Monday, October 26, 2015

പ്രണയം മരിച്ച ആത്മാവുകൾ

ബസ്സിലിരുന്നു ഉറങ്ങിപോയതറിഞ്ഞില്ല , പിന്നീടെപ്പോഴോ കണ്ണ് തുറന്നപ്പോള്‍ അടുത്തു ആരോ ഉണ്ടെന്നു തോന്നി.
  ഇരുട്ടായത് കാരണം ആരാണെന്നു മനസ്സിലായില്ല, കുറച്ചു വെളിച്ചം കയറട്ടെ എന്ന് കരുതി സൈഡ് ഗ്ലാസ് വലിച്ചു പുറകോട്ടാക്കി ശക്തിയായ മഴയായിരുന്നു പുറത്ത്, ഉടനെ തന്നെ ഗ്ലാസ് അടച്ചു. പെട്ടെന്ന് മൊബൈല്‍ എടുത്തു കീ പാഡ് അമര്‍ത്തി വെളിച്ചത്തെ സ്വാഗതം ചെയ്തു. ആ ചെറിയ വെളിച്ചത്തില്‍ മനസ്സിലായി അതൊരു പെണ്‍ കുട്ടിയാണ് , എവിടുന്നാണ് കയറിയത് എന്നറിയില്ലല്ലോ എന്ന് ചിന്തിച്ചിരിക്കെ പെട്ടെന്ന് അവളുടെ മൊബൈല്‍ ശബ്ദിച്ചു , മെസ്സേജ് ആണെന്ന് തോന്നുന്നു അത് വായിക്കാന്‍ മൊബൈല്‍ അവളുടെ മുഖതോടു അടുപ്പിച്ചു, അപ്പോഴാണ് അവളുടെ മുഖം കണ്ടത്‌. അതും വായിച്ചു അവള്‍ സീറ്റ് പുറകോട്ടു ചായ്ച്ചു വച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ നിശബ്ദതയില്‍ നിന്നും ഒരു തേങ്ങല്‍ കേട്ടു. ഇത് എവിടെ നിന്നാണ്. തേങ്ങലിന് ചെവിയോര്‍ത്തപ്പോള്‍ മനസ്സിലായി , എന്‍റെ അടുത്തു നിന്നാണ്. എന്തിനാണവള്‍ കരയുന്നത്,
എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഇരിക്കുമ്പോളാണ് അവള്‍ എന്നോടു ചോദിച്ചത്, വെള്ളം ഉണ്ടോ?. 'ഓ ഇതാ , ഞാന്‍ അവള്‍ക്കു വെള്ളം കൊടുത്തു. അതും കുടിച്ച് കുപ്പി തിരികെ തരുമ്പോള്‍ ഞാന്‍ അവളോടു ചോദിച്ചു? എന്താ പറ്റിയത്?.
"ഏയ്‌ ഒന്നുമില്ല" എന്ന് അവള്‍ പറഞ്ഞു. ആ മറുപടിയില്‍ എന്തൊക്കെയോ ഉണ്ടായിരുന്നു. ഞാന്‍ വീണ്ടും അവളോടു ചോദിച്ചു? , അവളുടെ മറുപടി കേട്ടു സത്യം പറഞ്ഞാല്‍ ചിരിക്കണോ അതോ അവളുടെ കൂടെ നില്‍ക്കണോ എന്ന് ഞാന്‍ ചിന്തിച്ചു. അത്യന്തം ആകാംഷാ ഭരിതമായ കഥ അവള്‍ പറഞ്ഞു തുടങ്ങി. അവള്‍ പഠിക്കുന്ന കോളേജില്‍ വച്ചു ഒരാളുമായി അടുത്തു. ഭയങ്കര പ്രേമം. ഒടുക്കം അവന്‍ അവളോടു ടാറ്റാ പറഞ്ഞു. ഈ രണ്ടു വരിയില്‍ മാത്രം ഉള്കൊള്ളിക്കേണ്ട  ആവശ്യമേ അതിനുള്ളൂ , അതുകൊണ്ട് ഞാന്‍ അവനെപ്പറ്റി കൂടുതലൊന്നും ചോദിച്ചില്ല. അതുകൊണ്ട് വിഷയം മാറ്റി പിടിക്കാന്‍ തീരുമാനിച്ചു. ജോലി കിട്ടിയോ? ഉം അവള്‍ ഒന്നു മൂളി. പതുക്കെ പതുക്കെ അവള്‍ കരച്ചിലൊക്കെ മതിയാക്കി. അവള്‍ എന്നോടു ചോദിച്ചു പ്രണയിച്ചിട്ടുണ്ടോ ? പ്രണയിക്കാത്തവരായി  ആരുണ്ട് ഈ ലോകത്തില്‍ , പ്രണയിച്ചിട്ടുണ്ട്. നിന്‍റെ പേരെന്താ ? ഞാന്‍ അവളോടു ചോദിച്ചു. 'വഹീദ' അവള്‍ മറുപടി പറഞ്ഞു. നിന്‍റെയോ? അവള്‍ എന്നോടു ചോദിച്ചു? "സൽമാൻ" ഞാന്‍ പറഞ്ഞു. എന്താ ചെയ്യുന്നത്? അവള്‍ വീണ്ടും എന്നോടു ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു പഠിപ്പെല്ലാം കഴിഞ്ഞു, ഇപ്പോള്‍ വിദേശത്താണ്" . നീയോ? ഞാന്‍ അവളോടു ചോദിച്ചു. "എഞ്ചിനീയറിംഗ് കഴിഞ്ഞു, ജോലി ആയിട്ടുണ്ട് , ഇപ്പൊ വീട്ടിലേക്കാണ് അവള്‍ പറഞ്ഞു.

                                  ബസ്‌ ഒരിടത്ത്‌ നിര്‍ത്തിയപ്പോള്‍  ഞാന്‍ പുറത്തേക്കിറങ്ങി , ചായ കടയില്‍ കയറി രണ്ടു ചായയ്ക്ക് ഓര്‍ഡര്‍ കൊടുത്തു, തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍ ആരോടോ മൊബൈലില്‍ സംസാരിക്കുന്നതു കണ്ടു. ചായ കൊണ്ടു പോയി കൊടുത്ത്‌ ഞാന്‍ പുറത്തേക്കിറങ്ങി. സംസാരം കഴിഞ്ഞു അവളും പുറത്തിറങ്ങി, ഞാന്‍ അവളോടു ചോദിച്ചു ആരാ ഈ നേരത്ത് വിളിച്ചത്? "ഓ അത് അവനാണ് എന്‍റെ ലവര്‍, അവള്‍ പറഞ്ഞു. "അവന്‍ നിന്നെ വിട്ടിട്ടു പോയതല്ലേ ? ഞാന്‍ അവളോടു ചോദിച്ചു? അതെ വിട്ടിട്ടു പോയതാണ് പക്ഷെ ഞങ്ങള്‍ നല്ല ഫ്രെണ്ട്സായിരിക്കും , എനിക്കവനെ മറക്കാന്‍ കഴിയില്ല. അവള്‍ പറഞ്ഞു അപ്പോള്‍ നിന്‍റെ കല്യാണം കഴിഞ്ഞാലോ ?  എന്‍റെ ചോദ്യങ്ങള്‍ക്ക് സംശയത്തിന്‍റെ മുനകള്‍ വന്ന് തുടങ്ങിയപോള്‍ അവള്‍ പറഞ്ഞു, " അതിനെന്താ ഞാന്‍ മറ്റൊരാളെ കല്യാണം കഴിച്ചു എന്ന് വെച്ച് അവനെ ഞാന്‍ മറക്കണോ? എനിക്കതാവില്ല. ഞങ്ങള്‍ പരസ്പരം ഒന്നിച്ചു കഴിഞ്ഞിട്ടുണ്ട്. , അവന്റെ സാമീപ്യം എനിക്ക് ഇഷ്ട്ടമാണ്. "നിന്‍റെ ഭര്‍ത്താവു അറിഞ്ഞാലോ ? ഞാന്‍ അവളോടു ചോദിച്ചു. "അതിനു സൽമാൻ അല്ലല്ലോ എന്‍റെ ഭര്‍ത്താവു " എന്നായിരുന്നു അവള്‍ പറഞ്ഞ മറുപടി.
                  ബസ്‌ പോവാന്‍ തുടങ്ങി, പിന്നെയും മൊബൈല്‍ ശബ്ദിച്ചു , അവള്‍ സംസാരം തുടര്‍ന്നു. എന്താണ് സംഭവിക്കുന്നത്‌ എന്നറിയാതെ ഞാന്‍ ടിന്‍റു മോന്‍റെ   മെസ്സേജ്  വായിച്ചിരുന്നു.  

No comments: