Saturday, June 18, 2016

നീർ പളുങ്കുകൾ

മേഡം, പതിമൂന്നാം നമ്പർ സെല്ലിൽ കിടക്കുന്ന പേഷ്യന്റ് ബഹളം വെക്കുന്നു"

ഡ്യൂട്ടി സിസ്റ്ററുടെ ശബ്ദത്തിൽ ഞാനും കുടുങ്ങി. ഡോക്ടർ ഉമാദേവി ഫയലുകൾ സിസ്റ്റർമാരെ ഏൽപിച്ചു തിടുക്കത്തിൽ നടന്നു. പിന്നാലെ ഞാനും.
     കേരളത്തിലെ  എന്റെ ആദ്യ പോസ്റ്റിംഗായിരുന്നു ഇത്. മലമുകളിലെ ഒറ്റപ്പെട്ട ഒരു വലിയ കെട്ടിടം. കൂറ്റൻ മതിൽക്കെട്ടിനകത്ത് ഏക്കറുകളോളം ഔഷധ മരങ്ങളും സസ്യങ്ങളും .മരത്തിൽ അങ്ങിങ്ങ് കൃത്രിമമായുണ്ടാക്കിയതും അല്ലാത്തതുമായ പക്ഷിക്കൂടുകൾ. പല തരം ചെടികളും പൂക്കളും. താമരക്കുളവും അതിനോട് ചേർന്ന് നിർമ്മിച്ച സുന്ദരീ ശില്പവും വള്ളിക്കുടിലും രവിവർമ്മ ചിത്രം ഓർമ്മിപ്പിച്ചു.ഒഴിവു സമയങ്ങളിൽ ക്യാമറയ്ക്കു പണി കൊടുക്കാമെന്നതായിരുന്നു അതിലേറെ സന്തോഷം.

     "വിട്ടോ എന്നെ വിട്ടോളൂന്നാ പറഞ്ഞെ....."

ഒരു സ്ത്രീയുടെ അട്ടഹാസം എന്റെ ശ്രദ്ധ തിരിച്ചു.പതിമൂന്നിലെ ശ്രീദേവിയായിരുന്നു അത്.
'ഹൊ 'മുഖം കാണുമ്പഴേ പേടിയാവുന്നു മാംസം പൊളിഞ്ഞടർന്നു തൂങ്ങിയത് പോലെ കണ്ണുകളിൽ ഒന്നിന്റെ സ്ഥാനത്ത് തൂർന്നടഞ്ഞ മാംസം .
   ഉമാദേവിയെ കണ്ടമാത്രയിൽ അവരിലെ അട്ടഹാസം നിന്നു. പകരം തിളക്കം നഷ്ടപ്പെടാത്ത കണ്ണുകളിൽ യാചന.

   " എന്നെയൊന്ന് കാണിച്ചു തരുമോ എന്റെ മക്കളെ .? നിക്ക് കാണണം ന്റെ മക്കളെ... "

കാണിച്ചു തരാമെന്ന് ഉമാദേവി പറഞ്ഞപ്പോൾ ശ്രീദേവി ബെഡിൽ കയറിക്കിടന്നു ഇഞ്ചക്ഷൻ വെക്കാനായി ഇടുപ്പിലെ തുണി താഴ്ത്തി.
   സിസ്റ്റർമാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയതിന് ശേഷം ഉമാദേവിയോടൊപ്പം വാർഡ് സന്ദർശനത്തിലേക്ക് ഞാനും......
       മനസിൽ നിറയെ 'ശ്രീ'യില്ലാത്ത ദേവീചൈതന്യമില്ലാത്ത ശ്രീദേവിയായിരുന്നു. ഒൻപത് വർഷത്തെ സർവ്വീസിൽ കണ്ടത് പലതരത്തിലുള്ള രോഗികളെ .അവർക്കാർക്കമില്ലാത്ത എന്തോ ഒരു പ്രത്യേകത ശ്രീദേവിയിലുണ്ട്.

   റൗണ്ട്സ് കഴിഞ്ഞു വന്നപ്പോൾ ശ്രീദേവിയെപ്പറ്റി ഉമാദേവി മേഡത്തോട് തിരക്കി.അവരിൽ നിന്നും കിട്ടിയ അറിവ് എന്നെ തീച്ചൂളയിലേക്ക് തളളിയിടുന്നതായിരുന്നു.

"അവൾ കൊലപാതകിയാണ്, നൊന്ത് പ്രസവിച്ച മക്കളേയും ഭർത്താവിനേയും കൊന്നവൾ...."

നെഞ്ചിലൂടെ എന്തോ കുത്തിയിറങ്ങിയത് പോലെ. സംസാരിക്കാനൊന്നും കഴിഞ്ഞില്ല.

" സിസിലി സിസ്റ്ററോട് പറഞ്ഞാൽ ശ്രീദേവിയുടെ ഫയൽ എടുത്തു തരും. തനിക്ക് എഴുതാനൊരു വിഷയം കിട്ടും "

   ഞാനെഴുതിയ രണ്ട് ബുക്കുകൾ വായിച്ചിട്ടുണ്ടെന്ന് രാവിലെ തന്നെ ഉമാദേവി പറഞ്ഞിരുന്നു.

   "അമ്മുവിനു വേണമെങ്കിൽ ക്വാർട്ടേഴ്സിലേക്ക് പോയി റെസ്റ്റ് എടുക്കാം ട്ടോ."

      എന്റെ വയ്യായ്ക മനസ്സിലാക്കിയിട്ടാണോ എന്തോ അങ്ങനെ പറഞ്ഞെതെന്ന് അറിയുന്നില്ല. ഹോസ്പിറ്റലിനോട് ചേർന്നുള്ള പതിമൂന്നാം നമ്പർ ഒറ്റമുറി ക്വാർട്ടേഴ്സിലേക്ക് കയറുമ്പോൾ അടിവയറ്റിൽ  കുഞ്ഞു കാൽപാദത്താൽ ഒരു ചവിട്ട്. അറിയാതെ കൈ വയറ്റിലോട്ട്.  ആറു മാസം  തുടങ്ങിയതിൽ പിന്നെ ഇടയ്ക്കിടെ അവനിങ്ങനെ ചവിട്ടും. അടങ്ങിക്കിടക്കില്ല.നന്ദന്റെ തനി സ്വഭാവം. പതിമൂന്നാം വർഷം ഞങ്ങളിലേക്ക് വന്ന വസന്തം.
    രാത്രി വാർഡുകൾ തോറും കയറി ഇറങ്ങി വരുമ്പോൾ പതിമൂന്നാം വാർഡിൽ ഒരു തേങ്ങൽ.ജനലഴികളിൽ പിടിച്ച് പുറത്തെ പുൽപ്പരപ്പിലേക്ക് നോക്കി കരയുന്നു ശ്രീദേവി.കാൽപെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി. ഒന്നും പറയാതെ കട്ടിലിൽ വന്നിരുന്നു.എതിർവശത്തായി ഒഴിഞ്ഞ കട്ടിലിൽ ഞാനും.ശ്രീദേവി സംസാരിക്കുന്നില്ല. ഇടയ്ക്കിടയ്ക്ക് കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടുന്നുണ്ടായിരുന്നു. ഒരു വേള ശ്രീദേവിയുടെ നോട്ടം ഫാനിന്റെ കാറ്റിൽ ഇളകി പറന്നപ്പോൾ വെളിയിൽ കണ്ട എന്റെ വയറിലേക്കായി.

" ഡോക്ടർക്ക് വയറ്റിലൊണ്ടോ ......?"

ചെറുതായി പൊങ്ങി വരുന്ന വയറ്റിലേക്ക് നോക്കിയാർന്നു അവളുടെ ചോദ്യം. പുഞ്ചിരിച്ചു തലയാട്ടി ഞാൻ. അതുവരെയില്ലാത്ത ഒരു തിളക്കം ആ മുഖത്ത്. ബെഡിൽ നിന്നിറങ്ങി എനിക്കു മുമ്പിൽ വന്നു തറയിലിരുന്നു അവൾ.എന്നിലേക്ക് ഭയം ഇരച്ചുകയറി.

"ഞാനൊന്നു തൊട്ടു നോക്കട്ടെ.....?"

ശ്രീദേവിയിൽ യാചനാഭാവം. എന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ ചെവി എന്റെ വയറോട് മുട്ടിച്ചു. ഉപദ്രവിക്കുമോ എന്ന ഭയത്താൽ ഞാനിരുന്നു വിയർക്കാൻ തുടങ്ങി.

" രണ്ടാളാ വയറ്റിൽ . ആൺകുഞ്ഞും പെൺകുഞ്ഞും ഉണ്ട്......"

ചെവി മാറ്റിക്കൊണ്ട് പറഞ്ഞു. അപ്പോഴാണ് ശ്വാസം നേരെ വീണത്.

" ഡോക്ടറേ പ്രസവിച്ച ഒടനെ പെൺകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലണം. ജീവിക്കാൻ അനുവദിക്കരുത്.ഞാൻ കൊന്നത് പോലെ ഒന്നും ബാക്കി വെക്കാതെ."

ഞാൻ വിയർക്കാൻ തുടങ്ങി.

" ഓരോ അമ്മയുടേയും ശാപമാണ് പെൺകുഞ്ഞ്. സൂര്യനെ കാണാത്ത എന്റെ കുഞ്ഞുമോളെയടക്കം മൂന്ന് പെൺകുഞ്ഞുങ്ങളെയാ ഞാൻ കൊന്നത്.ഈ കൈകൾ കൊണ്ട്. "

അവൾ രണ്ടു കൈകളും ഉയർത്തിക്കാട്ടി പറഞ്ഞു. എഴുന്നേറ്റ് ഓടണമെന്നുണ്ട് കഴിയുന്നില്ല കാലുകൾ നിലത്തുറച്ചു പോയിരിക്കുന്നു.
വീണ്ടും ശ്രീദേവി തേങ്ങിക്കരയുന്നു. ഈശ്വരാ ?!
ഇതെന്തു പരീക്ഷണം ?
തനിയെ ഇവിടെ കയറി വന്നതോർത്ത് ഞാനപ്പോൾ വേദനിച്ചു.

    "ഒന്നും മനപൂർവ്വമായിരുന്നില്ല ഡോക്ടറേ വിധി! ഡോക്ടറെ ന്തിനാ പേടിക്കുന്നത്. കുഞ്ഞിനെ കൊല്ലാൻ പറഞ്ഞിട്ടാണോ? കൊന്നില്ലെങ്കിൽ നാളെ ഇതുപോലെ ഏതെങ്കിലും ഒരു ഭ്രാന്താശുപത്രിയിൽ ഡോക്ടറും കിടക്കും രോഗിയായി. മരണത്തിനു പോലും വേണ്ടാതെ..... "

ആരെങ്കിലും ഇത് വഴി വന്നെങ്കിൽ.....

" ഡോക്ടർക്കറിയോ എന്നെ?
 എന്റെ ഗംഗയെ.....?
ഗ്രീഷ്മയെ....?
ഇനിയും പിറക്കാതെ പോയ കുഞ്ഞുമോളെ...?
അറിയില്ല. അറിയാനാരും ശ്രമിച്ചില്ല, ഇനി ശ്രമിക്കുകയും ഇല്ല."

ശ്രീദേവിയുടെ ഏങ്ങലിനു ശക്തി കൂടി .

" തൊഴിലൊറപ്പിനു പോയപ്പോൾ തല ചുറ്റിയൊന്നു വീണു. ഒരാഴ്ചയായി എനിക്ക് സംശയമുണ്ടായിരുന്നു. നേരെ ഹെൽത്ത് സെന്ററിൽ പോയി പരിശോദനേം കഴിഞ്ഞാ വീട്ടിലെത്തിയത്.ഗ്രീഷ്മയ്ക്കു ശേഷം പുതിയൊരാളു കൂടി കുടുംബത്തിലേക്ക് വരുന്നതിന്റെ സന്തോഷം മനസ്സിൽ നിറഞ്ഞിരുന്നു.പുതിയ വീടിന്റെ വാർക്ക കഴിഞ്ഞെങ്കിലും താമസിക്കുന്നത് പഴയ ചെറ്റപ്പൊരേലാ. ന്റെ മൂത്ത മോള് ഒൻപതാം ക്ലാസിലേക്ക് ജയിച്ചു നിൽക്കാ ഗംഗ .അതിന്റെ എളേത്  ഗ്രീഷ്മ അഞ്ചിലും.വീട്ടിൽ രണ്ട് പേരും ഇല്ല. കുറച്ചു മാറിയുള്ള വീട്ടിൽ  ടിവി കാണാൻ പോയതായിരിക്കുമെന്നു ഞാനും കരുതി. ന്റെ വീട്ടിൽ  കറണ്ടൊന്നും ഇല്ലായിനും. "

ശ്രീദേവി സംസാരം നിർത്തി എന്നെ നോക്കി. വീണ്ടും തുടർന്നു.

  " കിടക്കാനാ പുല്ലായ വിരിച്ചിട്ട പലകക്കട്ടിലിലേക്കിരുന്നത്. അവിടെ നിവർത്തി വെച്ച ഒരു വെളുത്ത പേപ്പർ. എന്റെ ഗംഗയുടെ കുറിപ്പ്. അവസാനത്തെ കുറിപ്പ്.ഞാൻ കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ വളർത്തിയ ന്റെ ഗംഗ പോകുവാണെന്ന്. കുറിപ്പ് മുഴുവൻ വായിച്ചതോടെ എന്റെ കണ്ണീരു വറ്റിയതു പോലെയായി. ഉറക്കെ കരയാനാഞ്ഞ എന്റെ ശബ്ദം ആരോ തടഞ്ഞുവെച്ചു. "

ശ്രീദേവിയുടെ കൈകൾ വെറുതെയെന്നോണം മുറുക്കുകയും അയക്കുകയും ചെയ്യുന്നുണ്ടായിരുന്നു.എന്നിലെ ഭയം മാറി. പകരം സഹതാപം കുടിയേറി.

" പുതിയ വീട്ടിലെ അടുക്കളയിൽ എന്റെ പഴയൊരു സാരി തുമ്പിൽ എന്റെ ഗംഗ....."
ബാക്കി പറയാനാവാതെ കൈവിരലുകൾ വായിലിട്ടു മുറുകെ കടിക്കുന്ന ശ്രീദേവിയെ കുറച്ചു പാട് പെട്ടു ഞാൻ പൂർവ്വസ്ഥിതിയിലാക്കാൻ.

" കരച്ചിലിനു പകരം എനിക്ക് വന്ന മാറ്റം എന്താണെന്നു തിരിച്ചറിയാൻ പറ്റിയില്ല.പിന്നെ കെട്ടിയോനെ കാത്തിരുന്നു. അങ്ങേർക്കു കൂലിപ്പണിയാർന്നു. തെങ്ങുകയറ്റം. വെയിലിനു ചൂടുപിടിച്ചാൽ പണി നിർത്തും. പണി കഴിഞ്ഞ് നേരെ പുതിയ വീടിന്റെ അകത്ത് കൊയ്യകൊടുവാളും തളയും വെച്ചിട്ടേ കുളിക്കാൻ പോകൂ. അത് കഴിഞ്ഞ് നേരെ മലേലെ കാല് സുഖല്ലാത്ത രാധേടെ വീട്ടിലേക്ക്. ചാരായം വിൽക്കലാ ഓൾടെ പണി.മൂക്കറ്റം മോന്തിയേച്ചാ പിന്നെ വരുക..കൊടുവാൾ വെച്ച് തിരിഞ്ഞ അങ്ങേരെ പിന്നിൽ നിന്നും അതേ കൊടുവാളെടുത്ത് പിൻകഴുത്ത് നോക്കി ഞാൻ വെട്ടി.തിരിഞ്ഞു നോക്കാനുള്ള സമയം കിട്ടും മുന്നേ അങ്ങേരു വീണു. പിന്നെ തറയിലിട്ട് തലങ്ങും വിലങ്ങും ഞാൻ വെട്ടി...."

എന്റെ തൊണ്ട വരണ്ടു. മേശപ്പുറത്തിരിക്കുന്ന ജഗ്ഗിലെ വെള്ളം ഒറ്റവലിക്ക് കുടിച്ച് തീർത്തു.ശ്രീദേവിയുടെ ഭാവം ഞാൻ മനക്കണ്ണിൽ കണ്ടു. ചോരയും മാംസത്തുണ്ടുകളും തെറിച്ച ദേഹവും സാരിയും . ഹോ!

" ഡോക്ടർ പേടിച്ചോ. ഞാനൊരമ്മയായിരുന്നു അതുകൊണ്ടെനിക്കു പേടിയില്ലായിരുന്നു. ഞാൻ ചെയ്തതാണ് ശരിയെന്നു എനിക്കു ബോധ്യമുണ്ടായിരുന്നു. പിന്നീട് ഓല മറച്ച കുളിമറയിൽ പോയി കുളിച്ച് വേഷം മാറി, കുറച്ചു മാറിയുള്ള വീട്ടിൽ ടിവി കാണുന്ന ഗ്രീഷ്മയെ വിളിച്ചു കൊണ്ടുവന്നു.. വാഴയ്ക്ക് അടിക്കാൻ വാങ്ങി വെച്ച കീടനാശിനി ചേർത്ത് അവളെ ഞാനൂട്ടി. ചോറിന് അരുചി പറഞ്ഞ അവളുടെ നെറുകയിൽ കണ്ണീരുപ്പു കലർന്ന ചുണ്ടാൽ ഒരു മുത്തം നൽകി. എന്റെ ഇളയ മകൾ എനിക്കു മുന്നിൽ പിടഞ്ഞവസാനിക്കുന്നത് നോക്കി നിന്ന അമ്മയാണ്. അവള് പെണ്ണാണ്, എന്റെ ഗംഗയുടെ അവസ്ഥ അവൾക്ക് വരരുത്. അതിനാലാ ഞാനവളെ യാത്രയാക്കിയത്."

ശ്രീദേവി നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. ഞാൻ വെള്ളമെടുത്ത് അവൾക്ക് നേരെ നീട്ടി. വേണ്ടയെന്നർത്ഥത്തിൽ കൈയുയർത്തിക്കാട്ടി. പല്ലുകൾ ആഴ്ന്നിറങ്ങിയ വിരലുകളിലൂടെ ചോര ഒഴുകുന്നുണ്ടായിരുന്നു.

" ബാക്കിയറിയേണ്ടേ ഡോക്ടർക്ക് .?"

ഞാൻ അവൾക്കു മുന്നിൽ മൗനിയായിരുന്നു.

" കേൾക്കണം ഒരാളെങ്കിലും സത്യമറിയണം, സത്യമറിഞ്ഞേ തീരൂ."

അവളുടെ പുലമ്പൽ എനിക്കു കേട്ടേ മതിയാവൂi

"അങ്ങേരെ വെട്ടിയ കൊടുവാളു വെച്ച് ഞാൻ ഗംഗ തൂങ്ങിയ സാരി അറുത്തു. തറയിൽ കിടക്കുന്ന അവൾക്കു മീതെ മണ്ണെണ്ണയൊഴിച്ചു. ബാക്കി വന്ന കീടനാശിനി ചേർത്തു കുഴച്ച ചോറു ഞാൻ മുഴുവനും കഴിച്ചു.തീപ്പെട്ടിയുരച്ച് ഞാൻ എന്റെ ഗംഗയുടെ ദേഹത്തേക്കിട്ടു കൂട്ടത്തിൽ വീട്ടിൽ സ്ഥിരമായി വാങ്ങുന്ന റേഷൻ  പഞ്ചസാരയും. തീ എന്റെ ദേഹത്തേക്കും പടർന്നു. അവളിൽ നിന്നു തെല്ല് മാറി ഞാനും വീണു. കഴിച്ച വിഷത്തിന്റെ ശക്തിയോ വീഴ്ചയിലുണ്ടായ അടിയോ എന്റെ വയറ്റിലെ പുതുജീവൻ കാലിലൂടെ ചെറുചൂടോടെ ഒലിച്ചിറങ്ങുന്നത്‌ മറഞ്ഞു പോകുന്ന ബോധത്തിലും ഞാനറിഞ്ഞു. പക്ഷേ വിധി എന്നെ തോൽപിച്ചു. മൂന്ന് മക്കളേയും ഭർത്താവിനേയും കൊന്നവളെന്ന പേരിനൊപ്പം ഭ്രാന്തി എന്ന പേരും."

"ഡോക്ടറുടെ സംശയം തീരുന്നില്ല ഇല്ലേ? മരിച്ചു കഴിഞ്ഞ അവളെ ഞാനെന്തിനാ.......?അതല്ലേ. മരണ ശേഷമാണെങ്കിൽ പോലും ന്റെ ഗംഗ കളങ്കപ്പെട്ടവളാണെന്ന് സമൂഹം അറിയാതിരിക്കാൻ. സ്വന്തം പിതാവിന്റെ കുഞ്ഞാണ് അവളുടെ വയറ്റിൽ ഉള്ളതെന്ന് ആരും അറിയാതിരിക്കാൻ.ഒന്നരമാസമായി എന്റെ മോൾ അച്ഛന്റെ ഭീഷണിക്കു മുമ്പിൽ വഴങ്ങുന്നു എന്നത് ആരും അറിയാതിരിക്കാൻ......
അച്ഛൻ എന്നേയും ഗംഗയേയും ഗ്രീഷ്മയേയും കൊല്ലൂന്ന്  പറഞ്ഞിട്ടാണത്രെ കുടിച്ചു വന്നിട്ട് ന്റെ മോളെ..... അമ്മേ ഗ്രീഷ്മയെ നോക്കിക്കോണെ .അച്ഛനവളെ ഉമ്മവെക്കുമ്പോൾ പോലും എനിക്കു പേടിയാ.
ന്റെ മോളെഴുതിയ അവസാന വാക്കാണ്."

  എന്റെ ശബ്ദം നിലച്ചിരുന്നു. .ഒരമ്മയിലേക്കുള്ള പാതി ദൂരം ഞാനും താണ്ടിയിരിക്കുന്നു. ദൂരെ നിന്നു ചിരിക്കുന്ന നന്ദന്റെ മുഖത്തിന് ഗംഗയുടെ പിതാവിന്റെ ഛായയുണ്ടോ.?
      ചെറുതായി തെളിയുന്ന ടേബിൾ ലാംപിന്റെ വെളിച്ചത്തിൽ മുന്നിലെ പേപ്പറിലേക്ക് ഞാൻ എഴുതി തുടങ്ങി. എന്റെ അടിവയറ്റിലപ്പോഴും ഒരു കുഞ്ഞു കരം മുറുകെ പിടിക്കുന്നുണ്ടായിരുന്നു.. പറിച്ചെറിയരുതേ എന്ന യാചനയോടെ....

No comments: