Tuesday, October 13, 2015

അഭിനവ രാഷ്ട്രീയം തുലയട്ടെ

മോനേ അലീ.. ഓടി വാ.. എന്ന ഉമ്മയുടെ
നിലവിളി കേട്ടാണ് അയാൾ ഉച്ച
മയക്കത്തിൽ നിന്നെണീറ്റത്. ഓടി
ച്ചെന്ന് നോക്കുമ്പോൾ അടുക്കളയിൽ
തറയിൽ വീണ് കിടക്കുന്ന പൂർണ
ഗർഭിണിയായ ഭാര്യയെ മടിയിൽ
കിടത്തിയിരിക്കാണ് ഉമ്മ..
"മോനേ വേഗം പോയി വണ്ടി
വിളിച്ച് വാ.. പെട്ടെന്ന്
ആശുപത്രിയിൽ കൊണ്ട് പോവണം.
ഷാഹിനാക്ക് നല്ല വേദനയുണ്ട്."
അയാൾ ഒരു ഷർട്ട് എടുത്തിട്ട്
വെപ്രാളപ്പെട്ട് റോഡിലേക്ക് ഓടി.
പല വണ്ടികൾക്കും കൈ കാണിച്ചു.
എല്ലാവരും തിരക്ക് പിടിച്ച
ഓട്ടത്തിലാണ്. അകലെ നിന്ന് അലിയുടെ
സഹപ്രവർത്തകനും പാർട്ടി മെമ്പറുമായ
നാസറിൻറെ കാർ വരുന്നത് കണ്ടപ്പോൾ
അയാൾക്കാശ്വാസമായി. അയാൾ
പ്രതീക്ഷയോടെ കൈ കാണിച്ചു. കാർ
നിർത്തി.
എന്താ അലി ..??
"ഭാര്യക്ക് തീരെ വയ്യ . പെട്ടെന്ന്
ഹോസ്പിറ്റലിൽ എത്തിക്കണം.. "
"അയ്യോ അലി ഞങ്ങൾ ടൗണിൽ
പാർട്ടിയുടെ ഇലക്ഷൻ പ്രചരണ
പരിപാടിക്ക് പോവാണല്ലോ.. ഇപ്പം
തന്നെ ലേറ്റ് ആയി. മുഖ്യ
അഥിതിയായി മന്ത്രിയും വരുന്നുണ്ട്.
ഇലക്ഷൻ അടുത്ത് വരികയല്ലേ.." എന്ന്
പറഞ്ഞ് അയാൾ കാർ മുന്നോട്ട്
എടുക്കുമ്പോ കാറിൻറെ
പിറകിലിരിക്കുന്നയാൾ ഗ്ലാസ്
താഴ്ത്തി ഇതും കൂടി പറഞ്ഞു. "ഭാര്യയെ
ഹോസ്പിറ്റലിലാക്കി നീയും
പെട്ടെന്ന് പരിപാടിക്ക് വരണം.."!
സങ്കടമാണോ ദേഷ്യമാണോ
എന്നറിയാതെ അയാൾ ആ കാർ
തന്നെയും കടന്ന് പോകുന്നത് നോക്കി
നിന്നു.
പിന്നെയും കുറെ വാഹനനങ്ങൾക്ക്
അയാൾ കൈകാണിച്ചു. പരിചയമുള്ള
പലരെയും ഫോണിൽ വിളിച്ച്
നോക്കി. ആരെയും കിട്ടിയില്ല.
അപ്പോഴാണ് സഹാപാഠിയും ടാക്സി
ഡ്രൈവറുമായ രാജീവൻറെ കാർ
വരുന്നത് കണ്ടത്. പക്ഷെ ആ കാറിന് കൈ
കാണിക്കാൻ അയാൾക്ക്
തോന്നിയില്ല .
കാരണം കഴിഞ്ഞ മാസം പാർട്ടി
നടത്തിയ ഹർത്താൽ ദിനത്തിൽ
സുഖമില്ലാത്ത അമ്മയേയും കൊണ്ട്
ഹോസ്പിറ്റലിൽ പോവുകയായിരുന്ന
രാജീവൻറെ കാർ തടഞ്ഞ് നിർത്തി
ചില്ലുകൾ അടിച്ച് തകർത്ത പാർട്ടി
പ്രവർത്തകരിൽ അയാളും
ഉണ്ടായിരുന്നു.!!
അയാൾ കൈ കാണിക്കാതെ മാറി
നിന്നെങ്കിലും രാജീവൻ വണ്ടി
നിർത്തി ചോദിച്ചു.
"എന്താ അലി വല്ലാതെ ഇരിക്കുന്നത്.."
??
"ഭാര്യക്ക് തീരെ വയ്യ . പെട്ടെന്ന്
ഹോസ്പിറ്റലിൽ എത്തിക്കണം.."
എന്നാ നീ വേഗം കയറ്.. ഞാൻ
എയർപോട്ടിൽ നമ്മുടെ അബ്ബാസിനെ
കൂട്ടാൻ പോവുന്ന വഴിയാ.. സാരമില്ല
അവൻ വിളിക്കുമ്പോ ഞാൻ
പറഞ്ഞോളാം.. അവൻ
കാത്തിരുന്നോളും..
രാജീവൻറെ ആ നല്ല മനസ്സിന് രണ്ട്
തുള്ളി കണ്ണുനീര് കൊണ്ടാണ്
അയാൾ നന്ദി പറഞ്ഞത്. വീട്ടിൽ ചെന്ന്
ഭാര്യയെ താങ്ങിപ്പിടിച്ച് കാറിൽ
കിടത്തി. അവരുടെ കാർ ഹൈവേയിലൂടെ
ചീറിപ്പാഞ്ഞു.
വിവാഹം കഴിഞ്ഞ് 10 വർഷത്തെ
കാത്തിരിപ്പിന്നും, പ്രാർത്ഥനക്കും,
ചികിത്സക്കും ശേഷമാണ് ഷാഹിന
ഗർഭിണിയായത്. അത് കൊണ്ട് തന്നെ
കഴിഞ്ഞ ഒൻപത് മാസമായി വളരെ
ശ്രദ്ധയോടെയാണ് അവളെ ഡോക്റ്ററും
വീട്ടുകാരും പരിചരിച്ചിരുന്നത്.
ഹോസ്പിറ്റലിൽ എത്താൻ 100 മീറ്റർ
അകലെ വെച്ച് ടൗണിൽ പതിവില്ലാത്ത
ആൾകൂട്ടവും ബ്ലോക്കും.. ഇലക്ഷൻ
പ്രചരണ പരിപാടിയാണ്. മന്ത്രിയുടെ
പ്രസംഗം നടന്ന് കൊണ്ടിരിക്കുന്നു.
അലി ഇറങ്ങി അവിടെ ഉണ്ടായിരുന്ന
പോലീസ്കാരോട് കാര്യം പറഞ്ഞു..
"സാർ ബ്ലോക്ക് ഒന്ന് മാറ്റിത്തരണം
ഭാര്യക്ക് തീരെ വയ്യ. ഗർഭിണിയാണ്.
എത്രയും വേഗം ഹോസ്പിറ്റലിൽ
എത്തിച്ചില്ലെങ്കിൽ..." വാക്കുകൾ
മുഴുമിപ്പിക്കാൻ കഴിയാതെ അയാൾ
വിതുമ്പി.
ഞങ്ങൾക്കിപ്പോൾ ഒന്നും ചെയ്യാൻ
കഴിയില്ല . അവർ കൈ മലർത്തി.
അയാൾ കരഞ്ഞ് കാല് പിടിച്ച് പറഞ്ഞു
നോക്കി. " തന്നോടല്ലേടോ പറഞ്ഞേ
മന്ത്രി പ്രസംഗം കഴിഞ്ഞ്
പോവുന്നതിന് മുമ്പ് ഒന്നും ചെയ്യാൻ
കഴിയില്ലാ എന്ന്.."
അയാൾ നിരാശയോടെ തിരിച്ചു നടന്നു.
ഒരു സാദാരണ പൗരൻറെ നിസ്സഹായ
അവസ്ഥ. രാജീവനോനോട് കാർ
ബൈപ്പാസ് റോഡിലൂടെ തിരിച്ച്
വിടാൻ പറഞ്ഞു.
"ആ റോഡ് വളരെ മോശമാണ് അലീ.."
"വേറെ വഴി ഇല്ലടാ.. നീ വണ്ടി വിട്
ഇനിയും വൈകിയാൽ എൻറെ പെണ്ണ്..
എൻറെ കുഞ്ഞ്.." അയാൾ ഒരു കൊച്ചു
കുട്ടിയെ പോലെ കരയാൻ തുടങ്ങി..
ബൈപാസ് റോഡിലൂടെ ഒന്നര
കിലോമീറ്റർ ചുറ്റി വേണം
ഹോസ്പിറ്റലിൽ എത്താൻ. അതും
കുണ്ടും കുഴിയും നിറഞ്ഞ വഴി. തലേന്ന്
രാത്രി പെയ്ത മഴയിൽ റോഡാണോ
തോടാണോ എന്ന് തിരിച്ചറിയാൻ
കഴിയാത്ത അവസ്ഥ.
കുണ്ടിലും കുഴിയിലും ചാടി
ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്ക
ും ബ്ലീഡിങ്ങ് ആയി ഷാഹിനയുടെ
വസ്ത്രവും കിടന്ന സീറ്റും ചോരയിൽ
കുതിർന്നിരുന്നു.നേരെ ഓപ്പറേഷൻ
തീയറ്ററിലേക്കാണ് ഷാഹിനയെ
കൊണ്ട് പോയത്. അയാൾ സമാധാനം
ഇല്ലാതെ ആശുപത്രി വരാന്തയിൽ
അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായ
ിരുന്നു. ഒരു മണിക്കൂറിന് ശേഷം
ഡോക്റ്റർ പുറത്തേക്ക് വന്നു.
"ഡോക്റ്റർ എൻറെ പെണ്ണ്.. എൻറെ
കുഞ്ഞ്.."??
"പെണ്ണിന് ഒരു കുഴപ്പവും ഇല്ല
സുഖമായിരിക്കുന്നു.. പക്ഷെ കുഞ്ഞ്..
നിങ്ങളൊരു പത്ത് മിനിറ്റ് മുമ്പ്
എത്തിച്ചിരുന്നെങ്കിൽ...
അയാൾക്ക് തല കറങ്ങുന്നത് പോലെ
തോന്നി. ഹോസ്പിറ്റലിൻറെ ജനൽ
കമ്പിയിൽ പിടിച്ച് മുഖം അമർത്തി
അയാൾ തേങ്ങി കരഞ്ഞു. രണ്ടാം
നിലയിലെ ജനലഴിയിലൂടെ പുറത്തേക്ക്
നോക്കുമ്പോൾ അയാൾ കണ്ടത്
പ്രസംഗം കഴിഞ്ഞ് തിരിച്ച് പോവുന്ന
മന്ത്രിയുടെ കാറിന് പോവാൻ
ജനങ്ങളെയും വാഹനങ്ങളെയും തിരക്ക്
പിടിച്ച് മാറ്റുന്ന പോലീസുകാരെയും
പാർട്ടി പ്രവർത്തകരെയുമാണ്..!!
ഇത് പോലെ താനും തൻറെ പാർട്ടിയും
നടത്തിയ സമരങ്ങളിലും, ഹർത്താലിലും
പെട്ട് എത്രയെത്ര ആളുകളുടെ സ്വപ്നങ്ങൾ
പൊലിഞ്ഞ് പോയിട്ടുണ്ടാവണം..
അയാൾക്ക് അയാളോട് തന്നെ പുച്ഛം
തോന്നി. കുറ്റ
ബോധവും സങ്കടവും കൊണ്ട് അയാൾ ഒരു
ഭ്രാന്തനെ പോലെ ഉറക്കെ
നിലവിളിച്ചു..
-------------------------------------------------------------
ഹർത്താലുകളും സമ്മേളനങ്ങളും കൊണ്ട്
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം
നിഷേധിക്കുന്നവരും, അധികാരത്തിൽ
കയറി
രാജ്യം കട്ട് മുടിക്കുന്നവരും, ബീഫ്
തിന്നതിനും ക്ഷേത്രത്തിൽ
കയറിയതിനും ആളുകളെ കൊല്ലുന്നവരും
എല്ലാം.. എല്ലാം.. ഒരേ തൂവൽ
പക്ഷികളാണ്.! അധികാരവും, പണവും
പ്രശസ്ത്തിയും കൊണ്ട് കാഴ്ചയും
കേൾവിയും മനുഷത്വവും നഷ്ട്ടപ്പെട്ടവർ
.!
ഇനിയും ഇത്തരം ആഭാസങ്ങൾക്കെതിര
െ, ജനങ്ങളുടെ തിന്നാനും,
സഞ്ചരിക്കാനും, വസ്ത്രം
ധരിക്കാനുമൊക്കെയുള്ള
സ്വാതന്ത്രിത്തിനെതിരായുള്ള
നീക്കൾക്കെതിരെ നമ്മൾ മൗനം
പാലിച്ചാൽ നമ്മുടെ രാജ്യം
കുപ്രസിദ്ധിയിൽ ലോകത്തിൻറെ
നെറുകയിൽ എത്തുന്ന കാലം വിദൂരമല്ല.!!

No comments: