Thursday, January 7, 2016

ചൂരല്‍ കഷായം

ചൂരലുകളുടെ പാഠമാണ്  ഇന്ന് ഓർത്തത്. ബാല്യത്തിലും ശൈശവത്തിലും വീട്ടിൽ നിന്നും സ്കൂളിൽ നിന്നും കിട്ടിയിരുന്ന ചൂരൽക്കഷായത്തിന്റെ കയ്പ്പ് കാരണം അന്നൊക്കെ മനസ്സിൽ തികട്ടി വന്നിരുന്ന വെറുപ്പും ഭയവും ഛർദ്ദിച്ചു തളർന്നുപോകുമായിരുന്നു.

സ്വപ്നത്തിലും ചിന്തകളിലും ഒരു കൊള്ളിയാൻ പോലെ ചൂരൽ തല്ലു ശബ്ദം  ഇടിവെട്ടോടെ കടന്നുപോകുമായിരുന്നു .

കാലിൽ അവശേഷിയ്ക്കുന്ന ചൂരൽ രേഖയിലൂടെ വേദന കടിച്ചമർത്തി തടവുമ്പോൾ ദേഷ്യം മൂർദ്ധന്യത്തിൽ . തല്ലിയ ഗുരുക്കളെ , ബന്ധുക്കളെ ശപിയ്ക്കാൻ പോലും തയ്യാറാകുന്ന മനസ് . പക്ഷെ കാലങ്ങൾ പിന്നിട്ടു ഇവിടെ എത്തി നിൽക്കുമ്പോൾ നമ്മുടെ മനസ്സിൽ തന്നെ ഇടയ്ക്കിടെ ചെകുത്താന്റെ വികൃതികൾ കൊണ്ട് തലപൊക്കുന്ന തിന്മയുടെ മുളകളെയും സമൂഹത്തിൽ കാണുന്ന തിന്മകളുടെ ഭീകരമായ കാടുകളെയും നമുക്കാകുന്ന പോലെ തല്ലിക്കെടുത്താൻ മനസിന്റെ കൈകളിൽ വരുന്നതും അതെ ചൂരലുകൾ തന്നെ..
 ശരിയാണ്. പഴയ ചൂരൽക്കഷായം നേർവഴിയിലൂടെ നടക്കാൻ കൂട്ടാക്കാത്ത അനുസരണയില്ലാത്ത നമുക്കുള്ളിലെ നമ്മെ ശരിയായ വഴി തെളിയ്ക്കാൻ വേണ്ടിയുള്ളത് തന്നെയായിരുന്നു .
 ഒരു ചൂരലും മരിയ്ക്കുന്നില്ല. അവ കാലത്തോടൊപ്പം ,നമ്മോടൊപ്പം യാത്ര ചെയുകയാണ് . തെറ്റുകളിൽ നാം സ്വയം കുമ്പസാരം ചെയുമ്പോൾ ശരിയ്ക്കും ആ ചൂരലെടുത്തു നാം തന്നെ നമ്മെ തല്ലുകയാണ്. ഇപ്പോഴാണ് മനസിലാകുന്നത് പഴയ കഷായത്തിന്റെ 'മധുരം'....

നിങ്ങളിലെ ചൂരൽ കൂടുതൽ പ്രവർത്തന ക്ഷെമത  കൈവരിച്ചു  ഈ സമൂഹത്തിന്റെ തിന്മയിൽ ആഞ്ഞു ആഞ്ഞു പതിക്കാൻ ശക്തി നൽകാൻ  ഇടയാവട്ടെ എന്ന് ദൈവത്തോട് പ്രാർതഥിക്കുന്നു ...

നന്മകളും  വീണ്ടും  നല്ലൊരു ദിനവും നല്ലൊരു വാരന്ത്യവും എന്റെ സുഹൃത്തുക്കൾക്ക്‌  ആശംസിച്ചുകൊണ്ട്..

No comments: