Friday, October 23, 2015

കറവക്കാരനും ചിറ്റയും ഞാനും

പ്ലാറ്റ്ഫോം കച്ചവടക്കാരുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് മാളു പാതിയുറക്കിൽ നിന്ന് മുഖമുയർത്തിയത്..
പ്ലാറ്റ്ഫോമിലെ മലയാളത്തിലെ ബോർഡുകൾ കണ്ട് അവളുടെ മനസ്സൊന്നു കുളിർത്തു...
നാട്ടിലേക്കുളള യാത്ര തുടങ്ങിയിട്ട് ഏകദേശം 12 മണിക്കൂർ പിന്നിട്ട് കാണും..
അതിരാവിലെ ഫ്ലാറ്റിൽ നിന്ന് പ്രാതലിനായി പൊതിഞ്ഞെടുത്ത ചപ്പാത്തിയുടെ എണ്ണം കൂടുതലായതിനാൽ ഉച്ചക്ക് റെയിൽവേ കചവടക്കാരെ ആശ്രയിക്കേണ്ടി വന്നില്ല. സാമാന്യം നല്ല തിരക്കുള്ള സ്റ്റേഷനിൽ ഒരു പക്ഷെ യാത്രക്കാരെക്കാൾ കൂടുതൽ കച്ചവടക്കരാണെന്ന് അവൾക്കു തോന്നിപോയി..സൈഡ് സീറ്റിലായതിനാൽ തന്നെ പുറം കാഴ്ചകൾ എല്ലാം ഒരു വിധം കണ്ണുകളിൽ ഭദ്രം.
സന്ധ്യയായിട്ടും പിച്ചക്കാർക്ക്‌ ഒരു കുറവുമില്ല.
കൈ നീട്ടിയുള്ള ചോദ്യം കേട്ടപ്പോൾ അയാൾ അവൾക്ക് കൊടുത്തതെന്തോ തിരിച്ച് ചോദിക്കും പോലെ തോന്നിപോയി..
എതിർ സീറ്റിലിരിക്കുന്ന സ്ത്രീ ഒരു സാമ്രാജ്യം വെട്ടിപ്പിടിച്ച പ്രതീതിയോടെ പൂക്കൾ തുന്നിയ വാനിറ്റി ബാഗും മടിയിൽ ചേർത്ത് പിടിച്ചു നല്ല ഉറക്കിൽ തന്നെയായിരുന്നു അപ്പോഴും.

പ്ലാറ്റ്ഫോമിലെ കോലാഹലങ്ങളൊന്നും അവരെ അലസോരപ്പെടുത്തിയില്ല. ഇത്ര ശബ്ദത്തിനു നടുവിലും ഇങ്ങനെ ശാന്തമായുറങ്ങാൻ എങ്ങനെ പറ്റുന്നുവേന്നോർത്തു അസൂയ പൂണ്ടു..
കണ്ണുകൾ കാഴ്ച്ചകളോരോന്നു തിരയുംപോഴാണ് പെടുന്നനെ രൂപപ്പെട്ട ആൾക്കൂട്ടം അവൾ ശ്രദ്ധിച്ചത്..കാര്യമറിയാൻ കണ്ണും കാതും കൊടുത്തെങ്കിലും ഒന്നും വ്യക്തമല്ല.ആളുകൾക്ക് നടുവിൽ ഒരു പുരുഷനെ ആരൊക്കെയോ ചേർന്ന് ആക്രമിക്കുന്നു, ഉച്ചത്തിലെന്തൊക്കെയോ ആക്രോശിച്ച് കൊണ്ട്.കാര്യം വ്യക്തമാക്കിയെടുക്കാൻ ശ്രമിക്കുംപോഴേക്കും ഒരു ചാറ്റൽ മഴയുടെ അകമ്പടിയോടെ ട്രെയിൻ ചൂളം വിളിച്ചു തുടങ്ങി.
കണ്ണുതുറക്കാതെ മഴത്തുള്ളി വീഴാതിരിക്കാൻ സാരിത്തുമ്പ് തന്റെ മുഖത്തേക്ക് വലിച്ചിട്ട് നിദ്രയുടെ അഗാത ഗർത്തത്തിലേക്കു പതിച്ചു കൊണ്ടിരിക്കുന്ന സഹ യാത്രികയെ ഒന്ന് നോക്കി മാളു മെല്ലെ സീറ്റിലേക്ക് ഒന്ന് കൂടി ചാരിയിരുന്നു..മഴ ഒരു ഹരമാക്കി,ചൂളം വിളിച്ചു ട്രെയിൻ മുന്നോട്ടു പായുമ്പോൾ ആരോ പറയുന്നത് അവൾ കേട്ടു.
"ഹും, കള്ളൻ..,ഇവരെയൊക്കെ എങ്ങനെ വിശ്വസിക്കാൻ പറ്റും..."

മാളൂന്റെ മനസ്സ് മെല്ലെ 20 വർഷം ഇപ്പുറത്തേക്ക് ഓടി തുടങ്ങി.. കാവും,കയയാലയും, വയലും വരമ്പും എല്ലാം മുന്നിൽ തെളിഞ്ഞു....

ഇങ്ങനെ ചാറ്റൽ മഴയുള്ള ഒരു സന്ധ്യക്കായിരുന്നല്ലോ അവളുടെജീവിതം മാറ്റിമറിച്ച സംഭവവും നടന്നത്. ഇരുപതു വർഷങ്ങൾക്കിപ്പുറത്തെ ആ ഞാറാഴ്ച സന്ധ്യ, ഇന്നും അവൾ മറന്നിട്ടില്ല. പിന്നെ ജോലിയുടെ പേരുംപറഞ്ഞ് അന്യനഗരത്തിലേക്ക്  ചേക്കേറിയ അവൾ ഒരിക്കലും ഈ നാടും നഗരവും,കാവും കയ്‌യാലയും കണ്ടിട്ടില്ലല്ലോ. അവിടുന്നങ്ങോട്ട് മരവിച്ച മനസ്സുമായി എല്ലാ ഓർമകളും ഒപ്പം കുറ്റബോധവും മനസ്സിലടക്കി ആ നഗരത്തിന്റെ മാറിൽ ഇടം തേടുകയായിരുന്നല്ലോ.. അവരിലൊരാളായിട്ടു.. ഇടയ്ക്ക്കിടെ വീട്ടിൽ നിന്നെത്തുന്ന അച്ഛന്റെ  കത്തുകളിൽ ജോലിയുപേക്ഷിച്ചു നാട്ടിൽ വന്ന് കല്യാണമൊക്കെ കഴിച്ച്  കൂടാനുള്ള ശകാരവാക്കുകൾക്കൊന്നും പിടികൊടുക്കാതിരുന്നതിന്റെ സത്യാവസ്ഥ അറിയുന്ന ആൾ അവൾ മാത്രമാണല്ലോ.
മാളവികയെന്ന അവൾ18 തികഞ്ഞിട്ടും വീട്ടിലെ ഓമനയായ മാളു ആയിരുന്നല്ലോ അച്ഛനും പിന്നെ ചിറ്റക്കും.പ്രായം എട്ടിൽ എത്തുംമുൻപേ അമ്മ ഞങ്ങളെ തനിച്ചാക്കി പോയ പ്രതിഭാസത്തെ പറ്റിയാലോചിച്ചു ഉത്തരം കിട്ടാതെ നട്ടം തിരിയുന്നതിനിടയിലെപ്പോഴോ പ്രായം 18ഉം ഒപ്പം പ്രീഡിഗ്രിയും പിന്നിട്ടിരുന്നു. അതിനിടയിലെന്നായിരുന്നു അച്ഛന്റെ മാളു പിഴച്ചത്?പിന്നിട്ട 20വർഷം വേണ്ടിവന്നു അച്ഛന് അച്ഛന്റെ മാളുവിനെ മനസ്സിലാക്കാൻ എന്നത് വിധിയുടെ വികൃതി ആകാം. അല്ലെങ്കിലും അച്ഛന് ചിറ്റയുടെ വാക്കായിരുന്നല്ലോ പലപ്പോഴും വേദവാക്യം..എല്ലാം ഇന്നലെ കഴിഞ്ഞപോലെ. എന്തിനായിരുന്നു പതിവില്ലാതെ ആ ഞാറാഴ്ച മാത്രം കറന്റു പോയത്.. മാളുവിന്റെ വിധി മാറ്റി മറിക്കാനോ..അതോ ചിറ്റയെ രക്ഷിക്കാനോ..?

കർക്കിടകത്തിലെ ആ ഞാറാഴ്ച ഇരുട്ടിൽ,കയ്‌യാലയിൽ ഉണങ്ങാനിട്ട ദാവണി എടുക്കാൻ പോയ അവൾ കണ്ട രൂപം വീട്ടിലെ സ്ഥിരം കറവക്കാരനും അച്ഛന്റെ വലം കയ്യുമായ കുമാരേട്ടനാണെന്ന് അറിയാൻ കറന്റു വരേണ്ടി വന്നു..അന്തം വിട്ട അവൾക്കിപ്പുറത്തെ വശം ചിറ്റയായിരുന്നല്ലോ എന്ന് ആ ഇരുട്ടിലും അവൾക്ക് വ്യക്തമായി മനസ്സിലായല്ലോ...പിന്നെ എങ്ങനെയാണ് അവൾ കുമാരേട്ടനെ വിളിച്ചു വരുത്തിയതാണെന്നും, പെണ്ണിനു അസുഖം വേറെയാണെന്നുമൊക്കെ അച്ഛനെ പറഞ്ഞു പഠിപ്പിക്കാൻ നിമിഷ നേരം കൊണ്ട് ചിറ്റക്കു കഴിഞ്ഞത്..അച്ഛന്റെ ശാപവാക്കുകളൊന്നും ഇന്നും കാതിൽനിന്ന് പോയിട്ടില്ല..കൈയിൽ കിട്ടിയ വടികൊണ്ട് അച്ഛന്റെ അടി വീണു മുറിവേറ്റത്‌ ശരീരത്തെക്കാൾ കൂടുതൽ മനസ്സിലായിരുന്നല്ലോ..

സഹയാത്രിക തട്ടി വിളിച്ചപ്പോഴാണ് അവൾ ഞെട്ടലിൽ നിന്നുണർന്നത്.. ട്രെയിൻ തന്റെ ഓർമകളുടെ ഭാരമിറക്കിവെക്കാനെന്ന പോലെ വേഗം കുറച്ച് കൊണ്ടിരുന്നു..പിന്നെ മെല്ലെ അനുസരണയുള്ള കുട്ടിയെപ്പോലെ ഒതുങ്ങി നിന്നു..
സാവധാനം പുറത്തിറങ്ങിയ അവളെയും കാത്ത് വിറയ്ക്കുന്ന കാലുകളാൽ അച്ഛൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ശോഷിച്ച മുഖത്തെ,നിറഞ്ഞു തുളുമ്പാതിരിക്കാൻ പാടുപെടുന്ന,ഉള്ളിലേക്ക് തള്ളിയ കണ്ണുകൾ ചിറ്റയുടെ വേദവാക്യത്തിൽ,അച്ചന്റെ തെറ്റിദ്ധാരണയിൽ നഷ്ട്ടപ്പെട്ട അവളുടെ 20വർഷത്തെ വസന്തം തിരികെത്തരാനാവില്ലെന്നാണോ പറഞ്ഞത്?അതോ ഒടുവിലെന്നോ ചിറ്റ കുമാരേട്ടന്റെ കൂടെ ഇറങ്ങിപ്പോയ ദുരന്തം ആ കണ്ണുകളിൽ ഒളിപ്പിച്ചു വെച്ചതോ.?
അച്ഛന്റെ വിറകുന്ന കൈകളിൽ പിടിച്ചതും അവളുടെ കണ്ണുകൾ നിയന്ത്രണം നഷ്ട്ടപ്പെട്ടു..
കലങ്ങിയ കണ്ണുകൾ തുടക്കാൻ ശ്രമിക്കുമ്പോൾ അവൾ കണ്ടു തനിക്കു പിന്നിട്ട വർഷങ്ങളെക്കാൾ വേഗതയിൽ ട്രെയിൻ മുന്നോട്ടു പായുന്നത്...
BAS

No comments: