Thursday, March 17, 2016

ക്ലാസ്സ് മേറ്റ്സ് - ഒരു നല്ല കൂട്ടുകാരൻ


'ക്വാണ്ടം ഫിസിക്സ്' -ന്റെ അനന്തമായ സാധ്യതകളെയും , അതിന്റെ നിഗൂഡമായ രഹസ്യങ്ങളെയും പറ്റി റോസ് മേരി ടീച്ചർ ക്ലാസ്സ്‌ മുറിയിൽ ഞങ്ങളോട് വാചാലയാവുകയാണ്.  ടീച്ചർ ഇടയ്ക്കിടെ തിരിഞ്ഞു നിന്ന് ബോർഡിൽ എന്തൊക്കെയോ കാര്യമായി കുത്തി കുറിക്കുന്നുണ്ട്. നല്ല വില മതിക്കുന്ന മനോഹരമായ സാരികളിൽ , കല്യാണ വീട്ടിലൊക്കെ പോകുന്ന  പോലെ നല്ലോണം ഒരുങ്ങിയാണ് ടീച്ചർ എല്ലാ ദിവസവും ക്ലാസ്സിൽ വരാറ്.  എപ്പോഴും ക്ലാസ്സിൽ ഇടതു വശത്തിരിക്കുന്ന പെണ്‍ കുട്ടികളെ നോക്കി മാത്രം പഠിപ്പിക്കുന്ന , വലതു വശത്തിരിക്കുന്ന ഞങ്ങൾ ആണ്‍ കുട്ടികളെ മനപ്പൂർവം തിരിഞ്ഞു നോക്കാത്ത, മധ്യ വയസ്കയായ ടീച്ചറെ കൊണ്ട് അത് കൊണ്ട് തന്നെ ഞങ്ങൾ ആണ്‍ കുട്ടികൾക്ക് വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. 

എനിക്കെന്താണ് എന്നറിയില്ല ! ഫിസിക്സ്‌ / കെമിസ്ട്രി / മാത്ത്സ്, അങ്ങനെ വിഷയം ഏതുമാകട്ടെ , ക്ലാസ്സിൽ അധികം ശ്രദ്ധിച്ചു ഇരുന്നാൽ അപ്പോൾ ഉറക്കം വരും ! എന്നാൽ , ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഇരിക്കാം എന്ന് വെച്ചാലോ , പിന്നെ എപ്പോൾ ഞാൻ ഉറങ്ങി വീണു എന്ന് ചോദിച്ചാൽ മതി ! എന്നാൽ അങ്ങ് ഉറങ്ങാമെന്ന് വെച്ചാലോ , അതിലും ഉണ്ട് വലിയ പ്രശ്നം , കൂർക്കം വലി !!! ദൈവം ചിലപ്പോൾ ഇങ്ങനെയാണ് , നമ്മുടെ ജീവിതത്തിലെ ചതുരംഗ കളത്തിൽ ഇത് പോലെ എല്ലാ അറ്റത്തും ഓരോ ഉടായിപ്പ് പ്രശ്നങ്ങൾ കൊണ്ട് ചെക്ക് പറയും.  എങ്കിലും ഒരു ചെസ്സ്‌ പോരാളി ഒരിക്കലും തോൽക്കാൻ പാടില്ലല്ലോ. എന്റെ ഈ പ്രശ്നത്തിന് ഞാൻ കണ്ടെത്തിയ മാർഗം ദിവാ സ്വപ്നം എന്നതാണ്. ഓരോ ക്ലാസും തുടങ്ങുമ്പോൾ മുതൽ ഓരോ തീം വെച്ച് സ്വപ്‌നങ്ങൾ കാണുക , അങ്ങനെ ഓരോ ക്ലാസും ഉറങ്ങാതെ ആനന്ദകരം ആക്കുക...

അന്നത്തെ ദിവസം ഞാൻ കണ്ടെത്തിയ തീം എന്നത് 'കാതലർ ദിനം ' എന്നതായിരുന്നു. ക്ലാസ്സിലെ ഏതെങ്കിലും ഒരു സുന്ദരിയും ഞാനും കൂടി പ്രേമിച്ചു പാട്ടും പാടി നടന്നാൽ !!! 'ആഹാ , എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം' എന്ന് അറിയാമെങ്കിലും ഉറങ്ങാതെ ഇരിക്കാൻ വേണ്ടിയല്ലേ. അന്നത്തെ എന്റെ സ്വപ്ന നായികയെ തിരഞ്ഞെടുക്കാൻ വേണ്ടി പ്രാർഥിച്ചു ഇടതു വശത്തേക്ക് നോക്കി ഞാൻ ഇരിക്കുമ്പോൾ, ആദ്യം എന്നെ തിരിഞ്ഞു നോക്കിയ സുന്ദരി ശിൽപയെ ഞാൻ  ആ റോളിലേക്ക് തിരഞ്ഞെടുത്തു.  ഇനി ഞങ്ങള്ക്ക് വേണ്ടത് സ്വപ്നത്തിൽ റോസാ പൂക്കൾക്ക് ഇടയിൽ പാടി നടക്കാനുള്ള പാട്ട് ആണ്. ശെടാ , കാതലർ ദിനം സിനിമയിൽ സോനാലിയും നായകനും പാടുന്ന പാട്ടുണ്ടല്ലോ , പാട്ട് നാവിന്റെ തുമ്പത്ത് ഉണ്ട് ! പക്ഷെ ഇപ്പോൾ കിട്ടുന്നില്ല ! സ്വപനത്തിൽ ആണെങ്കിൽ ശില്പ മേക്കപ്പൊക്കെ ചെയ്തു നല്ല ഉടുപ്പൊക്കെ ഇട്ടു പൂന്തോട്ടത്തിൽ നിൽപ്പാണ്, ഈ പിരെട് തീരും മുൻപ് പാട്ട് കിട്ടിയില്ലേൽ എന്റെ സ്വപ്നം പൊളിയും. എന്റെ അടുത്തിരുന്നു ഉറങ്ങുന്ന തോമാച്ചായനെ തട്ടി ഉണർത്തി ഞാൻ വേഗം ചോദിച്ചു, "എടാ , കാതലർ ദിനത്തിലെ പൂന്തോട്ടത്തിലെ ആ റോസാപ്പു പാട്ടെതാടാ... " . നല്ല ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന തോമസ്‌ ടീച്ചർ ചോദ്യം ചോദിച്ചതിനു ആരോ തട്ടി ഉണർത്തിയത് ആണെന്ന് കരുതി ചാടി എഴുന്നേറ്റു ക്ലാസ്സിൽ നിന്ന് ഉറക്കെ മറുപടി പറഞ്ഞു.... ... "റോജാ , റോജാ , എൻ കാതൽ റോജാ  ".. !!!!!

പിന്നീട് അവിടെ സംഭവിച്ച പ്രധാന മൂന്നു സംഭവങ്ങൾ ചുവട്ടിൽ കൊടുക്കുന്നു ,

1. തന്റെ വർഷങ്ങൾ ആയുള്ള അധ്യാപന  ജീവിതത്തിൽ ആദ്യമായാണ് ഒരു വിദ്യാർഥി എഴുന്നേറ്റു തന്നെ കമന്റ് അടിക്കുന്നത് എന്ന് സുന്ദരിയായ റോസ് മേരി ടീച്ചർ പ്രിൻസിപാളിനോട് 

2. ക്ലാസ്സിലെ ടീച്ചറിനെ വരെ കമ്മന്റ് അടിച്ചു സസ്പെൻഷൻ കഴിഞ്ഞു തിരിച്ചെത്തിയ തോമാച്ചായനു കോളേജിൽ പുതിയ ഇരട്ടപേര് 'ഋഷി സൃങ്കൻ' എന്ന് കൂട്ടുകാർ 

3.  "എന്നാലും നീ എന്താ അളിയാ ഇങ്ങനെ ടീച്ചറോട്‌ ഒക്കെ.... " എന്ന്  ഒന്നുമറിയാത്ത മാന്യനായ ഞാൻ 

പിന്നീട് പല പല ബോറ് ക്ലാസ്സുകളിലും എല്ലാരും ഇരുന്നു ഉറങ്ങുമ്പോൾ , ഒറ്റയ്ക്ക് ഉറങ്ങാതെ കടിച്ചു പിടിച്ചു ഇരിക്കുന്ന എന്റെ പാവം തോമസിനെ കാണുമ്പോൾ മനസ്സ് പറയും , അവനോടു ആ സത്യം പറഞ്ഞാലോ ? 

പക്ഷെ പിന്നെ തോന്നും. വേണ്ട , അവനെങ്കിലും ഉറങ്ങാതെ ഇരുന്നു ക്ലാസ്സിൽ ശ്രദ്ധിച്ചു പഠിച്ചു നന്നാവട്ടെ. ഒരു നല്ല കൂട്ടുകാരൻ എന്ന നിലയിൽ ഞാൻ ഇത്രയെങ്കിലും അവനോടു ചെയ്യണ്ടേ !

No comments: