Thursday, November 5, 2015

ഓര്‍മകളിലെ ആതിര

പുതിയ റൂമിന്‍റെ എഗ്രിമെന്‍റ് കഴിഞ്ഞ് സാധനങ്ങള്‍ ഷിഫ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു അന്ന് ഞങ്ങള്‍. പുതിയ റൂം എടുത്തിരുന്നത് ഏഴാം നിലയിലാണ്. ലിഫ്റ്റ് ഉണ്ടെങ്കിലും അത് ചില സമയങ്ങളില്‍ മാത്രമേ വര്‍ക്ക് ചെയുകയുള്ളൂ. അന്നും ആ ലിഫ്റ്റ് പണി മുടക്കി. രണ്ട് കയ്യിലും നിറയെ സാധനങ്ങളുമായി ഞാന്‍പടികള്‍ കയറി. അഞ്ചാം നില വരെ വന്നപ്പോളേക്കും ഞാന്‍ ശരിക്കും കിതച്ചു. വലിയ ഒരു ദീര്‍ഘശ്വാസം വലിച്ച് കുറച്ച് നേരം ഞാന്‍ ഭിത്തിയില്‍തന്നെ ചാരിയിരുന്നു.
"അങ്കിള്‍ഞാന്‍സഹായിക്കണോ?"
വളരെ വാല്‍സല്യം തുളുമ്പുന്ന ഒരു ശബ്ദം. ഞാന്‍ തിരിഞ്ഞു നോക്കി. അഞ്ചാം നിലയുടെ ഇടനാഴിയിലെ ഇരുമ്പഴികളില്‍ പിടിച്ച് നില്‍ക്കുകയാണ് ഒരു കൊച്ചു പെണ്‍കുട്ടി. നെറ്റിയില്‍ കറുത്ത പോട്ട്  തൊട്ടിരിക്കുന്നു. സ്വര്‍ണ്ണ നിറമുള്ള രണ്ടു തിളങ്ങുന്ന കണ്ണുകള്‍, നിഷ്കളങ്കത നിറഞ്ഞ ചിരി. ആ കുട്ടിയെ ഒന്നു നോക്കി ചിരിച്ചു കൊണ്ടു ഞാന്‍വീണ്ടും പടികള്‍  കയറാന്‍ തുടങ്ങിയപ്പോള്‍ എന്‍റെ കൈയിലിരുന്ന ചില ബുക്കുകള്‍ കൈയ്യില്‍നിന്ന് വഴുതി നിലത്തു വീണു. കൈ നിറയെ സാധനങ്ങള്‍ ആയത് കൊണ്ട്, അതു എടുക്കുവാന്‍എനിക്ക് ഒരു നിര്‍വാഹവുമില്ല. അപ്പോഴേക്കും ആ കുട്ടി ഓടിവന്ന് അതെല്ലാം ഭംഗിയായി പെറുക്കിയെടുത്ത് എന്നോട് പറഞ്ഞു
"അങ്കിള്‍നടന്നോളൂ ഞാന്‍ പിറകെ വരാം".
അങ്ങനെ ഒരു വിധത്തില്‍ ഞാന്‍ എന്‍റെ റൂമിലെത്തി. കൈയിലിരുന്ന സാധനങ്ങള്‍ എല്ലാം നിലത്ത് വെച്ച് ഞാന്‍ നടുവ് നിവര്‍ത്തി. അപ്പോഴേക്കും അവള്‍ ആ ബുക്കുകള്‍ ഒക്കെ മേശപ്പുറത്ത് വെച്ച് കഴിഞ്ഞിരുന്നു.
"എന്താണ് രാജകുമാരി ഈ സഹായത്തിന് ഞാന്‍നിനക്ക് തരേണ്ടത്."
അവളുടെ താടിയില്‍ പിടിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു. തെല്ല് നേരം അലോചിച്ചിട്ട് അവള്‍ ചാടി പറഞ്ഞു.
അങ്കിള്‍എനിക്ക് ഒരു "ഗുല്‍ഫി" വാങ്ങി തരാമോ?
പിന്നെന്താ മോളെ. ഞാന്‍ അവളെയും കൂട്ടി താഴെ കടയില്‍ ചെന്ന് ഒരു ഗുല്‍ഫി വാങ്ങി കൊടുത്തു. വെണ്ണക്കല്ല് പോലുള്ള അവളുടെ പല്ലുകാട്ടി ചിരിച്ച്
"വളരെ നന്ദി അങ്കിള്‍" എന്നും പറഞ്ഞു അവള്‍ ഓടിപ്പോയി. അപ്പോഴാണ് ഞാന്‍ഓര്‍ത്തത് ആ കുട്ടിയുടെ പേര് പോലും ചോദിച്ചില്ലാല്ലോ എന്ന്.!!
അങ്ങനെ ദിവസങ്ങള്‍ കുറേ കടന്നുപോയി. ഒരു ദിവസം നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞു വരുമ്പോള്‍ ലിഫ്റ്റിന്‍റെ അടുത്ത് അവളെ ഞാന്‍കണ്ടു. ആ കൊച്ചു സുന്ദരിയെ!!അവളുടെ അടുത്തായി ഭിത്തിയില്‍ചാരി ഒരു രൂപവും.? ഞാന്‍ സൂക്ഷിച്ചു നോക്കി, താടിയും മുടിയും അലസമായി വളര്‍ത്തിയ ഒരു മനുഷ്യന്‍, അയാള്‍ എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ട്. ഞാന്‍ കുറച്ചു കൂടി അടുത്തേക്ക് ചെന്നു. മൂക്കിലേക്ക് തുളച്ചു കയറുന്ന ചാരായത്തിന്‍റെ മണം. ആള് നല്ല ഫിറ്റ് ആണ്. ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി, ചെറിയ ചമ്മലിന്‍റെ മുഖവരയോടെ അവള്‍ എന്നോട് ചോദിച്ചു
" അങ്കിള് ഈ ലിഫ്റ്റില്‍ കേറ്റി റൂമിലൊന്ന് എത്തിക്കുവോ?"
ആ ഭിത്തിയില്‍ ചാരിയിരിക്കുന്ന മനുഷ്യനെ നോക്കി ഞാന്‍ അവളോടു ചോദിച്ചു
"ആരാ ഇത്"
തല മെല്ലെ കുനിച്ചുകൊണ്ടു അവള്‍പറഞ്ഞു.
"എന്‍റെ... എന്‍റെ അച്ഛനാണ്".
ഒരു വിധം അയാളെയും പിടിച്ച് ഞാന്‍ അവളുടെ റൂം വരെ എത്തിച്ചു.ഒരു
കൈകുഞ്ഞിനെയും പിടിച്ച് അവളുടെ അമ്മ സ്വീകരണമുറിയില്‍ തന്നെ ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടതും കുട്ടിയെ തൊട്ടിലില്‍ കിടത്തിയിട്ട് അവര്‍ ഓടി വന്ന് അയാളെയും പിടിച്ച് അകത്തെ മുറിയിലേക്ക് പോയി.
"അങ്കിള്‍വളരെ നന്ദിയുണ്ട് കേട്ടോ"
"ആഹാ.നനന്ദി മാത്രേയുള്ളൂ.ഈ സഹായത്തിന് എനിക്ക് എന്താ തരുക." ഞാന്‍ കളിയായി ചോദിച്ചു.
ആ കൊച്ചുകുട്ടി എന്നെ കെട്ടിപ്പിടിച്ച് എന്‍റെ കവിളില്‍ ഒരു ഉമ്മ തന്നിട്ട് പറഞ്ഞു
" എന്‍റെ കൈയില്‍ ഇതേ ഉള്ളൂ അങ്കിള്‍"
അവളുടെ തലയിലെ ചുരുണ്ട മുടിയില്‍ തഴുകി ഞാന്‍ചോദിച്ചു
"എന്താ നിന്‍റെ പേര് ?"
പെട്ടെന്ന് കിട്ടിയ ഒരു ചുറു ചുറുക്കോടെ അവള്‍ ചാടി പറഞ്ഞു.
"ആതിര വാസുദേവ്. ഇത് എന്‍റെ കുഞ്ഞ് അനിയന്‍, ആദിത്യ വാസുദേവ്"
തൊട്ടിലില്‍കിടക്കുന്ന കുട്ടിയെ ചൂണ്ടി പറഞ്ഞു.
അപ്പോഴേക്കും അവളുടെ അമ്മ അങ്ങോട്ട് വന്നു
"ബുദ്ധി മുട്ടിച്ചതില്‍ ക്ഷമിക്കണം സര്‍. എന്നും ഇതാ പ്രകൃതം"
വളരെ സങ്കടത്തോടെ ആണ് ആ സ്ത്രീ അത് പറഞ്ഞത്.
"ഹേയ്. ഒക്കെ ശരിയാകും"
എന്നു പറഞ്ഞു ഞാന്‍ റൂമിലേക്കു പോന്നു.
പിന്നെ പിന്നെ ആതിരയെ കാണുന്നത് പതിവായി
തിളങ്ങുന്ന സ്വര്‍ണ കണ്ണുകളും..വിടര്‍ന്ന ചിരിയുമായി.. അഞ്ചാം നിലയുടെ ഇടനാഴിയില്‍ "അങ്കിള്‍" എന്ന വിളിയുമായി അവള്‍ എപ്പോഴും അവിടെ ഉണ്ടാവും. കാണുമ്പോളൊക്കെ എന്‍റെ കൈയ്യില്‍ അവള്‍ക്ക് കൊടുക്കാന്‍ ചോക്ലേറ്റ്സ് ഉണ്ടാവും.
അങ്ങനെ ഒരു ഓഫ് ഉള്ള ദിവസം രാവിലെ പള്ളിയില്‍ ഒക്കെ പോയിട്ട് വരുന്ന വഴിക്ക് ആതിരയേയും അവളുടെ അമ്മയേയും കണ്ടു
"അങ്കിള്‍ ഞങ്ങള്‍ എനിക്ക് ഡ്രസ് എടുക്കാന്‍പോകുവാ "
വളരെ സന്തോഷത്തോടെയാണ് അവള്‍അത് പറഞ്ഞത്.
"എന്താ വിശേഷിച്ച് ?" ഞാന്‍തിരക്കി.
"അതേ, എനിക്ക് നാളെ കഴിഞ്ഞ് അഞ്ച് വയസ്സാവും "
വലിയ ഗമയോടെയാണ് അവളത് പറഞ്ഞത്.
"അയ്യടാ..ആള് അങ്ങ് വലുതായിപ്പോയല്ലോ "
"പിന്നെ ഞാനെന്താ കുട്ടി ആയിട്ടേ ഇരിക്കൂ. ഞാന്‍ ഇനി സ്കൂളിലോക്കെ പോയി, അങ്കിളിനെപ്പോലെ പഠിച്ച് വല്യ ഡോക്ടര്‍ ആകും"
"ആഹാ..അപ്പോ അങ്കിളിനെ ഒക്കെ നോക്കുവോ?"
"പിന്നെ, ഫീസ് തന്നാല്‍ നോക്കാം..”
അവളുടെ ഒരു കവിളില്‍നുള്ളി ക്കൊണ്ട് ഞാന്‍ പറഞ്ഞു
"നീ ആള് കൊള്ളാല്ലോടീ കാന്താരി.."
അമ്മ അവളെ ശാസിച്ചു കൊണ്ട് പറഞ്ഞു .
"എന്തു ചെയ്യാനാ..ഈ വായാടിയെ കൊണ്ട് ഞാന്‍ തോറ്റു, വാ സമയം പോയി.."
"അപ്പോ റ്റാറ്റാ അങ്കിള്‍..നാളെ രാത്രി വരണം കേട്ടോ..റൂമില്‍ പാര്‍ട്ടി ഉണ്ട് " പോകുന്ന വഴിക്ക് തിരിഞ്ഞു നോക്കി കൊണ്ട് അവള്‍പറഞ്ഞു.
"ശരി.." എന്നു ഞാനും.
പിറ്റേ ദിവസം രാവിലെ ഡ്യൂട്ടിക്ക് ചെന്നപ്പോള്‍, ആംബുലന്‍സിലെ ഡ്രൈവര്‍ കുമാര്‍ അണ്ണന്‍ ചോദിച്ചു
"ഡായ് ഉങ്ക എരിയാവിലെ ഒരു റേപ്പ് നടന്തിരിക്ക്, തെരിയുമാ..?"
"ആ..ആര്‍ക്ക് അറിയാം..അപ്പുറത്തെ റൂമില്‍കൊലപാതകം നടന്നാല്‍ പോലും നമ്മളറിയില്ല ,പിന്നല്ലേ ഇത്.. "
"ഇത് പാറ്..പേപ്പറിലെ ന്യൂസ് കൂടെ ഇറക്ക് "
അയാള്‍പത്രത്തിലെ വാര്‍ത്ത വായിച്ച് കേള്‍പ്പിച്ചു
‘മദ്യാസക്തിയില്‍ ബാലികയെ അവളുടെ അച്ഛനും സുഹൃത്തുകളും ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഘം ചെയ്തു കൊന്നിരിക്കുന്നു’.ബാക്കി വായിച്ചു കേള്‍ക്കാന്‍, എന്തോ തോന്നിയില്ല. ഇമ്മാതിരി വാര്‍ത്തകള്‍ മിക്കപ്പോഴും കാണാറുണ്ടെങ്കിലും എന്തോ ആ വാര്‍ത്ത എന്‍റെ മനസിനെ അന്ന് വല്ലാതെ വേദനിപ്പിച്ചു, ഒരു പക്ഷേ ആ സംഭവം നടന്നത് അടുത്തായത് കൊണ്ടാവാം. ആ ദിവസം മുഴുവന്‍ആ സംഭവം ആയിരുന്നു മനസ്സ് നിറയെ .ഓര്‍ക്കുംതോറും അത് മനസിനെ നീറിച്ച് കൊണ്ടേയിരുന്നു . "പറന്നുയരാന്‍ ചിറക് മുളച്ച ഒരു കുട്ടി ആയിരുന്നില്ലേ അത്, അവളുടെ സ്വപനങ്ങള്‍..പ്രതീക്ഷകള്‍.. ഒക്കെ എത്ര പെട്ടന്നാണ് തകര്‍ന്ന് പോയത്. ജീവിതത്തിന്‍റെ അനന്തതിയിലേക്ക് നീണ്ടുകിടക്കുന്ന വഴിയിലൂടെ എത്രയോ ദൂരം സഞ്ചരിക്കേണ്ടിരുന്ന കുട്ടിയായിരുന്നു അവള്‍. ജീവിതത്തിലെ എത്രയോ സുന്ദരനിമിഷങ്ങള്‍ ആണ് അവള്‍ക്ക് മുന്‍പില്‍ കൊട്ടിയടക്കപ്പെട്ടത്.
അതിനെക്കാള്‍ എന്നെ ഏറെ വേദനിപ്പിച്ചത്..ആ കുട്ടിയുടെ അച്ഛന്‍ തന്നെ ആണല്ലോ അവളെ നശിപ്പിച്ചത് എന്നുള്ളതാണ്. ഓര്‍ക്കുമ്പോള്‍തന്നെ അറപ്പ് തോന്നുന്നു.
അച്ഛന്‍ എന്ന വാക്കിന്‍റെ അര്‍ഥവും..ധര്‍മവും.. ഒക്കെ എത്ര പെട്ടന്നാണ് മദ്യത്തിന് മുന്‍പില്‍ തോറ്റു പോയത്, സ്വാന്തനമേകിയും തലോടിയും വളര്‍ത്തേണ്ട ആ കൈകള്‍കൊണ്ടാണല്ലോ ആ മനുഷ്യന്‍അവളെ പിച്ചി ചീന്തിയത്.
അച്ഛന്‍ എന്ന സങ്കല്‍പ്പം എത്രയോ ഉയരങ്ങളിലാണ് എന്‍റെ മനസ്സില്‍. നമ്മള്‍പറയാതെ തന്നെ നമ്മുടെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കുന്ന നമ്മുടെ അച്ഛന്‍.., പണിയും കഴിഞ്ഞ് രാത്രി പലഹാര പൊതിയുമായി വരുന്ന അച്ഛനെയും കാത്ത് വീടിന്‍റെ ഉമ്മറത്ത് ഇരിക്കുമ്പോള്‍, അങ്ങ് ദൂരെ..അച്ഛന്‍റെ രൂപം കാണുമ്പോള്‍ മനസിലുണ്ടാകുന്ന സന്തോഷത്തിനും ആനന്ദത്തിനും പകരം വെയ്ക്കാന്‍ എന്താണ് നമ്മുടെ കൈയ്യിലുള്ളത്. നമ്മുടെ ജീവിതത്തിന്‍റെ നല്ലൊരു ഘട്ടവും അച്ഛന്‍ നമ്മുടെ കൈപിടിച്ച് നടത്തുന്നു. ഒരു നിഴലുപോലെ കൂടെ ഉണ്ടാവും എന്നും . അങ്ങനെയൊക്കെ ആയിരിക്കേണ്ട ഒരു മനുഷ്യനാണ് ഇന്ന് സ്വന്തം ചോരയെ പച്ചക്ക് പിച്ചിചീന്തിയത്.
അന്ന് എങ്ങനെയൊക്കെയോ ഡ്യൂട്ടി ഒരുവിധം കഴിച്ച് കൂട്ടി . വണ്ടികളുടെ ഉച്ചയും ബഹളവുമുള്ള വഴിയിലൂടെ അലസമായി നടന്ന്‍നീങ്ങിയപ്പോഴാണ് ഞാന്‍ ഓര്‍ത്തത് ഇന്ന് ആതിരയുടെ ബര്‍ത്ഡേ റിസപ്ഷന്‍ ഉണ്ടെന്ന് പറഞ്ഞ കാര്യം
വഴിയില്‍ കണ്ട ഒരു ഗിഫ്റ്റ് കടയില്‍കയറി ഞാന്‍അവള്‍ക്കായ് നല്ല ഒരു പാവക്കുട്ടിയെ വാങ്ങി. സെയില്‍സ് ഗേള്‍ അത് ഭംഗിയായി പൊതിഞ്ഞു എനിക്കു തന്നു .
ലിഫ്റ്റ് കയറി ഞാന്‍ ആതിരയുടെ ഫ്ലോറില്‍ എത്തി. പാര്‍ട്ടി തുടങ്ങിയോ എന്തോ..അത്യാവശം നല്ല ആളുകള്‍ അവരുടെ റൂമിന്‍റെ മുന്‍പില്‍ഉണ്ട്. വര്‍ണ്ണ കടലാസ്സില്‍ പൊതിഞ്ഞ ഗിഫ്റ്റ് പായ്ക്കറ്റ് ഞാന്‍ ബാഗില്‍നിന്നെടുത്ത് റൂമിലേക്ക് കാലെടുത്ത് വെച്ചതും, അഗാധമായ കൊക്കയിലേക്ക് വീണതു പോലെയായി..കണ്ണുകളിലേക്ക് ഇരുട്ട് തുളച്ച് കയറുന്നത് പോലെ.. ചുറ്റുമുള്ളതെല്ലാം എനിക്ക് ചുറ്റും കറങ്ങുന്നതായി എനിക്ക് തോന്നി... കുറച്ച് നിമിഷത്തേക്ക് എനിക്ക് ശ്വാസ്സം പോലും എടുക്കാന്‍പറ്റാതെ ആ വാതില്‍ക്കല്‍തന്നെ ഞാന്‍നിന്നു പോയി....
വെള്ള വിരിച്ച വിരിയുടെ ഒത്ത നടുക്കായി അവള്‍ കിടക്കുന്നു... ആതിരാ ..!!! നിഷ്കളങ്കത നിറഞ്ഞ ചിരിയോ, തിളങ്ങുന്ന കണ്ണുകളോ അപ്പോള്‍ അവള്‍ക്കില്ലായിരുന്നു, സ്നേഹത്തിന്‍റെ സ്ഫടികം തുടിച്ചിരുന്ന അവളുടെ മുഖമാകെ കൊത്തികീറിയ പാടുകള്‍, കഴുകന്‍മാര്‍ കൊത്തികീറിയ ഒരു പിഞ്ച് പക്ഷിയെ പോലെ..!! അവള്‍..ആതിരാ ..!! അപ്പോഴും അവള്‍ക്ക് കൊടുക്കാന്‍ കൊണ്ടുവന്ന ഗിഫ്റ്റ് പായ്ക്കറ്റ് എന്‍റെ കൈയ്യില്‍ ഇരുന്ന് തിളങ്ങുന്നുണ്ടായിരുന്നു..
ഡോക്ടര്‍ ആകാനുള്ള അവളുടെ സ്വപ്നങ്ങള്‍ ഈ ഭൂമിയില്‍ബാക്കിയാക്കി, ആതിര എന്നേക്കുമായി യാത്രയായി...
 റൂമിലേക്കുള്ള കോണിപ്പടികള്‍ കയറി അഞ്ചാം നിലയില്‍ എത്തുമ്പോള്‍ ഇന്നും ഞാന്‍  അറിയാതെ നിന്നുപോകാറുണ്ട് ആ ഇടവഴിയില്‍
"അങ്കിള്‍..." എന്ന ആ ഒരു വിളിക്കായി കാതോര്‍ത്ത്...

No comments: