Sunday, November 1, 2015

മാനസാന്തരം

ഒരിക്കൽ ഒരു കള്ളൻ ധനികനും, വിശ്വാസിയുമായ ഒരു മനുഷ്യന്റെ വീട്ടിൽ മോഷണത്തിനായി ചെന്നു.

രാത്രി 11 മണി കഴിഞ്ഞു. ഗൃഹനാഥൻ തന്റെ ഭാര്യയുമായി സംഭാഷണത്തിലാണ്..

ഗൃഹനാഥൻ : "അള്ളാഹു നമുക്ക് ധാരാളം അനുഗ്രഹങ്ങൾ ചെയ്തു. നാം അതിന് നന്ദിയുള്ളവരാകണം. അതിൽപെട്ട അനുഗ്രഹമാണ് നമ്മുടെ പുന്നാര മോൾ.. അവൾ സൌന്ദര്യവതിയാണ്. അവൾക്ക് വേണ്ട ഭൗതികവും, പാരത്രികവുമായ അറിവ് നൽകി. ഇനി എനിക്ക് ഒരു ബാദ്ധ്യത കൂടി ബാക്കി ഉണ്ട്... അവൾക്ക് യോജിച്ച ഒരു പുതുമാരനെ കണ്ടെത്തണം... അതിനായി നാളെ മുതൽ ഞാൻ അല്ലാഹുവിന്‍റെ ഭവനത്തിൽ അന്വേഷിക്കും.. 40 ദിവസം പള്ളിയിൽ ജമാഅത്ത് നിസ്ക്കാരത്തിൽ പങ്കെടുക്കുന്ന ആളായിരിക്കും എന്റ മരുമകൻ.. അവനായിരിക്കും എന്റ അവകാശി"....

ഭാര്യ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് സന്തോഷം പ്രകടിപ്പിച്ചു..
അവൾ പ്രാർത്ഥിച്ചു... "അല്ലാഹുവേ.... എന്റെ ഭര്‍ത്താവിന്റെ ആഗ്രഹം സഫലീകരിച്ച് കൊടുക്കേണമേ....."

അദ്ദേഹം ഭാര്യയുടെ പ്രാർത്ഥനയ്ക്ക് ആമീൻ പറഞ്ഞു....

ഇതെല്ലാം സശ്രദ്ധം കേട്ട് കൊണ്ടിരുന്ന കള്ളൻ വിചാരിച്ചു.... നാളെ സുബഹി മുതൽ 40 ദിവസം പള്ളിയിൽ പോയി നിസ്ക്കരിക്കണം.... ഇയാളുടെ മകളെ വിവാഹം കഴിച്ചാൽ പിന്നീടുള്ള കാലം സുഖമായി ജീവിക്കാമല്ലൊ... ഇങ്ങനെ കഷ്ടപ്പെട്ട് രാത്രി ഉറക്കമിളച്ച് എത്ര നാൾ കഴിഞ്ഞുകൂടും.....

പിറ്റേന്ന് സുബഹി മുതൽ കള്ളൻ പള്ളിയിൽ വരാൻ തുടങ്ങി... ഫർളും സുന്നത്തും ഒന്നും വിടാതെ അയാൾ നിസ്ക്കരിച്ചു..

ദിവസങ്ങള്‍ നീങ്ങി കൊണ്ടിരുന്നു.. ധനികൻ അയാളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.. ..

10 ദിവസം കഴിഞ്ഞപ്പോഴേക്കും അയാൾ ഖുർആൻ പാരായണവും തുടങ്ങി...

ഇടയ്ക്ക് ധനികനെ നോക്കി പുഞ്ചിരി തൂകി..

കള്ളന് സ്വയമായി ഒരു മാറ്റം വന്നത് പോലെ തോന്നി..

30 ദിവസം കഴിഞ്ഞപ്പോഴേക്കും അയാൾ കൂടുതലായി പള്ളിയിൽ തന്നെ കഴിഞ്ഞുകൂടി.. അയാൾ മോഷണം അവസാനിപ്പിച്ചു.. നല്ല ജോലി കണ്ടെത്തി. കഴിഞ്ഞുപോയ കാലങ്ങളിൽ താൻ ചെയ്തു കൂട്ടിയ പാപങ്ങൾ ഓർത്ത് അയാൾ കരഞ്ഞു.. അല്ലാഹുവിലേക്ക് തൌബ ചെയ്തു മടങ്ങി ..

35 ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം ആകെ മാറി...

ധനികൻ വലിയ സന്തോഷത്തിലായി...

അയാൾ സ്വയം പറഞ്ഞു.. ഇയാൾ തന്നെ മതി... നല്ല സ്വഭാവം... ചിട്ടയായ ജീവിതം...

40-ാമത്തെ ദിവസം സുബഹി നിസ്ക്കാരത്തിന് ശേഷം ധനികൻ അയാളോട് തന്റെ ആഗ്രഹം അറിയിച്ചു...

കേട്ടമാത്രയിൽ അദ്ദേഹം പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു... ദയവുചെയ്ത് എന്നെ നിർബന്ധിക്കരുത്... എനിക്കാവില്ല....അള്ളാഹുവും ഞാനുമായുള്ള ബന്ധത്തിന് അത് തടസ്സമാകും.... എന്റെ ആരാധനകൾക്ക് കോട്ടം വരുത്തും....അല്ലാഹു നിങ്ങളുടെ മകൾക്ക് നല്ല ഒരു ഭർത്താവിനെ തരും... എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത് നിങ്ങളാണ്... അതിന് അർഹമായ പ്രതിഫലം നിങ്ങള്‍ക്കുണ്ട്... എല്ലാം നിങ്ങള്‍ക്ക് അല്ലാഹു പരലോകത്ത് വെച്ച് അറിയിച്ചു തരും....
പിന്നീട് ആ ധനികനായ മനുഷ്യൻ തന്റെ പൊന്നോമന മകളെ അദ്ദേഹം അയാൾക്ക് തന്നെ ആഗ്രഹിച്ച രീതിയിൽ വിവാഹം നടത്തി...

പ്രിയമുള്ളവരേ.....നമ്മിൽ പെട്ട എത്രയോ ആളുകളാണ് നിസ്കാരം ഉപേക്ഷിച്ചുകൊണ്ട് ജീവിക്കുന്നത്...പുരുഷന്മാർക്ക് ഒരു നിലക്കും നിസ്കാരം ഒഴിവാക്കാൻ പാടില്ല... നിന്ന് നിസ്ക്കരിക്കാൻ കഴിയാത്തവർ ഇരുന്ന് നിസ്ക്കരിക്കട്ടെ... ഇരുന്നു കൊണ്ട് നിസ്ക്കരിക്കാൻ കഴിയാത്തവർ കിടന്നു കൊണ്ട് നിസ്ക്കരിക്കട്ടെ..... അതിനും കഴിയാത്തവർ കണ്ണ് കൊണ്ട് നിസ്ക്കരിക്കട്ടെ... അതിനും കഴിയാത്തവർ ഹൃദയം കൊണ്ട് നിസ്ക്കരിക്കട്ടെ...സ്ത്രീകൾക്ക് ചില സന്ദർഭങ്ങളിൽ നിസ്കാരം ഒഴിവാക്കാമെങ്കിലും പുരുഷന്മാർക്ക് ഒരിക്കലും ഒഴിവാക്കാൻ പാടില്ല....

അല്ലാഹു ഇഷ്ടപ്പെട്ട ദാസനായി ജീവിച്ചുമരിക്കാൻ നമുക്ക് ഓരോരുത്തര്‍ക്കും നാഥൻ തൌഫീഖ് ചെയ്യട്ടെ!!! ആമീൻ........

(ബഷീർ ഫൈസി ദേശമംഗലം)

No comments: