Tuesday, November 24, 2015

സ്വന്തം വീട്ടിലെ വിരുന്നുകാർ

പ്രവാസിയുടെ പെട്ടിക്ക് പഴയ പ്രതാപങ്ങളില്ല ഫോറിന്‍ പെര്‍ഫ്യൂമിന്‍റെ ഗന്ധമില്ല നാട്ടുകാരുടെ പരിഗണന പട്ടികയില്‍ നമുക്ക് ഇടങ്ങളില്ല, അല്ലെങ്കിലും ഓര്‍മ്മകളുടെ ചതുപ്പുനിലങ്ങളില്‍ കാലുകള്‍ പൂണ്ടു പോയവന്‍റെ നിസ്സഹായതയ്ക്ക് നാം നല്‍കിയ ഓമനപ്പേരാണെല്ലോ പ്രവാസി.

കെട്ടിക്കഴിയുമ്പോള്‍ കണക്ക്കൂട്ടലുകള്‍ തെറ്റുന്ന പെട്ടിയുടെ പേരാണ് ലഗേജ്, ലഗേജിനും ഒരു 'Language' ഉണ്ട് പലരും വായിക്കപ്പെടാതെ പോയ സഹന സന്തോഷത്തിന്‍റെ ലിപിയില്ലാത്തൊരു ഭാഷ

"ഗള്‍ഫില്‍ പോകേണ്ടി വന്നവന്‍" ഗതികേടിന്‍റെ പര്യായം പോലെ പുതിയ കാലം പ്രവാസിയെ വായിക്കപ്പെടുന്നു ? എങ്കിലും ഗള്‍ഫുകാരന്‍റെ പെട്ടിയില്‍ പ്രതീക്ഷയുടെ തിളക്കം കാണുന്ന പെങ്ങന്മാരും കുട്ടികളും കാലങ്ങളെ അതിജയിക്കുന്നുണ്ട് ഒന്നുമില്ലെന്ന് പറഞ്ഞാലും എന്തെങ്കിലും ഇല്ലാതിരിക്ക്വോ......?

ഈത്തപ്പഴം, ബദാം, പിസ്ത, ടാങ്ക്, നിഡോ, ഫൈരി സോപ്പ്, പേസ്റ്റ്, അത്തര്‍, ബോഡി സ്പ്രേ, ഉണക്കമുന്തിരി, ചോക്ലേറ്റ്, മിഠായി,
പേന, പെന്‍സില്‍, മുസല്ല, തസ്ബി, ടൈഗര്‍ ബാം, ഒലീവെണ്ണ, സംസം, മുടിമ്മ കുടുക്കി (ഹെയര്‍ പിന്‍),
ലൈറ്റിട്ട് പായുന്ന കളിപ്പാട്ടം, മൂന്നാല് പാവക്കുട്ടി
ഒരു ശരാശരി പ്രവാസിയുടെ പെട്ടിയില്‍ ഇടം പിടിക്കുന്ന വസ്തുക്കള്‍ വീട്ടിലെത്തി കൃത്യമായി വീതം വെച്ചാലും ചുറ്റും കൂടിയവരുടെ മുഖത്ത്നിന്നും വായിച്ചെടുക്കാനാവും
"ഇതാപ്പോ ജ് കൊണ്ടന്നത് ഇതോക്കെ തിരൂരും കിട്ടൂലെ "

ലാപ്പ്‌ടോപ്പ്, ടാബ്‌, മൊബൈല്‍,LCD ടിവി ആഡംബര വാച്ച് നാട്ടിലെ പോക്കറ്റ് റോഡുകളില്‍ പോലും 'ഗള്‍ഫ് ബസാറുകള്‍'മുളച്ചു പൊന്തിയതും ലുലുമാളില്‍ പോയി സെല്‍ഫിയെടുക്കുന്ന പേരക്കുട്ടിയുടെ വളര്‍ച്ചയും നാമറിയാതെ പോയി ?

പെട്ടിയുടെ പാതിയും പേരെഴുതിയ പഞ്ഞിക്കെട്ടുകള്‍ വീട്ടില്‍ കൊണ്ടുകൊടുക്കാന്‍ സഹമുറിയന്മാര്‍ തന്നുവിട്ട തൂക്കമേറിയ സാധനങ്ങള്‍ വെണ്ടയ്ക്കാക്ഷരത്തില്‍ പേരെഴുതിയാലും ചില പെങ്ങന്മാര്‍ നിശബ്ദമായി വായിച്ചെടുക്കും
"അതോന്‍റെ പെണ്ണ്ങ്ങളെ പെരേല്‍ക്ക്ള്ളതാ"

സ്വന്തം ഭാര്യക്ക് വേണ്ടി വാങ്ങിവെച്ചവ ഹാന്‍റ് ബാഗിന്‍റെ അടിയില്‍ മറവ് ചെയ്യുക മുകളില്‍ മുഷിഞ്ഞ തുണിയിട്ട് മൂടുക ബാഗിന്‍റെ സിബ്ബ് തുറന്ന് വീട്ടുകാരെ കാണിക്കുക 'നോക്ക് മൊത്തം അലക്കാനുള്ളതാ' എക്സ്പീരിയന്‍സുള്ള പ്രവാസിയുടെ പരമ്പരാഗത ശീലങ്ങള്‍

നിനക്ക് വേണ്ടി മാത്രം ഞാനൊന്നും കൊണ്ടുവന്നില്ലല്ലോ മറുപടിയെന്നോണം ഒട്ടും പരിഭവമില്ലാതെ അവളെന്നെ നെഞ്ചോട് ചേര്‍ത്തു വെച്ചു
ഹൃദയമിടിപ്പിന് പകരം വരിമറന്നൊരു പാട്ടിന്‍റെ താളം ഉയര്‍ന്നു കേട്ടു സുന്ദര മിഴികളില്‍ സന്തോഷത്തിന്‍റെ പെരുമഴക്കാലം..

"പട്ടുതൂവാല വേണ്ട.. അത്തറിന്‍ മണം വേണ്ടാ..
നെഞ്ചിലെ ചൂട് മാത്രം മതിയിവള്‍ക്ക്"

ചക്രങ്ങള്‍ ഊരിത്തെറിച്ച് വികലാംഗരായ കളിപ്പാട്ടങ്ങള്‍ ബാറ്ററി തീര്‍ന്ന് മുറ്റത്ത് മലര്‍ന്ന് കിടക്കുന്നു സ്വന്തം വീട്ടില്‍ വിരുന്നുകാരനാവുന്ന പ്രവാസിയുടെ അവധിദിനങ്ങള്‍ അവനറിയാതെ കൊഴിഞ്ഞു തീരുന്നു.

No comments: