Monday, October 19, 2015

പരാജിതനായ പ്രവാസി


        ഉച്ചവെയിൽ ഉദിച്ചു തുടങ്ങുന്ന വെളുപ്പാം കാലം...  പായൽ നിറഞ്ഞ ഇടവഴിയിലൂടെ വിണ്ടുകീറിയ സിമൻറ് കൈവരിയും കടന്ന് തറവാട്ട് മുറ്റത്തേക്കുള്ള നടപ്പാത കയറുമ്പോൾ അയാളുടെ കാലുകൾ നന്നേ തളർന്നിരുന്നു.. ഇപ്പോൾ പനി അൽപ്പം കുറവുണ്ട്.. യാത്രയുടെ ക്ഷീണവും,ഉറക്കം ഒഴിഞ്ഞതിന്റെയും പിന്നെ പനിയുടെയും ഒക്കെ തളർച്ച അയാളെ ബാധിക്കുന്നില്ല കാരണം മൂന്ന് വർഷത്തെ പ്രവാസ ജീവിതം ഉണ്ടാക്കിയ തടവറയിൽ നിന്നും ഉള്ള ഒരു വരവാണത് ....ഇതുവരെ കണ്ടിട്ടില്ലാത്ത തന്റെ മകളെ കാണാൻ,എല്ലാ പ്രയാസത്തിലും നല്ല വാക്കുകൾ കൊണ്ട് സമാധാനം തന്ന ഭാര്യയെ കാണാൻ ,പ്രാർത്ഥനകളും  നേർച്ചയുമയി കഴിഞ്ഞ തന്റെ ഉമ്മയെ കാണാൻ ഒക്കെ ഉള്ള ഒരു ആവേശം ആയിരുന്നു അയാൾക്ക് ..  ഒരു ഗൾഫുകാരന്റെ വരവിന്റെ നൂറിൽ ഒരംശവും അതിൽ കാണാൻ പറ്റില്ല..കയ്യിൽ ഒരു ഹാൻഡ്‌ ബാഗ് , അതിൽ കുറച്ചു പഴന്തുണികളും പിന്നെ അങ്ങാടിയിൽ നിന്നും മക്കൾക്കായി വാങ്ങിച്ച കുറച്ച് മിഠായികളും മാത്രം ആണ് കയ്യിൽ ഉള്ളത്.. വീടും പരിസരവും തന്നെപ്പോലെ വയസനായി എന്നയാൾക്ക് തോന്നി..
ഉമ്മറത്ത് മൂന്ന് കുട്ടികൾ  ഇരുന്ന് ചായ കുടിക്കുന്നു.. അയാളുടെ കണ്ണുകൾ നിറഞ്ഞു പോയി.. ഒരു ബാപ്പയുടെ പരാജയം.. ഇതിൽ ഏതാണ് എന്റെ മകൾ എന്ന് പോലും തിരിച്ചറിയാത്ത ഒരു ബാപ്പ അല്ലയോ ഞാൻ എന്നത് ഒരു വേള അയാളെ പൊട്ടിക്കരയിക്കാൻ മാത്രം പോന്നതായിരുന്നു.. മക്കളുടെ മുഖം കണ്ടാൽ അറിയാം , അവർക്ക് പേടിയുണ്ട്.. എങ്ങനെ പേടിക്കാതിരിക്കും ? താടിയും മുടിയും നീട്ടി പരുക്കനായ ഇതുവരെ കാണാത്ത ഒരു കറുത്ത മനുഷ്യൻ പെട്ടെന്ന് മുമ്പിൽ നിൽക്കുമ്പോൾ ഏതു കുട്ടികളാണ് പേടിക്കാത്തത് ? ഓടി ചെന്ന് വാരിയെടുക്കാൻ ആഗ്രഹമുണ്ട് ..പക്ഷേ ......
ആരാ അത് ?
ഒരു സ്ത്രീ വീടിന്റെ ഉമ്മറത്തേക്ക് വന്ന് ചോദിച്ചു.. കുട്ടികൾ ഓടി അവരുടെ പിറകിലായി നിന്നു.. സ്വന്തം വീട്ടിൽ അപരിചിതനായി കയറിച്ചെല്ലുക.. എന്തൊരു ഗതികേട് !!.. അനുജന്റെ ഭാര്യ ആയിരിക്കും... അവൾ എന്നെ നേരിട്ട് ഇതുവരെ കണ്ടിട്ടില്ലല്ലോ..
ഉമ്മാ ഇങ്ങ് ബരീൻ ....
അവൾ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു..
എന്താ മോളേ...??
എന്റെ ഉമ്മയാണ്... ഉമ്മ ഒത്തിരി മാറിയിരിക്കുന്നു.. ആ പഴയ പ്രസരിപ്പ് ഒക്കെ മറഞ്ഞു, നന്നേ മെലിഞ്ഞു ..മാറ്റം ഇല്ലാത്തത് വെളുപ്പാൻ കാലത്ത് എന്നും കയ്യിൽ ഉണ്ടാവാറുള്ള ആ ചട്ടുകവും കയ്യിൽ തന്നെ ഉണ്ട് എന്നത് മാത്രം..
ഒരു നിമിഷം ഉമ്മ എന്നെ നോക്കി, ചട്ടുകം നിലത്തിട്ട് "എന്റെ  മോനേ .." ന്നുള്ള നിലവിളിയുമായി ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു..  ഞാൻ എത്ര മാറിയാലും എന്റെ ഉമ്മ എന്നെ അറിയാതിരിക്കുമോ ? പെറ്റ തള്ളക്ക് പിള്ളയെ അറിയാൻ കോലം ഒരു പ്രഷ്നം അല്ലല്ലോ..
ഉമ്മയെ വാരിപ്പുണർന്നു ..മൂന്ന് വർഷത്തെ കണ്ണുനീർ ജീവിതം ഒരു പേമാരി ആയി ഒഴുകി അകലുന്നു.. എന്തൊക്കെയോ ഉമ്മ ചോതിക്കുന്നുണ്ട്... എനിക്ക് ഒന്നും കേൾക്കാൻ കഴിയുന്നില്ല.. നെഞ്ചിൽ കിടന്നു കരയുന്ന ഉമ്മയെ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിക്കുന്ന ഞാൻ അപ്പോളും തിരഞ്ഞത് എന്റെ മോളെ ആയിരുന്നു.. ആ മൂന്നു മക്കളിൽ ഏതാണെന്റെ മോൾ ?
ബഹളം കേട്ട് അടുക്കള ഭാഗത്ത് നിന്നും ഓടി വരുന്നു... എന്റെ ഭാര്യ, അവളും ഒത്തിരി മാറി , നന്നേ മെലിഞ്ഞു.. ഞാൻ അമ്പേ പരാജിതൻ ആണല്ലോ ന്റെ റബ്ബേ.... ഇവരെയൊക്കെ ഇങ്ങനെ കാണാൻ ആണോ ഞാൻ എന്റെ ജീവിതം മരുഭൂമിയിൽ കൊണ്ട് തുലച്ചത് ?
ഇങ്ങനെ എങ്കിലും കാണാൻ പറ്റും എന്ന് ഒരിക്കലും നിനചിരുന്നില്ലല്ലോ ...മൂന്നു വർഷം ഇവർക്ക് വേണ്ടി അറ്റമില്ലാത്ത മരുഭൂമിയിൽ ഒട്ടകത്തെ മേച്ചതും,പുറം ലോക ബന്ധമില്ലാത്ത ആ ലോകത്ത് നിന്ന് ആഴ്ചയിൽ ഒരിക്കൽ മാത്രം വരാറുള്ള വണ്ടിക്കാരന്റെ കയ്യിൽ വീട്ടിലേക്ക് അയക്കാൻ കൊടുത്ത് വിടുന്ന പണവും എപ്പോളെങ്കിലും മാത്രം കിട്ടാറുള്ള കത്തിൽ അറിയുന്ന വിവരങ്ങൾ കൊണ്ട് നെയ്തു കൂട്ടുന്ന ഒത്തിരി കണ്ണീരും ,കിനാവും ആയി കഴിഞ്ഞ ഞാൻ ലീവ് കാലാവധി ആയിട്ടും പറഞ്ഞയക്കാൻ കൂട്ടാക്കാത്ത അറബിയുടെ കണ്ണ്‍ തെറ്റിയ നിമിഷം ഒട്ടകത്തിന് പുല്ല് ഇറക്കാൻ വന്ന ലോറിയിൽ കയറി അഞ്ചാറ് മണിക്കൂർ ദൂരം സഞ്ചരിച്ച് അവിടെ നിന്നും രക്ഷപ്പെട്ട് പോലീസിൽ പിടി കൊടുക്കുമ്പോളും ഇവിടെ എത്തുമെന്നോ ഇവരെ കാണുമെന്നോ എനിക്ക് യാതൊരു ഉറപ്പും ഇല്ലായിരുന്നു..ഒടുവിൽ ജയിൽ എന്നോ മൂത്രപ്പുര എന്നോ തിരിച്ചറിയാത്ത കുടുസ്സു മുറിയിൽ രണ്ട് ദിവസം പത്തിരുപത് പേരോടൊപ്പം കഴിഞ്ഞപ്പോൾ പനിച്ച്‌ വിറച്ച് പോയ എന്നെ എങ്ങനെ വിമാനത്തിൽ കയറ്റി വിട്ടു..എങ്ങനെ ഞാൻ ബോംബെ വരെ എത്തി എന്ന് ചോതിച്ചാൽ ഒരു വ്യക്തമായ ഉത്തരം എനിക്കില്ല.. എങ്കിലും ഞാൻ ഓർക്കുന്നു പനി പിടിച്ച് തളർന്ന എന്നെ തോളോട് ചേർത്ത് പിടിച്ച് ബോംബെയിൽ നിന്നും കോഴിക്കോട് ബസ് സ്റ്റാന്റ് വരെ കൂടെ ഉണ്ടായിരുന്നതും അവിടെ നിന്ന് കുട്ടികൾക്കായി മിഠായി വാങ്ങിത്തന്ന , ഭക്ഷണം വാങ്ങിത്തന്ന ചിലവിനു കീശയിൽ കുറച്ച് പണം തിരുകി തന്ന ഒരു ദൈവത്തിന്റെ മുഖം...
ഭാര്യയെയും ഉമ്മയേയും ഇറുകെപ്പുണർന്നു കരയുമ്പോൾ അറിയാതെ ഞാൻ ചോതിച്ചു പോയി ...
ന്റെ മോള് ?
അനുജന്റെ ഭാര്യയാ അവളെ എടുത്ത് മുന്നിലേക്ക് വന്നത് ,പക്ഷെ കൈ നീട്ടിയിട്ടും അവൾ മുഖം തിരിച്ച് അവളുടെ മാറിൽ അമര്ന്നു കിടന്നു.. ഭാര്യ അവളെ വാങ്ങിച്ചു ,കുട്ടിയോട് പറയുന്നുണ്ടായിരുന്നു" മോളേ ദാ ഇന്റെ ബാപ്പ വന്നിക്കി ..നോക്കെടീ" ന്നു.. എവിടെ .. അവൾക്കെങ്ങനെ ഉൾക്കൊള്ളാൻ കഴിയും ഒരു പുലർക്കാലത്ത് ഉമ്മറപ്പടിയിൽ കയറി വന്ന ഒരു കോലത്തെ ബാപ്പയെന്ന് വിളിക്കാൻ ? കുട്ടികളുടെ ആ വിളി അവരോടുള്ള സ്നേഹത്തിന് പകരം ഉള്ള ഒരു മധുര സ്നേഹമല്ലേ .. ആ വിളി കുട്ടികൾക്ക് കിട്ടുന്ന കരുതലിന്റെ അംഗീകാരം അല്ലെ ? ഞാൻ എന്താണ് എന്റെ മകൾക്കിതുവരെ കൊടുത്തത് ?? ഒന്നും കൊടുക്കാൻ ഈ നിസ്സാരൻ ആയ ബാപ്പക്ക് കഴിഞ്ഞില്ലല്ലോ മോളേ.. ആർക്കും ഈ ഗതി വരുത്തല്ലേ നാഥാ.....
കണ്ണീർ പെയ്തു തോരുന്നു.. ഒരു പുതിയ ജീവിതം ഉമ്മറക്കോലായിലേക്ക് വിരുന്നു വരുന്നു....  

No comments: