Friday, October 9, 2015

ഉമ്മ പ്രിയപ്പെട്ട ഉമ്മ

മരുഭൂമിയിലെ മരുപ്പച്ച തേടി പോകുന്നതിന്റെ തലേന്നാൾ രാത്രിയിൽ ഉറങ്ങി കിടക്കുന്ന എന്റെ കാലിൽ ഉമ്മ തൈലം തേച്ച് തടവി തന്നു. കളിക്കാൻ പോയാൽ കാലും കയ്യും ഉളുക്കി വേച്ച് വേച്ച് വരുന്ന എന്നെ കണ്ടാൽ ചീത്ത പറയുന്ന ഉമ്മ അന്ന് രാത്രി ഞാനുറങ്ങി കഴിഞ്ഞാൽ കാലുകൾ തടവി തരാറുണ്ട്. അന്നത്തെപ്പോലെ ഇന്നും ഉമ്മ കാലുകൾ തടവി തരുന്നു.
'ഞാനവിടെ ഫുട്ബോൾ കളിക്കാനല്ല പോകുന്നത് എന്റുമ്മാ..' എന്നൊന്ന് ചോദിക്കാൻ തോന്നിയെങ്കിലും കണ്ണടച്ച് അറിയാത്തപ്പോലെ  മിണ്ടാതെ കിടന്നു. ഉഴിഞ്ഞ് ഉഴിഞ്ഞ് എന്റെ കാലുകളിൽ തന്റെ മുഖം ചേർത്ത് കിടക്കുന്ന ഉമ്മയുടെ മുഖം മങ്ങിയ വെളിച്ചത്തിൽ ഞാൻ കണ്ടു. എണീറ്റ് ലൈറ്റ്‌ ഓണ്‍ ചെയ്തിട്ട് ഞാൻ പറഞ്ഞു:
"എന്താ ഉമ്മാ ഈ കാണിക്കുന്നത്. ഒന്നുരണ്ട് കൊല്ലം കഴിഞ്ഞാൽ ഞാനിങ്ങ് വരില്ലേ.. അപ്പോൾ എത്ര വേണേലും തടവി തരാലോ.. ഹഹ.. ഈ ഉമ്മാടെ ഒരു കാര്യം.."
ഉമ്മയുടെ വേദനയെ ഒരു തമാശയിൽ  ഞാൻ മനപ്പൂർവ്വം ഒളിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഒരു തണുപ്പുളള പകലിലാണ് ഞാൻ യാത്രയാകുന്നത്. ബാപ്പയുടെ വാക്കുകളിലും  പ്രവർത്തിയിലും വല്ലാത്ത അസ്വസ്ഥത. ഒരു പെരുന്നാളിന് ആയിരം രൂപ കയ്യിൽ തന്നിട്ട് മൂപ്പര് പറഞ്ഞ കാര്യം കേൾക്കണോ..
'രണ്ട് ഷർട്ടും രണ്ട് പാന്റും വാങ്ങി ബാക്കി പൈസ കൊണ്ട് കൊടുക്കാൻ..'
എന്ന് കരുതി ആളൊരു പിശുക്കനൊന്നുമല്ലാട്ടാ.
ഞാൻ എന്തേലും ആവിശ്യത്തിന് വീട്ടിലറിയിച്ച് പുറത്ത് പോകുന്നുണ്ടെങ്കിൽ ചോദിക്കാതെ തന്നെ അങ്ങേര് ഉമ്മപ്പോലും കാണാതെ എന്റെ റൂമിലെ മേശക്ക് മുകളിൽ കാഷ് വെക്കാറുണ്ട്. കാലുളുക്കി വരാറുളള എനിക്ക് പ്ലസ്ടു‌വിന് പഠിക്കുമ്പോൾ ഒരു പുതിയ ഫുട്ബാൾ ബൂട്ട് വാങ്ങി തന്നിരുന്നു. എനിക്കേറ്റവും ഇഷ്ടമുളള കളിയാണ് ഫുട്ബാളെന്ന് എങ്ങനെയാണ് ബാപ്പ അറിഞ്ഞത്..?
പറഞ്ഞാൽ തീരില്ലടോ ഇത്തരം കാര്യങ്ങൾ.
ഇതിനൊക്കെ  പറയുന്നൊരു പേരുണ്ട്, വാക്കുകളിലില്ലാത്ത സ്നേഹം പ്രകടിപ്പി ക്കൽ..!!
എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങുന്നതിന് മുൻപ് ആരും കാണാതെ എന്നെ മാറ്റി നിർത്തി എന്റെ കയ്യിലേക്ക് പൈസ തരുമ്പോൾ ബാപ്പയുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു..
വിശന്ന് വലഞ്ഞ എന്റെ മുന്നിൽ ഇലയിട്ടത് കണ്ടപ്പോൾ എന്നുള്ളിൽ നിറഞ്ഞ സന്തോഷത്തിനൊപ്പം ചോറില്ലെന്ന് കേട്ടപ്പോഴുളള ഒരു തരം മുഖഭാവമായിരുന്നു ദുബൈ എയർപോർട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ. എന്തൂട്ട് ചൂടാണ് ഇസ്റ്റാ..
വന്നതിന് പിറ്റേന്ന് തന്നെ ഞാൻ  ജോലിയിൽ കയറി. എല്ലാവരും തിരക്കോട് തിരക്ക്. മിണ്ടാൻ പോലും സമയമില്ല.
അൽബദർ എക്സ്ചേഞ്ച് കമ്പനിയിൽ കുറെയേറെ മലയാളികൾ ജോലി ചെയ്യുന്നുണ്ട്. എല്ലാ മാസവും ഒരു ഈജിപ്ഷ്യൻ സ്ത്രീ  ക്യാഷ് അയക്കാനായി ഇവിടെ വരാറുണ്ട്. എല്ലാവർക്കും വല്ലാത്ത സ്നേഹമാണ് അവരോട്. കാരണം മറ്റൊന്നുമല്ല. അവർക്ക് ഇഷ്ടപ്പെട്ട ഒരാൾക്ക് നൂറ് ദിർഹം ടിപ് കൊടുക്കും. നൂറ് കൊടുത്ത് കൊടുത്ത്  അവർക്കിപ്പോൾ ഒരു പേരും വീണു..  'നൂറാത്ത..'
എന്റെ റൂമിൽ മലപ്പുറത്തുളള അലവിക്കയും ജോമോനും കണ്ണൂരുളള ഷാജിയേട്ടനും പാലക്കാടുളള വിജിത്തുമാണ് ഉള്ളത്. വിജിത്തൊഴികെ ആരും ഫേസ്ബുക്കിലും വാട്ട്‌സാപ്പിലുമില്ല. അതുകൊണ്ട്  ഒഴിവ് സമയങ്ങളിൽ ഞങ്ങൾ  സംസാരിച്ചിരിക്കും. ചർച്ച കത്തികയറും..
"ഭിന്നിപ്പിച്ച് നിർത്തലൊക്കെ  മനുഷ്യത്വമുളള വിവരമുളളവർ ചെയ്യുമോ.. പുലയാണ് പോലും.. പുലയാടി മക്കൾക്ക്..‌"
കണ്ണൂരുളള ഷാജിയേട്ടൻ പൊട്ടിത്തെറിക്കും. അതിനൊപ്പം കൂടാൻ ഞാനും അലവിക്കയും ജോമോനും. മൗനം അപകടമാണെന്ന് പറയുന്ന വിജിത്ത് ഇതിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിടുന്ന തിരക്കിലാണ്..
ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം കൂടി പറയാം. ഇതിൽ പറഞ്ഞ 'ഞാനെന്ന വ്യക്തി ഞാനല്ല..'
അതിൽ ഞാനുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട് താനും...

No comments: