Saturday, May 26, 2018

മിസൈൽ കറി ബനാതാ ഹേ ക്യാ

ഗൾഫിൽ ആദ്യമായി കാലു കുത്തിയ സമയം.. ദുബായിയുടെ മാപ്പിൽ പോലുമില്ലാത്ത സോനാപൂർ എന്ന മണലാരണ്യത്തിലെ നൂറുകണക്കിന് ലേബർ ക്യാമ്പുകളിലൊന്നിൽ പാകിസ്ഥാനി ബംഗാളി നൈജീയക്കാർക്കൊപ്പം ഈയുള്ളവനും വിരലിലെണ്ണാവുന്ന കുറച്ച് മലയാളികളും...

ഞാനടക്കം മിക്കവരുടേയും കന്നിഗൾഫ് പര്യടനം. ചിലർ കരയുന്നു. ചിലർ അടൂർ പടങ്ങളുടെ ഡബ്സ്മാഷ് നടത്തുന്നു.. ചിലർ തിരിച്ച് പോവാനുള്ള വഴിയന്വേഷിക്കുന്നു.. ആകെ ശോകമൂകമായ അന്തരീക്ഷം..‌ കാലം ഒന്നു രണ്ടടി അങ്ങനെ മുന്നോട്ട് വെച്ചു..

വിശപ്പിന്റെ വിളിക്ക് ഗൾഫെന്നോ കേരളമെന്നൊ ഇല്ലല്ലൊ..‌ പാചകം ചെയ്യണം.. വിശാലമായ ഹാളിൽ പത്തമ്പത് ഗ്യാസ് സ്റ്റൗ നിരത്തി വെച്ചിരിക്കുന്നു.. അതാണ് കിച്ചൺ.. ഒരു സൈഡിൽ പാകിസ്ഥാനികൾ പരിപ്പ് കറി ഉണ്ടാക്കുന്നു.. ബംഗാളികൾ ഫുൾ ഉരുളക്കിഴങ്ങ് പുഴുങ്ങുന്നു.. വിവധ ദേശക്കാരായ, വിവിധ ഭാഷക്കാരായ ഒരു പത്തമ്പത് പേർ ഒരു അടുക്കളയെന്ന വികാരത്തിൽ ഒരുമിച്ച് കൂടിയ സമത്വ സുന്ദര ലോകം..‌വസുദൈവ കുടുംബകം.. അവിടേക്ക് ഞങ്ങൾ നാലുപേർ ഒരു പിടി പരിപ്പും പാകത്തിന് മഞ്ഞൾ മുളക് മല്ലി പൊടികളുമായി കടന്നു ചെല്ലുന്നു..

എന്തൊക്കെയോ ചെയ്തു.. എങ്ങനെയൊക്കെയോ അത് സംഭവിച്ചു.. മുൻപിലെ ചട്ടിയിൽ കിടന്ന് തിളയ്ക്കുന്ന പരിപ്പ് കറി. കാണാനൊക്കെ കൊള്ളാം.. തൊട്ടപ്പുറത്ത് നിന്ന് കുക്ക് ചെയ്തിരുന്ന പാക്കിസ്ഥാനി ഒന്ന് എത്തിനോക്കി.. അതൂടെ കണ്ടപ്പൊ ഞങ്ങളൊറപ്പിച്ചു.. ഇത് തകർത്തു.. അടുപ്പിൽ നിന്ന് ഇറക്കി വെച്ച  കറി കണ്ടപ്പൊ എന്തോ ഒരു പോരായ്മ തോന്നി.  'യെസ്.. വീട്ടിലുടാക്കുമ്പോ കാണാറുള്ള ആ കറുത്ത കുത്തുകൾ കാണാനില്ല.. അതെ ..കടുക് വറവിട്ടില്ല..!!

ഓർമയിൽ ഉമ്മ ചീനച്ചട്ടിയിലൊഴിക്കുന്ന വെളിച്ചെണ്ണയും പൊട്ടിത്തെറിച്ച് സുഗന്ധം  പരത്തുന്ന കടുക്മണികളും സ്ലൈഡ്ഷോ ആവാൻ തുടങ്ങി.
ഒരു ഫ്രൈപാൻ സ്റ്റൗവിൽ കയറ്റി.. വെളിച്ചെണ്ണ ഒഴിച്ചു.. കുറേ കടുകും കുറേ കറിവേപ്പിലയും കൂടെ തിളച്ച വെളിച്ചെണ്ണയിലേക്ക് ഒറ്റ ഏറ് വെച്ച് കൊടുത്തു.കടുക് പൊട്ടുന്ന കളകളനാദം പ്രതീക്ഷിച്ചരുടെ മുൻപിൽ ചീനച്ചട്ടിയിൽ നിന്നൊരു തീഗോളം ഉയർന്നു..
പുക മാറിയപ്പൊ പാകിസ്ഥാനിയുമില്ല ബംഗാളിയുമില്ല.. കിച്ചൻ ശൂന്യം .. ഒരു കടുക് പൊട്ടിച്ചാൽ ഭയക്കുന്ന ഇവരാണോ നമ്മളോട് യുദ്ദം ചെയ്യാൻ വരുന്നത് എന്നൊക്കെ ഓർത്തിരിക്കുമ്പോ ദോ വരുന്ന് പുറത്തേക്കോടിയ പാകിസ്ഥാനി ..   ഇളിഞ്ഞ് നിൽക്കുന്ന ഞങ്ങളോടൊരു ചോദ്യം ..

"തും ലോഗ് മിസൈൽ കറീ ബനാതാ ഹേ ക്യാ?? "

താനൊക്കെ മിസൈലാണോടോ കോപ്പെ കറി വെക്കുന്നതെന്ന്...
Read more ...

Thursday, August 25, 2016

നായിന്റെ മക്കള്‍


വീട്ടിലേക്ക്‌ പോകും വഴിയിൽ ഞാനെന്നും നോക്കിനിൽക്കുന്ന മറ്റൊരു വീടുണ്ട്‌...മരത്തടിയാൽ തീർത്തത്‌......മേരിയെന്ന കിളവി അവിടാണു താമസം...ഒറ്റക്ക്‌.....മേരിച്ചേട്ടത്തി ഒരുപാട്‌ ചിരിക്കും എന്ന് ഉമ്മ പറഞ്ഞ്‌ ഞാൻ കേട്ടിട്ടുണ്ട്‌....ചുറ്റുവട്ടത്തുള്ള കണ്ണെത്താ ദൂരത്തെ പറംബൊക്കെ വരൗടെ ആണത്രേ.....
രാവിലെ വീട്ടിലേക്ക്‌ പാലുവാങ്ങാൻ പോകുന്ന ജോലി എന്റേതാണു...പിറകേ ഉള്ളമക്കൾക്ക്‌ വലിയ പ്രായമാകാത്തതിനാൽ അലോസരത്തോട്‌ കൂടിയും,ബാക്കി വരുന്ന ചില്ലറത്തുട്ടുകൾ ഉപ്പ ചോദിക്കാത്തതിനാൽ സന്തോഷത്തോടുകൂടിയും ഞാനാ ജോലി ചെയ്തു....വീട്ടിൽ നിന്നും പത്ത്‌ മിനിറ്റ്‌ യാത്രയുണ്ട്‌ പാൽക്കടയിലേക്ക്‌....പുലർച്ചെയുള്ള നടപ്പായിരുന്നില്ല എന്നെ ഭയപ്പെടുത്തിയിരുന്നത്‌..മേരിച്ചേട്ടത്തിയുടെ വീട്ടിൽ താമസമാക്കിയിരുന്ന തെരുവുനായ്ക്കളായിരുന്നു....മുൻ ജന്മത്തിലെങ്ങോ ഇവറ്റകളുടെ പെങ്ങളെ അടിച്ചോണ്ട്‌ പോയ കാമുകൻ ഞാനാണെന്ന പോലാണു അവറ്റകളുടെ പെരുമാറ്റം..എന്നെ വഴിയിൽ കണ്ടാൽ കുരച്ചുകൊണ്ടോടി വരും.കല്ലെടുത്തെറിയാൻ അന്നത്തെ ആറാം ക്ലാസുകാരന്റെ പരവേശം അനുവദിക്കാതിരുന്നതിനാൽ ആ വഴിയുള്ള നടപ്പുകാരെ കാത്തിരിക്കലായിരുന്നു ഏക ആശ്രയം....
ഒരിക്കൽ എത്രകാത്തിരുന്നിട്ടും നടപ്പുകാരെ ആരെയും കൂട്ട്‌ കിട്ടിയില്ല....കയ്യിൽ പാലുണ്ട്‌....ഒടുവിൽ നടക്കാൻ തന്നെ തീരുമാനിച്ചു എന്നിലെ ദൈര്യശാലി..തീരുമാനം മാത്രമായിരുന്നു നടക്കാൻ..ശരീരം ഓടുകായിരുന്നു...

ഇല്ല...ഓൻ പുറകേ ഇല്ല....ഇനിയുമൊരൻപത്‌ മീറ്റർ കൂടി.....
ബൗ,ബൗ...ബൗബൗ......
പിന്നിലതാ ഒരു നായിന്റെ മോൻ...
പിന്നെല്ലാം പെട്ടന്നായിരുന്നു....ഞാനൊടുന്നു,അവൻ പിറകേ....അവൻ പിറകേ,ഞാനോടുന്നു.....
ഔ..ഔൂൂ.....ശബ്ദവും ഞാൻ കുഴിയിലേക്ക്‌ വീണതും ഒന്നിച്ചായിരുന്നു....വാങ്ങിവന്ന പാൽ നിലത്തൊഴികി കിടക്കുന്നു.....കല്ലിലേക്കിട്ടതിൽ പരിഭവിച്ച്‌ പാൽക്കവർ മുഖം ചുളിച്ചു.....ആ നായിന്റെ മോനിട്ട്‌ ആരോ കല്ല് കൊണ്ട്‌ നല്ലോണം ഒന്ന് താങ്ങിയിരിക്കുന്നു....ഒരു ഇളിയും ഇളിച്ച്‌ ഞാൻ എഴുനേറ്റു.....കൈ പിടിക്കണോ എന്ന് ചോദിച്ച്‌ ഹംസക്കാ......മുഖത്ത്‌ നോക്കാതെ ചിരിച്ച്‌ ഞാൻ നടന്നു..മൂപ്പരു കട തുറക്കാൻ പോണ പോക്കാ.....പാലില്ലാതെ വീട്ടിൽ പോയ എന്നെ കാത്തുനിന്നത്‌ ഉമ്മയുടെ കണ്ണുരുട്ടൽ മാത്രമായിരുന്നില്ല...പിന്നീടുള്ള ചായസമയങ്ങളിലെ ചിരി കൂടിയായിരുന്നു....പിന്നീട്‌ കുറച്ചുനാൾ ചായസമയത്തെ അഥിഥികൾക്ക്‌ എന്റെ പാലുവാങ്ങൾ കഥകേട്ട ബോറഡിച്ചിട്ടുണ്ടാവു.....ഒഹ്‌ മറന്നു മേരിചേട്ടത്തിയെ......
അങ്ങനെ ഒരു ദിവസം എന്റെ ആഗ്രഹം സഭലീകരിച്ചു....ആ വീട്‌ കാണുക,ഞാൻ കണ്ടു കണ്ണുനിറയേ....ഒരുപാട്‌ ഇടനാഴികൾ,മിക്കയിടത്തും ഇരുറ്റ്‌....പഴമയേ ഓർമ്മപ്പെടുത്തുന്ന വാതിലുകൾ,ജനാലകൾ,നാലുകെട്ട്‌......ഇവയ്പ്ക്കെ കണ്ടപ്പോഴും മേരിച്ചേച്ചിയുടെ ചിരി എനിക്ക്‌ കാണാൻ പറ്റിയില്ല..അന്ന് മേരിച്ചേട്ടത്തി ഉറങ്ങുകാരുന്നു...തണുപ്പിച്ച പെട്ടിയിൽ,ചുറ്റും പൂക്കളൊക്കെ വച്ച്‌....രണ്ട്‌ മൂന്ന് ദിവസം ചേട്ടത്തി ഉറങ്ങി....നൊന്ത്‌ പെറ്റ മക്കൾക്ക്‌ കാണാൻ....അവർക്കങ്ങിനൊന്നും വരാൻ പറ്റില്ലത്രേ...അമേരിക്കയിലാ....ഇവിടെ ഞാൻ പടിക്കാൻ പോകുംബോ അവിടെല്ലാരും ഉറക്കമായിരിക്കുമത്രേ......അവിടന്നിവിടം വരെ വരണ്ടേ.....തിരുവന്തപുറത്തുള്ള ടോമി മാത്രേ ഉള്ളൂ ഇവിടെ....രണ്ടീസം കഴിഞ്ഞപ്പോ എല്ലാരും വന്നു.....വണ്ടിയിൽ കയറ്റി ചേട്ടത്തിയെ കൊണ്ടോയി....ഓരെ എങ്ങോട്ട കൊണ്ടുപോണേന്ന് അറിയണമെന്നുണ്ടായിരുന്നു എനിക്ക്‌....അവരുടെ പള്ളിയിലേക്കാ കൊണ്ടുപോകുന്നത്‌,നമ്മൾ മുസ്ലീങ്ങൾ അങ്ങോട്ട്‌ പോകാൻ പാടില്ലന്ന് പറഞ്ഞ്‌ കൂട്ടുകാർ തടസം പിടിച്ചു....ചേട്ടത്തി പോയിട്ടും ബാക്കിയുള്ളോർ അമേരിക്കക്ക്‌ പോയില്ല.....രണ്ട്‌ ദിവസം ചേട്ടത്തിയുടെ പറംബിൽ മുള്ളുവേലികളുയർന്നു...നെടുകയും കുറുകയുമൊക്കെ....പിന്നീട്‌ മുറ്റത്തെ കാറുകൾ കുറഞ്ഞു...പലരും മടങ്ങി....അവസാനം വീട്‌ മാത്രമായി.....പിന്നീടാ വഴിയിലൂടെ എന്റെ നടപ്പ്‌ നെഞ്ചും വിരിച്ചായി....ചിലപ്പോൾ ഞാനാ വഴിയിൽ വച്ച്‌ ഒന്നാട്ടി തുപ്പും....ആ തുപ്പൽ വീഴുന്നത്‌ ചേട്ടത്തിപോയതോടെ അനാഥമായ നായിന്റെ മക്കളുടേയും,ചിലതു സ്വൊന്തമാക്കിയ നായിന്റെ മക്കളുടേയും മുഖത്താണു.....

-----------------------അജു-----------------------------

Read more ...

Saturday, July 16, 2016

പത്ത് കളർ നാരങ്ങ മിഠായി

ജാസിക്കാ……
സൗദി അറേബിയയിൽ നാരങ്ങ മിട്ടായി കിട്ടോ ? എന്നും ഇണ്ടാവും ഇതുപോലെ എന്തെങ്കിലും ഒരു പൊട്ടത്തരം വിളിച്ചു ചോയ്കണത്.. പക്ഷെ ഇന്നത്തെ ഓൾടെ ആ ചോദ്യം കേട്ട് എനിക്ക് ചിരിയാണ് വന്നത്. 
പിന്നില്ലാണ്ട് ... മ്മടെ പെട്ടിക്കട നടത്തണ ഉമ്മറാക്കന്റെ രണ്ടു ഗോടവ്ൺ ഇണ്ട് ഇവിടെ . എന്തേ അനക്ക് മാണ?
ന്നെ കളിയാക്കിയതാണെന്ന് കരുതിന് ഞാനും ഒന്നങ്ങോട്ടു വെച്ച് കൊടുത്തു.
ഹാ! കാര്യം പറ ഇക്ക. ഇൻക്ക് മാണം പത്തു കളറിലുള്ള നാരങ്ങ മിട്ടായി.. കിണുങ്ങി കൊണ്ടോളത് പറഞ്ഞപോ ഞാൻ ശേരിക്കും അന്തംവിട്ടു .. അനക്കെന്താ പറ്റിയെ പെണ്ണെ ? ഇക്ക പറാ...ഇൻക്ക് കൊണ്ടുതരോ ? വെറും ഒരു നാരങ്ങാ മിട്ടായിക്ക് വേണ്ടി കൊച്ചു കുട്ടിയെ പോലെ കിണുങ്ങുന്ന ഒളോടെനിക്ക് ആ നേരത്ത് വല്ലാത്തൊരു പ്രണയം തോന്നി ....
റമളാൻ ആയിപോയി ഇല്ലെങ്കിലൊരു  മുത്തം ചോയ്കാർന്നുന്നു തോന്നി... അപ്പൊ നാല് ചീത്ത കേട്ടാലും അതൊരു സുഖാർന്നു..
ഇക്കാ... എന്റെ അനക്കമൊന്നും കേൾകാണ്ടായപോ നീട്ടിയുള്ളൊരു വിളി...
എന്താടി പെണ്ണെ ? ഇങ്ങളെനിക്ക് കൊണ്ടന്നു തരോ?ഓള് പിന്നെയും കിണുങ്ങുകയാണ്..
ഒരു ചിരിയോടെ ഞാൻ പറഞ്ഞു. നാലാൾടെ മുന്നിൽ വെച്ച് ഞാൻ എന്റെ ബീവിയാകിയില്ലെങ്കിലും.. മനസ്സ് കൊണ്ട് മഹർ തന്നു ഞാൻ നിക്കാഹ് കഴിച്ച എന്റെ ഖൽബിലെക്കു കൈ പിടിച്ചു കയറ്റിയ എന്റെ പെണ്ണല്ലേ നീ . ആ നീ ആദ്യായിട്ട് ആവശ്യപെട്ട കാര്യല്ലേ., ഈ സൌദി മൊത്തം അരിച്ചു പെറുക്കിയിട്ടാണെങ്കിലും ന്റെ ഖൽബിനു ഞാൻ അന്റെ ആ പത്തു കളർ നാരങ്ങാ മിട്ടായി കൊണ്ട് തന്നിരിക്കും... അതുകേട്ടതും  റമളാൻ ആണെന്ന് പോലും നോക്കണ്ടോളെനിക്ക്  ഒരു മുത്തം തന്നു.. ഈ പെണ്ണിന്റെയൊരു കാര്യം... കാര്യമില്ലാത്ത കാര്യത്തിനു തല്ലുകൂടെം, ഞാൻ ന്തെങ്കിലും മുഖം കറുപ്പിച്ചു പറഞ്ഞാൽ പൊട്ടിക്കരയേം ചെയ്യണ ഈ കാന്തരിപ്പെണ്ണിനെ എനിക്ക് ജീവനാർന്നു.. അന്നും എന്നത്തേയും പോലെ നാട്ടിലുള്ള സകല കാര്യങ്ങളും പറയാനുണ്ടാർന്നു.. എന്തിനു! ഓൾടെ വീട്ടിലെ പൂച്ച പ്രസവിച്ചത് വരെ എന്നോട് വല്യ കാര്യത്തിൽ പറയാർന്നു. അപ്പൊ പിന്നെ സൗദി അറേബ്യയിലെ നാരങ്ങ മിട്ടയിക്ക് വേണ്ടി വാശി പിടിചില്ലെങ്കിലല്ലേ അത്ഭുതള്ളു...
ഇക്കാ ഉമ്മ വരിണ്ട് ഞാൻ പോണ്.. പിന്നേയ് ഇന്റെ നാരങ്ങ മിട്ടായി മറക്കണ്ട.. കുലുങ്ങി ചിരിച്ചോണ്ട്  അപ്പുറത്തു ഫോൺ കട്ടായി. ഫോൺ ബെഡ്ഢിലേക്കിട്ട് ഞാൻ അവിടെ മലർന്നു കിടന്നു കൊണ്ട് കുറെ നേരം ആലോയ്ച്ചു.. ഈ നാരങ്ങ മിട്ടയിക്കെന്താ ഇത്രേം ആവശ്യം ഓൾക്ക്.?
നിനക്കെന്താടി പെണ്ണെ ഞാൻ വരുമ്പോ കൊണ്ടുവരണ്ടേ എന്ന് ഇടയ്ക്കിടെ ഞാൻക ചോയ്ച്ചാൽ എല്ലാ പെണ്ണുങ്ങളും പറയണ പോലെ.. എനിക്കൊന്നും മാണ്ട ഇക്ക. ഇങ്ങളെയൊന്നു കണ്ടാ മതി.എന്നെ എന്നും പറയാറുള്ളത്.. സത്യം പറഞ്ഞാൽ ഈ പ്രവാസ ജീവിതത്തിനിടയിലെ ഒറ്റപ്പെടലിനിടയിലാ ഓളെന്റെ മുരടിച്ച ജീവിതത്തിലേക്ക് കയറിവന്നത്... ആദ്യമൊക്കെ വെറും ഒരു നേരം പോക്കയിരുന്നെങ്കി പിന്നെ പിന്നെ ഓളിൽ ഞാൻ എന്നെ തന്നെ കണ്ടെത്തി. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ലഹരിയായിരുന്നു ഓളെനിക്ക് തന്നിരുന്ന പ്രണയം. എത്ര വഴക്കിട്ടാലും ..കരയിപ്പിച്ചാലും.... കളിയാകിയാലും പിന്നേയും  ജസിപ്പാ എന്ന് വിളിച്ചോണ്ട് കൊഞ്ചിവരുന്ന വെള്ളാരം കല്ലുള്ള മൂക്കുത്തി കുത്തിയ ആ കാന്താരി പെണ്ണെന്റെ ജീവനായിരുന്നു...
      ഫോണെടുത്തു ഞാൻ എന്റെ ചങ്കുകൾകൊക്കെ വിളിക്കാൻ തൊടങ്ങി.. ഈ നാരങ്ങാ മിട്ടായി കിട്ടാൻ ഇവിടെ വല്ല വകുപ്പുണ്ടോന്നറിയാൻ. അവരെന്നെ തെറി വിളിചില്ലന്നുള്ളൂ.. പക്ഷെ, ഞാൻ വിട്ടുകൊടുത്തില്ല... ഈ രണ്ടു കൊല്ലാതെ സൌദി ജീവിതത്തിനുള്ളിൽ എനിക്കറിയാവുന്ന എല്ലാ ഫ്രണ്ട്സിനേം തപ്പിയെടുത് വിളിക്കാൻ തുടങ്ങി.
അതിനിടയിലാണ് വീട്ടിൽന്നുള്ള വിളി. നിർത്താതെയുള്ള മിസ്സ്‌ കാൾ കണ്ടപോ ബേജാറായി..
ധൃതി പിടിച്ചു തിരിച്ചു വിളിച്ചപോ പെങ്ങളാണ് അപുറത്തു ഫോണെടുത്തതു.. കുഞ്ഞായീ...ഇയ്യിനി ഒരു മസാവാൻ കാത്തുനിക്കണ്ട.. ഒരാഴ്ച്ചക്കുള്ളിൽ എങ്ങനേം ഇയ്യ് നാട്ടിക്കെത്തണം... ഓൾടെ പറച്ചിൽ കേട്ടപോ ഉള്ളൊന്നു കാളി. റബ്ബേ ഇനി ഉമ്മാക്ക് വല്ലതും...നൂറു ചോദ്യങ്ങൾ ഉള്ളിൽ കിടന്നു വിങ്ങി.. ഇയ്യ് കൂടുതലൊന്നും ചോയ്കണ്ട. ഞങ്ങള് അന്നേം കാത്തിരിക്കാണ്..ഇന്നെകൊണ്ട് ഒന്നും അങ്ങോട്ട്‌ ചോദിപ്പിക്കാൻ നിൽകാതെ ഓള് ഫോൺ കട്ടാക്കി. വീട്ടിലുള്ള ആർകും പിന്നെ മാറി മാറി വിളിചിട്ടും ആരും എടുക്കുന്നുമില്ല... ന്റെ സമനില മൊത്തം തെറ്റണ പോലെ ആയി...

      രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ഖഫീലിന്റെ അടുത്തുന്നു എമർജൻസി ലീവ് വാങ്ങി എയർപോർടിൽ എത്തണ വരെ ഉള്ളിൽ തീ ആയിരുന്നു.. എയർപോർടിൽ എന്നെയും കാത്തു ഉമ്മ ഒഴികെ എല്ലാരും ഉണ്ടാർന്നു. രണ്ടുകൊല്ലത്തെ പ്രവാസ ജീവിതത്തിനു ശേഷം ആദ്യമായിട്ട നാടിലെത്തുന്നത്. ആ വരവ് ഇങ്ങനേം ആയി.. ഞാൻ പെങ്ങളേം, അനിയന്മാരുടെം മുഖത്തേക്ക് നോകി. ഒരു ചെറു പുഞ്ചിരിയല്ലാതെ ഓർടെ മുഖത്ത് വേറെ ഭാവമാറ്റമൊന്നും ഞാൻ കണ്ടില്ല. വീടെത്തുന്നത് വരെ  ആരും കമാ എന്നൊരക്ഷരം മിണ്ടിയില്ല..എല്ലാർടേം മുഖത്ത് ഒരു ചെറു ചിരിയുണ്ട്. അത് കണ്ടിട്ടാണ് എനിക്ക് ഒരു അന്തോം കുന്തോം മനസ്സിലാകാത്തത് ...
വീടിലേക്ക്‌ കയറിച്ചെന്നയുടൻ ഉമ്മി ഓടിവന്നു ന്നെ മുത്തം കൊണ്ട് പൊതിഞ്ഞു.. കുഞ്ഞായീ...ന്റെ മോനെ ...ഉമ്മാന്റെ കണ്ണ് നിറഞ്ഞു... എല്ലാ ബഹളവും കഴിഞ്ഞു എന്റെ എല്ലാ ചോദ്യങ്ങൾകുമുള്ള ഉത്തരം വന്നു.. കുഞ്ഞായീ! അന്നെ ഞങ്ങള് പെണ്ണ് കെട്ടിക്കാൻ പോകാ..ഞങ്ങളെല്ലാരും പൊയ്  കണ്ടു. എല്ലാർക്കും ഇഷ്ട്ടായി. ഓൾടെ വാപ്പ ഈ മാസം ലാസ്റ്റ് പോകും.. അതിനു മുന്നേ നടത്തണം..അന്നോടത് അവിടുന്ന് പറഞ്ഞാ ഇയ്യ് കൂട്ടാകില്ലാന്നറിയ . അതാ ഇങ്ങനെ ഒരു വരവ് വരുതിപ്പിച്ചേ... അവരത്രയും പറഞ്ഞു തീർത്തപ്പോൾ എന്റെ കണ്ണിൽ ഇരുട്ട് കയറണതുപോലെ തോന്നി... ദേഷ്യവും, സങ്കടവും,വേദനയും എല്ലാം കൂടെ നുരഞ്ഞു പൊന്തി ഒരു
പൊട്ടിത്തെറിയായി മാറി... ഇങ്ങക്കൊന്നും ബോധംന്നു പറയണ സാധനം ഇല്ലേ., ഇങ്ങക്കെല്ലാർക്കും കളിക്കാനുള്ള പാവയാണോ ഞാൻ... എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ എന്റെ ഉമ്മന്റെം പെങ്ങൾടെയൊക്കെ മുന്നിൽ ഒരു ദയയും ഇല്ലാതെ പൊട്ടിതെറിച്ചു...
പിന്നെ ഒരക്ഷരം മിണ്ടാതെ മുറിയിൽ ചെന്ന് വലിയ ശബ്ദത്തിൽ വാതിലടച്ചു...
ആ നേരം ആണ് സ്നേഹിക്കാൻ മാത്രം അറിയുന്ന ഓളെന്റെ മനസ്സിലേക്ക് ഓടിവന്നത്. ഈ ഒരാഴ്ചക്കുള്ളിൽ ഞാൻ ഓളെ മറന്നോ ? അവളെന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷം അവൾടെ കളിയും, ചിരിയും,കൊഞ്ചലും ഇല്ലാതെ ഒരു ദിവസം പോലും ഇണ്ടാവാതിരുന്നിട്ടില്ല...ആ എനിക്ക് എങ്ങനാ ഓളെ പറ്റി ഒരു വിവരവും അറിയാതിരിക്കാൻ പറ്റിയെ? ന്റെ കോൾ ഒന്ന് കണ്ടില്ലെങ്കി ഉരുകിതീരുന്ന ഓൾടെ അവസ്ഥ ന്താകും റബ്ബേ!  കുടുംബം വന്നപോ മോഹിപ്പിച്ച പെണ്ണിനെ മറന്നു ഞാനും സ്വാർത്ഥനായോ അല്ലാഹ്...നെഞ്ച് പൊട്ടി പോകണ പോലെ തോന്നി... എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായാനായി ഞാൻ ബെഡ്ഢിലെക്കിരുന്നു...
  പതിയെ ന്റെ തോളിൽ ഒരു കൈ വന്നപോ ഞാൻ തിരിഞ്ഞു നോക്കി... ഉമ്മി ആയിരുന്നു. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്... എന്റെ അരികിലേക്ക്. ചേർന്നിരുന്നുകൊണ്ട് ഉമ്മി പറഞ്ഞു.. ജാസീ.. നല്ല മോളാടാ!
ഞാൻ പോയിക കണ്ടതാ.. ന്നെ ഉമ്മാാന്നു വിളിച്ചു ഓളെന്റെ അടുത്ത് നിന്നപോ ന്റെ മരോളായി കണ്ടോയി ഞാൻ.. ഓർക്കു വാക്ക് കൊടുത്തിട്ട ഞങ്ങള് അനക്ക് വിളിച്ചെ... ഉമ്മ പറഞ്ഞ ഇയ്യ് കേക്കുന്നു വിചാരിച്ചു., പിന്നെ ന്റെ നെഞ്ചിലേക്കു വീണു ഒരു പൊട്ടിക്കരചിലായിരുന്നു.. യാ.. അല്ലാാഹ്...!  ഞാൻ എന്താ ചെയ്യാ...ന്റെ ഹൃദയം തേങ്ങി.. ഉമ്മാ! ഇങ്ങളെ മരോളായി വരണത് സ്വപ്നം കണ്ടു നടക്കണ ഞാൻ മോഹിപ്പിച്ചു സ്നേഹിച്ച ഒരു പെണ്ണുണ്ട്.. ന്റെ അനിയന്മാരേറ്റ് തല്ലൂടാൻ കൊതിക്കണ ഒരു താത്തകുട്ടിയുണ്ട്, ഇന്റെ പെങ്ങളെ ഓൾടെ ഇത്താത്താനേ പോലെ സ്നേഹിക്കണന്നു പറഞ്ഞു നടക്കണ ഒരു അനിയത്തികുട്ടിയുണ്ട്.. പിന്നെ ഇങ്ങൾടെ എല്ലാർടേം  മുന്നിൽ വെച്ച് ന്റെ കയ്യിൽന്നു മഹർ വാങ്ങുന്ന നാൾ സ്വപ്നം കണ്ടു നടക്കണ ന്റെ മാത്രം ഒരു കാന്തരിപെണ്ണുണ്ട്... ഓൾടെ കണ്ണീരു കണ്ടിട്ടെങ്ങനാ ഉമ്മാ ഞാൻ വേറൊരു പെണ്ണിന് മഹർ കൊടുകണത്.. അലമുറയിട്ടു എന്റെ ഹൃദയം പറഞ്ഞു കരഞ്ഞത് ഉമ്മ കേട്ടില്ല...ആരും കേട്ടില്ല ..
അവസാനം പത്തു മാസം നൊന്തു പ്രസവിച്ച ആ ഉമ്മാന്റെ കണ്ണീരിനു മുന്നിൽ ഞാൻ തോറ്റു കൊടുത്തു ...
         നിക്കഹിന്റെ അന്ന് വീടുകാരെനിക്ക് കൂട്ടിനു കണ്ടുപിടിച്ചു തന്ന പെണ്ണിന്റെ വാപ്പാക്ക് കൈ കൊടുകുമ്പോ ന്റെ കൈ വിറച്ചു.. ഹൃദയം തേങ്ങി.. കണ്ണ് നിറയാതിരിക്കാൻ ഞാൻ പാടുപെട്ടു..
  കല്യാണത്തിന്റെ ഒരാഴ്ച കഴിഞ്ഞപോഴേക്കും ഉമ്മാക്ക് കാലുവേധന ഓടിയെത്തി.. അത്രേം നാൾ ഓപ്പറേഷന് കൂട്ടാക്കാതിരുന്ന  ഉമ്മ മരോള് വന്നപോ അയിനു സമ്മതം മൂളി.. ഉമ്മാന്റെ ഓപ്പറേഷൻ കഴിഞ്ഞ തലേനാൾ കുറച്ചു മരുന്ന് മേടിക്കാൻ പോയതാ ഞാൻ. തിരക്ക് കാരണം കുറച്ചപ്പുറത്തുള്ള കടയുടെ ചാരത്തേക്ക്‌ മാറിനിന്ന ന്റെ മുന്നിലൂടെ നിറഞ്ഞ കണ്ണുകളോടെ ഒരു സ്ത്രീ നടന്നു പൊയ്.. കണ്ണുനിറഞ്ഞോണ്ടാവണം അവരുടെ കയ്യിലിരുന്ന മരുന്നിന്റെ കുറിപ്പാണെന്ന് തോന്നണു. താഴെ വീണത്‌ അവരറിഞ്ഞില്ല. ഞാൻ അതെടുത്തു അവരുടെ അടുത്തേക്ക് ചെന്ന് അവരുടെ കയ്യിൽ കൊടുത്തു. തിരികെ നടക്കുന്നതിനിടെ അവരെന്നെ വിളിച്ചു..
മോനെ ! ഞാൻ  വീണ്ടും.അവരുടെ അടുത്തേക്ക് ചെന്ന്...അവരെന്റെ കയ്യിൽ മുറുക്കി പിടിച്ചു വിറയ്ക്കുന്ന ചുണ്ടുകളോടെ ന്നോട്. ചോയ്ച്ചു. മോനെ ഈ പത്തു നിറത്തിലുള്ളനാരങ്ങാ മിട്ടായി ഇവടെ കിട്ടുന്നതെവിടന്നു മോൻകറിയോ... ഒരു ഞെട്ടലോടെ ഞാൻ പിന്നിലേക്ക്‌ നീങ്ങി... നെഞ്ചിലൊരു വെള്ളിടി വെട്ടിയ പോലെ... കുറച്ചു നേരം ഞാനാ നിൽപ്പ് നിന്നു. എന്നിൽ നിന്ന് ഉത്തരമൊന്നും കിട്ടാത്ത കാരണമാകും അവർ നടന്നകന്നു... അവർകെന്തിനാകും അത്... എന്റെ ഉള്ള് ആളികത്തി...ന്തോക്കെയോ മരുന്ന് മേടിച്ചതിനു ശേഷം അവർ ആശുപത്രിയിലേക്ക് നടന്നു... അവരറിയാതെ അവരുടെ പിന്നാലെ ഞാനും...
ആറാം നിലയിലെ psy വാർഡിലെക്ക് അവര് നടന്നകലും തോറും എന്റെ ഹൃദയ മിടിപ്പിന്റെ വേഗത കൂടിവന്നു... ഗ്രില്ലിട്ടു പൂട്ടിയുറപ്പിച്ച  ആ വാതിലിന്റെ വിടവിലൂടെ ഞാൻ കണ്ടു... പടച്ചോൻ പോലും പൊറുക്കാത്ത ജീവിതത്തിൽ ഞാൻ ചെയ്ത തിരുത്താൻ പറ്റാത്ത ആ തെറ്റ്... വെള്ളക്കല്ലുള്ള മൂകുത്തിയിട്ട എന്റെ ആ കാ‍ന്താരി പെണ്ണിനെ...  വർണ്ണ ചോക്കുകൾ കൊണ്ട് അവളവിടമാകെ എഴുതി വെച്ചിരിക്കുന്ന ആ വാക്ക് കണ്ടപ്പോ ആ നിമിഷം ഭൂമി പിളർന്നു താഴേക്കു പോയാ മതിയെന്ന് തോന്നി . "ജാസിപ്പാന്റെ  നാരങ്ങ മിട്ടായി " ...
ഓളിപ്പഴും കാത്തിരിപ്പാണ് ഓൾടെ ജാസിപ്പ വാക്ക് കൊടുത്ത ആ പത്തു കളർ നാരങ്ങ മിട്ടായിക്ക് വേണ്ടി .!

          🌹🌹🌹🌹

Read more ...

Thursday, July 14, 2016

സുലുവും ഷാഹിനയും


എന്നും കാലത്ത് എട്ടു മണിക്ക് ഡ്യൂട്ടിക്ക് എത്തുമ്പോള്‍ ഒരേ ഒരു ചിന്ത വൈകിട്ട് ഡ്യൂട്ടി എപ്പോള്‍ കഴിയും എന്നതിനെ കുറിച്ചാണ്. പിന്നെ കാലത്ത് ഒരു പതിനൊന്നു മണിയെങ്കിലും ആവും ബോസ്സ് എത്താന്‍. അതുവരെ ഫേസ്ബുക്കിലെ കൂട്ടുകാരോടൊപ്പം അങ്ങിനെ പോവും.

പരമാവധി പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ഒഴിവാക്കും. പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്യാന്‍ ഇഷ്ടമില്ലാതെ അല്ല, മറിച്ച് ഫെയ്ക് ആവും കൂടുതലും, അതുകൊണ്ടാണ്. പിന്നെ അത്രയും അറിയാവുന്ന പെണ്‍കുട്ടികള്‍ ആണെങ്കില്‍ ഓക്കേ, അതാണ്‌ പതിവ്.

കുറച്ചു ദിവസമായി ജാസ്മിന്‍ എന്ന പേരില്‍ കുറെ മെസ്സേജുകള്‍ വരുന്നു. ഏതോ കൂട്ടുകാരന്‍ ആണ് ഈ ജാസ്മിന്‍. അതുകൊണ്ട് തന്നെ റിക്വസ്റ്റ് കണ്ടില്ല എന്ന് നടിച്ചു.

"നിനക്കെന്നെ അറിയാം, പിന്നെന്തേ ഇങ്ങിനെ ഒഴിവാകുന്നു?", ഇന്ന് ഇത്രേയുള്ളൂ. ഇനി എന്തായാലും ആഡ് ചെയ്യുക തന്നെ.

"ഹായ്, നന്ദിയുണ്ട് ഒരുപാട്. എനിക്കറിയാം നീ എന്നെ ആഡ് ചെയ്യും എന്ന്, അതല്ലെ ഞാന്‍ വിടാതെ മെസേജസ് അയച്ചു കൊണ്ടിരുന്നത്", ദാ കിടക്കുന്നു തുരുതുരാ മെസ്സേജ്!

"ഹായ്, നീ അപ്പോള്‍ ഓണ്‍ലൈനില്‍ തന്നെയുണ്ടായിരുന്നു, അല്ലേ? സത്യം പറ, ജാസ്മിന്‍ എന്ന് തന്നെയാണോ പേര്?"

അതെ എന്നവള്‍ പറഞ്ഞു. വിശ്വസിക്കുക തന്നെ. അവിടം മുതല്‍ ഒരു പുതിയ സൗഹൃദം തുടങ്ങുകയായിരുന്നു.

ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു. മറ്റു കൂട്ടുകാര്‍ക്കെല്ലാം ഇപ്പോള്‍ പരിഭവം ആണ്, പുതിയ പോസ്റ്റ്‌സ് ഇല്ല, കമന്റ്സ് ഇല്ല അങ്ങിനെ പോവുന്നു. അതിലും വലിയ പരിഭവം വീട്ടില്‍ നിന്നും ഭാര്യയുടെയാണ്. എന്നും കാലത്ത് ഒരുപാട് സംസാരിക്കാറുള്ളതല്ലേ, ഇപ്പോള്‍ ഇതെന്തു പറ്റി ഇങ്ങനെ? ഓഫീസില്‍ പിടിപ്പതു പണിയുണ്ട് എന്ന് പറഞ്ഞ് ഒഴിവാവും. എന്ന് കരുതി ഇത് പ്രേമം ഒന്നും അല്ല എന്ന് ഞാന്‍ ഇടയ്ക്ക്കിടെ എന്നെ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു.

* * *

എന്നും രാവിലെ എന്തെങ്കിലും ഒക്കെ വിഷയങ്ങള്‍ ഉണ്ടാവും ചാറ്റ് ചെയ്യാന്‍.

"ഷെമിക്ക ഞങ്ങളുടെ നാട് അറിയുമോ?"

"പാലക്കാട് എന്നല്ലേ പ്രൊഫൈലില്‍ ഉള്ളത് പാലക്കാട് ഞാന്‍ അറിയും"

"പാലക്കാട് മഞ്ഞിലമുക്ക് അറിയും? അവിടെയാണ് എന്റെ സ്ഥലം", സത്യത്തില്‍ ഇത്രയും ദിവസമായിട്ടു ശരിക്കും സ്ഥലം ചോദിച്ചില്ല. പക്ഷെ 'മഞ്ഞിലമുക്ക്', അത് നല്ല പരിചയം ഉള്ള സ്ഥലം ആണ്. അത് ഞാന്‍ പറഞ്ഞു. എങ്ങിനെയാണ് ഇത്ര പരിചയം എന്ന് അവള്‍.

"അത് പറയാം, എന്നെ കളിയാക്കരുത് ", ഇല്ല എന്നവള്‍ വാക്ക് തന്നു. എന്റെ വിവാഹം ആദ്യം ഉറപ്പിച്ചത് മഞ്ഞിലമുക്കില്‍ ഉള്ള ഒരു പെണ്‍കുട്ടിയുമായിട്ടായിരുന്നു. പക്ഷെ അത് മുടങ്ങി.

"എന്തായിരുന്നു കാരണം?", എന്ന് അവള്‍. ഇനിയാണ് ഞാന്‍ കളിയാക്കരുത് എന്ന് പറഞ്ഞതിന്റെ പൊരുള്‍.

ഒരു ദിവസം രാത്രി ബ്രോക്കര്‍ സിദ്ദിക്കയും എന്റെ അമ്മാവനും കൂടി വീട്ടില്‍ വന്ന് "ഷെമീര്‍, ഈ കല്യാണം ഇനി നടക്കില്ല", എന്ന് പറഞ്ഞു. പെട്ടെന്നൊരു ദിവസം കൊണ്ട് ഇതെങ്ങനെ സംഭവിച്ചു, എന്താണ് കാരണം.

"ഇല്ല, ഞാന്‍ ഇനി വിവാഹം കഴിക്കുമെങ്കില്‍ അവളെ മാത്രമേയുള്ളൂ. നിങ്ങള്‍ എല്ലാവരും കൂടി കണ്ട് ഇഷ്ടപ്പെട്ട് ഉറപ്പിച്ചതല്ലേ, പിന്നെ ഇപ്പോള്‍ എന്താ?, ഉമ്മാക്കും ഉപ്പാക്കും ഒന്നും പറയാനില്ലേ?"

"ഹാ, ഇനി നിനക്ക് അവളെ തന്നെ മതി എങ്കില്‍ കേട്ടോ, അവള്‍ മറ്റാരുടെയോ കൊച്ചിനെ വയറ്റിലിട്ടോണ്ടാ നടക്കുന്നെ!"

ഒരു നിമിഷം! എന്താണ് നടക്കുന്നത് എന്നറിയുന്നില്ല. ഒരു ഭയങ്കര പ്രകാശം, അതെനിക്ക് ചുറ്റും, കണ്ണുകള്‍ ഇറുക്കി അടച്ചു. സൂര്യനും മറ്റു ഗ്രഹങ്ങളും എനിക്ക് ചുറ്റും കറങ്ങികൊണ്ടിരിക്കുന്നു. കണ്ണുകള്‍ വീണ്ടും തുറക്കുമ്പോള്‍ ഞാന്‍ കിടക്കുകയാണ്. ഉമ്മ അടുത്തിരിക്കുന്നു, കയ്യില്‍ ഒരു ഗ്ലാസില്‍ പകുതിയോളം വെള്ളം ഉണ്ട്.

"നീ വായിക്കുന്നുണ്ടോ?", റിപ്ലൈ ഇല്ല. ചോദ്യം ആവര്‍ത്തിച്ചു. ഇല്ല, ഒരു പക്ഷെ അവള്‍ ചിരിച്ചു ചിരിച്ച് ഇരിക്കുന്നിടത്ത് നിന്നും വീണുപോയോ? "ഞാന്‍ അപ്പോളും പറഞ്ഞതല്ലേ, കളിയാക്കരുത് എന്ന്.., നീ ചിരിക്ക്..! നാളെ കാണാം."

"ഇല്ല ഞാന്‍ ചിരിക്കുകയല്ല..! ഒരു കാര്യം ചോദിക്കട്ടെ..? അതിനു ശേഷം നീ അവളെ വിളിച്ചോ..?"

"ഇല്ല, അവളുടെ പേര് കേള്‍ക്കുമ്പോൾ തന്നെ കലിയാണ്."

"നിനക്ക് ഉറപ്പുണ്ടായിരുന്നോ അവള്‍ അങ്ങിനെ ആയിരിക്കും എന്ന്?"

അപ്പോള്‍ അതിനു എന്ത് മറുപടി പറയണം എന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവളുടെ അടുത്ത വാക്കുകള്‍, "എന്റെ പേര് ഷാഹിന, സ് ഥലം 'മഞ്ഞിലമുക്ക്' ചിലപ്പോള്‍ ഷെമിക്ക അറിയുമായിരിക്കും..!"

ഷാഹിന! പതിമൂന്നു ദിവസം നീണ്ടു നിന്ന ഒരു പ്രണയം.., എല്ലാവരും അനുഗ്രഹിച്ച് അശീര്‍വദിച്ചു നല്‍കിയ ബന്ധം. പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് അറിയും മുന്‍പേ എല്ലാം അവസാനിച്ചു! പിന്നെ എത്രയും പെട്ടെന്ന് ഒരു കല്യാണം കഴിച്ചു. ഇപ്പോള്‍ സന്തോഷമായി ജീവിക്കുന്നു. ഈ കാലഘട്ടത്തിനിടയില്‍ ഒരിക്കല്‍ പോലും അവളെപ്പറ്റി ചിന്തിച്ചിരുന്നില്ല. ആ ഓര്‍മ്മകള്‍ പോലും വെറുപ്പുളവാക്കുന്ന ഒന്നായിരുന്നു എന്നതായിരുന്നു സത്യം.

ഇപ്പോള്‍ അവള്‍ തന്നെ മുന്നില്‍ വന്ന് നില്‍ക്കുന്നത് പോലെ. എന്താണ് ഇവളുടെ ഉദ്ദേശം?

"ഹലോ", അവളുടെ മെസ്സേജ് ആണ്.

"പ്ലീസ്, എനിക്ക് പറയാനുള്ളത് കേള്‍ക്കണം, ഉപദ്രവിക്കാന്‍ ഒന്നും അല്ല. അല്ലെങ്കില്‍ തന്നെ ഞാന്‍ ഒരു പെണ്ണ് വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. ഒരിക്കല്‍ പോലും ഞാന്‍ ആരെന്നു വെളിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലായിരുന്നു. പക്ഷെ, ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാരണം ആണ് നമ്മുടെ വിവാഹം മുടങ്ങിയതിന് കാരണമായി ഷെമിക്ക പറഞ്ഞത്! അതുകൊണ്ടാണ് ഞാന്‍…"

ഇല്ല! ഇനി മുമ്പോട്ടില്ല, കാരണം എന്ത് തന്നെ ആയിരുന്നാലും ഇതൊരു അടഞ്ഞ അദ്ധ്യായം ആണ്. അതിവിടെ തന്നെ വിട്ടുകളയാം. ഒരു ബൈ പോലും പറയാതെ 'സൈന്‍ ഔട്ട്‌' ചെയ്തു.

* * *

എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല. ഇടയ്ക്കിടയ്ക്ക് മൊബൈല്‍ എടുത്തു ടൈം നോക്കിക്കൊണ്ടിരുന്നു. പുലർച്ചെ രണ്ടര! വീണ്ടും തിരിഞ്ഞു കിടന്നു. അപ്പോള്‍ തൊട്ടപ്പുറത്ത് കിടക്കുന്ന പച്ച പറയുന്നത് കേട്ടു, "ബായ് ജാന്‍, ഡിസ്റ്റർബ് മത്ത് കര്‍നാ…"

ഇനിയും കിടന്നിട്ടു കാര്യമില്ല, പതുക്കെ എഴുന്നേറ്റു ശബ്ദം ഉണ്ടാക്കാതെ വാതില്‍ തുറന്നു പുറത്തു ഹാളില്‍ വന്നിരുന്നു. ജനല്‍ തുറന്നു പുറത്തേക്കു നോക്കി. ഇന്ന് ചന്ദ്രന് തീരെ വലുപ്പം കുറവാണ്. പക്ഷെ നല്ല പ്രകാശം ഉണ്ട്. ദൂരെ 'അല്‍ മലാകി' സ്ക്രാപ്പിന്റെ പരന്നു കിടക്കുന്ന വലിയ യാഡ് കാണാം, അതിനുമപ്പുറം ക്ഷീണിച്ച ഏകാന്ത പഥികനെ പോലെ ഒരു മരം. ഏസിയില്‍ ഇരുന്നു മരവിച്ച ശരീരത്തിന് പുറത്തുനിന്നും വീശിയടിച്ച ചൂട് കാറ്റ് സുഖമുള്ള ഒന്നായി തോന്നി.

എന്തായിരിക്കും അന്ന് സംഭവിച്ചത്! അറിയാവുന്നത് മാമന് മാത്രമാവണം. പിന്നെ സിദ്ദിക്കാക്കും. പിന്നെ ഒന്നും ആലോചിച്ചില്ല, മൊബൈലില്‍ മാമന് വിളിച്ചു.

"ഹലോ", ഉറക്കപ്പിച്ചിലുള്ള സ്വരം.

"മാമ ഞാന്‍ ആണ് ഷെമീര്‍"

"ഹാ, എന്താടാ ഇത്ര വെളുപ്പിനെ?"

"എനിക്കൊരു കാര്യം അറിയണം, അന്ന് മഞ്ഞിലമുക്കിലെ കാര്യം മുടങ്ങിയതിന്റെ ശരിക്കുള്ള കാരണം എന്തായിരുന്നു?", നേരെ കാര്യത്തിലേക്ക് കടന്നതിനാലും വിഷയം ഇതായതിനാലും മാമന്റെ ഉറക്കം പെട്ടെന്ന് തെളിഞ്ഞു എന്ന് തോന്നി.

"ഇത് ചോദിക്കാനാണോ നീ ഈ നേരത്ത് വിളിച്ചത്?! അതെല്ലാം കഴിഞ്ഞ കഥ. ഇപ്പോള്‍ ഇതെല്ലം അറിഞ്ഞിട്ടെന്തിനാ?, വെറുതെ ഓരോന്ന് കുത്തിപ്പൊക്കി സുലുവിനെ കണ്ണീരു കുടിപ്പിക്കേണ്ട!"

"അതൊന്നും അല്ല മാമ, സുലുവും മോനും എന്നും എന്റെ കൂടെ കാണും, എനിക്കിപ്പോള്‍ അറിയേണ്ടത്.., അന്ന് ഇത്രയും വലിയ ഒരു നുണ പറഞ്ഞ് ആ ബന്ധം ഇല്ലതാക്കിയത് എന്തിനാണ് എന്നാ?"

* * *

ഫോണ്‍ കട്ട്‌ ചെയ്യുമ്പോള്‍ മനസ്സ് നീറുകയായിരുന്നു. ഇതായിരുന്നു സത്യം എങ്കില്‍ പിന്നെ വേറെ ഒരു നുണ പറഞ്ഞത്..? അവളെ പിന്നീട് ഒന്ന് വിളിക്കുക പോലും ചെയ്തില്ല! കാര്യം അറിയാതെ അത്രമാത്രം വെറുത്തു പോയിരുന്നു അവളെ. അതായിരുന്നു മാമനും അവളുടെ ഉപ്പയും ആഗ്രഹിച്ചിരുന്നത് പോലും. അവളുടെ ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ വിളിക്കാമായിരുന്നു. എല്ലാറ്റിനും മാപ്പ് പറയാമായിരുന്നു.

സുന്ദരിയായിരുന്നു അവള്‍. പെണ്ണ് കാണാന്‍ സിദ്ദിക്കയുമായി പോയ അന്ന് സിദ്ദിക്ക എന്നോട് ചോദിച്ചു, "കുട്ടിയെ ഇഷ്ടപ്പെട്ടോ? അവളുടെ മട്ടും ഭാവവും കണ്ടിട്ട് അവള്‍ക്ക് ഓക്കേ ആണെന്ന് തോന്നുന്നു"

"എനിക്ക് നൂറു വട്ടം ഓക്കേ ആണ്, എങ്കിലും അവളുടെ അഭിപ്രായം അറിഞ്ഞിട്ടു വീട്ടില്‍ പറയാം"

അവള്‍ക്കും അതേ അഭിപ്രായം തന്നെ ആയിരുന്നു. പിറ്റേന്ന് ഉമ്മയും പെങ്ങളും കൂടി മിഠായിയും കൊണ്ട് പോയപ്പോളും ഞാന്‍ കൂടെ പോയി. അകത്തു ഓരോ ശബ്ദം കേള്‍ക്കുമ്പോളും കാതോര്‍ത്തു കൊണ്ടിരുന്നു, അവളുടെ ശബ്ദം ആണോ? പെട്ടെന്ന് ഉമ്മയുടെ സംസാരം കേട്ടു, "അവര്‍ക്കെന്തേലും മിണ്ടാനും പറയാനും ഉണ്ടേല്‍ ആയിക്കോട്ടെ.., പുതിയ രീതി അതാണല്ലോ." എന്നെ അകത്തേക്ക് വിളിച്ചു. അവിടെ മുഴുവന്‍ സ്ത്രീജനങ്ങള്‍ ആയിരുന്നു. എന്തോ വല്ലാത്ത ചമ്മല്‍ പോലെ.

"ഇത്രേം ആളുകളുടെ ഇടയിൽ വച്ച് അവര്‍ എന്ത് പറയാനാ...", ആരാണ് അത് പറഞ്ഞത് എന്നറിയില്ല. അതൊരു അനുഗ്രഹം ആയി. അവരുടെ വീടിന്റെ പിന്നാമ്പുറത്തെ വിശാലമായ കവുങ്ങിന്‍ തോട്ടം വരെ പോവാന്‍ അനുവാദം കിട്ടി.

"ഞങ്ങള്‍ എല്ലാവരും ഇവിടെ തന്നെ ഉണ്ട് കേട്ടോ", വീണ്ടും ആരോ പറയുന്നതും മറ്റുള്ളവര്‍ ചിരിക്കുന്നതും കേട്ടു.

കുറച്ചു നേരം സംസാരിച്ചു. തമ്മില്‍ ഇഷ്ടമാണെന്ന കാര്യം ഉറപ്പിച്ചു. മരണം വരെ കൂടെ ഉണ്ടാവും എന്ന് വാക്ക് കൊടുത്തു. പിന്നെ വീട്ടിലെ ടെലിഫോണ്‍ നമ്പര്‍ വാങ്ങിച്ചു. ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ തന്നു.

അന്ന് മുതല്‍ വിളി ആയിരുന്നു. രാത്രി ഏറെ വൈകിയും വിളിച്ചു കൊണ്ടിരിക്കും. സമയം നീങ്ങുന്നത്‌ അറിഞ്ഞിരുന്നില്ല. ഒരു ദിവസം ഉമ്മ വന്ന് വിളിച്ചപ്പോള്‍ ആണ് സുബിഹി ബാങ്ക് വിളിച്ചിരിക്കുന്നു എന്നറിഞ്ഞത്. യഥാര്‍ത്ഥ പ്രണയം അനുഭവിച്ചറിയുകയായിരുന്നു. വീട്ടിലെ ഓരോ കാര്യവും വിഷയങ്ങള്‍ ആവുകയായിരുന്നു. അവളുടെ പൂന്തോട്ടം, അതിലെ ഓരോ പൂക്കള്‍.., എല്ലാം.

ഒരു രാത്രിയില്‍ അവള്‍ പറഞ്ഞു റൂമിന്റെ ജനല്‍ തുറന്നു പുറത്തേക്കു നോക്കാന്‍.

"ആകാശത്ത് അമ്പിളിയെ കാണുന്നുണ്ടോ?"

"ഇല്ല, നല്ല നിലാവുണ്ട്", എന്ന് ഞാന്‍ മറുപടി പറഞ്ഞു.

"എന്നെ കാണണം എങ്കില്‍ പുറത്തു വന്ന് അമ്പിളിയെ നോക്ക്"

വാതില്‍ തുറന്നു പുറത്തു പോയാല്‍ ഉമ്മ അറിയും. ഞാന്‍ നേരെ ടെറസ്സില്‍ പോയിരുന്നു. അതൊരു മാജിക് ആയിരുന്നു, കുറേനേരം നോക്കിയിരുന്നപ്പോള്‍ അവളുടെ മുഖം തെളിഞ്ഞു വന്നു!

"ശരിക്കും എനിക്ക് നിന്നെ കാണാം!", എന്ന് ഞാന്‍ പറഞ്ഞു. കാരണം എന്താണെന്ന് അറിയുമോ എന്നവള്‍ ചോദിച്ചു. ഇല്ല എന്ന് മറുപടി.

"ഞാനും ഇപ്പോള്‍ അമ്പിളിയെ തന്നെ നോക്കിയിരിക്കുകയാണ് അതുകൊണ്ട് എന്റെ മുഖം അതില്‍ പതിയും, ഇക്കാടെ മുഖം ഇപ്പോള്‍ എനിക്കും കാണാം. ഇത് ബാബി പറഞ്ഞു തന്ന സൂത്രമാണ്, നിലാവുള്ള രാത്രികളില്‍ ബാബി ഇക്കാക്ക്‌ വിളിച്ചു മേൽപ്പോട്ടും നോക്കിയിരിക്കുമ്പോള്‍ ബാബിയെ ഞാന്‍ കളിയാക്കാറുണ്ടായിരുന്നു."

"ഇക്കാ, ഞാന്‍ ഒരു കാര്യം പറയട്ടെ?"

"പറ…"

"മുല്ലപ്പൂ ഇഷ്ടമാണോ?"

"ഇഷ്ടമാണ്"

"എന്റെ റൂമിന്റെ ജനലിനോട്‌ ചേര്‍ന്ന് മുല്ല വള്ളികള്‍ ഉണ്ട്, അതില്‍ നിറയെ മുല്ലപ്പൂവും! ഈ നിലാവും മുല്ലപ്പൂവിന്റെ മണമുള്ള തണുത്ത കാറ്റും.., ഇങ്ങനെ സംസാരിച്ചിരിക്കുമ്പോള്‍ ഇക്കാക്ക്‌ മുല്ലപ്പൂവിന്റെ മണമാണെന്നു തോന്നും. കണ്ണടച്ച് കിടക്കുമ്പോള്‍ ഇക്കാ എന്റെ അടുത്തുള്ളത് പോലെ…"

"ഹരേ ഭായ്, കല്‍ സോയ നഹിയെ ക്യാ..?", പര്‍വാന്‍ ഭായ്. നേരം വെളുത്തോ..?

"ആജ് ഡ്യൂട്ടി നഹിയെ... തബിയത് തോ ഠീക് ഹേ നാ?"

"ഇനി തല്‍കാലം ഓര്‍മകള്‍ക്ക് വിട!

#ഭാഗം_രണ്ട്‌

നേരത്തെ ഓഫീസില്‍ എത്തി എങ്കിലും ഓഫീസ് തുറന്നിട്ടില്ലായിരുന്നു. അര്‍ബാബിന്റെ അനിയനാണ് ഓഫീസ് തുറക്കുന്ന ഡ്യൂട്ടി. അവന്‍ എത്താന്‍ ഇന്ന് വൈകും. അവന്‍ വൈകുന്നത് ഇഷ്ടമുള്ള കാര്യമാണ്. ഇന്ന് പക്ഷേ.., അവളുടെ മെസേജസ് കാണാനുള്ള തിരക്കാണ്. അവളോട്‌ സോറി പറയാന്‍ മനസ്സ് വെമ്പുന്നു. എല്ലാം ഞാന്‍ അറിയാന്‍ വൈകിയതാണെന്നു പറഞ്ഞാല്‍ അവള്‍ക്കു മനസ്സിലാവും.

ഒരുപാട് മെസേജസ് ഉണ്ടായിരുന്നു. അവളുടെ മാത്രം ഓപ്പണ്‍ ചെയ്തു.

"ഷെമിക്കാ.., ഇനി ഒരുപക്ഷെ തമ്മില്‍ കണ്ടൂ എന്നോ എനിക്ക് മെസേജസ് അയച്ചു എന്നോ വരില്ല... ഒരു കാര്യം മാത്രം അറിയുക. ഇക്കാ കരുതും പോലെ ഒരു ചീത്ത പെണ്‍കുട്ടി അല്ല ഞാന്‍. കൂടുതല്‍ പറയാന്‍ എനിക്കും വയ്യ... ഇക്കാടെ ജീവിതത്തിലേക്ക് ഇനി ഞാന്‍ വരില്ല. കുറച്ചു ദിവസം മുന്‍പ് അവിചാരിതമായി നമ്മുടെ പഴയ സിദ്ദിക്കയെ കണ്ടു. ആള് വലിയ ദു:ഖത്തില്‍ ആയിരുന്നു. ഞങ്ങള്‍ ഒരിക്കലും മാപ്പ് കൊടുക്കാത്ത ഒരു നുണ പറഞ്ഞാണ് അന്ന് നമ്മുടെ വിവാഹം ഒഴിവാക്കിയത് എന്ന് പറഞ്ഞു. എന്റെ ഉപ്പയും കൂടി പറഞ്ഞിട്ടാണ് അങ്ങിനെ പറഞ്ഞത് എന്നും പറഞ്ഞു. അല്ലെങ്കില്‍ ഏതു സാഹചര്യത്തിലും ഷെമിക്ക എന്നെ വിട്ടു കളയില്ലെന്നു പറഞ്ഞു. എന്താണ് പറഞ്ഞത് എന്ന് മാത്രം പറഞ്ഞില്ല! അതറിയാന്‍, എനിക്കെന്തോ അങ്ങിനെ തോന്നി. അതിനായിരുന്നു ഈ ജാസ്മിന്‍ കളിയെല്ലാം.., എന്നോട് ക്ഷമിക്കണം. നമ്മള്‍ പിരിഞ്ഞതിന്റെ കാരണം ഇക്കാ അറിയാതിരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു - ഷാഹിന"

വായിച്ചു കഴിഞ്ഞപ്പോള്‍ അവളുടെ പ്രൊഫൈല്‍ തുറക്കാന്‍ തോന്നി. പക്ഷെ അവള്‍ തന്നെ ഒഴിവാക്കിയിരിക്കുന്നു, ഇനി ഒരിക്കലും തമ്മില്‍ കണ്ടുമുട്ടാതിരിക്കാന്‍. എന്തായാലും ഒരു റിപ്ലൈ അത്യാവശ്യം ആണെന്ന് തോന്നി. ഇനി അവളെ തനിച്ചാക്കിക്കൂടാ. എല്ലാം ഞാന്‍ അറിഞ്ഞെന്നും ഇന്നലെ മാമനുമായി സംസാരിച്ചെന്നും അവളെ അറിയിച്ചു. ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നു, ആഡ് ചെയ്യണം എന്നും കൂടി ചേര്‍ത്തു.

കുറച്ചു നേരം അങ്ങിനെ ഇരുന്നു. അപ്പോളാണ് സുലുവിനെ കുറിച്ച് ഓര്‍ത്തത്‌. ഒരു പക്ഷേ മാമന്‍ വീട്ടില്‍ ചെന്നിട്ടുണ്ടാവുമോ? അതിനു മുന്‍പേ അവളെ വിളിക്കണം. അവള്‍ക്ക് എല്ലാം അറിയാം, കല്യാണം മുടങ്ങിയതും അവിഹിതഗര്‍ഭവും എല്ലാം.

വീട്ടിലേക്ക് വിളിച്ചു കഴിഞ്ഞപ്പോള്‍ ഒരു ആശ്വാസം തോന്നി. സുലു പറഞ്ഞു അവള്‍ ഇനിയും മെസേജസ് അയക്കും എന്ന്. അവള്‍ക്കും വല്ലാതെ സങ്കടം വന്നു ഷാഹിനയുടെ കഥ കേട്ടപ്പോള്‍.

* * *

ആയുസ്സിന്റെ കണക്കുപുസ്തകത്തില്‍ നിന്ന് കുറച്ചു ദിവസം കൂടി.., ഷാഹിനയുടെ മെസ്സേജുകളും ചാറ്റിങ്ങും ഒക്കെയായി.

വീണ്ടും ഷാഹിനയുടെ മെസ്സേജ് വന്നിരിക്കുന്നു. ആ പഴയ സന്തോഷം ഒന്നും ഫീല്‍ ചെയ്തില്ല.

"ഷെമിക്ക, എനിക്ക് ഭൂമിയില്‍ അനുവദിച്ച സമയം കഴിഞ്ഞു തുടങ്ങിയിരിക്കുന്നു.., വല്ലാതെ ക്ഷീണം തോന്നിത്തുടങ്ങി. പിന്നെ ഇന്നലെ ഞാന്‍ പറയാറുള്ള ടീച്ചര്‍ മരിച്ചു! അവരായിരുന്നു എനിക്ക് ധൈര്യം തന്നിരുന്നത്, എന്നും വിളിക്കുമായിരുന്നു. ഇന്നലെയും ഒരുപാട് നേരം സംസാരിച്ചു. ഷെമിക്കാ, മരണം എന്നാല്‍ എന്താണെന്ന് അറിയുമോ?, ഒരു ഇരുട്ടാണ്‌ എന്ന് ടീച്ചര്‍ പറഞ്ഞു. ആ ഇരുട്ട് പതുക്കെ പതുക്കെ വന്നു നമ്മളെ പോതിയുമത്രേ... ആ ഇരുട്ടില്‍ നമുക്ക് എല്ലാം നഷ്ടപ്പെടും..! പിന്നെ ആ ഇരുട്ടില്‍ നമുക്ക് നമ്മെ തന്നെ കാണാന്‍ പറ്റാതാവും.., അതാണ്‌ മരണം! ശരിയാണോ?"

"ഹേയ്, നീ എന്തൊക്കെയാ പറയുന്നത്! നീ ഒരു വിശ്വാസിയല്ലേ. മരണം ആര്‍ക്ക്, എപ്പോള്‍ എവിടെ എന്ന് പ്രവചിക്കാന്‍ പറ്റില്ല. നമ്മള്‍ ജനിച്ച നാള്‍ തൊട്ടു നമ്മോടൊപ്പം നിഴലായി മരണവും ഉണ്ട്. അത് നമ്മളെ ഒരുനാള്‍ കീഴടക്കും. നമുക്ക് പറയാന്‍ വേറെ എന്തെല്ലാം ഉണ്ട്.., നമ്മുടെ പഴയ മുല്ല ഇപ്പോളും അവിടെ ഇല്ലേ..? അതില്‍ പൂക്കള്‍ ഉണ്ടോ..?"

"ഉണ്ട്, ഒരുപാട്..! ഷെമിക്ക ഇന്ന് ഫ്രീ ആണോ?"

"എന്തെ..?"

"ഇന്ന് ഫുള്‍ടൈം എന്നോടൊപ്പം ഉണ്ടാവുമോ..? നാളെ ഞാന്‍ അഡ്മിറ്റാവും. പിന്നെ.., എനിക്കറിയില്ല..! അമേന്‍ സുഖമായിരിക്കുന്നോ? സുലുവിനോടും അമനോടും എന്റെ അന്വേഷണം പറയണം"

"ഷാഹി.., എനിക്ക് നിന്റെ നമ്പര്‍ വേണം.., എനിക്ക് നിന്നോട് സംസാരിക്കണം…"

"വേണ്ട..! ഞാന്‍ ആ പഴയ ഷാഹി അല്ല, ഷാഹിനയാണ്. ഒരു ഫ്രണ്ട്. ഇന്നൊരു ദിവസം.., ഈ ഒരു ദിവസം മാത്രമേ ഉള്ളൂ ജാസ്മിന്‍ എന്ന ഈ പ്രൊഫൈല്‍. നീയുമായി 'ബൈ ഫോര്‍ എവെര്‍' പറയുന്നതോടെ ഈ പ്രോഫിലിന്റെ ആയുസ്സ് കഴിയും!"

"ഇല്ല, നീ ഹോസ്പിറ്റലില്‍ പോയി തിരിച്ചു വരും. എനിക്കുറപ്പാണ്!, നീ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്യരുത്. ഞാന്‍ ഈ ഭൂമിയില്‍ ഞാന്‍ ഉള്ള കാലം വരെ നീയും ഉണ്ട്. നാളെ മുതല്‍ നീ വരുന്നത് വരെ ഞാന്‍ എന്നും നിന്റെ പ്രൊഫൈലില്‍ നിനക്ക് വേണ്ടി കാത്തിരിക്കും... നിന്റെ ഇക്കാ വന്നോ? ഇക്കാടും ഉപ്പാടും എന്റെ സലാം പറയണം"

"പറയാം. ഞാന്‍ പറഞ്ഞിരുന്നു ഇക്കാട്‌. പെട്ടെന്നുള്ള വരവായത് കൊണ്ടാണ്, ഇല്ലേല്‍ വന്നു കാണും എന്ന് പറഞ്ഞിരുന്നു. ഇനി നാട്ടില്‍ വരുമ്പോള്‍ എന്റെ വീട്ടില്‍ വരണം എല്ലാവർക്കും ഒരുപാട്‌ ഇഷ്ടായിരുന്നു ഷെമിക്കയെ. ഒരു പക്ഷെ ഞാന്‍ ഉണ്ടാവില്ല..! എന്നാലും വരണം. പിന്നെ പറയാന്‍ മറന്നു, മറന്നതല്ല പറയേണ്ട എന്നാണ് കരുതിയിരുന്നത്.., മാമന്‍ വന്നിരുന്നു. കുറച്ചു നേരം സംസാരിച്ചിരുന്നു. കണ്ണൊക്കെ നിറഞ്ഞ്.., പെട്ടെന്ന് പോയി…"

"ഇന്ന് ഞാന്‍ ഫ്രീ അല്ല. എന്നാലും.., ഞാന്‍ ലീവാക്കാം."

"വേണ്ട, ഞാന്‍ വെറുതെ ചോദിച്ചതാ. എനിക്കും ഇവിടെ കുറച്ചു പണികള്‍ ഉണ്ട്. നമ്മുടെ മുല്ലക്ക് ഒരു തടം വെട്ടിക്കൊടുക്കണം.., അങ്ങിനെ അങ്ങിനെ കുറച്ചു പണികള്‍. പിന്നെ ഈ പ്രൊഫൈല്‍ ഞാന്‍ ഇവിടെ ഇട്ടിട്ടു പോവാണ്, തിരിച്ചു വരണം എന്ന ആഗ്രഹത്തോടെ... എന്നും എന്നെ ഇവിടെ വന്നു തിരക്കണം. ഓ, പിന്നെ ഇന്ന് ഒരുപാട് മറന്ന കാര്യങ്ങള്‍, എല്ലാം ഓർമ വരുന്നു... അന്നെനിക്കൊരു കഥ വേണം എന്ന് പറഞ്ഞപ്പോള്‍ ഒരു കഥ പറഞ്ഞു തന്നത് ഓര്‍മ്മയുണ്ടോ..? സത്യത്തില്‍ എനിക്കല്ലായിരുന്നു അത്, തൊട്ടപ്പുറത്തുള്ള ശ്രീക്കുട്ടിക്കായിരുന്നു. അവള്‍ ഏഴാം തരത്തിലാണ് പഠിക്കുന്നത് പുതിയ സിസ്റ്റം ആണല്ലോ ഇപ്പോള്‍ സ്കൂളില്‍, ഓഗസ്റ്റ് പതിനഞ്ചിന് ഓരോ കഥ വീതം എഴുതി കൊണ്ടുവരാന്‍ പറഞ്ഞിരുന്നത്രെ ടീച്ചര്‍. അവള്‍ നേരെ എന്റടുത്തു വന്നു. ഞാന്‍ ഇവിടെ പറഞ്ഞു, കിട്ടിയ കഥ അവള്‍ക്കു കൊടുത്തു. അവളുടെ കഥക്കാ സമ്മാനം കിട്ടിയത് എന്ന് പറഞ്ഞു. സമ്മാനം എനിക്ക് തന്നു, ഞാന്‍ പറഞ്ഞു കഥ എന്റെയല്ല, അതുകൊണ്ട് സമ്മാനം നീ തന്നെ വച്ചോ എന്ന്. എന്നേലും നേരില്‍ കണ്ടാല്‍ സമ്മാനം നമുക്ക് കൊടുക്കാം എന്ന് അവള്‍ പറഞ്ഞു. കഥ ഓര്‍മയില്ലേ? "

"ഉവ്വ്. രാധയുടെ കഥ അല്ലേ?"

"ഞാന്‍ അന്ന് അത് വായിച്ചു ഒരുപാട് ചിരിച്ചു, ബാബിയും വായിച്ചു കഥ. ഉമ്മ വിളിക്കുന്നു ഞാന്‍ പോവാണ്. മറക്കരുത്, ഞാന്‍ വരും. അസ്സലാമു അലൈകും"

"വാ അലൈകുമുസലാം"

* * *

കുറച്ചു ദിവസങ്ങളായി ജീവിതം ശരിക്കും അർത്ഥശൂന്യമായിരിക്കുകയാണ്. എത്ര പ്രതീക്ഷയോടെയാണ് ഓരോ ദിവസവും ഓഫീസില്‍ എത്തുന്നത്‌, അവളുടെ ഒരു മെസ്സേജ്, അതെ വേണ്ടൂ. പക്ഷെ അതുമാത്രം ഉണ്ടായില്ല!

പെട്ടെന്നൊരു മിന്നല്‍പ്പിണര്‍ പോലെ ഒരു ചിന്ത കടന്നു പോയി. ഇനി അവള്‍... ഇല്ല! അതെങ്ങിനെ സംഭവിക്കും! അവളെ അറിയുന്ന, സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാര്‍ത്ഥനകള്‍ അവള്‍ക്കൊപ്പം ഉണ്ട്. പിന്നെങ്ങിനെ..! എന്നാലും മനസ്സില്‍ ആ ചിന്ത ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. ഇനി എത്രയും പെട്ടെന്ന് അവളെ കാണണം, എന്നാലേ മനസ്സ് എന്നെ വിശ്വസിക്കൂ.

#ഭാഗം_മൂന്ന്

എമിഗ്രേഷൻ കഴിഞ്ഞുള്ള ഈ ഇരുപ്പ് അസഹനീയം ആയി തോന്നി. അതിലേറെ ബുദ്ധിമുട്ടായത് അടുത്ത് വന്നിരിക്കുന്ന ഒരു മനുഷ്യന്റെ കത്തിയാണ്. ഇങ്ങനെ ഒരു സിറ്റുവേഷന്‍ ആയിരുന്നില്ല എങ്കില്‍ അയാളെ ഞാന്‍ കത്തി വെച്ച് കൊല്ലുമായിരുന്നു! നാട്ടിലെത്തുന്നത് വരെ ഇയാളെ സഹിച്ചേ പറ്റൂ. കാരണം സീറ്റ്‌ നമ്പറും അടുത്താണെന്ന് അയാള്‍ പറഞ്ഞു.

"എന്താ ബായീ, ടിക്കറ്റ്‌ കാശു മുതലാക്കണ്ടേ?", ഫുഡ്‌ ഒന്നും വേണ്ട എന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക് അതായിരുന്നു ടെന്‍ഷന്‍.

"ഈ ഫുഡും കഴിഞ്ഞു കിട്ടുന്ന രണ്ടെണ്ണം കൂടി വീശിയാലേ മനസ്സിന് ഒരു തൃപ്തി വരൂ."

"സുഹൃത്തേ, വിശപ്പില്ലാതെയാണ്!", അല്പം സ്ട്രോങ്ങ്‌ ആയി തന്നെ പറഞ്ഞു.

"എന്താ, എന്തേലും പ്രോബ്ലം ഉണ്ടായിട്ടു പോവ്വാണോ?", അടുത്ത ചോദ്യം. ഞാന്‍ പതുക്കെ എണീറ്റു. ഭാഗ്യം, സീറ്റ്‌ കൂടുതലും കാലിയാണ്. ഞാന്‍ തൊട്ടപ്പുറത്ത് പോയിരുന്നു. പിന്നെ ശല്യം ഒന്നും ഉണ്ടായില്ല. ഇടയ്ക്കിടയ്ക്ക് അയാള്‍ എന്നെ ഒളിഞ്ഞു നോക്കുന്നത് പോലെ തോന്നി.

എയര്‍പോര്‍ട്ടിനു പുറത്തു വരുമ്പോള്‍ തന്നെ കണ്ടു, എല്ലാവരും ഉണ്ട്. ഉപ്പ, ഉമ്മ, സുലു, മോന്‍ എല്ലാവരും. നമ്മുടെ വരവ് അവര്‍ ഒരു ഉത്സവമാക്കുകയാണ്. കാറിലേക്ക് കയറുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി, "ബായീ", തിരിഞ്ഞു നോക്കിയപ്പോള്‍ ആ ശല്യക്കാരന്‍ തന്നെ.

"ബായീ, ഇപ്പോളാണ് സമാധാനമായത്!, എല്ലാവരും സന്തോഷമായിരിക്കുന്നത് കണ്ടപ്പോള്‍. ബായീ സീറ്റ്‌ മാറിയിരുന്നപ്പോഴാണു ഞാന്‍ 'കേരള കഫെ' സിനിമയെപ്പറ്റി ചിന്തിച്ചത്. എന്തായാലും അങ്ങിനെ ഒന്നും ഇല്ലല്ലോ, ഭാഗ്യം!"

ഇപ്പോള്‍ ഞാന്‍ ശരിക്കും ചെറുതായിപ്പോയപോലെ തോന്നി. ഞാന്‍ തിരിച്ചു ചെന്ന് അയാളെ കെട്ടിപ്പിടിച്ചു അയാളുടെ ശൈലിയില്‍ തന്നെ പറഞ്ഞു, "ഒന്നുമില്ല ബായീ, ഇങ്ങള് ബെജാറാവേണ്ട"

വീട്ടില്‍ ചെന്ന് കയറിയതും പെട്ടെന്ന് തന്നെ കുളി കഴിഞ്ഞു പുറത്തിറങ്ങി. സമയം ഒരു മണി ആവുന്നതേയുള്ളൂ. ഉമ്മ, ഭക്ഷണം കഴിച്ചിട്ട് പോയാല്‍ പോരെ, എങ്ങോട്ടാ ഇത്ര തിടുക്കപ്പെട്ടു പോവുന്നത് തുടങ്ങിയ ചോദ്യങ്ങളുമായി എത്തി. ആരോടും പറഞ്ഞില്ല, ഈ വരവിന്റെ ഉദ്ദേശ്യം എന്താണെന്നും ഇപ്പോള്‍ ഈ പോക്ക് എങ്ങോട്ടാണെന്നും. രണ്ടുവട്ടം പോയ ഒരു ഓര്‍മയേ ഉള്ളൂ, എങ്കിലും തനിച്ചു പോവുന്നതാണ് നല്ലതെന്ന് തോന്നി.

പൊള്ളുന്ന വെയില്‍ ആണ്. ദുബയിനെക്കാള്‍ ചൂട് ഇപ്പോള്‍ നാട്ടിലാണെന്നു തോന്നുന്നു. അവൾ വീട്ടില്‍ ഉണ്ടാവുമോ അതോ ഹോസ്പിറ്റലില്‍ ആവുമോ? അറിയില്ല, എന്നാലും ആദ്യം വീട്ടില്‍ പോവാം. ഇനി ഏതു ഹോസ്പിറ്റലില്‍ ആണെന്നും അറിയില്ലല്ലോ. എങ്കിലും 'അമല'യില്‍ ആവാന്‍ ആണ് സാധ്യത എന്ന് മനസ്സ് പറഞ്ഞു.

ഗേറ്റ് തുറന്നു മുറ്റത്തേക്ക് കയറിയപ്പോള്‍തന്നെ പഴയ ഓര്‍മ്മകള്‍…

കോളിംഗ് ബെല്‍ അടിച്ചു. വാതില്‍ തുറന്നു പുറത്തേക്കു വന്നത് അവളുടെ ഉപ്പ ആയിരുന്നു. ഹോസ്പിറ്റലില്‍ നിന്ന് ഇന്നോ ഇന്നലെയോ എത്തിയിട്ടേ ഉള്ളൂ എന്ന് ആ ക്ഷീണിച്ച മുഖം കണ്ടാല്‍ അറിയാം. എങ്ങിനെ തന്നെ പരിചയപ്പെടുത്തും എന്ന് ചിന്തിച്ചു നില്‍ക്കേ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞിരുന്നു.

"അസ്സലാമു അലൈകും, ഷെമീര്‍ മോനല്ലേ? എന്നാ വന്നത്?"

"വ അലൈകുമുസ്സലാം, ഇന്ന് വന്നതേയുള്ളൂ. എന്നെ ഓർമയുണ്ടാവുമോ എന്ന്…"

"ഹാ, എന്താ അവിടെ തന്നെ നിന്നത്, കയറിയിരിക്കു"

"മോനെ സഹീറെ, ഒന്നിങ്ങോട്ടു വാ.., ഒരു ഗസ്റ്റ് ഉണ്ട്.", സഹീർക്കയും ഉപ്പയും ഉണ്ടെന്നു അവള്‍ പറഞ്ഞിരുന്നത് ഓർമ വന്നു. സഹീർക്കയും ഒപ്പം ഉമ്മയും വന്നു, ഷാഹിനയെ മാത്രം കാണുന്നില്ല! ചോദിച്ചാല്‍ അത് തെറ്റാവുമോ..? എങ്ങിനെയാ ചോദിക്കുക?

"ഷാഹിക്ക്‌.., ഷാഹിനക്കിപ്പോള്‍ എങ്ങിനെയുണ്ട്?"

ആരും ഒന്നും മിണ്ടിയില്ല! ഞാന്‍ ചോദിച്ചില്ലേ..?, അതോ അവര്‍ കേട്ടുകാണില്ലേ..!

"അവള്‍.., ഇപ്പോള്‍ ഇവിടെയില്ല. ഞങ്ങള്‍ അങ്ങോട്ട്‌ പോവാന്‍ തുടങ്ങുകയായിരുന്നു, അപ്പോളാണ് നീ വന്നത്", ഉപ്പയാണ് പറഞ്ഞത്. അപ്പോള്‍ ഡിസ്ചാര്‍ജ് ആയിട്ടില്ല.

"എങ്കില്‍ ഞാനും വരാം"

"ശരി നമുക്ക് ഒരുമിച്ചു പോവാം…"

#ഭാഗം_നാല്

മഗരിബ് ബാങ്ക് വിളിക്കാന്‍ സമയമായിരുന്നു. അതുകൊണ്ട് തന്നെ കാര്‍ അടുത്തുള്ള ജമാഅത് പള്ളിയോട് ചേര്‍ത്ത് നിര്‍ത്തി. ആദ്യം ഇറങ്ങിയത്‌ ഉപ്പയാണ്. നേരെ നടന്നു പോയി. ഞാന്‍ സഹീർക്കയുടെ കൂടെ പതുക്കെ നടന്നു. എനിക്കെന്തോ ഒരു പന്തികേട്‌ തോന്നി.

നേരെ പള്ളിപ്പറമ്പിലേക്ക് നടന്നു പോവുന്ന ഉപ്പ. കൂടെ എന്നെയും അങ്ങോട്ടു കൊണ്ടുപോവുന്നു സഹീര്‍ക്ക.

"സഹീര്‍ക്ക...", മുഴുവനും ചോദിക്കാന്‍ സമ്മതിച്ചില്ല.

"കഴിഞ്ഞ ശനിയാഴ്ച ഡോക്ടര്‍ അവളെ കൊണ്ട് പോയ്ക്കൊള്ളാന്‍പറഞ്ഞു. ഞായറാഴ്ച അവള്‍ പോയി..! ഞങ്ങളെയും അവള്‍ക്കേറെ പ്രിയപ്പെട്ട അവളുടെ മുല്ലപ്പൂന്തോട്ടവും, എല്ലാം ഉപേക്ഷിച്ച്‌ അവള്‍ പോയി..!"

പിന്നെ ഓരോ കാല്‍വെപ്പും തികച്ചും യാന്ത്രികമായിരുന്നു. അവിടെ.., അനേകം ഖബരാളികൾക്കിടയില്‍ അവളും..! രണ്ടു മീസാന്‍ കല്ലുകള്‍ക്ക് താഴെയും വാടിയ മുല്ലപ്പൂവള്ളികള്‍. സലാം ചൊല്ലി അവളുടെ കാല്‍ ഭാഗത്തെ മീസാനില്‍ തൊട്ടപ്പോള്‍ ഹൃദയം ഒരു വേള നിലച്ചുപോയോ? ഒരുപാട് കാലം അവളെ ഒറ്റപ്പെടുത്തിയതിനും മരിക്കുന്നതിനു മുന്‍പ് ഒന്ന് വന്നു കാണാന്‍ കഴിയാത്തതിനും.., എല്ലാം കണ്ണുനീര്‍ കൊണ്ട് മാപ്പിരന്നു. ദുആ ചെയ്തു മടങ്ങുമ്പോള്‍ ഉപ്പ കയ്യില്‍ കരുതിയിരുന്ന മുല്ലമൊട്ടുകള്‍ അവളുടെ ഖബറില്‍ വിതറി.

"എന്നും മഗരിബിനു വിരിയാറായി നില്‍ക്കുന്ന മുല്ലമൊട്ടുകളുടെ സുഗന്ധം അവള്‍ ആഗ്രഹിച്ചിരുന്നു. ഈ മുല്ലവള്ളികള്‍ പൂവിടുന്നതു വരെ ഇതെങ്കിലും ഞാന്‍ അവള്‍ക്ക്‌ വേണ്ടി ചെയ്യേണ്ടേ.., എന്റെ മുത്തിന് വേണ്ടി…"

പൊട്ടിത്തകര്‍ന്നു നില്‍ക്കുന്ന എനിക്ക് ആ മനുഷ്യനെ ആശ്വസിപ്പിക്കാന്‍ കഴിയുമായിരുന്നില്ല... തൊട്ടടുത്ത്‌ കണ്ണുനീരില്‍ കുളിച്ചു നില്‍ക്കുന്ന സഹീര്‍ക്ക. എല്ലാറ്റിനും സാക്ഷിയായി പടിഞ്ഞാറ് ചെന്നീരണിഞ്ഞു നില്‍ക്കുന്ന ആകാശവും ഈ കബറാളികളും.

* * *

എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ ഉപ്പ വീണ്ടും ഓര്‍മിപ്പിച്ചു, "നാട്ടില്‍ വരുമ്പോള്‍ എല്ലാം ഇവിടെ വരണം. ഈ വൃദ്ധദമ്പതികള്‍ ഇവിടുണ്ടാവും"

ഗേറ്റില്‍ വച്ചിരുന്ന ബൈക്കിനടുത്ത് ആരോ നില്‍ക്കുന്നുണ്ടായിരുന്നു. പതിമൂന്നോ പതിനാലോ വയസ്സ് പ്രായം വരുന്ന ഒരു പെണ്‍കുട്ടി. അവളുടെ കയ്യിലെ ഒരു പാക്കറ്റ് എനിക്ക് നേരെ നീട്ടി, "ഇത് ഷെമിക്ക വരുമ്പോള്‍ തരാന്‍ പറഞ്ഞിരുന്നു, ഷാഹിത്ത"

എനിക്കൊന്നും മനസ്സിലായില്ല. അപ്പോളും അവള്‍ പറഞ്ഞു കൊണ്ടിരുന്നു, "ഷാഹിത്താനെ തിരിച്ചു കൊണ്ട് വന്ന അന്ന് ഞാന്‍ ഇത് ഷാഹിത്താക്ക് കൊടുക്കാന്‍ വന്നു. ഷാഹിത്ത പറഞ്ഞുതന്ന കഥക്ക് കിട്ടിയ സമ്മാനം ആണ്. അപ്പോഴാ പറഞ്ഞത്, കഥാകാരന്‍ വരും ഒരു ദിവസം, അന്ന് അത് കൊടുക്കണം എന്ന്"

"നീ ശ്രീക്കുട്ടിയാണോ?"

അതെ എന്നവള്‍ തലയാട്ടി. ഞാന്‍ വരും എന്നവള്‍ക്ക് അത്രക്കുറപ്പുണ്ടായിരുന്നോ?

"ഇത് ശ്രീക്കുട്ടി തന്നെ വച്ചോ"

"വേണ്ട ഷാഹിത്ത ആഗ്രഹിച്ചിരുന്നത്... ", ഞാന്‍ അത് വാങ്ങി. എന്റെ പോക്കറ്റിൽ ‍ഉണ്ടായിരുന്ന പെന്‍ അവള്‍ക്കു കൊടുത്തു, "ഇനി നീയും സ്വന്തമായി എഴുതണം"

ഞാന്‍ ആ ചെറിയ പാക്കറ്റിലേക്ക് നോക്കി. ഇത് ശ്രീക്കുട്ടിക്കു നൊമ്പരം മാത്രമേ നല്‍കൂ, 'എന്റെ അമന്‍മോനും അവന്‍റെ വാപ്പച്ചിക്കും ഉമ്മച്ചിക്കും സ്നേഹപൂര്‍വ്വം...', എന്റെ കയ്യിലിരുന്ന് ആ പാക്കെറ്റ് വിറക്കുന്നത് പോലെ തോന്നി.

* * *

ഏറെ വൈകിയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഉമ്മയും സുലുവും കഴിക്കാതെ കാത്തിരിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് വിശപ്പില്ലാഞ്ഞിട്ടും കഴിക്കാനിരുന്നത്. കിടക്കുമ്പോള്‍ സുലു ചോദിച്ചു, "ഷാഹിനയെ കണ്ടോ?", ഒരുവേള എന്ത് പറയണം എന്ന് ചിന്തിച്ചു.

"എനിക്കറിയാം അങ്ങോട്ടാവും പോയത് എന്ന്. കണ്ടില്ലേ അവളെ? കുറവുണ്ടോ, അവള്‍ക്ക്..?", മറുപടിയായി അവളെ ചേര്‍ത്ത് പിടിച്ചു ആ നെറ്റിയില്‍ ഒരു മുത്തം നല്‍കി. അവളുടെ മരണം എല്ലാവർക്കും ദു:ഖം മാത്രമേ നല്‍കൂ. ഈ രാത്രിയില്‍ സുലുവെങ്കിലും സുഖമായി ഉറങ്ങട്ടെ.

ഞാന്‍ പതുക്കെ എഴുന്നേറ്റു. കുറച്ചു നേരം ടെറസ്സില്‍ ചെന്നിരിക്കണം എന്ന് തോന്നി. മനസ്സൊന്നു ശാന്തമായാലോ.

നിലാവില്‍ കുളിച്ചു നില്‍ക്കുന്ന ഭൂമി. ആകാശത്ത് പൂര്‍ണ ചന്ദ്രന്‍. ഒരുപാട് നേരം നോക്കി നിന്നു. ഒരു വട്ടം, ഒരു വട്ടം മാത്രം ആ മുഖം ഒന്ന് തെളിഞ്ഞെങ്കില്‍.

"ഇങ്ങനെ മഞ്ഞു കൊണ്ടിരിക്കാതെ അകത്തു പോയി കിടക്ക്‌. അപ്പുറത്ത് അമ്പിളിയെ നോക്കി ഞാന്‍ ഇരുന്നാലേ എന്നെ കാണാന്‍ പറ്റൂ, ഇപ്പോള്‍ എനിക്ക് ഷെമിക്കയെ കാണാന്‍ അമ്പിളിയെ നോക്കിയിരിക്കെണ്ടല്ലോ"

ഞെട്ടി എഴുന്നേറ്റു! ഷാഹി.., ഷാഹിയുടെ ശബ്ദം തന്നെയായിരുന്നു. സ്വപ്നമായിരുരണ്ട്‌? എപ്പോഴോ ഉറങ്ങിപ്പോയിരുന്നിരിക്കാം.

അപ്പോള്‍ വീശിയ തണുത്ത കാറ്റില്‍ ഒരു മുല്ലപ്പൂവിന്റെ സുഗന്ധം ഉണ്ടായിരുന്നു, അവളുടെ സാന്നിധ്യം അറിയിക്കുന്ന പോലെ.

Read more ...