Thursday, June 16, 2016

തീയില്‍ വിളക്കിയ ചങ്ങലക്കണ്ണികള്‍

ഇതെന്തൊരു ഇരുട്ടാണ്‌... എങ്ങും ഇരുട്ട്... കറന്റ്  പോയെന്നു തോനുന്നു... ഫാനിന്‍റെ നേര്‍ത്ത കാറ്റ് നിന്നു.. ഉഷ്ണം സഹിക്ക്യ വയ്യ... സാരില്ല... ഉള്ളു പൊള്ളുമ്പോള്‍ ശരീരം തണുത്തിട്ടും അല്ലെങ്കിലെന്ത് കാര്യം..
പണ്ടൊരിക്കല്‍ വെളിച്ചമണച്ചു, ഇരുട്ടിനെ പേടിച്ചു മുത്തശ്ശിയോട് ചേര്‍ന്ന് കിടന്നപ്പോള്‍ അവര്‍ പറഞ്ഞു...
“പേടിക്കണ്ട കുട്ട്യേ.. ഏതിരുട്ടിലും നമ്മെ കാക്കുവാന്‍ ഈശ്വരന്‍ ഉണ്ട്..”
“ഈശ്വരന്‍ എവിടെ മുത്തശ്ശി.. ഞാന്‍ കാണുന്നില്ലല്ലോ” എന്‍റെ ചെറിയ വായ ചോദിച്ചു...
“മുകളില്‍ കറങ്ങുന്ന ഫാന്‍ നീ കാണുന്നുണ്ടോ മാളൂട്ടി..?”
“ഇല്ല മുത്തശ്ശി...ഇരുട്ടല്ലേ.. എങ്ങനെയാ കാണുകാ..”
“എന്നാല്‍ മോള്‍ക്ക്‌ കാറ്റ് കിട്ടുന്നില്ലേ...”
“ഉവ്വ്..”
“ആ... അതുപോലാണ് ഈശ്വരനും...., നമ്മുടെ കണ്ണുകള്‍ക്ക്‌ കാണുവാന്‍ കഴിയില്ല.. എന്നാലും ഈശ്വരാനുഗ്രഹത്തിന്റെ കുളിര്‍മ നമുക്ക് എന്നും അനുഭവപ്പെട്ടുകൊണ്ടേ ഇരിക്കും..”

ഓര്‍മ്മകള്‍ക്ക് ഭംഗം വരുത്തിയതാ വീണ്ടും ഫാന്‍ കറങ്ങി  തുടങ്ങിയിരിക്കുന്നു.. എന്നിട്ടും ഇപ്പോഴും ശരീരമാകെ കനല്‍ക്കട്ടകള്‍ക്ക് മേലെ കിടന്നുരുളുന്ന പോലെയൊരു അവസ്ഥയിലാണ്..
മെല്ലെയെഴുന്നേറ്റു കട്ടിലിന്‍റെ തലഭാഗത്തുള്ള കൊത്തുപണികളില്‍ ചാരിയിരുന്നു... നേരമെന്തായെന്നറിയില്ല... വെളുത്തിട്ടുണ്ടാകില്ല... ഉണ്ടായിരുന്നെങ്കില്‍ അമ്മ ഇപ്പോള്‍ അടുക്കല്‍ വന്നിരുന്നേനെ.... എന്‍റെ കൈകളില്‍ മുറുകെ പിടിച്ചേനെ... ആ സ്പര്‍ശനത്തിലൂടെ ഞാന്‍ ജീവിച്ചിരിക്കുന്നുണ്ട് എന്ന് എന്നെ ഓര്‍മ്മപ്പെടുത്തിയിരുന്നേനെ...

ആ സ്പര്‍ശനം അടുക്കല്‍ ഇല്ലാതിരിക്കുമ്പോള്‍ മനസ്സില്‍ ഉറച്ചുപോയ കുറേ ഒര്മച്ചിത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ എന്‍റെ കൂട്ട്.. വെളിച്ചം കണ്ണിലുണ്ടായിരുന്ന കാലത്തെ തിളക്കങ്ങള്‍ മാത്രമാണ് ജീവിതത്തിന്‍റെ സമ്പാദ്യം... “ഹേ..!!! ഓര്‍മ്മകള്‍ എന്ന പേരില്‍ മനസ്സില്‍ ചിത്രപ്പണികള്‍ നടത്തുന്ന ദൈവങ്ങളെ.... നിങ്ങള്‍ക്കു നന്ദീ..”
സന്തോഷങ്ങളുടെ മാത്രം നാളുകളായിരുന്നു അതൊക്കെ... കാണാത്ത ഈശ്വരന്മാര്‍ കുളിര്‍ക്കാറ്റായ് മാത്രം വീശിയിരുന്ന നാളുകള്‍... കൂട്ടുകാരുടെ മുന്നില്‍ നീളന്‍ ഇടതൂര്‍ന്ന മുടിയിഴകള്‍ അഴിച്ചിട്ടു മറ്റു പെണ്‍കുട്ടികളെ കൊതിപ്പിച്ചു നടന്ന നാളുകള്‍... വാലിട്ടെഴുതിയ കണ്ണുകള്‍ ചില ഹൃദയങ്ങള്‍ കവരുന്നുണ്ട് എന്നറിഞ്ഞ് മനസ്സില്‍ പുഞ്ചിരിച്ചു ഒഴിഞ്ഞു മാറി നടന്ന കാലങ്ങള്‍... ക്ലാസ്സിലെ ഒഴിവുസമയങ്ങളില്‍ എല്ലാവരുടെയും നടുക്കിരുന്നു സ്വയം ഒരു ഗാനകോകില എന്ന് സങ്കല്‍പ്പിച്ചു പാടിയിരുന്ന കാലം... വേദിയില്‍ ചിലങ്കയണിഞ്ഞു കഴിയുമ്പോള്‍ സ്വയം മറന്നിരുന്ന കാലം...

എങ്കിലും ഏതു പൂവും ഒരിക്കല്‍ കൊഴിഞ്ഞു വീഴുമെന്നു ഞാന്‍ ഓര്‍ത്തില്ല... സ്വയം വാടി വീണതല്ല... കാറ്റത്ത്‌ ആടിയുലഞ്ഞ് പോഴിഞ്ഞതുമല്ല...  തീമഴ ആര്‍ത്തു പെയ്തപ്പോള്‍ ഉരുകി കരിഞ്ഞു പോയതായിരുന്നു ഞാനെന്ന ആ പെണ്‍പൂവ്...!!!

എന്‍റെ മനസ്സും ശരീരവും എന്റേത് മാത്രമെന്ന് തിരിച്ചറിഞ്ഞ്, വിശ്വസിച്ച് ആഹ്ലാദിച്ച് ആര്‍ത്തുല്ലസിച്ചു നടന്നിരുന്ന ഞാന്‍...!! നാട്ടില്‍ ചുറ്റുവട്ടത്തുള്ള ആ ചെറുപ്പക്കാരന്റെ നോട്ടവും സംസാരവും കോളെജില്‍ കാണാറുള്ള ഏതൊരു പയ്യന്റെയും തമാശകളായെ ഞാന്‍ എന്നും കണ്ടിരുന്നുള്ളൂ.... നാള്‍ക്കുനാള്‍ ആ ശല്യം അസഹ്യമായ്‌ തുടങ്ങിയപ്പോള്‍... മനപ്പൂര്‍വ്വം അവനുള്ള വഴികളില്‍ നിന്നു ഒഴിഞ്ഞുമാറി മാറി നടന്നു... സംസാരിക്കുവാന്‍ ശ്രേമിച്ചപ്പോളൊക്കെ അവനോടുള്ള എന്‍റെ അനിഷ്ടം ഞാന്‍ തെളിച്ചു പറഞ്ഞു... കോപിച്ചു... വെറുപ്പാണെന്നു അറിയിച്ചു..

ആ സന്ധ്യാ....എന്‍റെ ജീവിതത്തിലെ സൂര്യനും..അസ്തമിച്ച സന്ധ്യാ... ബസ്‌ ഇറങ്ങി നടക്കുമ്പോളും... നടവഴിയില്‍ എല്ലാം നല്ല വെളിച്ചമുണ്ടായിരുന്നു... വഴിയോരത്ത് ഒരു ഇടിവെട്ട് പോലെ അവനെ കണ്ടപ്പോള്‍ മുഖം തിരിച്ചു നടന്നൂ... പിടിച്ചു നിര്‍ത്തി മുന്നില്‍ വന്നു നിന്നപ്പോളും എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് എനിക്ക് മനസ്സിലായിരുന്നില്ല... ഒന്ന് കരയുവാനുള്ള സാവകാശം പോലും തരാതെ കയ്യിലിരുന്ന ആസിഡ് അയാള്‍ എന്‍റെ നേരെ ഒഴിച്ച് കഴിഞ്ഞിരുന്നു...

തീജലത്തില്‍ മുങ്ങി താഴുന്നത് പോലെ ഞാന്‍ പുളഞ്ഞു... എല്ലാം അവിടെ അവസാനിക്കുകയായിരുന്നു... എല്ലാം...!!!

സ്വബോധം തിരിച്ചു കിട്ടിയപ്പോള്‍ ഞാന്‍ അറിഞ്ഞു... എന്തിനെയും കാര്‍ന്നു തിന്നുവാന്‍ മാത്രം പോന്ന ആ ദ്രാവകം എന്‍റെ ശരീരത്തെ ഛിന്നഭിന്നമാക്കി കഴിഞ്ഞിരുന്നു എന്ന്... കണ്ണുകള്‍ കാതുകള്‍. മൂക്ക് താടി, കഴുത്ത് മാറിടം എല്ലാം എല്ലാം എരിഞ്ഞു പോയിരിക്കുന്നു എന്ന്... 3 മാസങ്ങള്‍ ഞാന്‍ രക്തമൊലിച്ചു കിടന്നു.... ഇന്നെന്‍റെ മൂക്കും കാതുകളും ജലപ്പരപ്പില്‍ ഒഴുകി നടക്കുന്ന കട്ടിയുള്ള ഒരു ദ്രാവകം പോലെ മാത്രമാണ്.. ചുമലിനോട് ചേര്‍ന്ന് പോയിരിക്കുന്ന എന്‍റെ കഴുത്ത് എനിക്ക് സമ്മാനിക്കുന്നത് അസഹ്യമായ വേദനയാണ്...ഇന്ന് ഞാനൊരു അന്ധയാണ്‌... ബധിരയാണ്... മൂകയാണ്...

എല്ലാറ്റിലുമുപരി ഞാന്‍ ഇന്നൊരു വിരൂപയാണ്... ഒരു മനുഷ്യന്‍റെ രൂപഭംഗികള്‍ ഒന്നുമില്ലാത്ത ഒരു മനുഷ്യജീവി... ഒന്ന് ചിരിക്കുവാനോ കരയുവാനോ ശേഷിയില്ലാത്ത... ഒരു മനുഷ്യ ജീവി... വേദന മറന്ന് ഇരിക്കുവാനോ നടക്കുവാനോ കിടക്കുവാനോ കഴിയാത്ത ഒരു മനുഷ്യ ജീവി... ഹൃദയം കൊണ്ട് എന്നോ മരിച്ചിട്ടും ഹൃദയമിടിപ്പ്‌ നിലയ്ക്കാതതിനാല്‍ ചിതയിലെരിയനുള്ള ഭാഗ്യം ലഭിക്കാത്ത മനുഷ്യ ജീവി...

ശബ്ദവും കാഴ്ചയും കേള്‍വിയും എനിക്കിന്നും തിരിച്ചു നല്‍കാത്ത ഈശ്വരന്‍മാരോട് ഞാനിടയ്ക്കു നന്ദി പറയാറുണ്ട്... എന്നെ തീമഴയില്‍ ആറാട്ടിയ ആ മനുഷ്യന്‍ നിയമം വിധിച്ച നീതിയുടെ ബലത്തില്‍ ഇന്നും ഒരു സ്വാതന്ത്ര്യ പറവയായ് പാറി നടക്കുന്നുണ്ട് എന്ന അറിവ്... ആ കാഴ്ച.. അവന്റെ അട്ടഹാസം , അവനെതിരെ പാലിക്കേണ്ടി വരുന്ന മൗനം... അതെല്ലാം കൂടുതല്‍ ഭീതിജനകം ആയിരിക്കുമെന്ന ബോധ്യം എന്നെ ഇന്നത്തെ അന്ധ-ബധിര-മൂക വിശേഷണങ്ങളില്‍ സംതൃപ്തയാക്കുന്നു..

ജീര്‍ണ്ണിച്ച ശരീരത്തിന്‍റെ അവസ്ഥ ഏതോ നിമിഷം മനസ്സിനെ താളം തെറ്റിച്ചപ്പോള്‍ ആരോ കാലുകളില്‍ ചാര്‍ത്തി തന്ന ചങ്ങല കൊണ്ടുള്ള വരണമാല്യം ഇന്നെനിക്ക് ഒരു അനുഗ്രഹാമാണ്... “ഭ്രാന്തി” എന്ന വിളിപ്പേര് ഇന്നെനിക്ക് തോന്നുംവണ്ണം വിലപിക്കാനുള്ള ഒരു സ്വാതന്ത്ര്യം ആണ്....

മ്മ്....കുറെയേറെ നേരമായ് നിങ്ങള്‍ മാലഘമാര്‍ എനിക്കായ് കാത്തു നില്‍ക്കുന്നു... എന്‍റെ കഥ കേട്ടിരിക്കുന്നു... ഇനി നമുക്ക് പോകാം... എന്നും കാറ്റായ് വന്നിരുന്ന ദൈവങ്ങള്‍ എനിക്കായി കാത്തു നില്‍ക്കുകയാവും.... ശരീരമെന്ന ഈ തടവറയില്‍ നിന്നും മോചിതയാകുവാന്‍ എനിക്കും തിടുക്കമായി.... നമുക്ക് പോകാം... ഇനി അവരെന്‍റെ ശരീരം എടുത്തുകൊള്ളട്ടെ... പാതികരിഞ്ഞ ഈ ദേഹം ഇനിയവര്‍ അഗ്നിക്കോ... മണ്ണിലെ പുഴുക്കള്‍ക്കോ സമര്‍പ്പിച്ചു കൊള്ളട്ടെ..

സുന്ദരമായ എന്‍റെ ആത്മാവിന് ഇനി എവിടയും പാറിപ്പറന്നു നടക്കാമല്ലോ....!!!

|| ആതിര

No comments: