Thursday, June 16, 2016

സുകൃതങ്ങളുടെ കടാക്ഷത്തിനപ്പുറം നിർവൃതിയുടെ ദീപ സതംഭങ്ങള്‍ ജ്വലിക്കുന്നു


ലഞ്ച് ബ്രേക്ക് കഴിഞ്ഞ് ഓഫീസിലേക്ക് തിരികെ നടക്കുമ്പോൾ ഉച്ച വെയിലിന്റെ ഗാംഭീര്യം കുറഞ്ഞു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. നഗരത്തിലെ വീതി കൂടിയ റോഡിനിരുവശത്തു കൂടിയും സ്കൂൾ വിദ്യാർത്ഥികൾ കൂട്ടമായും ഒറ്റയായും നടന്നു നീങ്ങുന്നുണ്ട്. അവർ പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നുണ്ടെങ്കിലും എന്റെ കാതുകൾക്ക് അതൊപ്പിയെടുക്കാൻ മാത്രം താൽപര്യമുണ്ടായിരുന്നില്ല. കാര്യമായി ഒന്നിലും ചിന്ത നടാതെ ഞാനങ്ങിനെ നടന്നു നീങ്ങവെ " ഏട്ടാ.. " എന്ന വിളി കേട്ട് എന്റെ ശ്രദ്ധ പിന്നോട്ട് തിരിഞ്ഞു. ഒരു ചെറിയ ആൺ കുട്ടിയാണ്. സ്കൂൾ യൂണിഫോമായ കടും നീല ടീഷർട്ടും കറുത്ത പാന്റ്സുമാണ് വേഷം. ചെവികളുടെ വശങ്ങളിൽ കൂടി ഒലിച്ചിറങ്ങുന്ന വിയർപ്പു ചാലുകൾ അവന്റെ കഴുത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. ഉച്ചവെയിലിൻ കാഠിന്യം കൊണ്ടാവണം അവന്റെ മുഖം കൂടുതൽ ഇരുണ്ടതായി എനിക്ക് തോന്നി.
"ഏട്ടാ... ഏട്ടന്റെ കയ്യിൽ ഒരു ഫിഫ്റ്റി റുപ്പീസ് എടുക്കാനുണ്ടാവുമോ... ? ഞാൻ തെല്ല് ആശ്ചര്യപ്പെടാതിരുന്നില്ല. ഞാൻ ചെറുതായൊന്ന് പുഞ്ചിരിച്ചു.
 "എന്തിനാ മോനേ.. "
" അത്... എനിക്ക് വല്ലാതെ വിശക്കുന്നു... എന്റെ കയ്യിലാണെങ്കിൽ പൈസയുമില്ല..." അൽപം ഒട്ടിയ വയറിൽ അശ്രദ്ധമായി കൈ പായിച്ചാണ് അവനത് പറഞ്ഞത്. മറുത്തൊന്നും ചിന്തിക്കാതെ ഞാൻ ജീൻസിന്റെ പിൻ പോക്കറ്റിൽ തിരുകിയ പേഴ് സെടുത്ത് തുറന്നു നോക്കി. പത്തു രൂപയുടെ നാല് നോട്ടുകളും ഒരു നൂറു രൂപാ നോട്ടും എന്നെ നോക്കി നാണം കുണുങ്ങി പതുങ്ങിയിരിക്കുന്നു.
" ഫിഫ്റ്റി ഇല്ലല്ലോടാ... ഫോർട്ടി മതിയാവൂലേ...??"
"ഫിഫ്റ്റി ഇല്ലാ...?? "
" ഇല്ലെടാ... ഫോർട്ടിയേ ഉള്ളൂ... വാ ഞാൻ ചോറ് വാങ്ങിച്ചു തരാം.."
തൊട്ടടുത്ത ഹോട്ടലിലേക്ക് ചൂണ്ടി ഞാൻ പറഞ്ഞു.
" വേണ്ട ഏട്ടാ... ഞാൻ ബസ് സ്റ്റാന്റിന്ന് കഴിച്ചോളാം.. അവിടുന്നാ എനിക്ക് ബസ് കയറേണ്ടത്.."
കുഞ്ഞുസ്വരത്തിൽ തെല്ല് അവിശ്വാസം നിഴലിച്ച ഞാൻ പുഞ്ചിരിയെ മാറ്റി നിർത്തി അവനിലേക്ക് അൽപം ഗൗരവ രൂപത്തിൽ നോക്കി.
"ഗോഡ് പ്രോമിസ് ... ഗോഡ് പ്രോമിസ്..."
അവൻ ദൈവനാമം കൊണ്ടെന്നിൽ കളഞ്ഞു പോയ വിശ്വാസത്തെ മുളപ്പിച്ചു.
"ഫോർട്ടി മതിയാ..? പിന്നെ എന്റെ പക്കലുള്ളത് ഹണ്ട്രഡിന്റെ നോട്ടാ... അത് പിന്നെ... "
"ആ മതി... "
ഞാൻ ആ നാല് പത്തുരൂപാ നോട്ടുകൾ അവനിലേക്ക് നീട്ടി. വിടർന്ന ചുണ്ടുകളും തെളിഞ്ഞ കണ്ണുകളുമായി  കാശ് വാങ്ങി "താങ്ക്സ് " പറഞ്ഞ് കൈ വീശിക്കൊണ്ടവൻ എന്നിൽ നിന്നുമകന്നു പോകുന്നത് ഞാൻ അൽപ നേരം നോക്കി നിന്നു. നാൽപ്പതു രൂപയിൽ തെളിഞ്ഞു കണ്ട അവന്റെ പുഞ്ചിരി എന്നിൽ ചെറുതല്ലാത്ത സന്തോഷം നിറച്ചു. പിന്നെ ഓഫീസിലെത്തി കണ്ണുകൾ കംപ്യൂട്ടർ മോണിറ്ററിലും വിരലുകൾ കീബോർഡിലുമായി പരതി നടക്കുമ്പോഴും മനസ്സ് ആ സ്കൂൾ കുട്ടിയുടെ കൈ പിടിച്ചു നീങ്ങുകയായിരുന്നു. എന്നാൽ ചെറുതായ നിലയിലെങ്കിലും അവനെയൊന്ന് പരിചയപ്പെടാൻ ഞാൻ മറന്നു പോയെന്ന കാര്യം എന്നിൽ ചെറിയൊരു നിരാശ സമ്മാനിച്ചു. അല്ലെങ്കിൽ പോട്ടെ.. ഞാനെന്തിനു ചിന്തിച്ച് ചിന്തിച്ച് കാടു കയറണം..? വിശപ്പിന് ജാതിയും മതവും ഉള്ളതായി എനിക്കറിവില്ല. എരിയുന്ന വയറിന് പേരുണ്ടാകുമോ..? അറിയില്ല... എന്റെ പ്രവാചകൻ (സ) പഠിപ്പിച്ചത് വിശക്കുന്നവനെ ഭക്ഷിപ്പിക്കാനാണു താനും. അവിടെ ജാതി-മത മനുഷ്യ -മൃഗ വ്യത്യാസം പറഞ്ഞിട്ടില്ലല്ലോ ...
അവനിപ്പോൾ എവിടെയായിരിക്കും..? ബസ് സ്റ്റാന്റിലെ ഭക്ഷണ ശാലയിലെ തീൻ മേശയിൽ ഇടതു കൈ കയറ്റി വെച്ച് ഇഷ്ടഭക്ഷണം കഴിക്കലായിരിക്കുമോ...? അതോ അമ്പതു രൂപ തികയ്ക്കാൻ പത്തു രൂപക്ക് വേണ്ടി ആരോടെങ്കിലും ദൈവ നാമം ഉച്ചരിക്കുന്നു ണ്ടാവുമോ...?
വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് നാട്ടിലേക്കുള്ള ബസ്സിൽ കയറി ഇരുന്നപ്പോഴും എന്റെ ചിന്തകൾ അലഞ്ഞു നടക്കുകയായിരുന്നു അമ്പത് രൂപ മൂല്യമുള്ള വിശപ്പിന്റെ ഉൾപ്പൊരുളുകൾ തേടി...
arshad chembilode kannur

No comments: