Thursday, October 22, 2015

പെരുമഴയായി നിന്നിലേക്ക് പെയ്തിറങ്ങുന്നതും കാത്ത്

ഒരു മഴ മേഘം പെയ്തിറങ്ങാതെ ..... അവളുടെ മുഖത്തു നോക്കി ആകാംക്ഷ യോടെ അവൻ ചോദിച്ചു
"നിനക്ക് ഒരിക്കലും എന്നെ പ്രണയിക്കാൻ കഴിയില്ലേ..?"
"നിന്നെ എനിക്ക് ഇഷ്ടമാണ്...." അവൾ പറഞ്ഞു.
"കാമുകനെ കുറിച്ചുള്ള നിന്റെ സങ്കല്പം എന്താണ് ...?" അവൻ പിന്നെയും ചോദിച്ചു "മനസ്സില് സൗന്ദര്യമുള്ള ഒരു സാധാരണക്കാരൻ..."
അവൻ മുഖമുയർത്തി അവളെ സാകൂതം നോക്കി..
"എന്നിലെ അസാധാരണത്വം എന്താണ് ....?" അവൾ ഒന്നും പറഞ്ഞില്ല ...
തിരിഞ്ഞു നടക്കുമ്പോൾ അവൻ ചിന്തിക്കുകയായിരുന്നു ..,
അവളെ പറ്റി ...ഊണിലും ഉറക്കത്തിലും അവളെ പറ്റി ചിന്തിക്കുന്നു.., വല്ലാതെ സ്നേഹിക്കുന്നു. ഭ്രാന്തമായി തന്നെ സ്നേഹിക്കുന്നു...തീർച്ചയായും ഞാൻ ഒരു അസാധാരണക്കാരൻ തന്നെ, അവൻ മനസ്സിൽ പറഞ്ഞു. അവൾ തന്നോട് പ്രണയമില്ലാത്ത സാധാരണക്കാരെ പ്രണയിച്ച് തിരിച്ചു കിട്ടാത്ത സ്നേഹത്തിനായി അലയുന്നു.ആരോടും ഒന്നിനോടും സ്നേഹം തോന്നാത്ത ഒരു സാധാരണക്കാരൻ ആവാൻ കഴിയാത്തതിൽ അവനു വിഷമം തോന്നി. അങ്ങിനെയായി തീരുമ്പോൾ സ്വയം ഇല്ലാതാകും എന്നറിഞ്ഞിട്ടും അവൻ അത് ആഗ്രഹിച്ചു.
നീണ്ട കാലവർഷത്തിനു ശേഷം, ആർക്കും വേണ്ടാത്ത ഒരു മഴയായി പെയ്തിറങ്ങാൻ ആഗ്രഹമില്ലാത്ത ഒരു മഴമേഘം, ആ ഭാരവും പേറി അലയുന്നത് അവൻ കണ്ടു.. ഒരു വേനലിൽ, കൊടും ചൂടിൽ ഭൂമി തന്നെ ആഗ്രഹിക്കുമെന്നും ഒരു പെരുമഴയായി അവളിലേക്ക് പെയ്തിറങ്ങാമെന്നും ആ മേഘം ഒരു പക്ഷേ .....ഒരു പക്ഷേ, കരുതുന്നുണ്ടാവാം....

No comments: