Friday, October 16, 2015

കഥ പറയുന്ന സൂര്യകാന്തി പൂക്കള്‍


     അപ്രതീക്ഷിതമായി കണ്ട സൂര്യകാന്തി പൂവാണ് വർഷങ്ങൾക്കു മുൻപ്‌ ഞാൻ ജോലി നോക്കിയ ഗുജറാത്തിലെ ഇംഗ്ലീഷ്‌ മീഡിയത്തിലെ ആ ക്ലാസ്സ്‌ റൂമിലേക്ക് ഇപ്പൊൾ അൽപ്പം വേദനയോടെയാണെങ്കിലും എന്റെ മനസ്സിനെ കൂട്ടികൊണ്ടു പൊയത്..
      ഉണ്ട കണ്ണുകളും ഇരുവശത്തേക്കും പിന്നിയിട്ട മുടികളുമുള്ള ആ ഇരുനിറക്കാരി കുരുന്നിന്റെ പേര് പ്രേരണ എന്നായിരുന്നു..ക്ലാസിലെ അവസാന ബെഞ്ചിലായിരുന്നു അവളുടെ സ്ഥാനം..സംശയങ്ങൽ അവൾക്കു കുറവായിരുന്നു..പൊതുവെ ഉറക്കം തൂങ്ങിയ പ്രകൃതം,പക്ഷേ ഒരു നൂറു സംശയങ്ങൾ അവളുടെ കണ്ണുകളിൽ ഞാൻ വായിച്ചിരുന്നു... ഇംഗ്ളീഷിലുളള അവളുടെ അറിവും ഗുജറാത്തിയിലുളള എന്റെ അറിവും, ഞങ്ങളുടെ സംസാരം കുറയാൻ കാരണമായി. എന്റെ ഉൾകണ്ണിൽ ഞാൻ ആ കുരുന്നിന്റെ ഉണ്ടക്കണ്ണുകളെ വായിച്ചെടുത്തതുകൊണ്ടാവാം പലപ്പോഴും ഞാൻ ക്ലാസ്സിൽ പലതും കുഞ്ഞു പ്രേരണക്കായി മാത്രം ആവർത്തിച്ചു..മെല്ലെ ഞാൻ ആ കുരുന്നിലേക്ക് അടുക്കുകയായിരുന്നു..
എന്റെ പ്രോത്സാഹനവും ഇടപെടലും അവളെ പാഠ്യ വിഷയങ്ങളിലും മുന്നിലെത്തിച്ചു.
മെല്ലെ മെല്ലെ അവൾ എന്റെ ക്ലാസിലെ ഒരു സാധാരണ വിദ്യാർത്ഥി എന്നതിലുപരി അവൾക്കു ഞാൻ ഒരു നല്ല കൂട്ടുകാരനായി മാറി. ആദ്യമേ ആ സൂര്യകാന്തിയെപ്പറ്റി ഞാൻ നിങ്ങളോട് പറയാം...വീട്ടുപടിക്കലെ സൂര്യകാന്തി പാടതു നിന്ന് എന്നും അവൾ എനിക്ക് കൊണ്ടു വരുന്ന സമ്മനമായിരുന്നു വലിയ ഒരു സൂര്യകാന്തിപൂവ്‌.. ആ പൂവിനെ പറ്റി ചോദിച്ചപ്പോൾ അവൾ വാചാലയായി..
പിന്നെ മെല്ലെ അവൾ പറഞ്ഞു തുടങ്ങി.. ചെടികൾ നടാനുള്ള അവളുടെ താൽപര്യത്തെ പറ്റി.വീട്ടിലെ അവളുടെ പൂന്തോട്ടത്തെ പറ്റി...വീട്ടു പടിക്കലുള്ള വലിയ സൂര്യകാന്തി പാടത്തെ പാറ്റി..മദ്യം കൊണ്ടു തലകഴുകുന്ന അച്ഛനെ പറ്റി,ഉപദ്രവം സഹിക്കനാവാതെ വീട് വിട്ടു മറ്റാരുടേയൊ കൂടെപ്പോയ സ്വന്തം അമ്മയെ പറ്റി.ഒടുവിലെന്നൊ അച്ഛൻ ചൂണ്ടിക്കാട്ടി പറഞ്ഞു പഠിപ്പിച്ച, വീട്ടു വേലകൾ ചെയ്യാൻ ആക്രോശിക്കുന്ന രണ്ടാനമ്മയെ പറ്റി..വീട്ടിലെ കൂട്ടുകാരിയായ വെളുത്ത പട്ടികുട്ടിയെപ്പറ്റി, പിന്നെ സദാ സമയവും ശബ്ദ കോലാഹലങ്ങൾ മാത്രമുള്ള വീട്ടുപടിക്കലെ ചെറിയ ചായ മക്കാനിയെപ്പറ്റി...വാ തോരാതെ പ്രേരണമോൾ എന്നോട് സംസാരിച്ചു കൊണ്ടേയിരുന്നു..
           അങ്ങനെ ദസറ അവധിക്കായി സ്കൂൾ പത്തു ദിവസത്തേക്ക് അടച്ചു.. ക്ലാസ്സിന്റെ അവസാന ദിവസം ഞാൻ അവളെ അടുത്തു വിളിച്ചു കേരളത്തിൽ നിന്ന് വരുമ്പൊൾ മോൾക്ക് എന്താണ്  കൊണ്ടു വരേണ്ടതെന്നു ചോദിച്ചപ്പോൾ അവളുടെ പൂന്തോട്ടത്തിൽ നടാൻ കുറച്ച് നല്ല മണമുള്ള ചെടികളുടെ വിത്തുകൾ കൊണ്ടുവന്നാൽ മതിയെന്നവൾ പറഞ്ഞു..പിന്നെ അവൾ പറഞ്ഞു, ക്ലാസ്‌ തുറന്നാൽ ദിവസം ഒന്നു വെച്ച് പത്ത് ദിവസത്തെ സൂര്യകാന്തി പൂക്കളും എനിക്കു കൊണ്ടു തരുമെന്നു..ഞാൻ ചിരിച്ചു..
            ദസറ അവധി കഴിഞ്ഞ് ക്ലാസ് സജീവമായി..ആദ്യ രണ്ടു ദിവസവും പ്രേരണ ക്ലാസിൽ വന്നില്ല.അടുത്ത ദിവസം അതേ ഗ്രാമത്തിൽ നിന്ന് വരുന്ന കുട്ടികളോട് അന്വേഷിച്ച് അവളെ തേടി ഞാൻ അവളുടെ ഗ്രാമത്തിലെത്തി.അവർ പറഞ്ഞ അറിവ് വെച്ച് ഞാൻ അവിടെ കണ്ട ചായ മക്കാനിയിൽ അവളെപറ്റി ചോദിച്ചു.. ചെറിയ ബെഞ്ചിൽ ഇരുന്നു ചായ കുടിച്ചുകൊണ്ടിരിക്കുന്നവരൊക്കെ
അല്പ്പം അത്ഭുതത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.കൂടുതൽ ഒന്നും പറയാതെ പ്രായമുള്ള ഒരാൾ എന്നെയും കൂട്ടി തൊട്ടടുത്ത മണ്‍ കുടിലിലേക്ക് നടന്നു..മുള്ള് വേലി കൊണ്ട് വെച്ച ചെറിയ പടിയും കടന്നു അയാളോടോപ്പം നടന്ന ഞാൻ വേലിക്കെട്ടിനോട് ചേർന്ന് കരിഞ്ഞുണങ്ങിയ ഒരു ചെറിയ പൂന്തോട്ടവും കണ്ടു.. നടുമുറ്റത്തെത്തിയ അയാൾ കൈ ചൂണ്ടിയ തെക്കേ അറ്റത്തു ഞാൻ കണ്ടു,വലിയ ഒരു ശവകുടീരം,തൊട്ടടുത്‌ ഒരു ചെറുതും..അതിനപ്പുറം എല്ലും തൊലുമായി ഒന്ന് മോങ്ങാൻ പോലുമാകാതെ വെളുത്ത ഒരു പട്ടികുട്ടിയും..
ഹൃദയ മിടിപ്പൊരു നിമിഷം നിലച്ചുവെങ്കിലും അയാളുടെ വാക്കുകൾ ഞാൻ കേൾക്കുന്നുണ്ടായിരുന്നു, കുടിച്ച് ലക്ക് കെട്ട അയാൾ ഭാര്യയുമായ് വഴക്കിട്ട് കൈയിൽ കിട്ടിയതെന്തോ എടുത്തു അടിച്ചതാണത്രെ, തടയാൻ ചെന്ന എന്റെ പ്രേരണ മോളേയും ......!!!
തിരിച്ച് നടക്കാനാവാതെ തരിച്ച് നിൽക്കുമ്പോൾ അയാളെന്റെ കൈ പിടിച്ചു തിരിച്ചു നടന്നു..അവൾക്കു കൊടുക്കാനായി ഞാൻ കൊടുന്ന ജമന്തി ചെടിയുടെ വിത്തുകൾ എന്റെ കണ്ണീരിനൊപ്പം കയിൽ നിന്നടർന്നു വീണു.. അവളുടെ ശവകുടീരത്തിൽ ഞാനാ വിത്തുകൾ പാകി.. എന്റെ കണ്ണീർ കൊണ്ട് നനച്ചു. .
ഇല്ലിപ്പടി കടക്കും മുൻപ് ഞാൻ ഒന്ന് കൂടി തിരിഞ്ഞു നോക്കി..ആ മണ്‍കുടിലിൻ പടിയിൽ ഞാൻ കണ്ടു ചിതറി തെറിച്ചവശയായ ഒരു കൂട്ടം സൂര്യകാന്തിപ്പൂക്കൾ.. ചായ മക്കാനിക്കെതിർവശമുള്ള പാടത്തെ സൂര്യകാന്തി പൂക്കളൊക്കെ അപ്പോഴും തല താഴ്ത്തി തന്നെ നിന്നിരുന്നു..

No comments: