ്ങിന്‍ പറംബിലേക്ക് നീങ്ങി.
അടുത്ത പരിപാടി ഇളം തേങ്ങ ഇടല്‍ ആണു തെങ്ങില്‍ കയറാന്‍ അബ്ദുല്ലക്കുട്ടിയായിരുന്നു കേമന്‍
പക്ഷേ അവനെ പറഞ്ഞ് കേറ്റണം.. അവസാനം അവന്‍ മനസ്സില്ലാ മനസ്സോടെ കയറി നല്ല വിളയാത്ത ഒരു കുല തേങ്ങ താഴെയിട്ടു
തേങ്ങ താഴെ വീഴേണ്ട താമസം എല്ലാവരും ഓരോന്നെടുത്ത് പൊളിക്കാന്‍ തുടങ്ങി പാവം അബ്ദുല്ലക്കുട്ടി ഇപ്പഴും മുകളില്‍ തന്നെ.
അങ്ങിനെ വെട്ടി വിഴുങ്ങുംബോഴാണ് നമ്മുടെ ഹെഡ്മാസ്റ്ററുടെ വരവ്
മൂപ്പരെ കുറിച്ചു പറയുകയാണെങ്കില്‍ ഒരു പാട് പറയാനുണ്ട് ചുരുക്കി വിവരിക്കാം..
സ്കൂള്‍ കുട്ടികളെ പോലെ യൂണിഫോമിലാണ് നടപ്പ് പിന്നെ അതുമല്ല ഉയരം കുറവായിരുന്നത് കൊണ്ട് കുട്ടികളുടെ ഇടയില്‍ നിന്ന് പെട്ടെന്ന് തിരിച്ചറിയുക പ്രയാസവുമായിരിക്കും
വളരെ കര്‍ക്കശക്കാരനായിരുന്നു, മാഷുമാരില്ലാത്ത ക്ലാസില്‍ കുട്ടികള്‍ ശബ്ദമുണ്ടാകുംബോള്‍ ഒരു സിനിമാ ഹീറോയെ പോലെ ക്ലാസ് റൂമിന്റെ തുറന്ന ജനലിനകത്തു കൂടി ചാടിവന്ന് ശബ്ദമുണ്ടാക്കുന്നവന്റെ പുറത്ത് ചൂരലിന്റെ പ്രയോഗം നടത്തുന്ന മാഷെ കാണുംബോള്‍ തന്നെ മുട്ട് കൂട്ടിയിടിക്കാത്തവരുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ എല്ലാവര്‍ക്കും ഭയങ്കര പേടി ആയിരുന്നു.
ഇനി നമുക്ക് തേങ്ങ ഇടലിലേക്ക് വരാം..
മാഷിനെ കണ്ടതും ഞാനടക്കമുള്ളവര്‍ നാലുപാടും ചിതറിയോടി..മാഷ് നോക്കുംബോഴതാ നമ്മുടെ അബ്ദുല്ലക്കുട്ടി തെങ്ങിന്റ് മണ്ടയില്‍!
അവനപ്പോള്‍ ചെകുത്താനും കടലിനും ഇടയില്‍ പെട്ട അവസ്ഥയിലായിരുന്നു
ഏതായാലും അവനെ കയ്യോടെ തന്നെ പിടികൂടി..

ലഞ്ച് ടൈം കഴിഞ്ഞു ക്ലാസ് തുടങ്ങാനായിട്ടും അബ്ദുല്ലക്കുട്ടിയെ കാണുന്നില്ല
ഞങ്ങളെല്ലാം പേടിച്ചിരിക്കുംബോഴുണ്ട് സ്കൂള്‍ വരാന്തയിലൂടേ ഒരാള്‍ കൂട്ടം നടന്നു വരുന്നു നമ്മുടെ അബ്ദുല്ലക്കുട്ടി മുന്നില്‍ തന്നെയുണ്ട്
പക്ഷേ തലയില്‍ ഞങ്ങള്‍ തിന്നു വലിച്ചെറിഞ്ഞ തേങ്ങ ചകിരിയുടെ ഒരു കെട്ടും ഉണ്ട്! പിന്നില്‍ തന്നെ നിവര്‍ത്തിപ്പിടിച്ച ചൂരലുമായി മാഷും അതോടെ സ്കൂള്‍ പറംബില്‍ നിന്നും തേങ്ങയിടുന്ന പരിപാടി നിറുത്തി.

1 comment:

എക്സ് | X said...

സ്കൂള്‍ ജീവിതം ശരിക്ക് അടിച്ചു പൊളിച്ചത് പത്താം ക്ലാസിലായിരുന്നു
സ്കൂള്‍ പറംബിലെ തെങ്ങില്‍ നിന്നു തേങ്ങയിടലായിരുന്നു ഒഴിവുസമയ ക്രിയകള്‍
ഒപ്പമുണ്ടാവാറുള്ള കൂട്ടുകാരുടെ പേരുകള്‍ പലതും മറന്നു പോയി....